You are Here : Home / USA News

സൗത്ത്‌ ഇന്ത്യന്‍ യു.എസ്‌ ചേമ്പര്‍ ഓഫ്‌ കൊമേഴ്‌സ്‌ നേപ്പാള്‍ ഭൂകമ്പ ദുരിതാശ്വാസ നിധി സ്വരൂപിക്കുന്നു

Text Size  

Story Dated: Friday, May 01, 2015 10:21 hrs UTC

ഹൂസ്റ്റണ്‍: നേപ്പാളിന്റെ ഹൃദയ ഭൂമികയായ കാഠ്‌മണ്ഡുവിലും മറ്റും സംഹാര താണ്ഡവമാടിയ വന്‍ ഭൂകമ്പത്തില്‍ ജീവനോടെ ശേഷിച്ച്‌ ദുരിതമനുഭവിക്കുന്ന പതിനായിരങ്ങളെ സഹായിക്കുന്നതിനായി സൗത്ത്‌ ഇന്ത്യന്‍ യു.എസ്‌ ചേമ്പര്‍ ഓഫ്‌ കൊമേഴ്‌സ്‌ ഒരു ധന ശേഖരണ യജ്ഞം ആരംഭിച്ചിരിക്കുന്നു. നേപ്പാളിനെ കണ്ണീര്‍ താഴ്‌വരയാക്കി മാറ്റിയ ഈ പ്രകൃതി ക്ഷോഭത്തിന്റെ തുടര്‍ചലന ഭീതിയിലാണ്‌ ദുരന്തത്തില്‍ ഒറ്റപ്പെട്ട്‌ മരിച്ചു ജീവിക്കുന്ന ജനവിഭാഗം. ഒടുവില്‍ റിപ്പോര്‍ട്ട്‌ കിട്ടുമ്പോള്‍ മരണസംഖ്യ ഏഴായിരം കടക്കുമത്രെ. ഈ സാഹചര്യത്തില്‍ തകര്‍ന്ന്‌ ഇടിഞ്ഞ്‌ മണ്ണോടു മണ്ണു ചേര്‍ന്ന കെട്ടിടാവശിഷ്‌ടങ്ങള്‍ക്കിടയില്‍ ആരെങ്കിലുമിനി ജീവനോടെ അവശേഷിക്കുമെന്ന പ്രതീക്ഷയ്‌ക്ക്‌ മങ്ങലേല്‍ക്കുകയാണ്‌. ദുരന്തമുഖത്ത്‌ നിര്‍ത്താതെ പെയ്യുന്ന മഴ രക്ഷാപ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ദുഷ്‌കരമാക്കിയിരിക്കുന്നു. പതിനായിരക്കണക്കിനാളുകള്‍ ഇപ്പോള്‍ അന്തിയുറങ്ങുന്നത്‌ തെരുവുകളിലാണ്‌. ചാഞ്ഞും ചരിഞ്ഞും നില്‍ക്കുന്ന കെട്ടിടങ്ങള്‍ പക്ഷേ ഇവരുടെ ഉറക്കം കെടുത്തുന്നു. മാത്രമല്ല, അടിസ്ഥാനപരമായ ജീവിത ആവശ്യങ്ങള്‍ ഉറപ്പാക്കുന്നതില്‍ ബന്ധപ്പെട്ടവര്‍ ഊര്‍ജ്വസ്വലമാകുന്നില്ല എന്ന പരാതിയും വ്യാപകമാവുന്നുണ്ട്‌.

 

 

ഭക്ഷണവും വസ്‌ത്രവും വെള്ളവും പാര്‍പ്പിടവും ഉറ്റവരും ഉടയവരുമൊക്കെ നഷ്‌ടപ്പെട്ടുപോയവരുടെ തീരാവിലാപങ്ങളുടെ മാറ്റൊലി ഭൂകമ്പം ഉഴുതുമറിച്ച ഭൂമിയിലെവിടെയും കേള്‍ക്കാം. അത്യന്തം ഹൃദയഭേദകമായ ഈ അവസ്ഥയില്‍ നിരാലമ്പരും നിഷ്‌പ്രഭരുമായിപ്പോയ നേപ്പാള്‍ ജനതയെ കണ്ണീര്‍ കയത്തില്‍ നിന്ന്‌ ജീവിതത്തിന്റെ പച്ചപ്പിലേക്ക്‌ മടക്കിക്കൊണ്ടു വരാന്‍ തങ്ങളാലാവുന്നത്‌ ചെയ്യേണ്ടത്‌ മനുഷ്യത്വപരമായ ബാധ്യതയാണ്‌. ലോകത്തിന്റെ കരങ്ങള്‍ നേപ്പാളിലേയ്‌ക്ക്‌ നീളുന്ന ഈ വേളയിലാണ്‌ സൗത്ത്‌ ഇന്ത്യന്‍ യു.എസ്‌ ചേമ്പര്‍ ഓഫ്‌ കൊമേഴ്‌സ്‌ സഹായഹസ്‌തവുമായി മുന്നിട്ടിറങ്ങുന്നത്‌. സംഘടനയുടെ അംഗങ്ങളും അഭ്യുദയകാംക്ഷികളും ഈ ദുരിതാശ്വാസ നിധി ശേഖരണ തീവ്രയജ്ഞ പരിപാടിയില്‍ ഭാഗഭാക്കാവുകയാണ്‌. പരിപാടിയുമായി സഹകരിക്കാന്‍ താത്‌പര്യമുള്ള സുമനസുകള്‍ എക്‌സിക്യൂട്ടീവ്‌ ഡയറക്‌ടര്‍ ജിജി ഓലിക്കന്‍ (713 277 8001), ഇവന്റ്‌സ്‌ ഡയറക്‌ടര്‍ ജോര്‍ജ്‌ കോളാച്ചേരിയില്‍ (832 202 4332) എന്നിവരുമായി ബന്ധപ്പെടുവാന്‍ അഭ്യര്‍ത്ഥിക്കുന്നു. ശേഖരിക്കപ്പെടുന്ന ദുരിതാശ്വാസ സഹായനിധി സൗത്ത്‌ ഇന്ത്യന്‍ യു.എസ്‌ ചേമ്പര്‍ ഓഫ്‌ കൊമേഴ്‌സിന്റെ സ്റ്റാഫോര്‍ഡിലുള്ള കോര്‍പ്പറേറ്റ്‌ ഓഫീസില്‍ വച്ച്‌ മെയ്‌ ഏഴാം തീയതി വൈകുന്നേരം നേപ്പാള്‍ അസോസിയേഷന്‍ ഓഫ്‌ ഹൂസ്റ്റണ്‍ ഭാരവാഹികള്‍ക്ക്‌ കൈമാറും. സഹായധനം അര്‍ഹതപ്പെട്ടവര്‍ക്ക്‌ എത്രയും വേഗത്തില്‍ എത്തിക്കുന്നതിനു വേണ്ടിയാണിത്‌. ഈ ജീവകാരുണ്യ ചടങ്ങിലേക്ക്‌ ചേമ്പര്‍ ഓഫ്‌ കൊമേഴ്‌സ്‌ ഏവരേയും സ്വാഗതം ചെയ്യുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.