You are Here : Home / USA News

ശനിയാഴ്‌ച 69-മത്‌ സാഹിത്യ സല്ലാപത്തില്‍ ആശാന്റെ സ്‌നേഹ സങ്കല്‌പത്തേക്കുറിച്ച്‌ ചര്‍ച്ച

Text Size  

Story Dated: Friday, May 23, 2014 07:22 hrs UTC

ജയിന്‍ മുണ്ടയ്‌ക്കല്‍       


താമ്പാ: മെയ്‌ ഇരുപത്തിനാലാം തീയതി സംഘടിപ്പിക്കുന്ന അറുപത്തിയൊമ്പതാമത്‌ അമേരിക്കന്‍ മലയാളി സാഹിത്യ സല്ലാപത്തില്‍ `മലയാള കവിത-കുമാരനാശാന്റെ സ്‌നേഹ സങ്കല്‍പം' എന്നുള്ളതായിരിക്കും ചര്‍ച്ചാ വിഷയം. പ്രസിദ്ധ എഴുത്തുകാരിയും മലയാള ഭാഷാദ്ധ്യാപികയുമായ പ്രൊഫ. ജി. വിലാസിനി ആയിരിക്കും `മലയാള കവിത- കുമാരനാശാന്‍റെ സ്‌നേഹ സങ്കല്‍പം' എന്ന വിഷയത്തില്‍ പ്രബന്ധാവതരണം നടത്തുന്നത്‌. ഈ വിഷയത്തെക്കുറിച്ച്‌ അറിവും പരിചയവുമുള്ള ധാരാളം ആളുകള്‍ ചര്‍ച്ചയില്‍ പങ്കെടുത്തു സംസാരിക്കുന്നതാണ്‌. ഈ വിഷയത്തേക്കുറിച്ച്‌ കൂടുതല്‍ അറിയുവാന്‍ താത്‌പര്യമുള്ള എല്ലാ നല്ല ആളുകളെയും അമേരിക്കന്‍ മലയാളി സാഹിത്യ സല്ലാപത്തിലേയ്‌ക്ക്‌ സ്വാഗതം ചെയ്യുന്നതായി ഭാരവാഹികള്‍ അറിയിച്ചു.

മെയ്‌ പതിനേഴാം തീയതി സംഘടിപ്പിച്ച അറുപത്തിയേഴാമത്‌ അമേരിക്കന്‍ മലയാളി സാഹിത്യ സല്ലാപത്തില്‍ `മതവും മനുഷ്യരും' എന്നുള്ളതായിരുന്നു ചര്‍ച്ചാ വിഷയം. പ്രശസ്‌ത ചിന്തകനും എഴുത്തുകാരനുമായ ഈശോ ജേക്കബ്‌ ആയിരുന്നു പ്രസ്‌തുത വിഷയത്തില്‍ പ്രബന്ധം അവതരിപ്പിച്ചത്‌. പ്രബന്ധാവതരണവും തുടര്‍ന്ന്‌ നടന്ന ചര്‍ച്ചകളും വളരെ വിജ്ഞാനപ്രദമായിരുന്നു. ആധുനിക കാലത്ത്‌ മതസംഘടനകള്‍ അപ്രസക്തവും മനുഷ്യ ബന്ധങ്ങള്‍ അതിപ്രസക്തവുമാണ്‌ എന്ന സംഗതി എല്ലാ മത വിശ്വാസികള്‍ക്കും ഭക്തജനങ്ങള്‍ക്കും ബോധ്യപ്പെടേണ്ടതിന്‍റെ ആവശ്യകത വിശദമായി ചര്‍ച്ച ചെയ്യപ്പെട്ടു. ഈ ലോകത്തില്‍ മറ്റു ജീവികള്‍ക്കൊപ്പം തുല്യ അന്തസോടും അധികാരങ്ങളോടും ജീവിക്കുവാന്‍ എല്ലാ മനുഷ്യര്‍ക്കും അവകാശം ഉണ്ടെന്നും ആത്മീയ മണ്ഡലത്തിലും ഭൌതിക മേഖലയിലും നേതൃത്വം നല്‍കുന്നവര്‍ അവരുടെ വിശ്വാസികളുടെ (അണികളുടെ) സേവകരാണ്‌ എന്ന നിലയില്‍ എളിമയും ലാളിത്യവും ഉള്ളവരായിരിക്കണമെന്നും ചിലര്‍ അഭിപ്രായപ്പെട്ടു. നിലവിലുള്ള വ്യവസ്ഥാപിത മതങ്ങളാണ്‌ മനുഷ്യരുടെ പ്രശനങ്ങള്‍ക്ക്‌ അടിസ്ഥാന കാരണമെന്നും അത്‌ നിയമം മൂലം നിറുത്തല്‍ ചെയ്യേണ്ടതാണെന്നും വരെ അഭിപ്രായം ഉയരുകയുണ്ടായി.

