You are Here : Home / USA News

ഫൂള്‍സ്‌ ഡേ ഏപ്രില്‍ ഒന്ന്‌

Text Size  

എബി മക്കപ്പുഴ

abythomas@msn.com

Story Dated: Wednesday, April 01, 2015 11:23 hrs UTC

ഏപ്രില്‍ ഒന്ന്‌ ഫൂള്‍സ്‌ ഡേ ആയി തുടങ്ങി വച്ചത്‌ ഫ്രഞ്ചുകാരനെന്നാണ്‌ വിശ്വാസം. ജൂലിയന്‍ കലണ്ടര്‍ പ്രകാരം പുതുവര്‍ഷം ആഘോഷിച്ചിരുന്നത്‌ ഏപ്രില്‍ മാസത്തിലായിരുന്നു.1582 ല്‍ ഗ്രിഗോറിയന്‍ കലണ്ടര്‍ അംഗീകരിച്ചതുമുതല്‍ പുതുവര്‍ഷം എന്ന ആശയം ജനുവരി ഒന്നിനായി മാറി. ജൂലിയന്‍ കലണ്ടറില്‍ നിന്നും ഗ്രിഗോറിയന്‍ കലണ്ടറിലേയ്‌ക്കുള്ള മാറ്റത്തെ പരിഹസിക്കാന്‍ ഫ്രഞ്ചുകാര്‍ ഏപ്രില്‍ ഒന്ന്‌ ഫൂള്‍സ്‌ ഡേ ആയി തിരഞ്ഞെടുത്തു എന്നതാണ്‌ ചരിത്രം. ഏപ്രില്‍ ഒന്നിന്‌ അങ്ങനെ ആളുകളെ പറ്റിക്കാന്‍ നുണകളും മറ്റും പ്രചരിപ്പിക്കുന്ന രീതി അവിടെനിന്നാണ്‌ തുടങ്ങിയത്‌. എന്നാല്‍ കലണ്ടര്‍ മാറിയത്‌ അറിയാതെ ഏപ്രില്‍ ഒന്നുതന്നെയാണ്‌ പുതുവര്‍ഷമെന്ന്‌ കരുതിപ്പോന്നവരും ഫ്രാന്‍സില്‍ ഉണ്ടായിരുന്നുവത്രേ. ഇവരെ പരിഹിസിച്ചുകൊണ്ടാണ്‌ വിഡ്‌ഢിദിനം ആഘോഷിക്കുന്നതെന്നും പറയുന്നു. വിഡ്‌ഢിദിനത്തില്‍ വിഡ്‌ഢികളാക്കപ്പെടുന്നവരെ ഏപ്രില്‍ ഫിഷ്‌ എന്നാണ്‌ ഫ്രഞ്ചുകാര്‍ വിളിക്കുന്നത്‌. വിഡ്‌ഢികളാക്കപ്പെടുന്നവരെ ഏപ്രില്‍ ഗോക്ക്‌ എന്നാണ്‌ സ്‌കോട്ട്‌ലാന്റുകാര്‍ വിളിക്കുന്നത്‌. പതിനെട്ടാം നൂറ്റാണ്ടോടെയാണ്‌ ഇംഗ്ലണ്ടില്‍ വിഡ്‌ഢിദിനം ആഘോഷിക്കാന്‍ തുടങ്ങിയത്‌.വിഡ്‌ഢികളാക്കപ്പെടുന്നവരെ ഇംഗ്ലണ്ടില്‍ നൂഡി എന്നും ജര്‍മ്മനിയില്‍ ഏപ്രിനാര്‍ എന്നുമാണ്‌ വിളിക്കുന്നത്‌. പോര്‍ച്ചുഗീസുകാര്‍ ഈസ്‌റ്റര്‍ നോമ്പിന്‌ നാല്‌പത്‌ ദിവസം മുമ്പുള്ള ഞായര്‍, തിങ്കള്‍ ദിവസങ്ങളിലായിട്ടാണ്‌ വിഡ്‌ഢിദിനം ആഘോഷിക്കുന്നത്‌. മെക്‌സിക്കോയില്‍ ഡിസംബര്‍ 28നാണ്‌ വിഡ്‌ഢിദിനം. ഗ്രീക്ക്‌ ദേവതയായ സെറസിന്റെ മകളായ പ്രോസപിനായെ പ്ലൂട്ടോ ദേവന്‍ തട്ടിക്കൊണ്ടുപോയപ്പോള്‍ മകളുടെ കരച്ചില്‍ കേട്ടെത്തിയ സെറസ്‌ മാറ്റൊലി കേട്ടഭാഗത്തേയ്‌ക്ക്‌ ഓടിയത്‌ വിഡ്‌ഢിദിനവുമായി ബന്ധപ്പെടുത്തി പറയുന്ന മറ്റൊരു കഥയാണ്‌. എങ്കില്‍ ബ്രിട്ടീഷുകാരുടെ വരവോടെയാണ്‌ ഇന്ത്യയില്‍ വിഡ്‌ഢിദിനം ആഘോഷിക്കാന്‍ തുടങ്ങിയത്‌. ഇന്നത്തെ യുഗത്തില്‍ ഇന്റര്‍നെറ്റിലൂടെയാണ്‌ പലതരം തമാശകളും നടക്കുന്നത്‌. വിഡ്‌ഢിദിന കാര്‍ഡുകള്‍ വരെ നെറ്റില്‍ ലഭ്യമാണ്‌. ഏപ്രില്‍ ഒന്നിനെക്കുറിച്ച്‌ ചില അന്ധവിശ്വാസങ്ങളും നിലവിലുണ്ട്‌. ഒരു സുന്ദരി ഒരു യുവാവിനെ വിഡ്‌ഢിയാക്കുന്നുവെങ്കില്‍ അവള്‍ അവനെ വിവാഹം ചെയ്യണം എന്നതാണ്‌ ഗ്രാമീണരുടെ വിശ്വാസം. ഏപ്രില്‍ ഒന്നാം തിയതി രാവിലെ ഉണര്‍ന്നാല്‍ ആരെയെങ്കിലും വിഡ്‌ഢി ആക്കിയാലേ ഗ്രാമീണര്‍ക്ക്‌ ആ ദിവസം ശുഭമാകൂ. വിഡ്‌ഢിയാക്കാന്‍ വേണ്ടി പറഞ്ഞ കഥകള്‍ കുടുംബ കലഹത്തിലെക്കും എത്തിച്ചിട്ടുണ്ട്‌. ഞങ്ങളുടെ ഗ്രാമത്തില്‍ ചാണക പൊതി പലര്‍ക്കും രാവിലെ പാഴ്‌സല്‍ ആയി എത്തുമായിരുന്നു. വളരെ അലങ്കാരമായി പൊതിയപ്പെട്ട പാഴ്‌സല്‍ തുറന്നു നോക്കുമ്പോള്‍ വിഡ്‌ഢികളാകുന്നവര്‍ പലപ്പോഴും കോപം കൊണ്ട്‌ കലി തുള്ളുന്നതും സാധാരണ സംഭവമായിരുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.