You are Here : Home / USA News

സഥലകാല സമയ പരിമിതികള്‍ക്കതീതമായ യോഗ- യോഗഗുരു കൂവള്ളൂര്‍

Text Size  

Story Dated: Saturday, April 25, 2015 10:57 hrs UTC

ഈ അടുത്ത കാലംവരെ ഇന്ത്യയിലെ ഹിന്ദുക്കളുടെ ആചാരാനുഷ്‌ഠാനങ്ങളുടെ ഒരു ഭാഗമാണെന്നു കരുതിയിരുന്ന യോഗ ഇന്ന്‌ ലോകമെമ്പാടും പ്രചുരപ്രചാരത്തിലെത്തിയിരിക്കുകയാണല്ലോ, പ്രത്യേകിച്ച്‌ അമേരിക്കയില്‍. യോഗ എന്നാല്‍ എന്താണ്‌, അതെവിടെനിന്നും രൂപം കൊണ്ടു തുടങ്ങിയ വിഷയങ്ങളെപ്പറ്റി അല്‌പം പ്രതിപാദിക്കേണ്ടത്‌ ഈ അവസരത്തില്‍ ഉചിതമാണെന്ന്‌ ഞാന്‍ കരുതുന്നു. ഈ അടുത്ത കാലത്ത്‌ യോഗ ആരുടേത്‌, ആരാണ്‌ യോഗയുടെ ഉടമസ്ഥര്‍ എന്നീ വിഷയങ്ങളെപ്പറ്റി വിവിധ ലോകരാജ്യങ്ങളില്‍ നിന്നുള്ള യോഗ പണ്ഡിതന്മാരുടെയും, ശാസ്‌ത്രജ്ഞന്മാരുടെയും വലിയൊരു ചര്‍ച്ച നടന്നതായി പലരും ശ്രദ്ധിച്ചിരിക്കും.

 

ആ ചര്‍ച്ചയില്‍ ഇന്ത്യയില്‍ നിന്നുള്ള പല യോഗിമാരും യോഗ ഇന്ത്യയുടെ തനതായ ഒരു കലയാണെന്ന്‌ അവകാശപ്പെട്ടപ്പോള്‍ മറ്റു രാജ്യങ്ങളില്‍ നിന്നുള്ള യോഗിമാരും, യോഗ ശാസ്‌ത്രപണ്ഡിതരും അതിനെ എതിര്‍ക്കുകയുണ്ടായി. യോഗ ഹിന്ദുക്കളുടെ തനതായ ഒന്നാണെന്ന വാദവും പൊന്തി വന്നിരുന്നു. എന്നാല്‍ യോഗ ഒരു ജാതിയുടെയോ, മതത്തിന്റെയോ, രാഷ്ട്രത്തിന്റെയോ കുത്തക അല്ലെന്നും, മനുഷ്യന്‍ എന്ന്‌ ചിന്തിക്കാന്‍ തുടങ്ങിയോ അന്ന്‌ രൂപം കൊണ്ട ഒരു ശാസ്‌ത്രമാണ്‌ യോഗ എന്നും, ആയതിനാല്‍ ആരാണോ നിത്യവും യോഗ പരിശീലിക്കുന്നത്‌ അവരാണ്‌ യഥാര്‍ത്ഥത്തില്‍ യോഗയുടെ അവകാശികള്‍ എന്നും സ്ഥിരീകരിക്കപ്പെട്ടു. പുരാതന കാലത്തെ ജ്ഞാനികളായ മഹര്‍ഷിമാര്‍ പക്ഷിമൃഗാദികളുടെയും, മറ്റ്‌ ജീവജാലങ്ങളുടെയും, പ്രകൃതിയിലെ വിവിധ രൂപങ്ങളുടെയും, ജീവിത രീതികളും, രൂപ ഭേദങ്ങളും, ചലനങ്ങളുമെല്ലാം നിരീക്ഷിച്ച്‌ പരീക്ഷിച്ച്‌ അതില്‍ നിന്നും രൂപാന്തരപ്പെടുത്തിയെടുത്ത ഒരു കലയാണ്‌ യോഗ എന്നു പറയുന്നതില്‍ തെറ്റില്ല.യോഗമനുഷ്യന്‌ ദൈവം നല്‍കിയ ഒരു ദാനമാണെന്നു വിശ്വസിക്കുന്നവരുമുണ്ട്‌.

