You are Here : Home / USA News

ആയിരങ്ങളുടെ ആഹ്ളാദതിമര്‍പ്പില്‍ ഷിക്കാഗോ സേക്രഡ് ഹാര്‍ട്ട് ക്നാനായ ഫൊറോനയുടെ ഉദ്ഘാടനം

Text Size  

Story Dated: Wednesday, March 25, 2015 09:41 hrs UTC


ഷിക്കാഗോ. പ്രവാസി ക്നാനായക്കാരുടെ പ്രഥമ ദൈവാലയമായ സേക്രഡ് ഹാര്‍ട്ട് ക്നാനായ കത്തോലിക്ക ഇടവക, ഫൊറോനയായി ഉയര്‍ത്തപ്പെട്ടു. 2006 സെപ്റ്റംമ്പര്‍ 3ന് ഉദ്ഘാടനം ചെയ്ത ഷിക്കാഗോ സേക്രഡ് ഹാര്‍ട്ട് കത്തോലിക്ക ഇടവക 2015 മാര്‍ച്ച് 22നാണ് ഫൊറോനയായി ഉയര്‍ത്തപ്പെട്ടത്. 4 ദിവസത്തെ ഭക്തിസാന്ദ്രമായ നോമ്പ്കാല വാര്‍ഷികധ്യാനത്തിന്റെ സമാപനത്തോടനുബന്ധിച്ച് മാര്‍ ജോയ് ആലപ്പാട്ട് പിതാവിന്റെയും, മാര്‍ ലോറെന്‍സ് മൂക്കുഴി പിതാവിന്റേയും, മറ്റനേകം വൈദികരുടേയും, കന്യാസ്ത്രീകളുടേയും, ഇടവകക്കാരും അല്ലാത്തവരുമായ ആയിരക്കണക്കിനു ക്നാനായമക്കളുടേയും നിറസാന്നിധ്യത്തില്‍ സെ. തോമസ് സീറോ മലബാര്‍ രൂപതാധ്യക്ഷ്യന്‍ മാര്‍ ജേക്കബ് അങ്ങാടിയത്ത് പിതാവ് ഫൊറോനയുടെ ഉദ്ഘാടനം നിര്‍വഹിച്ചു.

ഷിക്കാഗോയിലെ സഹോദര ദൈവാലയമായ സെ. മേരീസ് ക്നാനായ ഇടവകയിലേയും, ഡിട്രോയിട്ട് സെ. മേരീസ് ക്നാനായ ഇടവകയിലേയും, മിനിസ്സോട്ട ക്നാനായ മിഷനിലേയും, അയല്‍ രാജ്യമായ കാനഡയിലെ ടൊറന്‍ന്റോ സെ. മേരീസ് ക്നാനായ മിഷനില്‍ നിന്നുമായി ഒഴുകിയെത്തിയ ജനസഞ്ചയത്തോടൊപ്പം, സേക്രഡ് ഹാര്‍ട്ട് ക്നാനായ ഇടവകയിലെ മുഴുവന്‍ അംഗങ്ങളും ഒത്തുചേര്‍ന്നപ്പോള്‍, പള്ളിയും പരിസരവും, അക്ഷരാര്‍ത്ഥത്തില്‍ ഭക്തജനങ്ങളെക്കൊണ്ട് നിറഞ്ഞ് കവിഞ്ഞിരുന്നു.

