You are Here : Home / USA News

മാധ്യമ പ്രവര്‍ത്തകന്‍ ഏഞ്ചലീനാ ജോളിയെ ഡേറ്റ് ചെയ്യുമ്പോള്‍

Text Size  

Story Dated: Wednesday, October 16, 2019 04:28 hrs UTC

 

 
 
ജോര്‍ജ് തുമ്പയില്‍
 
എഡിസണ്‍ (ന്യൂജേഴ്‌സി): പ്രശസ്ത ഹോളിവുഡ് നടി ആഞ്ചലീനാ ജോളിയെ മാതൃഭൂമി ന്യൂസ് ഡെപ്യൂട്ടി എഡിറ്റര്‍ വേണു ബാലകൃഷ്ണന്‍ ഡേറ്റ് ചെയ്യുന്നു എന്നൊരു വാര്‍ത്ത വരുന്നു. ഇതോടെ വേണുവിന്റെ മൂല്യം കൂടുന്നു. വേണു താരമായി മാറുന്നു. റേറ്റിംഗ് കൂടുന്നു.
 
വേണു ബാലകൃഷ്ണനെ മുന്നിലിരുത്തി വ്യാജ വാര്‍ത്തകളുടെ പിന്നാമ്പുറം എന്ന പേരിട്ടിരുന്ന കോണ്‍ക്ലേവില്‍ മനോരമ ന്യൂസ് എഡിറ്റര്‍ ജോണി ലൂക്കോസ് ചൂണ്ടിക്കാട്ടിയത് സദസില്‍ ചിരിയുടെ മാലപ്പടക്കത്തിന് തിരി കൊളുത്തി
 
ഇന്‍ഡ്യാ പ്രസ് ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ 8ാമത് അന്തര്‍ദ്ദേശീയ കോണ്‍ഫറന്‍സിന്റെ രണ്ടാം ദിവസം രാവിലെ നടന്ന പരിപാടിയ്ക്കിടെയാണ് ഈ പരാമര്‍ശം. കമന്റ് ആസ്വദിച്ച വേണു ബാലകൃഷ്ണനും കൂട്ടച്ചിരിയില്‍ പങ്കുചേര്‍ന്നു.
 
വിജയ് മല്യയുടെ മകന്‍ പ്രിയങ്കാ ചോപ്രയെ ഡേറ്റ് ചെയ്യുന്നു എന്ന വ്യാജവാര്‍ത്തയുടെ ഉദ്ദേശം മകന്റെ റേറ്റിംഗ് കൂട്ടാനായിരുന്നു.
 
ഇപ്പോള്‍ അമേരിക്കയിലെത്തിയ ശേഷമാണ് നടന്‍മധു മരിച്ചു എന്ന വാര്‍ത്ത കേട്ടത്. സംവിധായകന്‍ കെ.ജി. ജോര്‍ജ് അല്‍സൈമേഴ്‌സ് രോഗബാധിതനായി വൃദ്ധസദനത്തില്‍ കഴിയുന്നു എന്നും മല്ലികാ സുകുമാരന്‍ പോയി കണ്ടു സംസാരിച്ചു എന്ന് വാര്‍ത്ത കൊടുത്തു. പിന്നീട് യാഥാര്‍ത്ഥ്യം വെളിവായപ്പോള്‍ വാര്‍ത്ത പിന്‍വലിച്ചു.
 
എസ് ബാങ്ക് തകര്‍ച്ചയിലേക്ക് എന്നതായിരുന്നു മറ്റൊരു വാര്‍ത്ത. മുംബൈ പോലീസിലും സൈബര്‍ സെല്ലിലും പരാതി നല്‍കിയ എസ് ബാങ്ക് വാര്‍ത്ത നിഷേധിച്ചു.
 
എല്ലാവരും ഉറ്റ് നോക്കുന്ന എല്‍ഐസി തകര്‍ച്ചയിലേക്ക് എന്നതായിരുന്നു വേറൊരു വാര്‍ത്ത. അവരത് നിഷേധിച്ചു.
 
നടനും എഴുത്തുകാരനുമായ വി.കെ. ശ്രീരാമന്‍ മരിച്ചു എന്ന പ്രചാരണം ഉണ്ടായി. മരണവാര്‍ത്ത പ്രചരിപ്പിച്ച വ്യാജ മാധ്യമപ്രവര്‍ത്തകനെ തപ്പിപ്പിടിച്ച് ചോദിച്ചപ്പോള്‍ ഞാന്‍ നിങ്ങളെ കൊന്നില്ലല്ലോ എന്ന മറുചോദ്യമാണ് വന്നത്. ഞാനൊരു വാര്‍ത്ത കൊടുത്തതേയുള്ളൂ എന്ന് ലഘുവായി പറഞ്ഞുതള്ളി.
 