 

ശരിക്കു ചിന്തിച്ചാല്‍ അതിന്‌ ഉപോല്‍ബലകമായ തെളിവുകളും കാണാന്‍ കഴിയും. മനുഷ്യന്‍ തന്റെ മാതാവിന്റെയും ഉദരത്തില്‍ ആയിരിക്കുമ്പോള്‍ മുതല്‍ പിന്നീട്‌ ഭൂമിയില്‍ ജനിച്ചശേഷം തനിയെ ഓടിച്ചാടി നടക്കാറാകുന്നതുവരെയുള്ള പ്രതിഭാസം ശ്രദ്ധിച്ചു നോക്കിയാല്‍ ഈ വക കാര്യങ്ങള്‍ നമുക്കു താനേ മനസ്സിലാക്കാന്‍ കഴിയും. ഗര്‍ഭപാത്രത്തില്‍ ആയിരിക്കുമ്പോള്‍ ഉള്ള അവസ്ഥയ്‌ക്ക്‌ യോഗ ഗുരുക്കന്മാര്‍ ഗര്‍ഭാസനം എന്നു പേരിട്ടു. പിന്നീട്‌ ഭൂമിയില്‍ ജനിച്ചശേഷം കൊച്ചുകുട്ടികള്‍ മലര്‍ന്നു കിടന്നുകൊണ്ട്‌ കാലുകള്‍ രണ്ടും നിഷ്‌പ്രയാസം തലയ്‌ക്കു മുകളില്‍ കൊണ്ടുവരുന്നതും. കാലുകളുടെ പെരുവിരല്‍ വായില്‍ വച്ചു കടിച്ചു രസിക്കുന്നതും, മലര്‍ന്നു കിടക്കുന്നതും, കമിഴ്‌ന്നു നീന്തുന്നതും, മുട്ടേല്‍ നടക്കുന്നതും, പിച്ചവെച്ച്‌ തനിയെ ബാലന്‍സ്‌ ഉണ്ടാക്കിയെടുക്കുന്നതും, പിന്നീട്‌ കുട്ടികള്‍ ആരുടെയും സഹായമില്ലാതെ കാണിക്കുന്ന അഭ്യാസപ്രകടനങ്ങളും, കരണം മറിച്ചിലുകളുമെല്ലാം ദൈവദത്തമായി കിട്ടിയ വാസനകളല്ലാതെ മറ്റെന്താണ്‌. പണ്ടുകാലത്തെ മഹര്‍ഷിമാര്‍ മനുഷ്യരുടെയും മൃഗങ്ങളുടെയുമെല്ലാം ജന്മവാസനകള്‍ കണ്ടു മനസ്സിലാക്കി രൂപാന്തരപ്പെടുത്തി എടുത്തതാണ്‌ ആധുനികയോഗശാസ്‌ത്രം എന്ന്‌ യോഗയുടെ പേരുകളില്‍ നിന്നും നമുക്കു മനസ്സിലാക്കാന്‍ കഴിയും. പര്‍വ്വതാസനം, വൃക്ഷാസനം, മയൂരാസനം, മത്സ്യാസനം, ശൂനകാസനം, ഗരുഢാസനം, മാര്‍ജ്ജാരാസനം, ബകാസനം, ശലഭാസനം, ഹലാസനം, സര്‍വ്വാസനം, ത്രികോണാസനം, ഭൂജംഗാസനം, കാകാസനം, അങ്ങിനെ പതിനായിരക്കണക്കിന്‌ യോഗാപോസുകള്‍ ഇന്റര്‍നെറ്റിലൂടെ നോക്കിയാല്‍ ഇന്നു നമുക്കു കാണാന്‍ കഴിയും. യോഗയില്‍ മുഖ്യമായിട്ടുള്ള ഒന്നാണ്‌ ഹംയോഗ എന്ന ശാസ്‌ത്രം. ഹംയോഗയില്‍ പ്രധാനമായിട്ടുള്ളത്‌ വിവിധ തരത്തിലുള്ള ആസനങ്ങളാണ്‌. അവയോടൊപ്പം ബന്ധനങ്ങള്‍, മുദ്രകള്‍, ക്രിയകള്‍, പ്രാണായാമം എന്നിവയും ഉള്‍പ്പെടുന്നു. ഹംയോഗയുടെ മുഖ്യ ഉപദേശം മനുഷ്യശരീരത്തിലെ നാഡീവ്യൂഹത്തെ പ്രവര്‍ത്തനക്ഷമമാക്കുകയും അതുവഴി ശാരീരികവും മാനസികവുമായ സമതുലിതാവസ്ഥ ഉണ്ടാക്കി എടുക്കുകയും, അങ്ങിനെ ജീവിതത്തിന്റെ പരമ പ്രധാനമായ സന്തോഷാവസ്ഥയില്‍ എത്തിച്ചേരുക എന്നുള്ളതുമാണ്‌.

