You are Here : Home / USA News

ഫ്രാന്‍സീസ്‌ മാര്‍പാപ്പയുടെ ശൈലി സ്വീകരിക്കുക: മാര്‍ ജേക്കബ്‌ അങ്ങാടിയത്ത്‌

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Thursday, June 26, 2014 09:58 hrs UTC



ഷിക്കാഗോ: അജപാലന ശുശ്രൂഷയില്‍ ഫ്രാന്‍സീസ്‌ മാര്‍പാപ്പയുടെ ജീവിതശൈലി സ്വീകരിക്കണമെന്ന്‌ ഷിക്കാഗോ സീറോ മലബാര്‍ രൂപതാധ്യക്ഷന്‍ മാര്‍ ജേക്കബ്‌ അങ്ങാടിയത്ത്‌ ഉത്‌ബോധിപ്പിച്ചു. തന്റെ രൂപതയിലെ ഫൊറോനാ വികാരിമാരുടെ പ്രഥമ സമ്മേളനം ജൂണ്‍ 19-ന്‌ വ്യാഴാഴ്‌ച വൈകുന്നേരം കത്തീഡ്രല്‍ ഇടവകയിലെ കോണ്‍ഫറന്‍സ്‌ ഹാളില്‍ ഉദ്‌ഘാടനം ചെയ്‌ത്‌ സംസാരിക്കുകയായിരുന്നു അഭിവന്ദ്യ പിതാവ്‌. രൂപതയിലെ എല്ലാ തലങ്ങിലുമുള്ള അജപാലന ശുശ്രൂഷകള്‍ക്കും മാതൃകയും പ്രചോദനവുമാകേണ്ട അടിസ്ഥാന ദര്‍ശനങ്ങള്‍ വിശദീകരിച്ചുകൊണ്ട്‌ രൂപതാധ്യക്ഷന്‍ തുടര്‍ന്നു: ആര്‍ദ്രതയോടെ ക്രിസ്‌തുവിന്റെ ദയാവായ്‌പ്‌ അറിയിക്കുകയാണ്‌ വൈദീക ധര്‍മ്മം. ക്ഷമിക്കുന്നതില്‍ പരിധിവെയ്‌ക്കരുത്‌. നമ്മുടെ ദൈവാലയങ്ങള്‍ കരുണാപൂര്‍വ്വം ഏവര്‍ക്കുമായി തുറക്കണം. ആരേയും നഷ്‌ടപ്പെടുത്തരുത്‌ എന്ന ക്രിസ്‌തു മനസ്‌ ഏവരും സ്വന്തമാക്കണം. ഒപ്പം കുടുംബ പ്രേക്ഷിതത്വത്തിന്‌ സവിശേഷ പ്രാധാന്യം നല്‍കണം.

ഈവര്‍ഷം ഒക്‌ടോബറില്‍ റോമില്‍ നടക്കുന്ന മെത്രാന്‍ സിനഡിന്റെ ചര്‍ച്ചാ വിഷയം `കുടുംബങ്ങള്‍ ആധുനിക ലോകത്തില്‍ അഭിമുഖീകരിക്കുന്ന വെല്ലുവിളികള്‍' എന്നതാണ്‌. 2015 സെപ്‌റ്റംബര്‍ 22 മുതല്‍ 27 വരെ തീയതികളില്‍ ഫിലാഡല്‍ഫിയയില്‍ നടക്കുന്ന ലോക കുടുംബ സമ്മേളനത്തിന്റെ പ്രമേയം : `സ്‌നേഹമാണ്‌ നമ്മുടെ ദൗത്യം; സജീവ കുടുംബം' എന്നതാണ്‌. കുടുംബം സ്‌നേഹം നല്‍കുകയും, സ്വീകരിക്കുകയും ചെയ്യുന്ന ഇടമാണ്‌. കുടുംബങ്ങളില്‍ സ്‌നേഹത്തിന്റെ അരുവി വറ്റാതെ ശ്രദ്ധിക്കുന്നു എങ്കിലേ സഭയും സമൂഹവും വളരൂ.

കുടുംബ ശുശ്രൂഷകള്‍ക്കും, കുടുംബ പ്രേക്ഷിതത്വത്തിനും സവിശേഷ പ്രാധാന്യം നല്‍കി ഇടവക പ്രവര്‍ത്തനങ്ങളെ ഊര്‍ജസ്വലമാക്കണം. കുടുംബങ്ങളെ ശാക്തീകരിക്കുന്നതുവഴി ഇടവകകളും ശാക്തീകരിക്കപ്പെടും. ഈ തലങ്ങളിലുള്ള എല്ലാ പ്രവര്‍ത്തനങ്ങളേയും ഏകോപിപ്പിക്കുവാന്‍ ഫൊറോനകള്‍ക്ക്‌ സാധിക്കണം. രൂപതയുടെ ദര്‍ശങ്ങളും ആദര്‍ശങ്ങളും നിയോഗവും ജനങ്ങളില്‍ എത്തിക്കുന്നതിന്‌ വൈദീക-മെത്രാന്‍ സമിതിയുടെ ഒരുമയോടെയുള്ള പ്രവര്‍ത്തനങ്ങള്‍ക്ക്‌ സാധിക്കും എന്ന വിശകലനത്തോടെയാണ്‌ സമ്മേളനം സമാപിച്ചത്‌. സമ്മേളനത്തില്‍ രൂപതാ കൂരിയ അംഗങ്ങളും എല്ലാ ഫൊറോനാ വികാരിമാരും പങ്കെടുത്തു. ചര്‍ച്ചകള്‍ക്ക്‌ റവ.ഡോ.മാണി പുതിയിടം നേതൃത്വം നല്‍കി.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.