You are Here : Home / USA News

വെങ്കിടേശനു സമര്‍പ്പിച്ച വിഷു ആഘോഷവും മലയാള സദ്യയും

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Wednesday, April 22, 2015 10:23 hrs UTC

ഡിട്രോയിറ്റ്‌: കേരള ഹിന്ദൂസ്‌ ഓഫ്‌ നോര്‍ത്ത്‌ അമേരിക്ക (കെ.എച്ച്‌.എന്‍.എ) മിഷിഗണും, നോവാ ശ്രീവെങ്കിടേശ്വര ക്ഷേത്ര കമ്മിറ്റിയും സംയുക്തമായി, മുഴവന്‍ തെന്നിന്ത്യന്‍ ഹൈന്ദവരേയും സംഘടിപ്പിച്ചുകൊണ്ട്‌ വ്യത്യസ്‌ത കലാ-സാംസ്‌കാരിക പരിപാടികളോടെ വിഷു ആഘോഷിച്ചു. ഭാരതീയ ജ്യോതിശാസ്‌ത്ര പ്രകാരം ചാന്ദ്രവര്‍ഷത്തിലെ ആദ്യ സൂര്യസംക്രമണം നടക്കുന്ന വിഷു പുലരിയില്‍ ശ്രീ വെങ്കിടേശനെ പൊന്നിന്‍ കസവ്‌ പുതപ്പിച്ച്‌, സര്‍വ്വാഭരണ വിഭൂഷിതനാക്കി കണിക്കൊന്നയും വാല്‍ക്കണ്ണാടിയും കാര്‍ഷിക വിഭവങ്ങളും ചേര്‍ത്ത്‌ കണിദര്‍ശനമൊരുക്കി തുടക്കംകുറിച്ച ക്ഷേത്രാചരണ പരിപാടികളുടെ സമാപനം കൂടിയായിരുന്നു ശനിയാഴ്‌ചത്തെ വിഭവസമൃദ്ധമായ സദ്യയും കലാപരിപാടികളും. കെ.എച്ച്‌.എന്‍.എ മിഷിഗണ്‍ പ്രസിഡന്റ്‌ ഡോ. സതീ നായര്‍, നാഷണല്‍ വൈസ്‌ പ്രസിഡന്റ്‌ സുരേന്ദ്രന്‍ നായര്‍, സെക്രട്ടറി പ്രസന്ന മോഹന്‍ എന്നിവര്‍ ചേര്‍ന്ന്‌ തെളിച്ച ഭദ്രദീപ പ്രഭയില്‍ നൂറോളം കുഞ്ഞു പ്രതിഭകള്‍ക്ക്‌ മലയാളി സമൂഹത്തിലെ ഗുരുസ്ഥാനീയരായ ഡോ. മാധവന്‍, പുരുഷോത്തമന്‍ നായര്‍, രാധാകൃഷ്‌ണന്‍ എന്നിവര്‍ വിഷുക്കൈനീട്ടം നല്‍കി.

 

 

ആഘോഷങ്ങളുടെ പെരുമ്പറ മുഴക്കിക്കൊണ്ട്‌ കലാക്ഷേത്ര വാദ്യാചാര്യന്‍ രാജേഷ്‌ നായരും സംഘവും അവതരിപ്പിച്ച ചെണ്ടമേളം നവീനമായ ഒരു നാദവിസ്‌മയമായിരുന്നു. സംസ്‌കാരിക പരിപാടികള്‍ക്കു തുടക്കംകുറിച്ചുകൊണ്ട്‌ ക്ഷേത്ര ട്രസ്റ്റി ചെയര്‍മാന്‍ ഡോ. പ്രസാദ്‌ പിന്നമനേനി, വൈസ്‌ ചെയര്‍മാന്‍ ആനന്ദ്‌ ഗംഗാധരന്‍ എന്നിവര്‍ വിഷു ആശംസകള്‍ നേര്‍ന്നു. കേരളത്തില്‍ അന്യമായിക്കൊണ്ടിരിക്കുന്ന കാര്‍ഷിക സമൃദ്ധിയെ കടലാസിലേക്ക്‌ പകര്‍ത്തി, നിറക്കൂട്ടുകള്‍ അണിയിച്ച കുഞ്ഞുങ്ങളുടെ ചിത്രരചനാ സൗഹൃദ കൂട്ടായ്‌മയ്‌ക്ക്‌ ഡോ. ഗീതാ നായര്‍ നേതൃത്വം നല്‍കി. മെട്രോ ഡിട്രോയിറ്റിലെ കലാകാരന്മാര്‍ കാഴ്‌ചവെച്ച നൃത്ത നൃത്യങ്ങളും ഗൃഹാതുരത്വം ഉണര്‍ത്തിയ ഗാനവിരുന്നും പ്രത്യേക പ്രശംസ പിടിച്ചുപറ്റിയവയായിരുന്നു. കലാ സാംസ്‌കാരിക പരിപാടികളുടെ സംയോജകനും സംവിധായകനും സുനില്‍ പൈങ്ങോളായിരുന്നു. മുഴുവന്‍ സമയം നീണ്ടുനിന്ന ആഘോഷങ്ങള്‍ക്കും സദ്യയ്‌ക്കും മനോജ്‌ കൃഷ്‌ണന്‍, രാജേഷ്‌ കുട്ടി, അരുണ്‍ എള്ളുവിള, ശ്രീജ പ്രദീപ്‌, ഉഷാ കുമാര്‍, അനില്‍ കോളോത്ത്‌, രാധാകൃഷ്‌ണന്‍ നായര്‍, രാജേഷ്‌ നായര്‍ എന്നിവര്‍ നേതൃത്വം നല്‍കി. സുരേന്ദ്രന്‍ നായര്‍ അറിയിച്ചതാണിത്‌.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.