ന്യൂയോര്‍ക്ക്: മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ അമേരിക്കന്‍ ഭദ്രാസന മെത്രാപ്പോലീത്തയായിരുന്ന പുണ്യ ശ്ലോഹനായ മാത്യൂസ് മാര്‍ ബര്‍ണാബാസ് തിരുമേനിയുടെ രണ്ടാം ശ്രാദ്ധപെരുന്നാള് നോര്‍ത്ത് ഈസ്റ്റ് അമേരിക്കന്‍ ഭദ്രാസനത്തിന്റെ ആഭിമുഖ്യത്തില്‍ കൊണ്ടാടുന്നു. പെരുന്നാള്‍ ശുശ്രൂഷകള്‍ ഡിസംബര്‍ 8 തിങ്കളാഴ്ച വൈകീട്ട് 6.30ന് ന്യൂയോര്‍ക്ക് ചെറിലെയിന്‍ സെന്റ് ഗ്രിഗോറിയോസ് ഓര്‍ത്തഡോക്സ് പള്ളിയില്‍ വച്ച് ഭദ്രാസന മെത്രാപ്പോലീത്ത അഭി. സക്കറിയാ മാര്‍ നിക്കോളാവോസിന്റെ പ്രധാന കാര്‍മ്മികത്വത്തില്‍ നടത്തുന്നു. വൈകീട്ട് സന്ധ്യപ്രാര്ത്ഥനയിലും തുടര്‍ന്നുള്ള വിശുദ്ധ കുര്‍ബ്ബാനയിലും, ശുശ്രൂഷകളിലും വിവിധ ഇടവകകളില്‍ നിന്നുള്ള വിശ്വാസികള്‍ പങ്കെടുക്കും. വിശുദ്ധ കുര്‍ബ്ബാനയ്ക്കും അനുസ്മരണ ശുശ്രൂഷകള്‍ക്കും ശേഷം പെരുന്നാള്‍ സദ്യയോടും നേര്‍ച്ച വിളമ്പോടും കൂടെ പരിപാടികള്‍ സമാപിക്കും. 2012 ഡിസംബര്‍ 9നായിരുന്നു മാര്‍ ബര്‍ണാബാസ് കാലം ചെയ്തത്.
അങ്കമാലി ഭദ്രാസനത്തിലെ, പെരുമ്പാവൂര്‍ വളയം ചിറങ്ങര സെന്റ് പോള്‍സ് ആന്റ് സെന്റ് പീറ്റേഴ്സ് ദേവാലയത്തിലാണ് അഭിവന്ദ്യ മെത്രാപ്പോലീത്ത കബറടങ്ങിയിരിക്കുന്നത് ഈ വരുന്ന ഡിസംബര്‍ 7,8,9, തീയ്യതികളില്‍ വന്ദ്യ പിതാവിന്റെ ഓര്‍മ്മ പെരുന്നാള്‍ സാഘോഷം ഈ ദേവാലയത്തില്‍ കൊണ്ടാടുന്നു. ഡിസംബര്‍ 9 ചൊവ്വാഴ്ച രാവിലെ പരിശുദ്ധ കാതോലിക്കാ ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വീതീയന്‍ ബാവായുടെ പ്രധാനകാര്മ്മികത്വത്തില് വിശുദ്ധ കുര്‍ബ്ബാനയും അനുസ്മരണ ശുശ്രൂഷകളും നടക്കും.
ഈ സമയത്ത് കേരളത്തിലുള്ള നോര്‍ത്ത് ഈസ്റ്റ് അമേരിക്കന്‍ ഭദ്രാസനത്തിലെ വിശ്വാസികള്‍ വളയം ചിറങ്ങര പള്ളിയില്‍ നടക്കുന്ന ഓര്‍മ്മ പെരുന്നാളില്‍ സംബന്ധിച്ച് അനുഗ്രഹം പ്രാപിക്കണമെന്ന് അഭി.നിക്കോളാവോസ് മെത്രാപ്പോലീത്ത പുറപ്പെടുവിച്ച കല്പനയില് അറിയിച്ചു. നോര്‍ത്ത് ഈ സ്റ്റ് അമേരിക്കന്‍ ഭദ്രാസനത്തിലെ പള്ളികളില്‍ ഡിസംബര്‍ 14 ഞായറാഴ്ച പ്രത്യേക അനുസ്മരണ പ്രാര്‍ത്ഥനകള്‍ നടത്തേണ്ടതാണെന്നും മെത്രാപ്പോലീത്ത അറിയിച്ചു.
