You are Here : Home / USA News

പി.വി ഗംഗാധരന്‍ പ്രവാസി മലയാളി ഫെഡറേഷന്‍ രക്ഷാധികാരി

Text Size  

Story Dated: Saturday, April 11, 2015 12:04 hrs UTC

ന്യൂയോര്‍ക്ക്‌: പി.വി ഗംഗാധരനെ പ്രവാസി മലയാളി ഫെഡറേഷന്‍ ഗ്ലോബല്‍ രക്ഷാധികാരിയായി തെരഞ്ഞെടുത്തതായി ഗ്ലോബല്‍ കോഓര്‍ഡിനേറ്റര്‍ ജോസ്‌ മാത്യു പനച്ചിക്കല്‍ അറിയിച്ചു. പ്രമുഖ ചലച്ചിത്രനിര്‍മ്മാതാവും വ്യവസായിയും രാഷ്ട്രീയ പ്രവര്‍ത്തകനുമാണ്‌ പി.വി. ഗംഗാധരന്‍. 1945 ആഗസ്റ്റ്‌ 8നു്‌ പ്രമുഖ സ്വാതന്ത്ര്യസമര സേനാനിയും എ.ഐ.സി.സി മെംബറുമായിരുന്ന പരേതനായ ഇ.വി സ്വാമിയുടെയും മാധവിയുടെയും മകനായി ജനനം. ആഴ്‌ചവട്ടം സ്‌ക്കൂളിലും ചാലപ്പുറം ഗണപതി ഹൈസ്‌ക്കൂളിലുമായി വിദ്യാഭ്യാസം സ്‌കൂള്‍ വിദ്യാഭ്യാസം. തുടര്‍ന്ന്‌ മദ്രാസിലെ ഒരു സ്വകാര്യ കോളേജില്‍ നിന്നു്‌ ആട്ടോമൊബൈല്‍ ആന്‍ഡ്‌ ബിസിനസ്സ്‌ മാനേജ്‌മെന്റില്‍ ഡിപ്ലോമ. വിദ്യാര്‍ഥിയായിരിക്കുമ്പോള്‍ തന്നെ തന്നിലുള്ള നേതൃപാടവം അദ്ദേഹം തെളിയിച്ചിരുന്നു. 1961ല്‍ ചൈന ഇന്ത്യാ ആക്രമണ സമയത്തു്‌ യുദ്ധത്തിനെതിരായി മലബാറിലെ ചാലയില്‍ നടന്ന കുട്ടികളെ കൂട്ടി പ്രകടനം നയിച്ചതു്‌ പി.വി ആണു്‌. 1965ല്‍ മദ്രാസില്‍ നിന്നു്‌ മടങ്ങിവന്ന ശേഷം ബിസിനസ്‌ രംഗത്തേക്ക്‌ കാലെടുത്തുവച്ച പി.വി കേരളാ റോഡ്‌ ലൈന്‍സ്‌ ട്രാന്‍സ്‌പോര്‍ട്ട്‌ എന്നൊരു കമ്പനിക്ക്‌ രൂപം നല്‍കി. തുടര്‍ന്നു്‌ അച്ചന്റെയും ജ്യേഷ്‌ഠന്റെയും ഉടമസ്ഥതയിലുള്ള കെ ടി ഡി സി യില്‍ പങ്കാളിയായി. 1971ല്‍ പി.വി ഗംഗാധരന്‍ സിനിമ രംഗത്തെത്തി. പി.വി.ജിയും റോട്ടറി ക്ലബ്ബിലെ സുഹൃത്തുക്കളും ചേര്‍ന്നു്‌ സഹൃദയാ ഫിലിംസ്‌ എന്ന പേരില്‍ ഒരു നിര്‍മ്മാണക്കമ്പനി തുടങ്ങുകയും ഹിരഹരനെക്കൊണ്ടു്‌ ഒരു ചിത്രം സംവിധാനം ചെയ്യിക്കുകയും ചെയ്‌തു. തുടര്‍ന്നു്‌ ഗൃഹലക്ഷ്‌മി എന്ന പേരില്‍ സ്വന്തമായി ഒരു നിര്‍മ്മാണക്കമ്പനി തുടങ്ങി. കേരള ഫിലിം ചേംബര്‍ ഒഫ്‌ കോമേഴ്‌സ്‌ പ്രസിഡന്റായി പത്തു വര്‍ഷം സേവനം അനുഷ്‌ഠിച്ചു. സൗത്ത്‌ ഇന്ത്യന്‍ ചേംബര്‍ ഒഫ്‌ കോമേഴ്‌സ്‌ പ്രസിഡന്റ്‌, ഫിലിം ഫെഡറേഷന്‍ ഒഫ്‌ ഇന്ത്യ വൈസ്‌ പ്രസിഡന്റ്‌, ഫിലിം ഫെഡറേഷന്‍ ഒഫ്‌ ഇന്ത്യ പ്രസിഡന്റ്‌, ഫിലിം പ്രോഡ്യൂസേര്‍ഴ്‌സ്‌ അസോസിയേഷന്‍ വൈസ്‌ പ്രസിഡന്റ്‌ എന്നീ സ്ഥാനങ്ങള്‍ക്കു്‌ പുറമേ കെ.