ഉദ്ഘാടനത്തോടനുബന്ധിച്ച് മാര്‍ ജേക്കബ് അങ്ങാടിയത്ത് പിതാവിന്റെ മുഖ്യകാര്‍മികത്വത്തിലും, ബെല്‍ത്തങ്ങാടി മെത്രാന്‍ മാര്‍ ലോറെന്‍സ് മൂക്കുഴി, സഹായ മെത്രാന്‍ മാര്‍ ജോയ് ആലപ്പാട്ട്, വികാരി ജനറല്‍ മോണ്‍. ഫാ. തോമസ് മുളവനാല്‍, ചാന്‍സിലര്‍ ഫാ. സെബാസ്റ്റിന്‍ വേത്താനത്ത്, രൂപതാ ഫിനാന്‍സ് ഓഫീസര്‍ ഫാ. പോള്‍ ചാലിശ്ശേരി, ഫൊറോനാ വികാരി ഫാ. എബ്രാഹം മുത്തോലത്ത്, അസ്സി. വികാരി ഫാ. സുനി പടിഞ്ഞാറെക്കര, വാര്‍ഷികധ്യാനം നയിച്ച റവ. ഫാ. ജോ പാച്ചേരി, ഡിട്രോയിട്ട് ക്നാനായ വികാരി ഫാ. ഫിലിപ് രാമച്ചനാട്ട്, മിനിസ്സോട്ട ക്നാനായ മിഷന്‍ ഡയറക്ടര്‍ ഫാ. ബിജു പാട്ടശ്ശേരില്‍, ടൊറന്‍ന്റോ ക്നാനായ മിഷന്‍ ഡയറക്ടര്‍ ഫാ. ജോര്‍ജ്ജ് പാറയില്‍, എന്നിവരുടെ സഹകാര്‍മ്മികത്വത്തിലും അര്‍പ്പിച്ച വിശുദ്ധബലി, ഒരു രൂപതയുടെ ഉദ്്ഘാടനത്തിന്റെ പ്രതീതി ഉളവാക്കി. ദിവ്യബലിമധ്യേ, ഷിക്കാഗൊ സേക്രഡ് ഹാര്‍ട്ട് ക്നാനായ ഇടവകയെ ഫൊറോനായായും, ഫാ. എബ്രാഹം മുത്തോലത്തിനെ പ്രഥമ ഫൊറോനാ വികാരിയായും മാര്‍ ജേക്കബ് അങ്ങാടിയത്ത് പിതാവ് ഔദ്യോഗികമായി പ്രഖ്യാപിച്ചു. ഫൊറോനാ സ്ഥാപിച്ചുകൊണ്ടുള്ള മാര്‍ ജേക്കബ് അങ്ങാടിയത്ത് പിതാവിന്റെ കല്പന ചാന്‍സിലര്‍ ഫാ. സെബാസ്റ്റിന്‍ വേത്താനത്ത് വായിച്ചു. തുടര്‍ന്ന് കല്പന അങ്ങാടിയത്ത് പിതാവ് മുത്തോലത്തച്ചനെ ഏല്‍പ്പിക്കുകയും ചെയ്തു. അതിനുശേഷമുള്ള വചനസന്ദേശത്തില്‍, ലോറെന്‍സ് മൂക്കുഴി പിതാവ് ഫൊറോനാ എന്താണെന്നും, അതിന്റെ ഉത്തരവാദിത്വങ്ങള്‍ എന്താണെന്നും വിശദീകരിച്ചു.