ഡോ. എ. കെ. ബി. പിള്ള, ഡോ. ബി. ഇക്‌ബാല്‍, പ്രൊഫ. എം. ടി. ആന്റണി, ഡോ. ജോണ്‍ എന്‍. പി., ജെ. മാത്യൂസ്‌, ഡോ. തെരേസാ ആന്റണി, ഡോ. ആനി കോശി, ഡോ. എന്‍. പി. ഷീല, ത്രേസ്യാമ്മ നാടാവള്ളില്‍, ഡോ: ജോസഫ്‌ ഇ. തോമസ്‌, ഡോ. രാജന്‍ മര്‍ക്കോസ്‌, ജോസ്‌ പുല്ലാപ്പള്ളില്‍, എബ്രഹാം തെക്കേമുറി, രാജു തോമസ്‌, അബ്ദുള്‍ പുന്നയൂര്‍ക്കുളം, അലക്‌സ്‌ കോശി വിളനിലം, മോന്‍സി കൊടുമണ്‍, മൈക്ക്‌ മത്തായി, ടോം എബ്രഹാം, വര്‍ഗീസ്‌ എബ്രഹാം ഡെന്‍വര്‍, സിറിയക്‌ സ്‌കറിയ, റജീസ്‌ നെടുങ്ങാടപ്പള്ളി, പി. പി. ചെറിയാന്‍, സി. ആന്‍ഡ്രൂസ്‌, ജയിന്‍ മുണ്ടയ്‌ക്കല്‍ എന്നിവര്‍ ചര്‍ച്ചയില്‍ സജീവമായി പങ്കെടുത്തു.



ശനിയാഴ്‌ചതോറുമാണ്‌ അമേരിക്കന്‍ മലയാളി സാഹിത്യ സല്ലാപം നടത്തുന്നത്‌. സല്ലാപത്തില്‍ പങ്കെടുക്കുവാന്‍ എല്ലാ ശനിയാഴ്‌ചയും വൈകുന്നേരം എട്ടു മുതല്‍ പത്തു വരെ (ഈസ്‌റ്റേണ്‍ സമയം) നിങ്ങളുടെ ടെലിഫോണില്‍ നിന്നും താഴെ കൊടുത്തിരിക്കുന്ന ടെലിഫോണ്‍ നമ്പരിലേയ്‌ക്ക്‌ വിളിക്കാവുന്നതാണ്‌. 14434530034 കോഡ്‌ 365923

ടെലിഫോണ്‍ ചര്‍ച്ചയില്‍ പങ്കെടുക്കുന്ന എല്ലാവര്‍ക്കും ചോദ്യങ്ങള്‍ ചോദിക്കാന്‍ അവസരം ഉണ്ടായിരിക്കും. jain@mundackal.com , gracepub@yahoo.com എന്ന ഇമെയില്‍ വിലാസങ്ങളില്‍ ചര്‍ച്ചയില്‍ അവതരിപ്പിക്കാന്‍ താത്‌പര്യമുള്ള വിഷയങ്ങളും ചോദ്യങ്ങളും മുന്‍കൂറായി അയച്ചു കൊടുക്കാവുന്നതാണ്‌. കൂടുതല്‍ വിവരങ്ങള്‍ക്ക്‌ ബന്ധപ്പെടുക: 8133893395

Join us on Facebook https://www.facebook.com/groups/142270399269590/

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.