You are Here : Home / USA News

കൺവൻഷനിൽ പങ്കെടുക്കാൻ കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി ഹൂസ്റ്റണിൽ എത്തി; ഹൃദ്യസ്വീകരണം

Text Size  

Story Dated: Wednesday, July 31, 2019 03:08 hrs UTC

മാർട്ടിൻ വിലങ്ങോലിൽ
 
ഹൂസ്റ്റൺ∙  ഓഗസ്ത് ഒന്നിന് തുടങ്ങുന്ന സിറോ മലബാർ  ദേശീയ കൺവൻഷനിൽ പങ്കെടുക്കാൻ എത്തിയ സിറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച്‌ ബിഷപ്‌ കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ്‌ ആലഞ്ചേരിക്കും, കൂരിയ ചാൻസലർ റവ. ഫാ. വിന്‍സെന്‍റ് ചെറുവത്തൂരിനും ഹൂസ്റ്റണിൽ ഹൃദ്യമായ സ്വീകരണം നൽകി.
 
ഷിക്കാഗോ സിറോ മലബാർ ബിഷപ്പും കൺവൻഷൻ രക്ഷാധികാരിയുമായ  മാർ ജേക്കബ് അങ്ങാടിയത്ത്, രൂപതാ സഹായ മെത്രാനും കൺവൻഷന്റെ ജനറൽ കണ്‍വീനറായ  മാര്‍ ജോയ് ആലപ്പാട്ട്, ഫൊറോനാ വികാരിയും  കൺവൻഷൻ കണ്‍വീനറുമായ  ഫാ. കുര്യന്‍ നെടുവേലിചാലുങ്കല്‍, ഫാ. അലക്സ് വിരുതകുളങ്ങര, ഫാ. അനിൽ  വിരുതകുളങ്ങര,  കൺവൻഷൻ ചെയർമാൻ, അലക്‌സാണ്ടർ കുടക്കച്ചിറ, വൈസ് ചെയർമാൻ ബാബു മാത്യു പുല്ലാട്ട്, ഫൊറോനാ ട്രസ്റ്റി സണ്ണി ടോം, മറ്റു എക്സിക്യു്ട്ടീവ് കമ്മറ്റി അംഗങ്ങൾ  എന്നിവരും വിശ്വാസിസമൂഹവും ചേർന്ന് ഹൂസ്റ്റൺ എയർപോർട്ടിൽ എത്തിച്ചേർന്ന  മാർ. ആലഞ്ചേരിയെ പൂച്ചെണ്ടുകൾ നൽകി സ്വീകരിച്ചു. 
 
അമേരിക്കയിലെ ആയിരക്കണക്കിന് സീറോ മലബാർ സഭാഅംഗങ്ങൾ പ്രാർഥനയോടെ കാത്തിരിക്കുന്ന ഏഴാമത് സ‌ിറോ മലബാർ  ദേശീയ കൺവൻഷനു വ്യാഴാഴ്ച തുടക്കമാകും.  ഔദ്യോഗിക ഉദ്ഘാടനം വ്യാഴാഴ്ച വൈകിട്ട് 6.45 നു നടക്കും. ഉദ്ഘാടനത്തിൽ മാർ ജോർജ് ആലഞ്ചേരി മുഖ്യാതിഥിയായി പങ്കെടുത്ത് സന്ദേശം നൽകും.  
 
മാര്‍ തോമാ ശ്ലീഹായുടെ പൈതൃകത്തെ ഉൾക്കൊണ്ടു കൊണ്ട് ഉണർന്നു പ്രശോഭിക്കുവാൻ ഉള്ള തയാറെടുപ്പിലാണ് സിറോ മലബാർ സഭാ വിശ്വാസികൾ. ഓഗസ്റ്റ് ഒന്നുമുതൽ നാലുവരെ നടക്കുന്ന കൺവൻഷനു ഹൂസ്റ്റണിലെ ഹിൽട്ടൺ അമേരിക്കാസ് കൺവെൻഷൻ സെന്ററാണ് വേദി. ‘മാർത്തോമ്മ മാർഗം വിശുദ്ധിയിലേക്കുള്ള മാർഗം; ഉണർന്നു പ്രശോഭിക്കുക’ എന്ന ആപ്തവാക്യവുമായി അമേരിക്കയിലെ സിറോ മലബാർ വിശ്വാസീസമൂഹം സംഗമിക്കുന്ന കൺവെൻഷന് ഹൂസ്റ്റൺ ഫൊറോനയാണ് ഇത്തവണ ആതിഥേയത്വം വഹിക്കുന്നത്.   

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.