You are Here : Home / USA News

മധ്യയൂറോപ്പിലെ പുലിവാല്‍ ബോയിസിന് എന്താണ് പറയാനുള്ളത്

Text Size  

Story Dated: Tuesday, March 10, 2015 11:10 hrs UTC


വിയന്ന. ജീവിതത്തിന് പുതിയ ദിശാബോധം തേടി സ്വന്തം ദേശത്തും നിന്നും കുടിയേറുന്നവരും വിദേശത്ത് ജനിച്ച് വളരുന്ന മലയാളികളും വീണ്ടും പുതിയ മേച്ചില്‍ പുറങ്ങള്‍ തേടുമ്പോള്‍, അവര്‍ അറിഞ്ഞോ അറിയാതെയോ കൂടെകൂട്ടുന്നത് ഒരു സംസ്കാരത്തെയും കൂടിയാണ്, മലയാളിയുടെ സാമൂഹ്യചരിത്രത്തിനു മുതല്‍കൂട്ടാകുന്ന അവന്റെ പ്രിയപ്പെട്ട ഭാഷയും സര്‍ഗ്ഗ വാസനകളും കൂടിയാണ്. ഓരോ മനുഷ്യനും താന്‍ ജീവിക്കുന്ന സമൂഹത്തിന്റെ സ്പന്ദനങ്ങള്‍, അതിനു കാലികമായി വരുന്ന മാറ്റങ്ങള്‍, ഇതൊക്കെ ചുറ്റുമുള്ളവരോടോ സമൂഹത്തോടു തന്നെയോ പ്രകാശിപ്പിക്കാന്‍ പല മാര്‍ഗ്ഗങ്ങള്‍ അവലംഭിക്കാറുണ്ട്.

യൌവ്വനം വിട്ട് പ്രവാസിയായി തീര്‍ന്ന ചെറുപ്പക്കാര്‍ ലോകത്തിന്റെ പലഭാഗത്തും ഉണ്ട്. ഓരോ രാജ്യത്തുമുള്ള പ്രാവാസി യുവജനങ്ങള്‍ക്ക് പറയാന്‍ വേറിട്ട കഥകളുമുണ്ടാകും. അത്തരത്തിലുള്ള കുറച്ചു രസകൂട്ടുകളുമായി പ്രേക്ഷകരെ ചിരിപ്പിക്കാനും ചിന്തിപ്പിക്കാനുമായി ഇറങ്ങിത്തിരിച്ചിരിക്കുകയാണ് വിയന്നയില്‍ നിന്നും സ്വിറ്റ്സര്‍ലന്‍ഡിലേയ്ക്ക് ചേക്കേറിയ ഒരു പറ്റം ചെറുപ്പക്കാരും സ്വിറ്റ്സര്‍ലന്‍ഡില്‍ നിന്നുള്ള അവരുടെ കൂട്ടുകാരും. തീഷ്ണമായ ആശയങ്ങള്‍ ഒന്നും തന്നെ ഇവര്‍ക്ക് പങ്കുവയ്ക്കാനില്ല. നമ്മള്‍ കണ്ടും അടുത്തറിഞ്ഞതുമായ ജീവിത നിമിഷങ്ങളെ നര്‍മ്മബോധത്തോടെ ജന്മനാടിന്റെ പശ്ചാത്തലത്തില്‍, ഹൃസ്വ ചിത്രങ്ങളിലൂടെ അവതരിപ്പിക്കുക എന്നതാണ് ലക്ഷ്യം.

ഇത് ആദ്യമായിട്ടാണ് യൂറോപ്പിലെ ഒരു കൂട്ടം രണ്ടാം തലമുറ മലയാളികള്‍ ഇങ്ങനെയൊരു സംരംഭവുമായിട്ടു മുന്നിട്ടിറങ്ങുന്നത്. യൂറോപ്പില്‍ യു കെ പോലെയുള്ള രാജ്യങ്ങളില്‍ യുവജനങ്ങളുടെ നേതൃത്വത്തില്‍ ഹ്രസ്വ ചിത്രങ്ങളും സിനിമകളും ഇറങ്ങിയിട്ടുണ്ടെങ്കിലും, ഹ്രസ്വ ചിത്രങ്ങളുടെ പരമ്പരയുമായിട്ട് ആരും തന്നെയില്ല. 'പുലിവാല്‍ കാഴ്ചകള്‍' എന്ന് പേര് നല്കിയിരിക്കുന്ന നാലോ അഞ്ചോ മിനിട്ട് ദൈര്‍ഘ്യം ഉള്ള ചിത്രമാണ് ഈ ശ്രേണിയിലെ ആദ്യ കലാസൃഷ്ടി. എന്നാല്‍ ഇത് സീരിയല്‍ അല്ല. പ്രവാസികകളുടെയും ജന്മനാട്ടിലെയും പ്രമേയങ്ങളും, കാലിക പ്രശ്നങ്ങളും ഒപ്പിയെടുക്കുന്ന കൊച്ചുകൊച്ചു കഥകള്‍ ഓരോ എപ്പിസോഡിലൂടെയും പ്രേക്ഷകനെ രസിപ്പിക്കും.

പരിമിതികള്‍ക്കുള്ളില്‍ നിന്നാണെങ്കിലും ആദ്യ ചിത്രം തന്നെ പരമാവധി 'പ്രൊഫഷണല്‍' നിലവാരത്തിലാണ് ഒരുക്കിയിരിക്കുന്നതെന്ന് ചിത്രത്തിന്റെ ഛായാഗ്രഹണവും സംവിധാനവും നിര്‍വ്വഹിക്കുന്ന ഫൈസല്‍ കാച്ചപ്പിള്ളി പറഞ്ഞു. സ്വിറ്റ്സര്‍ലന്‍ഡിലെ ആല്‍പ്സ് മലനിരകളുടെ ഭംഗിയും, താഴ് വാരങ്ങളുടെ വശ്യതയും ഈ കൊച്ചു സിനിമയില്‍ ഒപ്പിയെടുത്തിട്ടുണ്ട്. ഫൈസല്‍ അദ്ദേഹത്തിന്റെ വീട്ടില്‍ തന്നെ തയ്യാറാക്കിയ ആധുനീക സ്റ്റുഡിയോയില്‍ ചിത്രത്തിന്റെ പോസ്റ്റ് പ്രോഡക്ഷന്‍ ജോലികള്‍ പൂര്‍ത്തികരിച്ചുവരുന്നു.

കഥ നിബിന്‍ കാവനാല്‍. സഹ സംവിധായകനായി നുള്‍ഫി ജെയിംസ് കോയിത്തറയും, ആന്റണി മണിയംകേരികളം, അനൂപ് എബ്രാഹാം, പിന്റു ജെയിംസ് കണ്ണംപാടം തുടയിവരും ചിത്രത്തിലെയും പണിപ്പുരയിലെയും താരങ്ങളായി എത്തുന്നു. ഇവരോടൊപ്പം ലീന കല്ലിക്കല്‍, ഫാത്തിമ എന്നീ സ്ത്രീകഥാപാത്രങ്ങളും ഈ ചിത്രത്തില്‍ വേഷമിടുന്നു. പുലിവാല്‍ ബോയ്സ് സ്വിസ്സാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. ഈസ്റ്ററിനോട് അനുബന്ധിച്ച് ഓണ്‍ലൈനായി ചിത്രം റിലീസ് ചെയ്യും.

വാര്‍ത്ത. ജോബി ആന്റണി

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.