You are Here : Home / USA News

പത്മശ്രീ ശോഭനയുടെ ’കൃഷ്ണ' അമേരിക്കയില്‍

Text Size  

ജോര്‍ജ്ജ് തുമ്പയില്‍

thumpayil@aol.com

Story Dated: Wednesday, April 22, 2015 10:41 hrs UTC


ന്യുജഴ്സി . തികച്ചും വ്യത്യസ്തമായ രൂപഭാവങ്ങളോടും ഉത്കൃഷ്ട ആടയാഭരണങ്ങളോടും സാങ്കേതിക വൈഭവത്തോടെയുമാണ് 17 ആര്‍ട്ടിസ്റ്റുകളുമായി ഇത്തവണ താന്‍ എത്തിയിരിക്കുന്നതെന്ന് കേരളം കണ്ട മികച്ച അഭിനേത്രിയും രണ്ട് തവണ ദേശീയ അവാര്‍ഡ് ജേതാവുമായ പത്മശ്രീ ശോഭന പറഞ്ഞു.ഗുരു ബീനാ മേനോന്‍ നേതൃത്വം നല്‍കുന്ന കലാശ്രീ ഓഫ് ആര്‍ട്സിന്‍െറ പാഴ്സിപ്പനിയിലെ ഡാന്‍സ് സ്കൂളില്‍ മാധ്യമ പ്രവര്‍ത്തകരെ അഭിസംബോധന ചെയ്യുകയായിരുന്നു ശോഭന.

ശ്രീകൃഷ്ണന്‍െറ ജീവിത പന്ഥാവിലെ കണ്ണഞ്ചിപ്പിക്കുന്ന ഏടുകള്‍ കോര്‍ത്തിണക്കിയ സുന്ദര മുഹൂര്‍ത്തങ്ങള്‍  സമ്മാനിക്കുന്ന  ’ കൃഷ്ണ മ്യൂസിക്കല്‍ അമേരിക്കയിലെ വിവിധ നഗരങ്ങളില്‍ അരങ്ങേറ്റം പ്രമാണിച്ചായിരുന്നു പ്രസ് കോണ്‍ഫറന്‍സ് വിളിച്ചു കൂട്ടിയിരുന്നത്. സ്റ്റേജില്‍ മായക്കാഴ്ചകളാണ് ഒരുങ്ങുന്നതെന്ന് ശോഭന പറഞ്ഞു. മഥുരാപുരിയും വൃന്ദാപനവും കുരുക്ഷേത്രവുമൊക്കെ സ്റ്റേജില്‍ ഒരുക്കുന്നുണ്ട്. പരിമിതികള്‍ ഉണ്ടെങ്കിലും  രംഗസജ്ജീകരണങ്ങള്‍ ബ്രോഡ്വേ ഷോയോടൊപ്പം വരണമെന്നാണ് ആഗ്രഹം. ശ്രീകൃഷ്ണന്റെ ചരിത്രം ഇന്ത്യന്‍ ഭാഷകളില്‍ മുമ്പ് എത്തിയിട്ടുണ്ടെങ്കിലും ഇംഗ്ലീഷിലെ ആദ്യ നൃത്തസംഗീത നാടകമാണ് ’കൃഷ്ണ.  കര്‍ണ്ണാട്ടിക്ക് ക്ലാസിക്കല്‍ സംഗീതത്തോടൊപ്പം ഹിന്ദിയും മലയാളവും ഇടകലര്‍ന്ന് പശ്ചാത്തല സംഗീതമാണ്  കൃഷ്ണയില്‍ ലയിപ്പിച്ചിരിക്കുന്നത്.  ലോക പ്രശസ്ത സംഗീതജ്ഞന്‍ എ. ആര്‍. റഹ്മാന്‍  സംഗീതം നല്‍കിയ ഗാനങ്ങളാണ് കൃഷ്ണയില്‍. ഓസ്കര്‍ അവാര്‍ഡ് ജേതാവ് റസൂല്‍ പൂക്കുട്ടിയാണ് ശബ്ദ മിശ്രണം നടത്തിയിരിക്കുന്നത്.

