You are Here : Home / USA News

വാണാക്യൂ സെന്റ്‌ ജയിംസ്‌ പള്ളിയില്‍ വചനിപ്പ്‌ പെരുന്നാള്‍ ആഘോഷിച്ചു

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Wednesday, April 01, 2015 11:21 hrs UTC

ന്യൂജേഴ്‌സി: പരിശുദ്ധ ദൈവമാതാവിന്റെ വചനിപ്പ്‌ പെരുന്നാളും, ഇടവക സ്വന്തമായി ആരാധനാലയം കരസ്ഥമാക്കിയതിന്റെ അനുസ്‌മരണ ദിനവും സമുചിതമായി വാണാക്യൂ സെന്റ്‌ ജയിംസ്‌ സിറിയന്‍ ഓര്‍ത്തഡോക്‌സ്‌ പള്ളിയില്‍ ആചരിച്ചു. മാര്‍ച്ച്‌ 24-ന്‌ ചൊവ്വാഴ്‌ച നടന്ന സന്ധ്യാപ്രാര്‍ത്ഥനയ്‌ക്കും തുടര്‍ന്ന്‌ നടന്ന വിശുദ്ധ കുര്‍ബാനയ്‌ക്കും, വിശുദ്ധ ദൈവമാതാവിനോടുള്ള പ്രത്യേക മധ്യസ്ഥ പ്രാര്‍ത്ഥനയ്‌ക്കും. മുഖ്യ കാര്‍മികത്വം വഹിച്ചത്‌ അമേരിക്കന്‍ അതിഭദ്രാസനത്തിന്റെ ആര്‍ച്ച്‌ ബിഷപ്പും പാത്രിയര്‍ക്കല്‍ വികാരിയുമായ അഭിവന്ദ്യ യല്‍ദോ മോര്‍ തീത്തോസ്‌ മെത്രാപ്പോലീത്തയാണ്‌. ഇടവക വികാരി വന്ദ്യ ഗീവര്‍ഗീസ്‌ കോര്‍എപ്പിസ്‌കോപ്പ ചട്ടത്തിലും, അസോസിയേറ്റ്‌ വികാരി ബഹു. ആകാശ്‌ പോള്‍ അച്ചനും വിശുദ്ധ ശുശ്രൂഷകളില്‍ സഹകാര്‍മികത്വം വഹിച്ചു. സെന്റ്‌ ജയിംസ്‌ ഇടവക സ്വന്തമായ ആരാധനാലയം കരസ്ഥമാക്കി, വാണാക്യൂവില്‍ ആരാധന ആരംഭിച്ചതിന്റെ ഒന്നാം വാര്‍ഷികത്തോടനുബന്ധിച്ച്‌ അഭിവന്ദ്യ മെത്രാപ്പോലീത്തയുടെ അധ്യക്ഷതയില്‍ വിശുദ്ധ കുര്‍ബാനാനന്തരം യോഗം ചേരുകയുണ്ടായി.

 

