You are Here : Home / USA News

തിയോഡോഷ്യസ് തിരുമേനിക്ക് എബനേസര്‍ മാര്‍ത്തോമ്മാ ചര്‍ച്ചിന്റെ അനുമോദനം

Text Size  

Story Dated: Thursday, November 28, 2013 12:20 hrs UTC

ന്യൂയോര്‍ക്ക്: ന്യൂയോര്‍ക്കിലെ 406 കിങ് സ്ട്രീറ്റ് പോര്‍ട്ട് ചെസ്റ്ററിലുള്ള എബനേസര്‍ മാര്‍ത്തോമ്മാ ഇടവക, മേല്പട്ട ശുശ്രൂഷയുടെ ഇരുപത്തഞ്ചാം വാര്‍ഷികം ആഘോഷിക്കുന്ന മാര്‍ത്തോമ്മാ സഭയുടെ നോര്‍ത്ത് അമേരിക്കയൂറോപ്പ് ഭദ്രാസനാധിപന്‍ അഭിവന്ദ്യ ഗീവര്‍ഗീസ് മാര്‍ തിയഡോഷ്യസ് തിരുമേനിക്ക് അനുമോദനം അര്‍പ്പിച്ചു. ഭദ്രാസന രജതജൂബിലി പരിസമാപ്തി സമ്മേളനത്തിനുശേഷം, നവംബര്‍ 24 ഞായറാഴ്ച ഇടവക സന്ദര്‍ശനത്തിനെത്തിയ തിരുമേനിയെ, വിശുദ്ധ കുര്‍ബ്ബാന ശുശ്രൂഷക്കുശേഷം കൂടിയ മീറ്റിങ്ങിലേക്ക് ഇടവകവികാരി റവ. ഏബ്രഹാം ഉമ്മന്‍ സ്വാഗതം ചെയ്തു. കഴിഞ്ഞ കാലങ്ങളില്‍ വിവിധ മേഖലയില്‍ തിരുമേനിയുടെ നേതൃത്വപാടവം, ഭരണകാര്യങ്ങളില്‍ സുതാര്യത എന്നിവ എടുത്തു പറയുകയും ചെയ്തു. വിവിധ ഭദ്രാസങ്ങളിലും, മറ്റു പ്രസ്ഥാനങ്ങളുടെ നേതൃസ്ഥാനത്തും പ്രവര്‍ത്തിച്ചിട്ടുള്ള തിരുമേനി എവിടെയായിരുന്നാലും അവിടെയെല്ലാം തന്റെ കൈയ്യൊപ്പ് പതിപ്പിക്കുവാനുള്ള ദൈവകൃപ ലഭിച്ച വ്യക്തിയായിരുന്നെന്നും അച്ചന്‍ പറഞ്ഞു.

 

 

നോര്‍ത്ത് അമേരിക്കന്‍ ഭദ്രാസനത്തില്‍ തിരുമേനി ചെയ്യുന്ന വിവിധ പ്രോജക്ടുകളെയും, ഭദ്രാസനത്തിന്റെ വളര്‍ച്ചയ്ക്ക് തിരുമേനി ചെയ്യുന്ന സേവനങ്ങളെയും സ്മരിക്കുകയും മേല്പട്ട ശുശ്രൂഷകളുടെ രജതജൂബിലി നിറവില്‍ നില്‍ക്കുന്ന അഭിവന്ദ്യ തിരുമേനിക്ക് ഇടവകയുടെ ആശംസകള്‍ നേരുകയും ചെയ്തു. ആശംസാ പ്രസംഗം നടത്തിയ ഇടവക സെക്രട്ടറി സൂസന്‍ കുര്യന്‍ തിരുമേനിയുടെ ധന്യമായ പ്രവര്‍ത്തനങ്ങളെയും, ഭരണനിപുണത, നേതൃപാടവം, ദൈവ ഭക്തിയില്‍ നിറഞ്ഞുനില്‍ക്കുന്ന ജീവിതചര്യ, സുതാര്യമായ ഭരണം എന്നിവയും എടുത്തു പറഞ്ഞു. നോര്‍ത്ത് അമേരിക്കയൂറോപ്പ് ഭദ്രാസനത്തിന്റെ വളര്‍ച്ചയ്ക്ക് തിരുമേനിയുടെ സേവനം ഒരു മുതല്‍ക്കൂട്ടുതന്നെയാണെന്ന് അനുസ്മരിച്ചു. മേല്പട്ടശുശ്രൂഷയുടെ സില്‍വര്‍ജൂബിലി ആഘോഷിക്കുന്ന തിരുമേനിക്ക് ഇടവകയിലെ ഓരോ കുടുംബങ്ങളുടെ പേരിലുള്ള ആശംസകള്‍ അറിയിച്ചു. തിരുമേനിയുടെ മറുപടി പ്രസംഗത്തില്‍ എബനേസര്‍ ഇടവകയിലേക്ക് കടന്നുവരാനും, ഫാമിലി സണ്‍ഡേ ശുശ്രൂഷയില്‍ ഭാഗഭാക്കാകാനും സാധിച്ചതിലുള്ള സന്തോഷം അറിയിച്ചതിനോടൊപ്പം, തിരുമേനിയുടെ മേല്പട്ട ശുശ്രൂഷയുടെ ഇരുപത്തഞ്ചാം വാര്‍ഷികം കൊണ്ടാടുന്ന ഈ സമയത്ത് ഇടവകയായി ഒരു അനുമോദനയോഗം കൂടി തിരുമേനിയെ ആദരിച്ച ഇടവക ജനങ്ങളോടുള്ള സ്‌നേഹവും, നന്ദിയും അറിയിച്ചു. തിരുമേനി തന്റെ പട്ടത്വ, മേല്പട്ട ശുശ്രൂഷകളില്‍ വ്യാപരിച്ച ദൈവകൃപയ്ക്കായി സ്‌ത്രോത്രം അര്‍പ്പിക്കുകയും, ദൈവം തന്നെ നടത്തിയ വഴികളെയോര്‍ത്ത് വിനയാന്വീതനാകുകയും ചെയ്യുന്നുവെന്നറിയിച്ചു.

