You are Here : Home / USA News

ക്ലീവ്‌ലാന്റ് സെന്റ് ഗ്രിഗോറിയോസ് ഓര്‍ത്തഡോക്‌സ് ഇടവയ്ക്ക് സ്വന്തമായി ദേവാലയം

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Thursday, January 22, 2015 05:27 hrs UTC

ഒഹായോ: ക്ലീവ് ലാന്റിലെ ഒഹായോ സെന്റ് ഗ്രിഗോറിയോസ് മലങ്കര ഓര്‍ത്തഡോക്‌സ് ഇടവക 2014 ഡിസംബര്‍ അവസാന വാരത്തില്‍ സ്വന്തമായി ദേവാലയം വാങ്ങി. മെട്രോ ക്ലീവ് ലാന്റ് ഭാഗമായ മാസിഡോണിയ നഗരകേന്ദ്രത്തിലാണ് പുതിയ ദേവാലയം സ്ഥിതിചെയ്യുന്നത്. അഞ്ച് ഏക്കര്‍ സ്ഥലത്തിനുള്ളില്‍ 1987-ല്‍ പണികഴിപ്പിച്ച അയ്യായിരം ചതുരശ്ര അടി വിസ്തീര്‍ണ്ണമുള്ള ദേവാലയമാണ് ദൈവകൃപയാല്‍ വാങ്ങാന്‍ സാധിച്ചതെന്ന് വികാരി റവ.ഫാ. ജയിംസ് ചെറിയാനും, കമ്മിറ്റി അംഗങ്ങളും അറിയിച്ചു. ഒഹായോയില്‍ ഇന്ത്യന്‍ വംശജരായ ക്രിസ്ത്യാനികളുടെ ആദ്യ ദേവാലയമാണിത്. പരിശുദ്ധ പരുമല തിരുമേനിയുടെ നാമത്തില്‍ സ്ഥാപിതമായ വളരെ ചെറിയ ഈ ഇടവക 1990-കളുടെ തുടക്കംമുതല്‍ മുടങ്ങാതെ വിശുദ്ധ കുര്‍ബാനയും പ്രാര്‍ത്ഥനാ യോഗങ്ങളും നടത്തിവരുന്നു. 90-ളുടെ അവസാനത്തോടെ കുര്‍ബാന അര്‍പ്പണം മാസത്തില്‍ ഒന്നുവീതവും പിന്നീട് 2004 മുതല്‍ രണ്ടു തവണ എന്ന രീതിയിലും ക്രമീകരിച്ചു.

 

2009-ല്‍ സൗത്ത് അമേരിക്കന്‍ ഭദ്രാസനാധിപന്‍ അഭിവന്ദ്യ അലക്‌സിയോസ് മാര്‍ യൗസേബിയോസ് മെത്രാപ്പോലീത്ത ഈ കോണ്‍ഗ്രിഗേഷനെ ഇടവകയായി ഉയര്‍ത്തി. റവ.ഫാ. ജെയിംസ് ചെറിയാന്‍ 2012 മുതല്‍ ഇടവക വികാരിയായി സേവനം അനുഷ്ഠിക്കുന്നു. മാത്യു വി. തോമസ് (ട്രസ്റ്റി), ജോയ്‌സ് ജോസഫ് (സെക്രട്ടറി), ഡോ. തോമസ് പി. മാത്യു (ഡയോസിഷന്‍ കൗണ്‍സില്‍ പ്രതിനിധി), ഏബ്രഹാം പന്നിക്കോട്ട് (ബില്‍ഡിംഗ് കമ്മിറ്റി കണ്‍വീനര്‍), ഷിനോയ് വര്‍ഗീസ്, ഷിബി തോമസ്, സുബിന്‍ ജോര്‍ജ് എന്നിവരാണ് മാനേജിംഗ് കമ്മിറ്റിയംഗങ്ങള്‍. ഗ്രെയിറ്റര്‍ ക്ലീവ്‌ലാന്റിലും സമീപ പ്രദേശങ്ങളായ കൊളംബസ്, സിന്‍സിനാറ്റി, പിറ്റ്‌സ്ബര്‍ഗ് നഗരങ്ങളിലും താമസിക്കുന്ന എല്ലാ ജനങ്ങള്‍ക്കും ഈ ദേവാലയം അനുഗ്രഹപ്രദമായിത്തീരും എന്ന പ്രത്യാശയോടെ വികാരിയും ഇടവകാംഗങ്ങളും എല്ലാവരുടേയും പ്രാര്‍ത്ഥനയും സഹകരണവും അഭ്യര്‍ത്ഥിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക്: www.stgregorioscleveland.org

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.