പെരുന്നാളിന്റെ പെരുമയും, പൊരുളും വിശദമായി വിശദീകരിച്ചുകൊണ്ടാണ്‌ മോര്‍ തീത്തോസ്‌ മെത്രാപ്പോലീത്ത തിരുമേനി അധ്യക്ഷ പ്രസംഗം നടത്തിയത്‌. സുറിയാനി ഓര്‍ത്തഡോക്‌സ്‌ സഭ വിശുദ്ധ ദൈവമാതാവിന്‌ നല്‍കുന്ന പ്രധാന്യവും, വിശുദ്ധ ദൈവമാതാവിനെ അനുസ്‌മരിച്ച്‌ സഭ കൊണ്ടാടുന്ന പെരുന്നാളുകളും എല്ലാം വിശകലനം ചെയ്‌തുകൊണ്ട്‌ തിരുമേനി നല്‍കിയ ദൂത്‌, വിശ്വാസികള്‍ക്ക്‌ വിശുദ്ധ ദൈവമാതാവിനോടുള്ള ഭക്തിയും മദ്ധ്യസ്ഥതയും വര്‍ദ്ധിക്കുന്നതിനായി. വാണാക്യൂ സെന്റ്‌ ജയിംസ്‌ പള്ളി ദൈവാനുഗ്രഹത്താല്‍ സമൃദ്ധമായ ഇടവകയാണെന്നും, ഇടവകാംഗങ്ങളുടെ ഒത്തൊരുമയോടെയുള്ള പ്രവര്‍ത്തനമാണ്‌ ഇടവകയുടെ മേല്‍ ദൈവാനുഗ്രഹം ചൊരിയുന്നതിനു കാരണമായിട്ട്‌ ഭവിക്കുന്നതെന്നും മെത്രാപ്പോലീത്ത പറഞ്ഞു. ആരാധനാലയം കരസ്ഥമാക്കി നൂറ്‌ ദിനങ്ങള്‍ പൂര്‍ത്തീകരിക്കുന്നതിനു മുമ്പ്‌ സുറിയാനി ഓര്‍ത്തഡോക്‌സ്‌ ദേവാലയത്തിനുവേണ്ട എല്ലാ സജ്ജീകരണങ്ങളും നടത്തി ദൈവാലയ കൂദാശ നടത്താന്‍ സാധിച്ചത്‌ അഭിമാനകരമാണെന്നും, അതിനു സഹായകരമായിത്തീര്‍ന്നത്‌ ഇടവകാംഗങ്ങളുടെ കൂട്ടായ്‌മയുടേയും, സഹകരണത്തിന്റേയും ഫലമാണെന്നും, ഈ ഐക്യവും സ്‌നേഹവും സഹകരണവും എക്കാലവും നിലനിര്‍ത്താന്‍ ഇടവകാംഗങ്ങള്‍ പ്രത്യേകം ശ്രദ്ധിച്ചുകൊള്ളണമെന്നും തിരുമേനി ഓര്‍മ്മിപ്പിച്ചു. ഇടവകയ്‌ക്ക്‌ വാഴ്‌വുംകളും, അനുഗ്രഹങ്ങളും എല്ലാ ഭാവുകങ്ങളും നേര്‍ന്നുകൊണ്ടാണ്‌ അഭിവന്ദ്യ യല്‍ദോ മോര്‍ തീത്തോസ്‌ മെത്രാപ്പോലീത്ത അധ്യക്ഷ പ്രസംഗം അവസാനിപ്പിച്ചത്‌. വാണാക്യൂ സെന്റ്‌ ജയിംസ്‌ ദേവാലയം, സ്വന്തമായ ആരാധനാലയം കരസ്ഥമാക്കിയതിലൂടെ നേടിയിരിക്കുന്നത്‌ അസൂയാര്‍ഹമായ നേട്ടമാണെന്നും, ഈ സുപ്രധാനമായ ദിവസത്തില്‍ ആരാധനയില്‍ സംബന്ധിക്കാന്‍ സാധിച്ചതില്‍ അതിയായ സന്തോഷമുണ്ടെന്നും തുടര്‍ന്ന്‌ ആശംസാ പ്രസംഗം നടത്തിയ അമേരിക്കന്‍ അതിഭദ്രാസന ട്രഷറര്‍ സാജ പൗലോസ്‌ മാരോത്ത്‌ പറഞ്ഞു. `ഇത്‌ യഹോവയില്‍ സംഭവിച്ചു; നമ്മുടെ ദൃഷ്‌ടിയില്‍ ആശ്ചര്യമായിരിക്കുന്നു' എന്ന സങ്കീര്‍ത്തന വാക്യം വാണാക്യൂ സെന്റ്‌ ജയിംസ്‌ ഇടവകയെ സംബന്ധിച്ചടത്തോളം അന്വര്‍ത്ഥമായിരിക്കുകയാണെന്ന്‌ ഇടവകാംഗങ്ങളെ പ്രതിനിധീകരിച്ച്‌ ആശംസാ പ്രസംഗം നടത്തിയ ബിജു കുര്യന്‍ മാത്യൂസ്‌ അനുസ്‌മരിച്ചു. സെന്റ്‌ ജയിംസ്‌ പള്ളിയുടെ പ്രവര്‍ത്തനങ്ങളും നേട്ടങ്ങളും മാതൃകാപരമാണെന്നും അനുകരണീയമാണെന്നും ഈ ഇടവകയില്‍ ശുശ്രൂഷ ചെയ്യാന്‍ സാധിച്ചതിലും, ആരാധനാലയം കരസ്ഥമാക്കാന്‍ സാധിച്ചത്‌ നേതൃത്വം നല്‍കാന്‍ കഴിഞ്ഞതിലും കൃതാര്‍ത്ഥനാണെന്ന്‌ സ്വാഗത പ്രസംഗം നടത്തിയ ഇടവക വികാരി വന്ദ്യ ഗീവര്‍ഗീസ്‌ കോര്‍എപ്പിസ്‌കോപ്പ ചട്ടത്തില്‍ പറഞ്ഞു. ഇടവയ്‌ക്ക്‌ ലഭ്യമായ എല്ലാ അനുഗ്രഹങ്ങള്‍ക്കും ദൈവത്തിന്‌ സ്‌തോത്രം അര്‍പ്പിച്ചുകൊണ്ടും, ഈ വിശേഷ ദിവസത്തില്‍ പങ്കെടുക്കുന്നവര്‍ക്കും, യോഗത്തില്‍ സംബന്ധിച്ചവര്‍ക്കും കൃതജ്ഞത അര്‍പ്പിക്കുന്ന കര്‍ത്തവ്യം നിര്‍വഹിച്ചത്‌ ഇടവകയുടെ അസോസിയേറ്റ്‌ വികാരി ആകാശ്‌ പോള്‍ അച്ചനാണ്‌. അമേരിക്കന്‍ ഭദ്രാസന ഫാമിലി കോണ്‍ഫറന്‍സിന്റെ രജിസ്‌ട്രേഷന്‍ കിക്ക്‌ഓഫ്‌ തദവസരത്തില്‍ നടത്തുകയുണ്ടായി. കൈമുത്തിനുശേഷം നേര്‍ച്ച വിളമ്പോടും സ്‌നേഹവിരുന്നോടുംകൂടി പെരുന്നാള്‍ ചടങ്ങുകള്‍ സമംഗളം പര്യവസാനിച്ചു. പൗലോസ്‌ കെ. പൈലി (വൈസ്‌ പ്രസിഡന്റ്‌), കുര്യന്‍ സ്‌കറിയ (സെക്രട്ടറി), ജേക്കബ്‌ വര്‍ഗീസ്‌ (ട്രസ്റ്റി), മാനേജിംഗ്‌ കമ്മിറ്റിയംഗങ്ങള്‍ എന്നിവര്‍ പെരുന്നാള്‍ ചടങ്ങുകള്‍ക്ക്‌ നേതൃത്വം നല്‍കി.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.