 

ഇന്ത്യയിലെയും, മറ്റു പല വിദൂര ദേശങ്ങളിലും സുവിശേഷം എത്തിക്കാന്‍ കാലാകാലങ്ങളായി സാധിച്ചുവെന്നും, ഏത് പ്രദേശത്ത് വ്രവേശിച്ചാലും ആ ദേശത്തിന്റെ ആവശ്യങ്ങളും സംസ്‌കാരവും മനസ്സിലാക്കുവാനും പഠിക്കുവാനും ശ്രമിക്കാറുണ്ടെന്നും അനുസ്മരിച്ചു. നാം ജീവിക്കുന്ന കാലത്തിനും, ദേശത്തിനും അനുസരിച്ച് മാറ്റങ്ങള്‍ ഉള്‍ക്കൊണ്ട് നമ്മുടെ ചുറ്റുമുള്ള സമൂഹത്തിന്റെ ആവശ്യകതകളെ ഉള്‍ക്കൊള്ളേണ്ടതാണെന്നും ഇടവക ജനങ്ങളെ ഉദ്‌ബോദിപ്പിച്ചു. നമ്മുടെ ജീവിതത്തില്‍ 'ഗോഡ് ഫസ്റ്റ്, അതേഴ്‌സ് സെക്കന്റ്, യു ആര്‍ തേര്‍ഡ്' എന്നുള്ള മനോഭാവം ഏവരിലും ഉണ്ടാകേണ്ടതിന്റെ ആവശ്യകതയും എടുത്തുപറഞ്ഞു. പുതിയ തലമുറയെ ഉത്തരവാദിത്വങ്ങളിലേക്ക് നയിക്കുന്നതില്‍ ഓരോ ഇടവകയും പ്രത്യേക താല്പര്യം കാട്ടേണ്ടാതാണെന്നും, യുവജനങ്ങളുടെയും, സ്ത്രീ സമൂഹത്തിന്റെയും കഴിവുകളെ നാം ഉപയോഗിക്കേണ്ടതാണെന്നും ഉദ്‌ബോദിപ്പിച്ചു. ഇന്നത്തെക്കാള്‍ നാളെയെ ശോഭനമാക്കിത്തീര്‍ക്കുവാന്‍ ക്രിസ്തുവിനോടൊപ്പമുള്ള പ്രയാണത്തിന് സാധിക്കുമെന്നും അതിനായി ദൈവം നമ്മെ സഹായിക്കട്ടെയെന്നും ആശംസിച്ചു. പിന്നീടു സംസാരിച്ച ഭദ്രാസന സെക്രട്ടറി റവ. കെ.ഇ ഗീവര്‍ഗീസ് തലേദിവസം നടന്ന സില്‍വര്‍ ജൂബിലിയുടെ സമാപനസമ്മേളനത്തിലും, ഭദ്രാസനത്തിന്റെ ദൈനംദിന പ്രവര്‍ത്തനങ്ങളിലും എബനേസര്‍ ഇടവക നല്‍കുന്ന സഹകരണത്തിന് നന്ദി പ്രകാശിപ്പിക്കുകയും, ഭദ്രാസനത്തിന്റെ ഭാവിപരിപാടികളെക്കുറിച്ച് വിശദീകരിക്കുകയും ചെയ്തു.

 

 

തീയഡോഷ്യസ് തിരുമേനിയുടെ പുതുതായി പ്രകാശനം ചെയ്ത പുസ്തകവും, ഭദ്രാസന ജൂബിലിയോടനുബന്ധിച്ച് പുറത്തിറക്കിയ ബുക്കുകളും മാര്‍ത്തോമ്മാ ലിറ്ററേച്ചര്‍ സൊസൈറ്റിവഴി ലഭ്യമാണെന്നും അച്ചന്‍ അറിയിച്ചു. സില്‍വര്‍ ജൂബിലി നിറവില്‍ നില്‍ക്കുന്ന തിരുമേനിക്ക് ഇടവകയുടെ വകയായുള്ള സ്‌നേഹോപകാരം സമര്‍പ്പിക്കുകയും, ജൂബിലി കേക്ക് മുറിക്കുകയും ചെയ്തു. ഇടവക ട്രസ്റ്റി ജോണ്‍ ശാമുവേല്‍ തിരുമേനിയോടും, അതിഥികളായി കടന്നുവന്നവരോടും ഇടവക ജനങ്ങളോടുമുള്ള നന്ദിയും സ്‌നേഹവും അറിയിച്ചു. റവ. കെ.ഇ ഗീവര്‍ഗീസിന്റെ പ്രാര്‍ത്ഥനയ്ക്കും, തിരുമേനിയുടെ ആശീര്‍വാദത്തിനും കൈമുത്തിനും, സ്‌നേഹവിരുന്നിനും ശേഷം പരിപാടികള്‍ അവസാനിച്ചു. റിപ്പോര്‍ട്ട്: സി.എസ് ചാക്കോ (ഭദ്രാസന അസംബ്ലി മെംബര്‍ , എബനേസര്‍ മാര്‍ത്തോമ്മാ ചര്‍ച്ച്)

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.