You are Here : Home / USA News

സോമര്‍സെറ്റ്‌ ഫൊറോനാ ദേവാലയത്തില്‍ ദൈവകാരുണ്യ തിരുനാള്‍ ആചരിച്ചു

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Wednesday, April 15, 2015 10:01 hrs UTC

- സെബാസ്റ്റ്യന്‍ ആന്റണി

 

ന്യൂജേഴ്‌സി: ആഗോളസഭ ഈസ്റ്റര്‍ കഴിഞ്ഞുവരുന്ന രണ്ടാമത്തെ ഞായറാഴ്‌ച, ദൈവകാരുണ്യദിനമായി (ഡിവൈന്‍ മേഴ്‌സി ഞായര്‍) ആചരിക്കുമ്പോള്‍, ന്യൂജേഴ്‌സിയിലെ സോമര്‍സെറ്റ്‌ സെന്റ്‌ തോമസ്‌ സീറോ മലബാര്‍ കാത്തലിക്‌ ഫൊറോനാ ദേവാലയം ഈ പുണ്യദിനത്തിന്റെ ഓര്‍മ്മ പുതുക്കി ദൈവകാരുണ്യ തിരുനാള്‍ ഭക്ത്യാദരപൂര്‍വ്വം ആചരിച്ചു. ഇടവക വികാരി ഫാ. തോമസ്‌ കടുകപ്പിള്ളിയുടെ മുഖ്യകാര്‍മികത്വത്തില്‍ 1.30-ന്‌ നടന്ന പ്രത്യേക ദിവ്യബലിയിലും പ്രാര്‍ത്ഥനകളിലും, തുടര്‍ന്ന്‌ മൂന്നുമണി മുതല്‍ നടന്ന ആഘോഷപൂര്‍വ്വമായ ദിവ്യകാരുണ്യ ആരാധനയിലും ഇടവകാംഗങ്ങള്‍ ഭക്ത്യാദരപൂര്‍വ്വം പങ്കെടുത്തു. ദിവ്യബലി മധ്യേ വികാരി ഫാ. തോമസ്‌ കടുകപ്പിള്ളി ദൈവകാരുണ്യ തിരുനാളിന്റെ സന്ദേശം നല്‍കി. ദിവ്യബലിക്കും പ്രാര്‍ത്ഥനകള്‍ക്കുംശേഷം തിരുഹൃദയരൂപ വണക്കം, പാച്ചോര്‍നേര്‍ച്ച വിതരണം എന്നിവയും നടന്നു. രണ്ടായിരാമാണ്ട്‌ മഹാജൂബിലി വര്‍ഷത്തെ പെസഹാ കാലത്ത്‌ രണ്ടാം ഞായറാഴ്‌ച പുണ്യാത്മാവായ ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പ വിശുദ്ധ മേരി ഫൗസ്‌തീന കൊവാസ്‌കിനെ വിശുദ്ധ പദവിയിലേക്ക്‌ ഉയര്‍ത്തുകയുണ്ടായി. ഈസ്റ്റര്‍ കഴിഞ്ഞുവരുന്ന രണ്ടാമത്തെ ഞായറാഴ്‌ച ദൈവകാരുണ്യത്തിന്റെ ദിനമായി ആചരിക്കാനാണ്‌ അന്നത്തെ തിരുകര്‍മ്മങ്ങളുടെ അന്ത്യത്തില്‍ വിശുദ്ധ പാപ്പാ ആഹ്വാനം ചെയ്‌തത്‌. വിശുദ്ധ ഫൗസ്‌തീനായ്‌ക്ക്‌ ക്രിസ്‌തു നല്‍കിയ ദൈവകരുണയുടെ ദര്‍ശനം ലോകത്ത്‌ പ്രചരിപ്പിച്ചതാണ്‌ സഭയിലെ ഈ സവിശേഷ ഭക്തിയും, ദൈവകാരുണ്യഞായര്‍ ആഘോഷവും. ദൈവത്തിന്റെ അനന്തമായ കരുണയിലേക്ക്‌ തിരിയാതെ മനുഷ്യകുലം യഥാര്‍ത്ഥമായ സന്തോഷമോ, സമാധാനമോ അനുഭവിക്കില്ല എന്നതാണ്‌ ഈ തിരുനാളിന്റെ അടിസ്ഥാന സന്ദേശം. ബലഹീനനും പാപിയുമായ മനുഷ്യന്‍ അനുതപിച്ച്‌ ദൈവകാരുണ്യം തേടുമ്പോള്‍, തുടര്‍ന്നും ജീവിക്കാനുള്ള കരുത്തും, പ്രത്യാശയും മനുഷ്യര്‍ക്ക്‌ ലഭിക്കുമെന്ന ഘടകമാണ്‌ ദൈവകാരുണ്യം. ഇതിന്റെ വെളിപ്പെടുത്തലായിരുന്നു ഫ്രാന്‍സീസ്‌ പാപ്പാ പ്രഖ്യാപിച്ച അനിതരസാധാരണമായ വിശുദ്ധ വാരം (The Extraordinary Jubily of Divine Mercy) `ദൈവം കരുണയുള്ളവനായിരിക്കുന്നതുപോലെ നിങ്ങളും, കരുണയുള്ളവനായിരിക്കുവിന്‍' (ലൂക്ക 6:36) എന്ന ക്രിസ്‌തുവിന്റെ വചനപ്രഭയില്‍ ജീവിക്കുവാനും, വളരുവാനും ഈ ജൂബിലി വര്‍ഷത്തെ ആത്മനാ ഉള്‍ക്കൊള്ളണമെന്നും, അതുമായി ബന്ധപ്പെട്ട ആഘോഷങ്ങളില്‍ എല്ലാവരും സജീവമായി പങ്കുചേരണമെന്നും പാപ്പാ ആഹ്വാനം ചെയ്യുന്നു. വെബ്‌ www.stthomassyronj.org

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.