You are Here : Home / USA News

ലിണ്ടന്‍ സെന്റ്‌ മേരീസ്‌ ഓര്‍ത്തഡോക്‌സ്‌ ദേവാലയത്തിലെ വിശുദ്ധ വാരാചരണം ഭക്തിനിര്‍ഭമായി

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Saturday, April 11, 2015 04:30 hrs UTC

വിശുദ്ധ മാതാവിന്റെ നാമത്തിലുള്ള ലിണ്ടന്‍ ഓര്‍ത്തഡോക്‌സ്‌ ദേവാലയത്തിലെ വിശുദ്ധ വാരാചരണത്തില്‍ നൂറുകണക്കിന്‌ ഭക്തജനങ്ങളുടെ നിറസാന്നിധ്യത്തില്‍ പെസഹയുടെ കാല്‍കഴുകല്‍ ശുശ്രൂഷയും, ദുഖവെള്ളിയുടെ ശുശ്രൂഷയും, ഉയിര്‍പ്പ്‌ പെരുന്നാളും ആചരിച്ചു. മാര്‍ച്ച്‌ 30-ന്‌ കണ്ടനാട്‌ ഭദ്രാസനാധിപന്‍ ബഹുമാനപ്പെട്ട അത്തനാസിയോസ്‌ തിരുമേനിയുടെ മുഖ്യകാര്‍മികത്വത്തില്‍ നടന്ന സന്ധ്യാപ്രാര്‍ത്ഥനയോടെ വിശുദ്ധവാരത്തിനു തുടക്കംകുറിച്ചു. തുടര്‍ന്ന്‌ എല്ലാ ദിവസങ്ങളിലും തിരുമേനിയുടെ കാര്‍മ്മികത്വത്തില്‍ സന്ധ്യാപ്രാര്‍ത്ഥനയും വചന പ്രഘോഷണവും ഉണ്ടായിരുന്നു. വ്യാഴാഴ്‌ച നടത്തപ്പെട്ട പെസഹയുടെ കാല്‍കഴുകല്‍ ശുശ്രൂഷയില്‍ കോര്‍എപ്പിസ്‌കോപ്പ ജോണ്‍ അച്ചന്‍, ബാബു മാത്യു അച്ചന്‍, മാത്യു തോമസ്‌ അച്ചന്‍, തോമസ്‌ മാത്യു അച്ചന്‍, ചെറിയാന്‍ മുണ്ടയ്‌ക്കല്‍ അച്ചന്‍, ഷിബു ദാനിയേല്‍ അച്ചന്‍, ഷിനോജ്‌ തോമസ്‌ അച്ചന്‍, ബോബി വര്‍ഗീസ്‌ അച്ചന്‍, ഭദ്രാസന പ്രതിനിധികളായ പോള്‍ കറുകപ്പിള്ളി, ഫിലിപ്പോസ്‌ ഫിലിപ്പ്‌ തുടങ്ങിയവര്‍ പങ്കെടുത്തു.

 

പുരോഹിതന്മാരുടേയും, ശുശ്രൂഷക്കാരുടേയും കാല്‍കഴുകി ചുംബിച്ച്‌ ബഹുമാനപ്പെട്ട അത്തനാസിയോസ്‌ തിരുമേനി പെസഹായുടെ മഹത്തായ സന്ദേശം എന്താണെന്നുള്ളത്‌ ഒരിക്കല്‍കൂടി ലോകത്തിനു കാണിച്ചുതന്നു. പീഡാനുഭവത്തിന്റേയും ക്രൂശുമരണത്തിന്റേയും ഓര്‍മ്മപ്പെടുത്തലായ ദുഖവെള്ളിയാഴ്‌ചയുടെ ശുശ്രൂഷ അനേകങ്ങള്‍ പങ്കെടുത്ത ഭക്തിസാന്ദ്രമായ അന്തരീക്ഷത്തില്‍ നടത്തപ്പെട്ടു. തദവസരത്തില്‍ ക്രിസ്‌തുവിന്റെ ക്രൂശുമരണംകൊണ്ട്‌ മനുഷ്യരാശിക്ക്‌ ലഭിച്ച രക്ഷയുടെ മാര്‍ഗ്ഗത്തെ കുറിച്ചും, അതു കാത്തുസൂക്ഷിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും ബഹുമാനപ്പെട്ട തിരുമേനി ഭക്തജനങ്ങളെ ഓര്‍മ്മിപ്പിച്ചു. തുടര്‍ന്ന്‌ ശനിയാഴ്‌ച മരിച്ചുപോയവര്‍ക്കുവേണ്ടിയുള്ള പ്രത്യേക കുര്‍ബാനയും നടത്തപ്പെട്ടു. ഞായറാഴ്‌ച ഉയിര്‍പ്പിന്റെ ശുശ്രൂഷയും വിശുദ്ധ കുര്‍ബാനയും അനുഭവിക്കുന്നതിനായി നൂറുകണക്കിന്‌ ഭക്തജനങ്ങള്‍ ദേവാലയത്തിലേക്ക്‌ ഒഴുകിയെത്തിയത്‌ ഈ പള്ളിക്ക്‌ വിശ്വാസികള്‍ നല്‍കുന്ന പ്രധാന്യത്തെ എടുത്തുകാട്ടുന്ന ഒന്നായിരുന്നു.