 

ഹംയോഗികളില്‍ സന്തോഷത്തിനും, ധൈര്യത്തിനും നിദാനമായ സെറട്ടോണിന്‍ എന്ന ഹോര്‍മോണിന്റെ അളവ്‌ കൂടിയിരിക്കുമെന്ന്‌ ഈയിടെയാണ്‌ ആധുനികശാസ്‌ത്രം കണ്ടുപിടിച്ചതു തന്നെ. ആധുനിക ശാസ്‌ത്രലോകത്തിന്‌ ഇന്നെവരെ കണ്ടുപിടിക്കാന്‍ കഴിഞ്ഞിട്ടില്ലാത്ത നിരവധി ഹോര്‍മോണുകള്‍ മനുഷ്യശരീരത്തിലും മനുഷ്യന്റെ മസ്‌തിഷ്‌ക്കത്തിലും ഉണ്ടെന്നുള്ളത്‌ ഒരു സത്യമാണ്‌. യോഗ കൃത്യമായി ചെയ്യുന്നതിലൂടെ പ്രവര്‍ത്തനരഹിതമായിരിക്കുന്ന പല ഹോര്‍മോണുകളും പ്രവര്‍ത്തനക്ഷമമായിത്തീരുകയും അതുവഴി സാധാരണ നമ്മളെ അലട്ടാറുള്ള മിക്ക രോഗങ്ങളും ശമിക്കുന്നതിനും കാരണമായിത്തീരുന്നു. ചുരുക്കത്തില്‍, കൃത്യമായി യോഗ പരിശീലിക്കുന്നതിലൂടെ നമ്മുടെ രോഗപ്രതിരോധശക്തി വര്‍ദ്ധിക്കാനുമിടയാകുന്നു.

 