വിശുദ്ധ കുര്‍ബാനക്കുശേഷം നിലവിളക്കുകൊളുത്തി ഫൊറോനായുടെ ഔദ്യോഗിക ഉദ്ഘാടനം നടത്തുകയും, തുടര്‍ന്ന് നടന്ന അനുമോദന സന്ദേശത്തില്‍, മാര്‍ ജോയ് ആലപ്പാട്ടും, മാര്‍ ലോറെന്‍സ് മൂക്കുഴിയും, നോര്‍ത്ത് അമേരിക്കന്‍ ക്നാനായ റീജിയന്‍ ഡയറക്ടറും വികാരി ജെനറാളുമായ മോണ്‍. ഫാ. തോമസ് മുളവനാലും, ഫൊറോനാ വികാരി മുത്തോലത്തച്ചനേയും ഇടവകാംഗങ്ങളേയും അഭിനന്ദിച്ച് അനുമോദന സന്ദേശങ്ങള്‍ നല്‍കി. ഉദ്ഘാടനത്തിന്റെ സമാപ്തിയായി ഫാ. എബ്രാഹം മുത്തോലത്ത് നടത്തിയ നന്ദിപ്രകാശത്തില്‍, ക്നാനായ മക്കളുടെ അമേരിക്കന്‍ കുടിയേറ്റത്തിന്റെ നാള്‍വഴികളും, ആദ്യമായി ക്നാനായ മിഷന്റെ സ്ഥാപനവും, ചരിത്രപ്രസിദ്ധമായ പ്രഥമപ്രവാസി ക്നാനായ ദൈവാലയമായ  ഷിക്കാഗോ  സേക്രഡ് ഹാര്‍ട്ട് കത്തോലിക്ക ദൈവാലയ സ്ഥാപനത്തേപ്പറ്റിയും, ഇതുവരെയുണ്ടായ വളര്‍ച്ചയെപ്പറ്റിയും, ഇനിയുണ്ടാകേണ്ട വളര്‍ച്ചയേപ്പറ്റിയും വിശദീകരിച്ചു. ക്നാനായക്കാരുടെ ആധ്യാത്മീയ വളര്‍ച്ചയില്‍ എക്കാലവും സഹകരിച്ചുകൊണ്ടിരിക്കുന്ന ബഹുമാനപ്പെട്ട അങ്ങാടിയത്ത് പിതാവിനെ നന്ദിയോടെ അനുസ്മരിക്കുകയും അദ്ദേഹത്തിന്റെ തുടര്‍ന്നുള്ള സഹകരണം അഭ്യര്‍ത്ഥിക്കുകയും ചെയ്തു.

മുത്തോലത്തച്ചന്‍ നല്‍കിയ സമാനതകളില്ലാത്തതും വിലമതിക്കാനാവാത്തതുമായ സേവനങ്ങളുടെ നന്ദിസൂചകമായി, അച്ചനെ ദൈവാലയത്തില്‍ നിന്നും തോളിലേറ്റി, നട വിളികളോടും, മാര്‍ത്തോമ്മന്‍ പാട്ടോടുകൂടിയും പുറത്തേക്ക് ആനയിച്ചത് വേറിട്ടോരു കാഴ്ചയായിരുന്നു.

ശ്രുതിമധുരമായ ആത്മീയഗാനശുശ്രൂഷകളാല്‍ ദിവ്യബലിയെ ഭക്തിസാന്ദ്രമാക്കിയ ഗായകസംഘത്തിന് നേത്രുത്വം നല്‍ക്കിയത് സജി മാലിതുരുത്തേല്‍, ജോയ് കുടശ്ശേരി, എറിക് പോട്ടൂര്‍, സൂരജ് കോലടി, ലൂസി കണിയാലി, സിജി പണയപറമ്പില്‍, സിന്ധു മുകളേല്‍ എന്നിവരാണ്. ആഹോഷങ്ങള്‍ മോടിപിടിപ്പിക്കുന്നതിന് കൈക്കാരന്മാരായ തോമസ് നെടുവാമ്പുഴ, ജിമ്മി മുകളേല്‍, ജോര്‍ജ്ജ് പുള്ളോര്‍കുന്നേല്‍, ഫിലിപ് പുത്തെന്‍പുരയില്‍ എന്നിവര്‍ നേത്രുത്വം നല്‍കി.

ഉദ്ഘാടനത്തില്‍ സജീവവമായി പങ്കെടുത്ത്, ഇത് ഒരു അനുഗ്രഹപ്രഥവും ചരിത്രസംഭവുമാക്കിയ എല്ലാ വിശ്വാസികള്‍ക്കും ബഹുമാനപ്പെട്ട വികാരി വെരി റെവ. ഫാ. എബ്രാഹം മുത്തോലത്ത് നന്ദി പറഞ്ഞു. തുടര്‍ന്ന് സ്നേഹവിരുന്നോടെ ചടങ്ങുകള്‍ സമാപിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.