 

 

ബഹുമാനപ്പെട്ട തിരുമേനിയുടെ മുഖ്യകാര്‍മികത്വത്തില്‍ നടത്തപ്പെട്ട വിശുദ്ധ ബലിയര്‍പ്പണത്തിനുശേഷം ചടങ്ങില്‍ പങ്കെടുത്ത എല്ലാ ഭക്തജനങ്ങള്‍ക്കും ബഹുമാനപ്പെട്ട തിരുമേനിയുമായി സമയം ചെലവഴിക്കുന്നതിനുള്ള അവസരവും ഉണ്ടായിരുന്നു. ഈവര്‍ഷത്തെ വിശുദ്ധ വാരം ഇത്രയും അനുഗ്രഹം നിറഞ്ഞതായത്‌ ബഹുമാനപ്പെട്ട അത്തനാസിയോസ്‌ തിരുമേനിയുടെ സാന്നിധ്യംകൊണ്ടും കൂടാതെ സമീപ ഇടവകകളിലുള്ള അച്ചന്മാരുടെ അകമഴിഞ്ഞ പിന്തുണകൊണ്ടും ആണെന്നു ആയതിനു എല്ലാവരോടുള്ള കടപ്പാടും നന്ദിയും വികാരി സണ്ണി ജോസഫ്‌ അച്ചന്‍ അറിയിച്ചു.

 

ഇടവകയെ ഒന്നിച്ചു നിര്‍ത്താനും, വിശുദ്ധ ദേവാലയത്തെ അതിന്റെ എല്ലാ പരിശുദ്ധിയോടുംകൂടി സംരക്ഷിക്കുന്നതിനുള്ള ഇടവക വികാരിയായ സണ്ണി ജോസഫ്‌ അച്ചന്റെ കഴിവിനെ എത്ര ശ്ശാഘിച്ചാലും മതിവരില്ലെന്നു സെക്രട്ടറി ജേക്കബ്‌ ജോസഫ്‌, ട്രഷറര്‍ അനീഷ്‌ ചെറിയാന്‍, ഇടവകയുടെ സ്ഥാപക അംഗങ്ങളായ എം.സി. മത്തായി, ജയിംസ്‌ നൈനാന്‍, മറ്റ്‌ ഭാരവാഹികളും ഇടവകാംഗങ്ങളും ഒരേ സ്വരത്തില്‍ അഭിപ്രായപ്പെട്ടു. ഈ വിശുദ്ധ വാരം ഇത്രയും അനുഗ്രഹം നിറഞ്ഞതാക്കാനും ആത്മീയമന്ന സ്വീകരിക്കാനും വിശുദ്ധ ദേവാലയത്തിലേക്ക്‌ കടന്നുവന്ന എല്ലാ വിശ്വാസികളോടുമുള്ള നന്ദിയും കടപ്പാടും അറിയിക്കുന്നതായി കോര്‍എപ്പിസ്‌കോപ്പ ജോണ്‍ അച്ചനും, ഇടവക വികാരി സണ്ണി ജോസഫ്‌ അച്ചനും മറ്റ്‌ ഇടവക ജനങ്ങളും അറിയിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.