You are Here : Home / USA News

ഹഡ്സണ്‍ വാലി മലയാളി അസോസിയേഷന്റെ വിഷു-ഈസ്റ്റര്‍ ആഘോഷം

Text Size  

Story Dated: Wednesday, April 22, 2015 11:03 hrs UTC


ന്യൂയോര്‍ക്ക്. ഹഡ്സണ്‍ വാലി മലയാളി അസോസിയേഷന്റെ ഈ വര്‍ഷത്തെ പ്രവര്‍ത്തനോദ്ഘാടനവും വിഷു/ഈസ്റ്റര്‍ ആഘോഷവും സംയുക്തമായി ഏപ്രില്‍ 18-ന് വൈകിട്ട് 5 മണി മുതല്‍  വെസ്റ്റ് ന്യാക്കിലുള്ള റിഫോംഡ് ചര്‍ച്ച്  ഓഡിറ്റോറിയത്തില്‍ വെച്ച് ആഘോഷിച്ചു.

ഓറഞ്ച്ബര്‍ഗിലുള്ള സിത്താര്‍ പാലസ് റസ്റ്റോറന്റ് തയ്യാറാക്കിയ വിഭവസമൃദ്ധമായ സദ്യക്ക് ശേഷം സെക്രട്ടറി അലക്സ് എബ്രഹാമിന്റെ ആമുഖ പ്രസംഗത്തിനെ തുടര്‍ന്ന് അഷിത സജിയും ലിയ സജിയും ചേര്‍ന്ന്  അമേരിക്കന്‍ ദേശീയ ഗാനവും വിദ്യാജ്യോതി മലയാളം സ്കൂള്‍ വിദ്യാര്‍ത്ഥികള്‍  പ്രാര്‍ത്ഥനാ ഗാനവും  ആലപിച്ചു. രാധാകൃഷ്ണന്‍ കുഞ്ഞുപിള്ള അണിയിച്ചൊരുക്കിയ മനോഹരവും ഭക്തിനിര്‍ഭരവുമായ വിഷുക്കണിയോടെ കലാപരിപാടികള്‍ ആരംഭിച്ചു.  

പ്രസിഡന്റ് ഷാജിമോന്‍ വെട്ടത്തിന്റെ സ്വാഗത പ്രസംഗത്തില്‍ സദസ്സിനെയും അവിടെ സന്നിഹിതരായ വിശിഷ്ടാതിഥികളെയും വിവിധ സാമൂഹ്യ സാമുദായിക നേതാക്കളെയും  സ്വാഗതം ചെയ്യുകയും വിഷുവിന്റെയും ഈസ്റ്ററിന്റെയും മംഗളങ്ങള്‍ നേരുകയും, ഈ വര്‍ഷത്തെ പ്രവര്‍ത്തനങ്ങളില്‍ എല്ലാവരുടെയും സഹകരണം അഭ്യര്‍ത്ഥിക്കുകയും ചെയ്തു.

കുര്യാക്കോസ് തരിയന്‍ അസോസിയേഷന്റെ 2015-ലെ ഭാരവാഹികളെ സദസ്സിന് പരിചയപ്പെടുത്തി.  മുഖ്യാതിഥികളായ റവ. ഫാ. ഷിബു ഡാനിയേല്‍, ഗുരു ദിലീപ്ജി, പ്രസിഡന്റ് ഷാജിമോന്‍ വെട്ടം, സെക്രട്ടറി അലക്സ് എബ്രഹാം, ട്രഷറര്‍ ജോണ്‍ ദേവസ്യ, ട്രസ്റ്റീ ബോര്‍ഡ് ചെയര്‍മാന്‍ വര്‍ഗീസ് ഒലഹന്നാന്‍, ഫൊക്കാന ട്രസ്റ്റീ ബോര്‍ഡ് ചെയര്‍മാന്‍ പോള്‍ കറുകപ്പിള്ളില്‍ എന്നിവര്‍ ചേര്‍ന്ന് ഭദ്രദീപം തെളിയിച്ചു കൊണ്ട് അസോസിയേഷന്റെ ഈ വര്‍ഷത്തെ പ്രവര്‍ത്തനം ഉദ്ഘാടനം നിര്‍വഹിച്ചു.