വടക്കാഞ്ചേരിയില്‍ സി.പി.എം. നേതൃത്വത്തിലുള്ള നഗരസഭയില്‍ ഒരു സ്ത്രീ മരിച്ച സംഭവം കേരളമാകെ പരന്നു. ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ്ഭാഗ്യലക്ഷ്മി പത്രസമ്മേളനം വിളിച്ചു കൂട്ടി അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ടു. ഭരണതലം വരെ എത്തിയ കേസ്. മാധ്യമ വിചാരണ നടന്നു. അവസാനം രണ്ടുവര്‍ഷത്തെ അന്വേഷണത്തിനൊടുവില്‍ പരാതി വ്യാജമാണെന്ന് തെളിഞ്ഞു.
 
വാര്‍ത്ത വ്യജ വാര്‍ത്ത ആകാറുമുണ്ട്. സ്വാമിയുടെ ജനനേന്ദ്രിയം മുറിച്ച വാര്‍ത്ത. അവസാനം പരാതിക്കാരിപറഞ്ഞു. ഞാനങ്ങിനെ ചെയ്തിട്ടില്ല.
 
പി.ജെ.ജോസഫ് മന്ത്രിയായിരുന്നപ്പോള്‍ മുല്ലപ്പെരിയാര്‍ ഇപ്പോള്‍ പൊട്ടും എന്ന് പറഞ്ഞതിനെ വ്യാഖ്യാനിച്ചുകൊണ്ട് മാധ്യമങ്ങള്‍ ആഘോഷിച്ചു. അവസാനം അതും വ്യാജത്തില്‍ അവസാനിച്ചു.
 
വ്യാജവാര്‍ത്തകള്‍ ജന്മാവകാശം ആണെന്ന് വിശ്വസിക്കുന്ന ഒരു കൂട്ടം മാധ്യമപ്രവര്‍ത്തകരുടെ ഇടയിലാണ് ഇപ്പോള്‍ നാം ജീവിക്കുന്നത്. വ്യാജവാര്‍ത്തകളുടെ ധ്രുവീകരണം ഏറ്റെടുത്തിരിക്കുന്ന  ഒരു വലിയ സമൂഹം തന്നെയുണ്ട്. അഭിമാനമെന്ന് പറയുന്നത് സങ്കുചിതമായ അഹങ്കാരമായി മാറിക്കഴിഞ്ഞു. വിശ്വസിക്കുന്ന പ്രത്യയശാസ്ത്രത്തിന് അടിമപ്പെട്ടിരിക്കുന്നവര്‍ക്ക് അപ്പുറത്ത് ആരാണെന്നുള്ളതെന്ന പരിഗണന ഒന്നുമില്ല.
 
വ്യാജ വാര്‍ത്തകളെ വികേന്ദ്രീകരിച്ചത് സോഷ്യല്‍ മീഡിയയാണ്. ലോകമെങ്ങുമുള്ള വികാരജീവികളുടെ അത്താണിയാണ് സോഷ്യല്‍ മീഡിയ. ഇന്‍ഡ്യയിലെ വ്യാജവാര്‍ത്തകള്‍ ജാതിയുടെ അടിസ്ഥാനത്തിലാണ്.
 
മുപ്പതിനായിരം വാട്ട്‌സാപ്പ് ഗ്രൂപ്പുകളാണ് ഇന്‍ഡ്യയിലുള്ളത്. ഒരു വാട്ട്‌സാപ്പ് യൂണിവേഴ്‌സിറ്റിയുണ്ടെന്ന് പറയുന്നതാവും ശരി.
 
എന്തിനെയും ചോദ്യം ചെയ്യുന്ന ഒരു രീതി യുവാക്കള്‍ക്കിടയില്‍ ഉണ്ടായിരുന്നു. ആത്മീയതലത്തിലുള്ള ഒരു വിശ്വാസം അവരില്‍ ആരൂഢമായിരിക്കുന്നു. അതിന്റെ വെളിച്ചത്തില്‍ കാഴ്ചപ്പാടുകള്‍ ഉണ്ടാക്കുന്നു. ഇതാണ് ശരി എന്നവര്‍ പ്രചരിപ്പിക്കുന്നു. പൊതു സ്വീകാര്യത കൊണ്ട് ഇതൊക്കെ, ഇങ്ങിനെയൊക്കെ സംഭവിക്കുന്നു.
 