പ്രശസ്തരും പ്രഗത്ഭരുമായ ശബാനാ ആസ്മി, നന്ദിതാ ദാസ്, കൊങ്കണാ സെന്‍, മിലിക് സോമന്‍, രാധിക തമിഴ് നടന്മാരായ സൂര്യ, പ്രഭൂ തുടങ്ങിയവര്‍ വിവിധ കഥാപാത്രങ്ങള്‍ക്ക് ശബ്ദം നല്‍കിയിരിക്കുന്നു. ആര്‍ട്ട് ഡിസൈന്‍ രാജീവിന്റേതാണ്. കോറിയോഗ്രാഫിയും സംവിധാനവും ശോഭന തന്നെ. ഇതാദ്യമല്ല കൃഷ്ണ സ്റ്റേജില്‍ അരങ്ങേറുന്നത്. നാല് വര്‍ഷങ്ങളായി കേരള മുള്‍പ്പടെ ഇന്ത്യയിലും ലോകത്തിന്‍െറ പലഭാഗങ്ങളിലുമായി 60 സ്റ്റേജുകള്‍ കയറിയിറങ്ങി. അമ്പതാം സ്റ്റേജും അറുപതാം സ്റ്റേജും ഗുരുവായൂരിലായിരുന്നു. 100-ാം ഷോ ഉഡുപ്പിയിലാണ്. ഇതിനോടകം ഓസ്ട്രേലി, യൂറോപ്പ്, ഗള്‍ഫ് രാജ്യങ്ങള്‍ എന്നിവിടങ്ങളില്‍ പോയി. അമേരിക്കയില്‍ 19 സ്റ്റേജുകളിലാണ് പരിപാടി നടക്കുന്നത്. ലൊഡായി (ന്യുജഴ്സി), മോണ്ട് ഗോമറി (ന്യുജഴ്സി), ഫ്ലഷിംഗ് (ന്യുയോര്‍ക്ക്), ബോസ്റ്റണ്‍ വാഷിംഗ്ടണ്‍ ഡിസി, ഫിലഡല്‍ഫിയ, ഡിട്രോയിറ്റ്, കൊളംബസ് (ഒഹായോ), സെന്റ് ലൂയിസ്, ലിറ്റില്‍ റോക്ക്, ഫീനിക്സ്, ലോസാഞ്ചല്‍സ്, സാന്‍ഫ്രാന്‍സിസ്കോ, ഒര്‍ലാന്റോ, താമ്പാ, മയാമി, ഹൂസ്റ്റണ്‍, ഡാലസ്, ഓസ്റ്റിന്‍ എന്നിവിടങ്ങിലാണ്ത്. ഇവിടെ നിന്ന് നേരെ ലണ്ടനിലേക്കാണ്. നാല് വര്‍ഷത്തെ കഠിന പരിശ്രമവും പ്രാക്ടീസും ഉണ്ട്. കോര്‍ ഗ്രൂപ്പ് മാത്രമാണ് ഇപ്പോള്‍ എത്തിയിരിക്കുന്നത്. നാട്ടിലാണെങ്കില്‍ ആനയും മനുഷ്യരുമൊക് സ്റ്റേജില്‍ വന്നു പോകുന്നുണ്ട്. ഒരു മൂവി കാണുന്ന വ്യക്തയോടെ ഓഡിയന്‍സിന് അനുഭവപ്പെടണം എന്നാണ് ആഗ്രഹം.

ഫ്രീഡിയ എന്റര്‍ ടെയിന്റ്മെന്റാണ് നാഷണല്‍ പ്രെമോട്ടര്‍. ഡയസ് ദാമോദര്‍, ഡോ. ഫ്രീമു വര്‍ഗീസ്, ഷൈജൂ എന്നിവരുള്‍പ്പെടെയുളള ഒരു ടീം ഫ്രീസിലയില്‍ പ്രവര്‍ത്തിക്കുന്നു.  എം. ജി. ശ്രീകുമാര്‍, ചിത്ര ടീമിന്‍െറ പ്രോഗ്രാം കഴിഞ്ഞ വര്‍ഷം അമേരിക്കയിലുടനീളം വിജയകരമായി നടത്തിയ ടീമാണ് ഫ്രീസിയായുടേത്. മീരാ ജാസ്മിന്‍ ഷോ ആയിരുന്നു അതിന് മുന്‍പ്. ന്യൂജഴ്സി ന്യുയോര്‍ക്ക് ഏരിയായിലെ പ്രോഗ്രാമുകള്‍ക്ക് കലാശ്രീ  സ്കൂള്‍ ഓഫ് ആര്‍ട്സിന്‍െറ ബീനാ മേനോനും കലാകാരികളും സപ്പോര്‍ട്ട് നല്‍കുന്നുണ്ട്. ബീനാ മേനോനുമായുളള ബന്ധം പതിറ്റാണ്ടുകളായിട്ടുളളത്. ഗുരു ചിത്രാ വിശ്വേശ്വരനോടും കടപ്പാടുണ്ട്. മഗ്ദലന മറിയയില്‍ കഥയുമായി ബന്ധപ്പെട്ട ഒരു നൃത്ത ശില്‍പം മനസിലുണ്ട്.

ന്യുയോര്‍ക്ക്, ന്യുജഴ്സി ഏരിയായിലെ മലയാള മാധ്യമ പ്രവര്‍ത്തകര്‍ക്കൊപ്പം തമിഴ്, തെലുങ്ക്, ഹിന്ദി മാധ്യമ പ്രവര്‍ത്തകരും കോണ്‍ഫറന്‍സില്‍ പങ്കെടുത്തു.

ഗുരു ബീനാ മേനോന്‍ സ്വാഗതവും ഫ്രീഡിയ ഡയസ് ദാമോദര്‍ നന്ദിയും രേഖപ്പെടുത്തി.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.