You are Here : Home / USA News

സോമര്‍സെറ്റ്‌ സെന്റ്‌ തോമസ്‌ ഫൊറോനാ ദേവാലയത്തില്‍ ഭക്തിസാന്ദ്രമായ ഉയിര്‍പ്പ്‌ തിരുനാള്‍ ആഘോഷം

Text Size  

Story Dated: Monday, April 06, 2015 11:16 hrs UTC

സെബാസ്റ്റ്യന്‍ ആന്റണി

ന്യൂജേഴ്‌സി: അനുരഞ്‌ജനത്തിന്റേയും ത്യാഗത്തിന്റേയും സ്‌മരണകളുണര്‍ത്തിയ വിശുദ്ധ വാരാചരണം കഴിഞ്ഞ്‌, മാനവരാശിയെ പാപത്തിന്റെ കരങ്ങളില്‍ നിന്ന്‌ മോചിപ്പിച്ച്‌ മോക്ഷത്തിന്റെ വഴി കാണിച്ചുതന്ന നിത്യരക്ഷകന്റെ ത്യാഗത്തിന്റേയും, സ്‌നേഹത്തിന്റേയും സ്‌മരണകളുണര്‍ത്തിയ ഉയിര്‍പ്പ്‌ തിരുനാള്‍ സോമര്‍സെറ്റ്‌ സെന്റ്‌ തോമസ്‌ കാത്തലിക്‌ ഫൊറോനാ ദേവാലയത്തില്‍ ധഭക്തിനിര്‍ഭരവും പ്രൗഢഗംഭീരവുമായി നടത്തപ്പെട്ടു. ഏപ്രില്‍ നാലിന്‌ വൈകിട്ട്‌ ഉയിര്‍പ്പ്‌ തിരുനാളിന്റെ തിരുകര്‍മ്മങ്ങള്‍ക്ക്‌ തുടക്കംകുറിച്ചു. പ്രമുഖ വചന പ്രഘോഷകനും കപ്പൂച്യന്‍ സഭാംഗവുമായ ഫാ. അലക്‌സ്‌ വാച്ചാപറമ്പിലിന്റെ മുഖ്യ കാര്‍മികത്വത്തിലും, ഇടവക വികാരി ഫാ. തോമസ്‌ കടുകപ്പിള്ളില്‍, പോട്ട ഡിവൈന്‍ മേഴ്‌സി ഹീലിംഗ്‌ സെന്റര്‍ ഡയറക്‌ടര്‍ ഫാ. തോമസ്‌ സുനില്‍, ഫാ. പീറ്റര്‍ അക്കനത്ത്‌ എന്നിവരുടെ സഹകാര്‍മികത്വത്തിലും ഉയിര്‍പ്പിന്റെ തിരുകര്‍മ്മങ്ങളും ആഘോഷമായ ദിവ്യബലിയും നടത്തപ്പെട്ടു.

 

 

കൈകളില്‍ കത്തിച്ച മെഴുകുതിരികളുമായി ആഘോഷമായ തിരുനാള്‍ പ്രദക്ഷിണത്തിനുശേഷം ദിവ്യബലി മധ്യേ പോട്ട ഡിവൈന്‍ മേഴ്‌സി ഹീലിംഗ്‌ സെന്റര്‍ ഡയറക്‌ടര്‍ ഫാ. തോമസ്‌ സുനില്‍ ഉയിര്‍പ്പ്‌ തിരുനാളിന്റെ സന്ദേശം നല്‍കി. പീഡാനുഭവങ്ങളെ അതിജീവിച്ച്‌ ഉത്ഥാനത്തിന്റെ സന്ദേശം ലോകത്തിനു പ്രദാനം ചെയ്‌ത യേശുനാഥന്‍ എല്ലാ സഹനത്തിനും, ത്യാഗത്തിനും, കഷ്‌ടപ്പാടുകള്‍ക്കും, രോഗപീഡകള്‍ക്കും മീതെ നവോത്ഥാനത്തിന്റെ മറ്റൊരു ഏടുകൂടി ഉണ്ടെന്നുള്ള പ്രതീക്ഷയാണ്‌ നമുക്ക്‌ നല്‍കുന്നതെന്ന്‌ ഓര്‍മ്മിപ്പിച്ചു. പാപങ്ങളെ ഏറ്റുപറഞ്ഞ്‌ കര്‍ത്താവിന്റെ തിരുശരീര രക്തങ്ങളെ പ്രാപിച്ച്‌ അവന്റെ കഷ്‌ടാനുഭവങ്ങളെ ഓര്‍ത്ത്‌ ഉയിര്‍പ്പ്‌ ദിനത്തിലൂടെ ഒരു പുതിയ സൃഷ്‌ടി ആയിത്തീരാന്‍ ഓര്‍മ്മിപ്പിച്ചു. ദിവ്യബലിക്കുശേഷം തിരുസ്വരൂപ വണക്കം, നേര്‍ച്ചകാഴ്‌ച സമര്‍പ്പണം എന്നിവ നടന്നു.

 

ഇടവകയിലെ ഗായകസംഘം ആലപിച്ച ഭക്തിനിര്‍ഭരമായ ഗാനങ്ങള്‍ ഉയിര്‍പ്പ്‌ തിരുനാളിന്റെ ചടങ്ങുകള്‍ കൂടുതല്‍ ഭക്തിസാന്ദ്രമാക്കി. ഓശാന തിരുനാള്‍ മുതല്‍ ഉയിര്‍പ്പ്‌ തിരുനാള്‍ വരെയുളള തിരുകര്‍മ്മങ്ങളിലും ആഘോഷങ്ങളിലും സജീവമായി പങ്കെടുത്ത ഇടവക സമൂഹത്തിനും, തിരുകര്‍മ്മങ്ങളില്‍ സഹകരിച്ച എല്ലാ വൈദീകര്‍ക്കും, ദേവാലയത്തിലെ ഭക്തസംഘടനാ ഭാരവാഹികള്‍ക്കും, ഗായകസംഘത്തിനും ഇടവക വികാരി ഫാ. തോമസ്‌ കടുകപ്പിള്ളില്‍, ട്രസ്റ്റിമാരായ തോമസ്‌ ചെറിയാന്‍ പടവില്‍, ടോം പെരുമ്പായില്‍, മേരിദാസന്‍ തോമസ്‌, മിനേഷ്‌ ജോസഫ്‌ എന്നിവര്‍ നന്ദി പറഞ്ഞു. സ്‌നേഹവിരുന്നോടെ ആഘോഷങ്ങള്‍ക്ക്‌ തിരശീല വീണു. വെബ്‌: www.stthomassyronj.org

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.