You are Here : Home / USA News

അമേരിക്കൻ ഇമിഗ്രേഷൻ, ഫോമായുടെ ആദ്യത്തെ ദേശീയ കൺവൻഷൻ ഷിക്കാഗോയിൽ.

Text Size  

Story Dated: Sunday, November 10, 2019 11:39 hrs UTC

 
(പന്തളം ബിജു തോമസ്, പി.ആർ.ഓ)
 
ഷിക്കാഗോ: അമേരിക്കൻ ഭരണകൂടത്തിന്റെ പുതിയ ഇമിഗ്രേഷൻ നയങ്ങൾ മൂലം പ്രയാസമനുഭവിക്കുന്ന ഇന്ത്യക്കാരുടെപ്രശ്‍നങ്ങൾ  ചർച്ച ചെയ്യുവാൻ വേണ്ടി ഫോമാ ദേശീയതലത്തിൽ കൺവൻഷനുകൾ സംഘടപ്പിക്കുന്നു. അതിന്റെ ഭാഗമായി ആദ്യത്തെ കൺവൻഷൻ ഷിക്കാഗോയിൽ ഈ മാസം പതിനാറാം തീയതി വൈകിട്ട് അഞ്ചര മുതൽ ഷാംമ്പർഗിലെ   "ഷാംമ്പർഗ് ബാങ്ക്വറ്റ്" ഹാളിൽ വയ്ച്ചു നടത്തപ്പെടും.  സാമ്പത്തികപരമായും, വിദ്യാഭ്യാസപരമായും മുൻപന്തിയിൽ നിൽക്കുന്ന, പ്രൊഫഷണലിസ്റ്റുകൾ  ഏറെയുള്ള ഇന്ത്യൻ കമ്മ്യൂണിറ്റി ഇതുവരെ നേരിടാത്ത രീതിയിലുള്ള ഇമിഗ്രേഷൻ  ബുദ്ധിമുട്ടുകളിൽ കൂടിയാണ് കടന്നുപോകുന്നത്. ഈ രീതിയിൽ പ്രയാസമനുഭവിക്കുന്നവരുടെ കാര്യങ്ങൾ   നേരിട്ട് ഭരണസിരാകേന്ദ്രങ്ങളിലേക്ക്  എത്തിക്കുവാനാണ് ഫോമായുടെ ഈ ശ്രമം.  പലതരം വിസാ  കാറ്റഗറിയിൽ,  അമേരിക്കയിൽ അതിജീവനത്തിനായി മല്ലിടുന്നവരുടെ പ്രശനങ്ങൾക്കായി ഒരു വാതിൽ ഫോമാ തുറന്നിടുകയാണ്. വിസ, ഇമിഗ്രേഷൻ എന്നിവയുമായി ബന്ധപ്പെട്ട  നിങ്ങളുടെപ്രശ്‌നങ്ങൾ സെനറ്ററന്മാരോടും, കോൺഗ്രസ്  പ്രതിനിധികളോടും, രാഷ്ട്രീയ നിരീക്ഷകരോടും   നേരിട്ട് അറിയിക്കുവാനും, സംവദിക്കുവാനും ഫോമായുടെ ഈ വേദി വളരെ സഹായകമാകും. ഇന്ത്യൻ നയതന്ത്ര കാര്യാലയത്തിലെ ഉദ്യോഗസ്ഥരും പരിപാടിയിൽ പങ്കെടുക്കും. ഫോമായുടെ അടുത്ത ലൈഫ്  കൺവൻഷൻ സിലിക്കോൺ വാലിയിൽ നടത്തുവാനും ധാരണയായിട്ടുണ്ട്. 
 