ഇന്നത്തെ യാന്ത്രിക യുഗത്തില്‍ ജീവിക്കുന്ന നമ്മെ അലട്ടാറുള്ള നടുവേദന, പുറംവേദന, കൈ കാല്‍ മുട്ടുകള്‍ക്കും, ജോയിന്റുകള്‍ക്കുമുണ്ടാകാറുള്ള വേദനകള്‍, മാനസിക പിരിമുറുക്കങ്ങള്‍(ടെന്‍ഷന്‍), തുടര്‍ച്ചയായി ഉണ്ടാകാറുള്ള തലവേദന, മൂക്കൊലിപ്പ്‌, ആസ്‌മ, ചുമ, വാതസംബന്ധമായ രോഗങ്ങള്‍,അമിതമായി വണ്ണം വയ്‌ക്കല്‍, കടിഞ്ഞാണില്ലാത്ത ലൈംഗികതൃഷ്‌ണാ ഉറക്കമില്ലായ്‌മ, വിവിധ തരത്തിലുള്ള മാനസികപ്രശ്‌നങ്ങള്‍, ഇവയെല്ലാം യാതൊരു മരുന്നുകളും കഴിക്കാതെ തന്നെ യോഗയിലൂടെ മാറ്റിയെടുക്കാനാവും. തൊട്ടതിനും പിടിച്ചതിനുമെല്ലാം ഡോക്ടര്‍മാരെ പോയി കാണുകുയും അവരുടെ നിര്‍ദ്ദേശമനുസരിച്ച്‌ ആവശ്യമില്ലാത്ത മരുന്നുകള്‍ കഴിക്കാനും, പിന്നീട്‌ പൂര്‍ണ്ണമായും മരുന്നുകള്‍ക്ക്‌ അടിമകളാകാന്‍ നാം നിര്‍നബന്ധിതരായിത്തീരുകയും ചെയ്യുന്ന ഒരവസ്ഥയാണ്‌ ഇന്നു നമുക്കുള്ളത്‌. കൊച്ചുകുട്ടികളെ വരെ പ്രോസാക്‌ പോലുള്ള ഹാനികരങ്ങളായ മരുന്നുകള്‍ കഴിപ്പിക്കാന്‍ ഡോക്ടര്‍മാര്‍ ജനങ്ങളെ പ്രേരിപ്പിച്ചു കൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തില്‍ നാമൊരു കാര്യം ചിന്തിക്കുന്നതു നന്നായിരിക്കും. അതായത്‌, ഏതെങ്കിലും ഒരു മരുന്നു കഴിക്കുമ്പോള്‍ അത്‌ മനുഷ്യശരീരത്തിലും മസ്‌തിഷ്‌ക്കത്തിലുമുള്ള പല ഹോര്‍മോണുകള്‍ക്കും ഹാനികരമായിത്തീരുന്നു. അപ്പോള്‍ പലമരുന്നുകള്‍ കഴിക്കുന്നവരുടെ കാര്യം ഊഹിക്കാമല്ലോ. അതേസമയം യോഗയിലൂടെ രോഗപ്രതിരോധ ശക്തി ആവശ്യമായ ഹോര്‍മോണുകളെ ഉത്തേജിപ്പിക്കുന്നതിനും രോഗങ്ങളെ പരമാവധി കീഴടക്കുന്നതിനും കഴിയുന്നു. യോഗ ചെയ്യുന്നതുകൊണ്ട്‌ മറ്റു ദൂഷ്യഫലങ്ങള്‍ ഒന്നും ഉണ്ടാവുകയുമില്ല. ഈ നൂറ്റാണ്ടില്‍ ജീവിക്കുന്ന മിക്കവരും എന്തു തിന്നണം, എന്തു കുടിക്കണം, ഏതു തരത്തിലുള്ള വ്യായാമമാണ്‌ ആയുസ്സു വര്‍ദ്ധിപ്പിക്കാനും, രോഗങ്ങളില്‍ നിന്നും രക്ഷപ്പെടാനും പര്യാപ്‌തമായിട്ടുള്ളത്‌ എന്നു ചിന്തിച്ച്‌ പരക്കം പായുന്നതായി നമുക്കു കാണാന്‍ കഴിയും.

