You are Here : Home / USA News

മലയാളം സൊസൈറ്റി, ഹ്യൂസ്റ്റന്‍: സാഹിത്യസമ്മേളനം

Text Size  

Story Dated: Friday, April 03, 2015 01:07 hrs UTC

മണ്ണിക്കരോട്ട്‌ (www.mannickarottu.net)

 

ഹ്യൂസ്റ്റന്‍: ഗ്രെയ്‌റ്റര്‍ ഹ്യൂസ്റ്റനിലെ ഭാഷാസ്‌നേഹികളുടെയും എഴുത്തുകാരുടെയും സംയുക്ത സംഘടനയായ, മലയാള ബോധവത്‌ക്കരണവും ഭാഷയുടെ വളര്‍ച്ചയും ഉയര്‍ച്ചയും ലക്ഷ്യമാക്കി പ്രവര്‍ത്തിക്കുന്ന മലയാളം സൊസൈറ്റി ഓഫ്‌ അമേരിക്കയുടെ 2015-ലെ മാര്‍ച്ചുമാസ സമ്മേളനം 29-ന്‌ വൈകീട്ട്‌ 4 മണിയ്‌ക്ക്‌ സ്റ്റാഫറ്‌ഡിലെ ഏബ്രഹാം & കമ്പനി റിയല്‍ എസ്റ്റേറ്റ്‌ ഓഫിസ്‌ ഹാളില്‍ സമ്മേളിച്ചു. പ്രശസ്‌ത എഴുത്തുകാരനും തത്വചിന്തകനുമായ ഖലില്‍ ജിബ്രാന്റെ ദി ഐ (the eye) യുടെ കാവ്യാവിഷ്‌ക്കാരം ജി. പുത്തന്‍കുരിശും അമേരിക്കയിലെ വായനക്കാരെക്കുറിച്ചുള്ള വിശകലനങ്ങളും പ്രതികരണങ്ങളും എ.സി. ജോര്‍ജും അവതരിപ്പിച്ചു. മലയാളം സൊസൈറ്റിയുടെ പ്രസിഡന്റ്‌ ജോര്‍ജ്‌ മണ്ണിക്കരോട്ട്‌ അധ്യക്ഷത വഹിച്ച സമ്മേളനം ഈശ്വരപ്രാര്‍ത്ഥനയോടെ ആരംഭിച്ചു. സ്വാഗതപ്രസംഗത്തില്‍ അദ്ദേഹം ഖലില്‍ ജിബ്രാനെക്കുറിച്ചും അമേരിക്കയിലെ മലയാളി വായനക്കാരുടെ പ്രതികരണങ്ങളെക്കുറിച്ചും ചുരുക്കമായി സംസാരിച്ചു.

 

ആദ്യമായി ജി. പുത്തന്‍കുരിശ്‌ ഖലില്‍ ജിബ്രാന്റെ ജീവിതത്തിലെ പ്രസക്ത ഭാഗങ്ങള്‍ വിവരിച്ചു. ലബനോനില്‍ ജനിച്ച ജിബ്രാന്‍ ചെറുപ്പത്തിലെ മാതാവിനോടൊപ്പം അമേരിക്കയില്‍ കുടിയേറി. അമേരിക്കയില്‍ കുടിയേറിയ ശേഷമാണ്‌ ഇംഗ്ലീഷ്‌ പഠിക്കുന്നത്‌. അതോടൊപ്പം ചിത്രരചനയും അഭ്യസിച്ചു. അദ്ദേഹം ഒരു എഴുത്തുകാരന്‍ മാത്രമായിരുന്നില്ല, കലാകാരനും തത്വചിന്തകനും ദൈവശാസ്‌ത്രപണ്ഡിതനുമായിരുന്നു. 1883-ല്‍ ജനിച്ച ഖലില്‍ ജിബ്രാന്‍ 1931-ല്‍ ന്യൂയോര്‍ക്കില്‍ അന്തരിച്ചു. തുടര്‍ന്ന്‌ ജിബ്രാന്റെ ദി ഐ (the eye) യുടെ, പുത്തന്‍കുരിശിന്റെ മലയാള കാവ്യാവിഷ്‌ക്കാരം അദ്ദേഹം അവതരിപ്പിച്ചു. കണ്ണ്‌, ഒരു സുന്ദരപര്‍വ്വതത്തെ കണ്ടെന്നുപറയുമ്പോള്‍ കാതു പറയുന്നു അതെവിടെയാണ്‌? ഞാനതു കണ്ടിട്ടില്ലെല്ലോ. അപ്പോള്‍ കൈ പറയുന്നു അതിനെ തൊടുന്നതിന്‌ ഞാന്‍ ഒന്നും കാണുന്നില്ലെല്ലോ. അപ്പോള്‍ മൂക്കു പറയുന്നു അതിന്റെ ഗന്ധമൊന്നും എനിക്കു ലഭിക്കുന്നില്ല. അവസാനം കാതും കയ്യും മൂക്കും ചേര്‍ന്നു പറയുന്നു സാരമായ തകരാറുണ്ട്‌ കണ്ണിന്‌, എല്ലാം കണ്ണിന്റെ മതിഭ്രമം. ചുരുക്കത്തില്‍ ഒരാളെ അല്ലെങ്കില്‍ ഒരാളുടെ അഭിപ്രായത്തെ മാനിക്കുന്നതിനു പകരം അതിനെ കുറ്റപ്പെടുത്തുന്ന ലോകത്തിന്റെ പ്രവണതയാണ്‌ ജിബ്രാന്‍ ചിത്രീകരിച്ചിരിക്കുന്നതെന്ന്‌ സദസ്‌ വിലയിരുത്തി.