സര്‍ക്കാര്‍ തലത്തിലുമുണ്ട് വ്യാജവാര്‍ത്തകള്‍. ശബരിമലയില്‍ 44 ലക്ഷം വിശ്വാസികള്‍ ദര്‍ശനം നടത്തി. സുപ്രീം കോടതിയില്‍ നല്‍കിയ സത്യവാങ്ങ്മൂലത്തില്‍ 51 സ്ത്രീകളും മല കയറി എന്ന് പറഞ്ഞു. തിരക്കിയപ്പോള്‍ ആ കണക്ക് ശരിയല്ലെന്ന് മനസിലായി. വ്യാജവാര്‍ത്തകളെ സംബന്ധിച്ച് കേംബ്രിഡ്ജ് യൂണിവേഴ്‌സിറ്റിയില്‍ നടന്ന ഒരു ഗവേഷണത്തില്‍, സൈക്കോളജിക്കല്‍ വാക്‌സിനേഷന്റെ സമയമായി എന്ന് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.
 
സി.പി.എമ്മിനെതിരായി ഒരു വ്യാജ വാര്‍ത്ത വന്നാല്‍, അതിനെ തടയിടാനായി, അവര്‍ തന്നെ മറ്റൊരു വാര്‍ത്ത കൊടുക്കും. ദേശാഭിമാനിയില്‍ ഒരു വാര്‍ത്തശബരിമലയില്‍ ആയുധമെടുക്കൂ എന്ന് ആര്‍.എസ്.എസ്. പ്രഖ്യാപിച്ചു എന്ന് കൊടുത്താല്‍, അതില്‍ ഒരു ഇരയുടെആനുകൂല്യം ഉണ്ടാവുന്നു.
 
വ്യാജവാര്‍ത്തകളുടെ ഫാക്ടറികള്‍ തഴച്ചു വളരുകയാണ്. അത്തരം വാര്‍ത്തകളുടെ നിജസ്ഥിതി കണ്ടെത്തുകയാണ് ഇപ്പോഴത്തെ യഥാര്‍ത്ഥ മാധ്യമപ്രവര്‍ത്തകരുടെ ഒരു ദൗത്യം. വ്യാജവാര്‍ത്തകള്‍ക്ക് കിട്ടുന്ന സ്വീകാര്യത തന്നെയാണ് ഇതിലെ പ്രശ്‌നം. ക്രിമിനല്‍ വാസനയുള്ളവര്‍ സമൂഹത്തില്‍ എന്നുമുണ്ടായിട്ടുണ്ട. ഇത് ശരിക്കും തല്ല് കിട്ടാത്തതുകൊണ്ടാണ്. മീശയുള്ള അപ്പനെയേ പേടിയുള്ളൂ.
 
വളരെ സജീവമായി നടന്ന ചര്‍ച്ചകളില്‍ ഉയര്‍ന്നു വന്ന ചോദ്യങ്ങള്‍ക്ക് കുറിക്ക് കൊള്ളുന്ന മറുപടിയുമായി നേരെ ചൊവ്വെ ജോണി ലൂക്കോസ് നേരിട്ടു. ഹൂസ്റ്റണ്‍ ചാപ്റ്റര്‍ സംഘടിപ്പിച്ച ഈ കോണ്‍ക്ലേവില്‍ ജോണ്‍ വര്‍ഗീസ്, മോട്ടി മാത്യു, ചാപ്റ്റര്‍ പ്രസിഡണ്ട് ജോയി തുമ്പമണ്‍, ഫിന്നി രാജു, ജിജൂ കുളങ്ങര, ഡോ. ജോര്‍ജ് കാക്കനാട്ട്, റെയ്‌നാ റോക്ക് എന്നിവര്‍ പങ്കു ചേര്‍ന്നു. അനില്‍കുമാര്‍ ആറന്മുള കോഓര്‍ഡിനേറ്റ് ചെയ്തു.
 
എം.ജി.രാധാകൃഷ്ണന്‍, വേണു ബാലകൃഷ്ണന്‍, വെങ്കിടേഷ് രാമകൃഷ്ണന്‍, വിനോദ് നാരായണ്‍ എന്നിവരോടൊപ്പം വിര്‍ജീനയിലെ എബിസി ചാനലില്‍ ആങ്കറും റിപ്പോര്‍ട്ടറുമായ ബേസില്‍ ജോണും സ്‌റ്റേജില്‍ സന്നിഹിതനായിരുന്നു. ബേസില്‍ ജോണ്‍ താന്‍ കടന്നു പോന്ന വഴികളെ കുറിച്ച് സംസാരിച്ചു. ബേസില്‍ ജോണിന്റെ മാതാപിതാക്കളും സഹോദരിയും പങ്കെടുത്തു.
 
ടാജ്മാത്യു, ജീമോന്‍ ജോര്‍ജ്, ജെ മാത്യൂസ്, ജോസ് കാടാപുറം, റെയ്‌നാ റോക്ക്, ജോയി തുമ്പമണ്‍, ജോര്‍ജ് ജോസഫ്, ബിനു ചിലമ്പത്ത്, സഞ്ജീവ്  മഞ്ഞില തുടങ്ങി ഒട്ടേറെ പേര്‍ സജീവമായ ചര്‍ച്ചകളില്‍ പങ്കെടുത്തു.
 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.