ഫോമാ ജനറൽ സെക്രെട്ടറി ജോസ് ഏബ്രഹാമിന്റെ പ്രത്യേക താല്പര്യപ്രകാരം ഇതിനായി ഒരു ഇമിഗ്രേഷൻ സെൽ രൂപീകരിക്കുകയുണ്ടായി. ഫോമാ ലീഗൽ  ഇമിഗ്രന്റ്‌സ് ഫെഡറേഷൻ (ലൈഫ്) കമ്മറ്റിയുടെ ചെയർമാനായി സാം ആന്റോയെയും, സെക്രെട്ടറിയായി ഗിരീഷ് ശശാങ്ക ശേഖറിനെയും, ജോയിന്റ് സെക്രട്ടറിയായി സുധീപ് നായരെയും, ഫോമാ ലൈഫ് നാഷണൽ കോർഡിനേറ്റർ വിശാഖ് ചെറിയാനെയും   തിരഞ്ഞെടുത്തിരുന്നു. ഈ ഷിക്കാഗോ ലൈഫ് കൺവൻഷന്റെ ചെയർമാൻ  സുഭാഷ് ജോർജ്, കോ-ചെയർ  ഷഫീക് അബൂബക്കർ, വുമൺ ചെയർ  സ്മിതാ  തോമസ്, ഇല്ലിനോയി ഇമിഗ്രേഷൻ ഫോറം ഡയറക്ടർ വെങ്കട് റാം റെഡ്‌ഡി, ഷിക്കാഗോ കോസ്മോപോളിറ്റൻ ക്ലബ് സെക്രട്ടറി ജോൺ കൂള എന്നിവരടുങ്ങന്ന "ലൈഫ്" കൺവൻഷൻ കമ്മറ്റിയുടെ പ്രവർത്തങ്ങൾ അന്തിമഘട്ടത്തിലാണ്.
 
ഇൻഡോ-അമേരിക്കക്കാരുടെ ഇടയിൽ നോൺ ഇമിഗ്രന്റ് വിസ ഉള്ളവർ നേരിടുന്ന ഇപ്പോഴത്തെ പ്രതിസന്ധികളാണ് ഈ കൺവൻഷന്റെ മുഖ്യ ചർച്ചാവിഷയം. വിസയുടെ അപേക്ഷകൾ  തിരസ്കരിക്കുക, എക്സ്റ്റൻഷൻ പരിഗണിക്കാതിരിക്കുക, സ്പോൺസറന്മാരുമായുള്ള പ്രശ്നങ്ങൾ പരിഹരിക്കാതിരിക്കുക,  ഗ്രീൻകാർഡ് അപേക്ഷകളുടെ അന്തിമ തീരുമാനങ്ങൾ അകാലമായി നീട്ടിവെയ്ക്കുക ഇങ്ങനെയുള്ള ഒട്ടനവധി കാര്യങ്ങൾക്ക് എന്ത് പരിഹാരമുണ്ടാക്കാനാകും, ഇത്തരം കാര്യങ്ങൾക്കുള്ള നിയമോപദേശം എവിടെനിന്നും കിട്ടും, ഇതിനായി അമേരിക്കൻ രാഷ്ട്രീയത്തിലൂടെ നമ്മൾക്ക് ഏതു രീതിയിൽ സമ്മർദ്ദം ചിലത്താനാവും മുതലായവ ഈ കൺവൻഷനിൽ പ്രധാനവിഷയങ്ങളായി അവതരിപ്പിക്കും.
 
ഫോമാ സെൻട്രൽ റീജിയനൽ  വൈസ് പ്രസിഡന്റ്  ബിജി ഫിലിപ്പ്  എടാട്ടും, മറ്റ് നാഷണൽ കമ്മറ്റിയംഗങ്ങളും ഇത്തരമൊരു സംരംഭത്തെ ഈ റീജിയനിലേക്ക് ആദ്യമായി വരവേൽക്കാനുള്ള ഒരുക്കത്തിലാണ്. സർക്കാർ തലത്തിൽ സഹകരിച്ച്   ഇക്കാര്യത്തിൽ കൂടുതൽ നടപടികളുമായി ഫോമാ ലൈഫ്  മുന്നോട്ടുപോകുന്നതായിരിക്കുമെന്ന് എക്സിക്യൂട്ടീവുകളായ  പ്രസിഡന്റ് ഫിലിപ്പ് ചാമത്തിൽ, വൈസ് പ്രസിഡന്റ് വിന്‍സന്റ് ബോസ് മാത്യു,  ജോയിന്റ് സെക്രട്ടറി സാജു ജോസഫ്‌,  ട്രഷറര്‍ ഷിനു ജോസഫ്‌, ജോയിന്റ് ട്രഷറര്‍ ജയിന്‍ കണ്ണച്ചാന്‍പറമ്പില്‍ എന്നിവർ  ഉറപ്പു നൽകി.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.