 

തുടര്‍ന്ന്‌ എ. സി. ജോര്‍ജ്‌ അമേരിക്കയിലെ മലയാളി വായനക്കാര്‍: വിശകലനവും പ്രതികരണവും എന്ന വിഷയത്തെക്കുറിച്ച്‌ പ്രഭാഷണം നടത്തി.

 

 

ഇന്ന്‌ അമേരിക്കയിലെ വായനക്കാരിലും എഴുത്തുകാരിലും ഉണ്ടായിക്കൊണ്ടിരിക്കുന്ന അശുഭവും ആപത്‌ക്കരവുമായ പ്രവണതകളെക്കുറിച്ച്‌ അദ്ദേഹം വാചാലനായി. വായനയില്‍പോലും തരംതിരവുകളും കക്ഷിചേരലും സാധാരണമാണ്‌. ഇലക്ടോണിക്ക്‌ മീഡിയുടെ വരവോടെ എന്തെഴുതുന്നെന്നല്ല, ആര്‌ എഴുതുന്ന എന്നു നോക്കിയാണ്‌ അഭിപ്രായങ്ങളെഴുതുന്നത്‌. അതുപോലെ തന്നെ തന്നിലെ കഴിവുള്ളവരെ പരിഗണിക്കാതെ പുറത്തുനിന്നെത്തുന്നവര്‍ എങ്ങനെയുള്ളവരായാലും അവര്‍ക്ക്‌ പ്രാധാന്യം കൊടുക്കുന്ന പ്രവണതയാണ്‌ എങ്ങും കണ്ടുവരുന്നത്‌. കൂലികൊടുത്ത്‌ എഴുതിക്കുന്നവരും പണംകൊടുത്ത്‌ അവാര്‍ഡു കരസ്ഥമാക്കുന്നവരും വിരളമല്ല. എന്നാല്‍ നല്ല വായനക്കാരും നിഷ്‌പക്ഷമായ അഭിപ്രായവും ഭാഷയ്‌ക്കും സാഹിത്യത്തിനും എപ്പോഴും പ്രയോജനപ്രദമാണ്‌.

 

അതുപോലെ കാപട്യമില്ലാത്ത സൃഷ്ടിപരമായ വിമര്‍ശനങ്ങള്‍ എഴുത്തുകാര്‍ക്ക്‌ പ്രയോജനം ചെയ്യും. തുടര്‍ന്നുള്ള ചര്‍ച്ച വളരെ സജീവമായിരുന്നു സദസ്യരെല്ലാം ചര്‍ച്ചയില്‍ പങ്കെടുത്തു. തോമസ്‌ വര്‍ഗ്ഗീസ്‌, ജി. പുത്തന്‍കുരിശ്‌, ടോം വിരിപ്പന്‍, സജി പുല്ലാട്‌, പൊന്നു പിള്ള, മണ്ണിക്കരോട്ട്‌, ജോര്‍ജ്‌ ഏബ്രഹാം, ജോസ്‌ഫ്‌ മണ്ഡവത്തില്‍, ജെയിംസ്‌ ചാക്കൊ, എ.സി. ജോര്‍ജ്‌, നൈനാന്‍ മാത്തുള്ള മുതലായവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. ടോം വിരിപ്പന്റെ നന്ദിപ്രസംഗത്തിനുശേഷം സമ്മേളനം പര്യവസാനിച്ചു. മലയാളം സൊസൈറ്റിയെക്കുറിച്ച്‌ വിവരങ്ങള്‍ക്ക്‌: മണ്ണിക്കരോട്ട്‌ (പ്രസിഡന്റ്‌) 281 857 9221 (www.mannickarottu.net), ജോളി വില്ലി (വൈസ്‌ പ്രസിഡന്റ്‌) 281 998 4917, ജി. പുത്തന്‍കുരിശ്‌ (സെക്രട്ടറി) 281 773 1217 മണ്ണിക്കരോട്ട്‌ (www.mannickarotu.net) .

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.