 

പലരും ഹെല്‍ത്ത്‌ ക്ലബുകളിലും, കായികാഭ്യാസങ്ങള്‍ പഠിപ്പിക്കുന്ന കേന്ദ്രങ്ങളിലും, യോഗാ സ്റ്റുഡിയോകളിലും മെമ്പര്‍ഷിപ്പെടുത്ത്‌ വര്‍ഷം തോറും വന്‍തുക ചിലവാക്കാറുണ്ട്‌. പക്ഷേ, അര്‍ഹിക്കുന്ന പ്രയോജനം കിട്ടിയെന്നു വരുകയോ, കൃത്യമായി അതു ചെയ്യാന്‍ കഴിഞ്ഞെന്നോ വരുകയില്ല. ഈ അടുത്ത കാലം വരെ ട്രഡ്‌മില്‍ എന്ന വിലകൂടിയ ഉപകരണം വാങ്ങാന്‍ ഡോക്ടര്‍മാര്‍ ജനങ്ങളെ പ്രോത്സാഹിപ്പിച്ചിരുന്നതായും കാണാന്‍ കഴിയും,. നടപ്പ്‌ എല്ലാ രോഗങ്ങള്‍ക്കും നല്ലതാണെന്നും സ്ഥിരം നടക്കാനും ഡോക്ടര്‍മാര്‍ രോഗികളെ ഈയിടെയായി ഉപദേശിക്കാന്‍ തുടങ്ങിയിട്ടുണ്ട്‌. പക്ഷേ, ദിവസം ഒന്നും രണ്ടും ഷിഫ്‌റ്റ്‌ ജോലി ചെയ്‌തശേഷം അപ്പാര്‍ട്ടുമെന്റുകളിലും, ചെറിയമുറികളിലുമായി ഒതുങ്ങിക്കഴിയുന്ന സാധാരണക്കാര്‍ക്ക്‌ മഞ്ഞും, മഴയും, വെയിലും കഠിനമാകുമ്പോള്‍ നടക്കാനെങ്ങിനെ കഴിയും. ഈ വക പ്രശ്‌നങ്ങള്‍ നേരിട്ടു കണ്ടു മനസ്സിലാക്കി അവയ്‌ക്ക്‌ നിവാരണമെന്നോണം ദീര്‍ഘകാലത്തെ പരീക്ഷണനിരീക്ഷണങ്ങളുടെ ഫലമായി.

 