എസ്‌.ഡി.എഫ്‌.ഡി.സി ഡയറക്ടറായി അഞ്ചു വര്‍ഷവും സേവനം അനുഷ്‌ഠിച്ചിട്ടുണ്ടു്‌. കെ.എസ്‌.ഡി.എഫ്‌.ഡി.സി യുടെ ഇപ്പോഴത്തെ ചെയര്‍മാനാണു്‌ പി വി ഗംഗാധന്‍. കൂടാതെ കോഴിക്കോട്‌ വിമാനത്താവളം റണ്‍വേ വികസനം, കൊങ്കണ്‍ റെയില്‍വേ എന്നിവയുടെ നിര്‍മ്മാണ ഘട്ടങ്ങളില്‍ അദ്ദേഹം ചെയ്‌തിട്ടുള്ള സേവനങ്ങള്‍ സ്‌തുത്യര്‍ഹമാണ്‌.1961ല്‍ കോണ്‍ഗ്രസ്സില്‍ ചേര്‍ന്ന ഇദ്ദേഹം 2005 മുതല്‍ എ.ഐ.സി.സി. അംഗമാണ്‌. കൂടാതെ സാമൂഹികസാംസ്‌കാരിക, രാഷ്ട്രീയ മേഖലകളില്‍ മറ്റനേകം ഉന്നതസ്ഥാനങ്ങളും വഹിച്ചിട്ടുള്ള അദ്ദേഹം തികഞ്ഞ മനുഷ്യസ്‌നേഹികൂടിയാണ്‌. മാതൃഭൂമി മാനേജിംഗ്‌ ഡയറക്ടര്‍ പി.വി ചന്ദ്രന്‍ ജ്യേഷ്‌ഠന്‍. സഹോദരി കുമാരി കമലം. ഭാര്യ ഷെറിന്‍. മൂന്നു്‌ മക്കള്‍ ഷെന്ത്രാഗ്‌ ജയ്‌തിലക്‌, ഷെഗീന വിജില്‍, ഷെര്‍ജ ജയ്‌തിലക്‌. പി.വി ഗംഗാധരനെ പോലുള്ള ഒരു വ്യക്തിത്വം പ്രവാസി മലയാളി ഫെഡറേഷന്റെ രക്ഷാധികാരി സ്ഥാനത്തേക്ക്‌ കടന്നുവന്നതില്‍കൂടി സംഘടന ധന്യമായെന്നും അദ്ദേഹത്തിന്റെ പ്രവര്‍ത്തനമികവുകളും ഉന്നതബന്ധങ്ങളും സംഘടനയുടെ ഭാവി വളര്‍ച്ചയ്‌ക്ക്‌ ഉതകുമെന്നും പ്രവാസി മലയാളി ഫെഡറേഷന്‍ ഗ്ലോബല്‍ കോഓര്‍ഡിനേറ്റര്‍ ജോസ്‌ മാത്യു പനച്ചിക്കല്‍, ഡയറക്ടര്‍ബോര്‍ഡ്‌ ചെയര്‍മാന്‍ മാത്യു മൂലേച്ചേരില്‍, ഡയറക്ടര്‍ബോര്‍ഡ്‌ വൈസ്‌ ചെയര്‍പേഴ്‌സണ്‍ ബഷീര്‍ അമ്പലായി, ചെയര്‍മാന്‍ ഡോ. ജോസ്‌ കാനാട്ട്‌, വൈസ്‌ ചെയര്‍പേഴ്‌സണ്‍ ഷീല ചെറു, ഗ്ലോബല്‍ സെക്രട്ടറി ഷിബി നാരമംഗലത്ത്‌, ഗ്ലോബല്‍ ട്രഷറര്‍ പി.പി ചെറിയാന്‍, ഗള്‍ഫ്‌ ജി.സി.സി കോഓര്‍ഡിനേറ്റര്‍ ലത്തീഫ്‌ തെച്ചി, മുഖ്യ രക്ഷാധികാരി സ്വാമി ഗുരുരത്‌നം ജ്ഞാന തപസ്വി, രക്ഷാധികാരി വര്‍ഗീസ്‌ കുര്യന്‍, ഗ്ലോബല്‍ ഡയറക്ടര്‍ ബോര്‍ഡ്‌ അംഗങ്ങളായ പ്രിന്‍സ്‌ പള്ളിക്കുന്നേല്‍, മാധവന്‍ നായര്‍ (മധു) എന്നിവര്‍ അറിയിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.