You are Here : Home / USA News

സീറോ മലബാര്‍ കത്തീഡ്രലില്‍ ഭക്തിനിര്‍ഭരമായ ഉയിര്‍പ്പ്‌ തിരുനാള്‍

Text Size  

Story Dated: Tuesday, April 07, 2015 11:44 hrs UTC

ബീനാ വള്ളിക്കളം

 

ഷിക്കാഗോ: ഒരു ക്രിസ്‌ത്യാനിയുടെ ജീവിതത്തിലെ ഏറ്റവും വലിയ പ്രത്യാശയുടേയും, സ്‌നേഹാനുഭവത്തിന്റേയും ദിനമായ ഈസ്റ്റര്‍ സീറോ മലബാര്‍ കത്തീഡ്രല്‍ ഇടവക വിശ്വാസികള്‍ ഏറെ സന്തോഷത്തോടെയും ഭക്തിയോടെയും ആഘോഷിച്ചു. ഏപ്രില്‍ നാലാം തീയതി ശനിയാഴ്‌ച വൈകിട്ട്‌ 7 മണിക്ക്‌ ആരംഭിച്ച തിരുകര്‍മ്മങ്ങള്‍ക്ക്‌ രൂപതാധ്യക്ഷന്‍ മാര്‍ ജേക്കബ്‌ അങ്ങാടിയത്ത്‌ മുഖ്യകാര്‍മികത്വം വഹിച്ചു. ഉയിര്‍പ്പ്‌ തിരുനാള്‍ ശുശ്രൂഷകള്‍ക്ക്‌ സാക്ഷികളായ വിശ്വാസികളേവര്‍ക്കും ഭക്തിനിര്‍ഭരമായ പ്രാര്‍ത്ഥനകളും, മനോഹരമായ ദൃശ്യാവിഷ്‌കാരവും തങ്ങളുടെ വിശ്വാസത്തെ ബലവത്താക്കുള്ള ഒരു അനുഭവമാക്കി മാറ്റി. വിശ്വാസരഹസ്യങ്ങളില്‍ ഏറ്റവും പ്രധാനമായ പീഡാനുഭവവും കുരിശുമരണവും, ഉത്ഥാനവും ഏറ്റവും ശരിയായ അര്‍ത്ഥത്തില്‍ മനസിലാക്കി ജീവിക്കുവാന്‍ രൂപതാധ്യക്ഷന്‍ ഏവരേയും ആഹ്വാനം ചെയ്‌തു.

 

പൗരോഹിത്യവര്‍ഷവും, കുടുംബവര്‍ഷവും ഒന്നിച്ച്‌ ആചരിക്കുന്ന ഈ വേളയില്‍ വിളിക്കനുസരിച്ച പ്രാര്‍ത്ഥനാജീവിതം നയിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച്‌ ഉദാഹരണങ്ങളിലൂടെ ബഹുമാനപ്പെട്ട പിതാവ്‌ വ്യക്തമാക്കി. കുഞ്ഞുങ്ങള്‍ക്ക്‌ ഏറ്റവും നല്ല മാതൃകകളാകുവാനും പിതാവ്‌ ഏവരേയും ഉത്‌ബോധിപ്പിച്ചു. ഇടവക വികാരി റവ.ഡോ. അഗസ്റ്റിന്‍ പാലയ്‌ക്കാപ്പറമ്പില്‍ സഹകാര്‍മികനായി. കുട്ടികള്‍ക്കും, യുവജനങ്ങള്‍ക്കുമായി നടന്ന ഇംഗ്ലീഷ്‌ തിരുകര്‍മ്മങ്ങള്‍ക്ക്‌ അസി. വികാരി ഫാ. റോയ്‌ മൂലേച്ചാലില്‍, ഫാ. മൈക്കിള്‍ ബെഞ്ചമിന്‍ എന്നിവര്‍ കാര്‍മികരായി. പീഡാനുഭവവാര തിരുകര്‍മ്മങ്ങളില്‍ സജീവമായി പങ്കെടുക്കുകയും, സഹകരിക്കുകയും ചെയ്‌ത എല്ലാവര്‍ക്കും റവ.ഡോ. അഗസ്റ്റിന്‍ പാലയ്‌ക്കാപ്പറമ്പില്‍ കൃതജ്ഞത അറിയിച്ചു. തുടര്‍ന്ന്‌ സ്‌നേഹവിരുന്നും ഉണ്ടായിരുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.