ഇന്‍ഡോഅമേരിക്കന്‍ യോഗാ ഇന്‍സ്റ്റിറ്റിയൂട്ടില്‍ നിന്നും വികസിപ്പിച്ചെടുത്ത ഒരു യോഗ വിദ്യയാണ്‌ `സ്ഥലകാലസമയ പരിമിതികള്‍ക്കതീതമായി ചെയ്യാവുന്ന യോഗ'. പ്രായഭേദമന്യേ ആര്‍ക്കും ഏതുസ്ഥലത്തും, ഏതു കാലാവസ്ഥയിലും, ഏതു സമയത്തും എവിടെ വെച്ചും ആരുടെയും സഹായമില്ലാതെ ചെയ്യാന്‍ പറ്റുന്ന വിധത്തില്‍ സാമാന്യ ജനങ്ങളെ മാത്രം ഉദ്ദേശിച്ച്‌ രൂപാന്തരപ്പെടുത്തി എടുത്ത ഒന്നാണിത്‌. സ്വന്തം കിടപ്പുമുറിയിലും, അടുക്കളയിലും, ലിവിങ്ങ്‌ റൂമിലും, ബാത്ത്‌റൂമിലും, വെളിമ്പ്രദേശത്തും, പാര്‍ക്കുകളിലും, യാത്ര ചെയ്യുമ്പോഴും, എന്തിനേറെ ജോലി സ്ഥലത്തും, ചെയ്യാവുന്ന ഒന്നാണിത്‌. യാതൊതു വക ഉപകരണങ്ങളുടെയും ആവശ്യമില്ല പോലും. ഒരിക്കല്‍ മനസ്സിലാക്കിക്കഴിഞ്ഞാല്‍ ജീവിതകാലം മുഴുവന്‍ സ്വന്തമായി ചെയ്യാവുന്നതുമാണ്‌ ഈ യോഗ എന്നുള്ളതാണ്‌ ഇതിന്റെ ഏറ്റവും വലിയ നേട്ടം. ജനനവും മരണവും പ്രകൃതിയുടെ ഒരു പ്രതിഭാസമാണെന്നും, ജീവിച്ചിരിക്കുന്ന കാലത്തോളം കൃത്യനിഷ്‌ഠയോടുകൂടി യോഗ ചെയ്യുന്നതോടൊപ്പം നാം കഴിക്കുന്ന ഭക്ഷണ പാനീയങ്ങളില്‍ അല്‌പം ശ്രദ്ധവയ്‌ക്കുകയും ചെയ്‌താല്‍ പരമായവധി രോഗങ്ങളില്‍ നിന്നും നമ്മുടെ ശരീരത്തെയും മനസ്സിനെയും സംരക്ഷിക്കാന്‍ നമുക്കു കഴിയും. ഇന്നേവരെ ജീവിച്ചു മരിച്ചിട്ടുള്ള യോഗിമാരുടെ ജീവതത്തിലേയ്‌ക്കു കണ്ണോടിച്ചാല്‍ ഇക്കാര്യം നമുക്കു മനസ്സിലാക്കാന്‍ കഴിയും. 120 വയസ്സുവരെ ജീവിയ്‌ക്കാന്‍ കഴിഞ്ഞ സ്വാമി ഭുവയെ ഈ അവസരത്തില്‍ ഞാന്‍ ഓര്‍ത്തു പോകുന്നു. അദ്ദേഹം സമാധിയാകും വരെ വടി കുത്തി നടക്കുകയോ കണ്ണടവയ്‌ക്കുകയോ ചെയ്‌തിട്ടില്ല. ഹിറ്റ്‌ലറെയും, ഇറാനിലെ ഷായെയും, സത്യസായി ബാവയെയും യോഗ പഠിപ്പിച്ച അദ്ദേഹത്തോടൊപ്പം ഏതാനും ദിനങ്ങള്‍ ഒരുമിച്ചു താമസിക്കുന്നതിനുള്ള ഭാഗ്യവും എനിക്കു ലഭിച്ചിട്ടുണ്ട്‌. അദ്ദേഹം പറഞ്ഞ ഒരു കാര്യം ഇന്നും എന്റെ മനസ്സിലുണ്ട്‌. ? If you rest you rust.? അതായത്‌ വെറുതെ ഇരുന്നാല്‍ നാം സ്വാഭാവികമായും രോഗികളായി മാറും എന്നു ചുരുക്കം. ഈ തത്വം മനസ്സിലാക്കി ജീവിച്ചിരിക്കുവോളം കാലം പക്ഷികളെ പോലെയും മൃഗങ്ങളെപ്പോലെയും, കൊച്ചു കുട്ടികളെപ്പോലെയും ആക്ടീവ്‌ ആയിരിക്കാന്‍ ശ്രമിക്കുക അതുതന്നെ യോഗയുടെ ഒരു ഭാഗമാണ്‌. ചുരുക്കത്തില്‍ മനുഷ്യന്റെ ആരോഗ്യസംരക്ഷണത്തിന്‌ യോഗയോളം പ്രാധാന്യമുള്ള ഒരു വ്യായാമമുറ ഇന്നെവരെ മനുഷ്യന്‍ കണ്ടു പിടിച്ചിട്ടില്ല. ഈ സത്യം മനസ്സിലാക്കി എന്തു ത്യാഗം ചെയ്‌തും അതു കൈവശമാക്കാന്‍ ശ്രമിക്കുക.

 

കൂടുതല്‍ വിവരങ്ങള്‍ക്ക്‌ ബന്ധപ്പെടാവുന്നതാണ്‌ :

 

ഫോണ്‍ : 9142375281 Email : tjkoovalloor@live.com Website : www.koovalloorusa.com www.indoamericanyogainstitute.com

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.