1992 മുതല്‍ അവിഭക്ത അമേരിക്കന്‍ ഭദ്രാസനാധിപനായും തുടര്‍ന്ന് നോര്‍ത്ത് ഈസ്റ്റ് അമേരിക്കന്‍ ഭദ്രാസന മെത്രാപ്പോലീത്തായായും ഇടയ ശുശ്രൂഷ അനുഷ്ഠിച്ച വന്ദ്യ ബര്‍ണാബാസ് പിതാവ് 2011 ല്‍ സ്വസ്ഥാനത്തുനിന്ന് വിരമിച്ച് കോട്ടയത്ത് പാമ്പാടി ദയറായില്‍ വിശ്രമജീവിതം നയിച്ചു വരുമ്പോളാണ് കാലം ചെയ്തത്.
1924 ഓഗസ്റ്റ് 9ന് പെരുമ്പാവൂര്‍, വെങ്ങോല, കല്ലറയ്ക്കപറമ്പില്‍ കുരുവിളയുടെയും മറിയാമ്മയുടെയും പുത്രനായി ജനിച്ച മാത്തുക്കുട്ടി തന്റെ ഏഴാം വയസ്സു മുതലെ ഒരു സന്യാസിയാകണം എന്ന താല്പര്യം പ്രകടിപ്പിച്ചു തുടങ്ങി. 1943 ല്‍ ശെമ്മാശനായി തുടര്‍ന്ന് 1951 ല്‍ പുരോഹിതനായും പട്ടത്വം സ്വീകരിച്ചു. 1977ല്‍ റമ്പാനായി, പിന്നീട് 1978 ല്‍ ബിഷപ്പായി അവരോധിക്കപ്പെട്ടു. അങ്കമാലി, കോട്ടയം എന്നീ ഭദ്രാസനങ്ങലിലെ സഹായ മെത്രാപ്പോലീത്തായായും തുടര്‍ന്ന് 1985 ല്‍ ഇടുക്കി ഭദ്രാസനത്തിന്റെ പ്രഥമ മെത്രാപ്പോലീത്തായായും സേവനമനുഷ്ഠിച്ചു.
തന്റെ ജീവിതം സഭാ സേവനത്തിനായി സമര്‍പ്പിച്ച്, സന്യാസ ജീവിതത്തിന്റെ അതിര്‍വരമ്പുകളൊന്നും ഭേദിക്കാതെ ഈ ആഢംബര ലോകത്ത് ലളിത ജീവിതത്തിന്റെ ഉത്തമ മാതൃക കാട്ടിക്കൊടുത്ത ശ്രേഷ്ഠാചാര്യനായിരുന്നു മാര്‍ ബര്‍ണബാസ്. സാധാരണക്കാരുടെ ഇടയിലൂടെ നടന്ന് നീങ്ങി സാധാരണക്കാരനായി കടനനു പോയ, ജീവിച്ചിരുന്നപ്പോള്‍ തന്നെ പരിശുദ്ധനെന്ന് വിശേഷിപ്പിക്കപ്പെട്ടിരുന്ന ഒരു മനുഷ്യസ്നേഹിയായിരുന്നു ഈ പിതാവ്. മാര്‍ ബര്‍ണാബാസ് പിതാവിന്റെ ഓര്‍മ്മപെരുന്നാള്‍ ഭക്ത്യാദരപൂര്‍വ്വം കൊണ്ടാടണമെന്ന് ഭദ്രാസന മെത്രാപ്പോലീത്ത അഭി. സക്കറിയാ മാര്‍ നിക്കോളാവോസ് ആഹ്വാനം ചെയ്തു.
കൂടുതല്‍ വിവരങ്ങള്‍ക്ക്
റവ.ഫാ.എം.കെ.കുര്യാക്കോസ് (ഭദ്രാസന സെക്രട്ടറി)-(201) 681-1078
റവ.ഫാ.ഗ്രിഗറി വര്‍ഗീസ് (അസിസ്റ്റന്റ് വികാരി ചെറി ലെയിന്‍ സെന്റ് ഗ്രിഗ്രോറിയോസ് ചര്‍ച്ച്)- (914) 413-9200
അമേരിക്കന്‍ ഭദ്രാസന ഓഫീസ് (718) 470 - 9844
Comments