You are Here : Home / USA News

വിശക്കുന്ന വയറുകള്‍ക്ക്‌ ആശ്വാസമായി ഭക്ഷണബാഗുകള്‍ വിതരണം ചെയ്‌തു

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Saturday, April 11, 2015 11:54 hrs UTC

ന്യൂയോര്‍ക്ക്‌: ന്യൂയോര്‍ക്കിലെ പോര്‍ട്ട്‌ചെസ്റ്ററിലുള്ള എബനേസര്‍ മാര്‍ത്തോമ്മാ ചര്‍ച്ചിന്റെ 'Neighbourhood Mission' പ്രവര്‍ത്തനങ്ങളുടെ ഭാഗമായി നടത്തിയ ഭക്ഷണബാഗ്‌ വിതരണം ചുറ്റുപാടുമുള്ള അനേകം കുടുംബങ്ങള്‍ക്ക്‌ അനുഗ്രഹമായി. നോമ്പുവാരാചരണത്തോടനുബന്ധിച്ചു നടന്ന ഭക്ഷണവിതരണത്തിനുള്ള തുക ഇടവക ജനങ്ങള്‍ വളരെ സന്തോഷത്തോടെ സംഭാവന നല്‍കുകയും സമാഹരിച്ച തുകയില്‍നിന്നും ഒരു കുടുംബത്തിന്‌ ഒരു നേരം ഭക്ഷണം എന്ന ഉദ്ദേശത്തോടെ ഏതാണ്ട്‌ എട്ടോളം വ്യത്യസ്‌ത ഭക്ഷണ സാധനങ്ങള്‍ അടങ്ങിയ ബാഗ്‌ എഴുപത്തഞ്ചോളം കുടുംബങ്ങള്‍ക്ക്‌ വിതരണം ചെയ്‌തു. നാം ജീവിക്കുന്ന ചുറ്റുപാടുകളെ അടുത്തറിയുവാനും അവരുടെ ഇല്ലായ്‌മകളിലേക്ക്‌ ഇറങ്ങിച്ചെന്ന്‌ സാന്ത്വനത്തിന്റെ ഒരു കരസ്‌പര്‍ശം നല്‍കുവാനും കഴിഞ്ഞകാലങ്ങളായി ഇടവകയ്‌ക്ക്‌ സാധിച്ചിരുന്നു. സമീപത്തുള്ള എപ്പിസ്‌ക്കോപ്പല്‍ ചര്‍ച്ചുമായി ചേര്‍ന്ന്‌ സൂപ്പ്‌ കിച്ചണ്‍ നടത്തുക, ക്ലോത്ത്‌ ഡ്രൈവ്‌ നടത്തി ആവശ്യക്കാര്‍ക്ക്‌ വസ്‌ത്രം വിതരണം ചെയ്യുക എന്നീ പ്രവര്‍ത്തനങ്ങള്‍ 'Neighbourhood Mission' ന്റെ ഭാഗമായി നടത്തിവരുന്നു.

 

 

നാം നമ്മുടെ ജനിച്ചു വളര്‍ന്ന നാടിനെ സഹായിക്കുന്നതിനോടൊപ്പം കാലാകാലങ്ങളായി നാം വസിക്കുന്ന നമ്മുടെ ചുറ്റുവട്ടത്തിലേക്ക്‌ കടന്നുചെന്ന്‌ നിര്‍ധനരും, നിര്‍ഭാഗ്യവാന്മാരുമായ സഹോദരങ്ങള്‍ക്ക്‌ ഒരു കൈത്താങ്ങല്‍ കൊടുക്കുക എന്ന നല്ല ഉദ്ദേശത്തോടെ മാര്‍ത്തോമ്മാ സഭയുടെ നോര്‍ത്ത്‌ അമേരിക്ക- യൂറോപ്പ്‌ ഭദ്രാസന ബിഷപ്പ്‌ അഭിവന്ദ്യ.തിയഡോഷ്യസ്‌ തിരുമേനിയുടെ 'Neighbourhood Mission' എന്ന പ്രൊജക്ടിനോട്‌ കൈകോര്‍ത്തുകൊണ്ടാണ്‌ ഇടവക ഈ പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുത്ത്‌ നടത്തുന്നത്‌. കഴിഞ്ഞ ദിവസങ്ങളില്‍ ഇടവക സന്ദര്‍ശിച്ച ഭദ്രാസന തിരുമേനി ഉദ്‌ഘാടനം നടത്തുകയും, ഏപ്രില്‍ മാസം നാലാം തിയതി, ശനിയാഴ്‌ച രാവിലെ പത്തുമണി മുതല്‍ രണ്ടുമണി വരെ എബനേസര്‍ ഇടവകയുടെ വികാരി റവ.ഏബ്രഹാം ഉമ്മന്‍ അച്ചന്റെ നേതൃത്വത്തില്‍ അര്‍ഹതപ്പെട്ട കുടുംബങ്ങള്‍ക്ക്‌ ഭക്ഷണബാഗുകള്‍ വിതരണം ചെയ്യുകയും ചെയ്‌തു. ഇടവകയിലെ യുവജനങ്ങളെ കൂടാതെ, സേവികാസംഘം, ഇടവക മിഷന്‍, സണ്‍ഡേ സ്‌കൂള്‍ എന്നീ സംഘടനകളും ഈ സംരഭത്തിന്റെ വിജയത്തിനായി പ്രവര്‍ത്തിച്ചു. ഭക്ഷണസാധനങ്ങള്‍ ബള്‍ക്ക്‌ ആയി വാങ്ങിക്കൊണ്ടു വരുവാനും, പ്രത്യേകം പ്രത്യേകം പായ്‌ക്കു ചെയ്യുവാനും സഹായിച്ച ഇടവകാംഗങ്ങളേയും ഈസ്റ്ററിന്റെ സന്തോഷം സമീപവാസികളിലേക്ക്‌ പകര്‍ന്നു നല്‍കുവാന്‍ തക്കവണ്ണം നെയ്‌ബര്‍ഹുഡ്‌ മിഷന്റെ പ്രവര്‍ത്തനങ്ങള്‍ക്ക്‌ നേതൃത്വം നല്‍കിയ ഇടവകച്ചുമതലക്കാരേയും ഇടവക വികാരി റവ.എബ്രഹാം ഉമ്മന്‍ അനുമോദിച്ചു. നാം ജീവിക്കുന്ന ഈ സമൂഹത്തേയും സഹജീവികളേയും കരുതുവാനും, നമ്മുടെ ആവശ്യങ്ങള്‍ അവരുടെ ആവശ്യങ്ങളായി കണ്ടു കൂടുതല്‍ ഊര്‍ജ്ജസ്വലതയോടെ വരും കാലങ്ങളില്‍ ഇടവകയ്‌ക്ക്‌ പ്രവര്‍ത്തിക്കുവാന്‍ ദൈവം സഹായിക്കട്ടെയെന്നും അച്ചന്‍ ആശംസിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.