അവയവ ദാനത്തിന്റെ പ്രസക്തിയെക്കുറിച്ചുള്ള റവ. ഫാ. ഡേവിഡ് ചിറമേലിന്റെ വീഡിയോ തദവസരത്തില്‍  പ്രദര്‍ശിപ്പിക്കുകയുണ്ടായി.  റവ. ഫാ. ഷിബു ഡാനിയേല്‍ ഈസ്റ്റര്‍ സന്ദേശം അറിയിച്ചുകൊണ്ട് സംസാരിച്ചു.  മതസൌഹാര്‍ദ്ദം ഊട്ടിഉറപ്പിക്കുന്നതിന് ഇതുപോലെയുള്ള സംയുക്തമായ ആഘോഷങ്ങള്‍ ഉതകുമെന്ന് അദ്ദേഹം ഉദ്ബോധിപ്പിച്ചു.

വിഷുവിന്റെ മംഗളങ്ങള്‍ നേര്‍ന്നുകൊണ്ട് മറ്റൊരു മുഖ്യാതിഥിയായ ഗുരു ദിലീപ്ജി സംസാരിച്ചു. അദ്ദേഹം ഇന്റര്‍നാഷണല്‍ ഗുരുകുല കമ്മ്യൂണിറ്റിയുടെ പ്രസിഡന്റും ലോകപ്രശസ്തനായ യോഗിയുമാണ്.  

ട്രസ്റ്റീ ബോര്‍ഡ് ചെയര്‍മാന്‍ വര്‍ഗീസ് ഒലഹന്നാനും ഫൊക്കാന വൈസ് പ്രസിഡന്റ് ഫിലിപ്പോസ് ഫിലിപ്പും വിഷുവിന്റെയും ഈസ്റ്ററിന്റെയും എല്ലാവിധ ഐശ്വര്യങ്ങളും നേര്‍ന്നുകൊണ്ട് സംസാരിച്ചു.  

നേഹ ജ്യോ, ജോയി, ലൌലി, സജി സ്കറിയ, അഷിത സജി, ജോമോന്‍ എന്നിവര്‍ മനോഹരങ്ങളായ ഗാനങ്ങള്‍ ആലപിച്ചപ്പോള്‍ അഞ്ജലി വെട്ടം, ഇവാനിയ മാത്യു, ആന്‍സെലിന്‍ മാത്യു , ടിയാറ റോയ്, സോന ഇത്താക്കന്‍, ഒളിവിയ മില്‍റ്റന്‍, എലിസ മണിമല, എലിസബത്ത് കളപ്പുര, അഷിത, അഞ്ജലി, റോമ, നികിത, നിരോഷ തമ്പി, സോണിയ ഇത്താക്കന്‍  എന്നിവര്‍  ചേതോഹരങ്ങളായ  നൃത്തങ്ങള്‍ അവതരിപ്പിച്ചു.

ഗായകനായ കെ.ഐ. അലക്സാണ്ടര്‍ തന്റെ ഗാനങ്ങളിലൂടെ ശാസ്ത്രീയ സംഗീതത്തില്‍ തനിക്കുള്ള പ്രാഗത്ഭ്യം തെളിയിച്ചു.  കുട്ടികളെ ഗാനങ്ങള്‍ ശാസ്ത്രീയമായി അഭ്യസിപ്പിക്കുവാനുള്ള  ക്ളാസ്സുകള്‍ തുടങ്ങിയിട്ടുണ്ട് എന്ന് അദ്ദേഹം അറിയിച്ചു.  മേരിക്കുട്ടി പൌലോസ് വളരെ മനോഹരമായ ഒരു കവിത ചൊല്ലി.  തമ്പി പനയ്ക്കലും രാജു ഔസേപ്പും കൂടിച്ചേര്‍ന്ന്  അവതരിപ്പിച്ച ഹാസ്യചിത്രീകരണം എല്ലാവരും ഹൃദ്യമായി ആസ്വദിച്ചു.

സെക്രട്ടറി അലക്സ് ഏബ്രഹാമിനെക്കൂടാതെ കോ-ഓര്‍ഡിനേറ്റര്‍മാരായ സാബു ഇത്താക്കന്‍, ലൈസി അലക്സ്, ജയപ്രകാശ് നായര്‍, രാധാകൃഷ്ണന്‍ കുഞ്ഞുപിള്ള എന്നിവര്‍ എം.സി.മാരായി പ്രവര്‍ത്തിച്ചു.

സെക്രട്ടറി അലക്സ് ഏബ്രഹാം നന്ദി പ്രകാശിപ്പിച്ചുകൊണ്ട് സംസാരിച്ചു. തുടര്‍ന്ന് ഇന്ത്യന്‍ ദേശീയഗാനാലാപത്തോടെ പരിപാടികള്‍ക്ക് തിരശീല വീണു.    

വാര്‍ത്ത. ജയപ്രകാശ് നായര്‍   

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.