You are Here : Home / USA News

`മലയാള കവിത അമേരിക്കയില്‍' ലാനാ കണ്‍വന്‍ഷനില്‍ കവിതാ സെമിനാര്‍

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Monday, November 11, 2013 11:33 hrs UTC

ഷിക്കാഗോ: താങ്ക്‌സ്‌ ഗിവിംഗ്‌ വീക്കെന്‍ഡില്‍ ഷിക്കാഗോയിലെ ഹോട്ടല്‍ ഷെറാട്ടണില്‍ വെച്ച്‌ നടക്കുന്ന ലാനാ കണ്‍വന്‍ഷനില്‍ അമേരിക്കയിലെ മലയാള കവിതകളെ അടിസ്ഥാനമാക്കി ചര്‍ച്ചാ സെമിനാര്‍ സംഘടിപ്പിക്കുന്നു. `മലയാള കവിത അമേരിക്കയില്‍: വളര്‍ച്ചയുടെ പതിറ്റാണ്ടുകള്‍' എന്ന്‌ നാമകരണം ചെയ്‌തിരിക്കുന്ന സെമിനാറില്‍ കഴിഞ്ഞ ദശാബ്‌ദങ്ങളിലെ അമേരിക്കന്‍ മലയാളികളുടെ കവിതകളിലൂടെ ഒരു പഠനയാത്രയാണ്‌ വിഭാവനം ചെയ്‌തിരിക്കുന്നത്‌. അമേരിക്കയിലെ മലയാളി കവികളില്‍ ശ്രദ്ധേയനായ ജോസഫ്‌ നമ്പിമഠം (ഡാളസ്‌), പണ്‌ഡിതനും ആഴ്‌ചവട്ടം പത്രത്തിന്റെ അസോസിയേറ്റ്‌ എഡിറ്ററുമായ ഇ.വി. പൗലോസ്‌ (ഫിലാഡല്‍ഫിയ) എന്നിവര്‍ മുഖ്യ പ്രബന്ധം അവതരിപ്പിക്കുന്ന സെമിനാറില്‍ ജോസ്‌ ഓച്ചാലില്‍ (ഡാളസ്‌), ജോസ്‌ ചെരിപുറം (ന്യൂയോര്‍ക്ക്‌), സന്തോഷ്‌ പാലാ (ന്യൂയോര്‍ക്ക്‌) എന്നിവരും പ്രസംഗിക്കുന്നതാണ്‌. പീറ്റര്‍ നീണ്ടൂര്‍ (ന്യൂയോര്‍ക്ക്‌) സെമിനാറില്‍ മോഡറേറ്ററായിരിക്കും. കവി, കഥാകൃത്ത്‌, ലേഖകന്‍, സംഘാടകന്‍ എന്നിങ്ങനെ വിവിധ നിലകളില്‍ കഴിവ്‌ തെളിയിച്ചിട്ടുള്ള ജോസഫ്‌ നമ്പിമഠം വടക്കേ അമേരിക്കയിലെ മലയാളി കവികളില്‍ ഏറെ ശ്രദ്ധേയനാണ്‌. ചങ്ങനാശേരി എസ്‌.ബി കോളജില്‍ നിന്നും ഇംഗ്ലീഷ്‌ സാഹിത്യത്തില്‍ ബിരുദം നേടിയതിനുശേഷം കേരള സര്‍ക്കാര്‍ സര്‍വീസില്‍ ഉദ്യോഗസ്ഥനായി.

 

നാട്ടില്‍ വെച്ചുതന്നെ കഥകളും കവിതകളും എഴുതിത്തുടങ്ങിയ അദ്ദേഹം 1985-ല്‍ അമേരിക്കയിലേക്ക്‌ കുടിയേറിയതിനുശേഷവും സാഹിത്യസപര്യ തുടര്‍ന്നു. ലാനയുടെ സ്ഥാപക സെക്രട്ടറിയും, മുന്‍ പ്രസിഡന്റുമായ നമ്പിമഠം ലാനയും ഡാളസിലെ സാഹിത്യ സംഘടനയായ കേരള ലിറ്റററി സൊസൈറ്റിയും രൂപീകരിക്കുന്നതില്‍ മുഖ്യ പങ്കുവഹിച്ചു. കവിതാ സമാഹാരങ്ങളും കഥാസമാഹാരങ്ങളുമായി അഞ്ച്‌ ഗ്രന്ഥങ്ങള്‍ പ്രസിദ്ധീകരിച്ച അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ 1996-ല്‍ അമേരിക്കന്‍ മലയാളി കവികളുടെ ആദ്യത്തെ കവിതാ സമാഹാരം പ്രസിദ്ധീകരിച്ചു. ഫിലാഡല്‍ഫിയയിലെ സാഹിത്യസ്‌നേഹികളുടേയും വായനക്കാരുടേയും സംഘടനയായ `നാട്ടുക്കൂട്ട'ത്തിന്റെ നേതൃനിരയില്‍ പ്രവര്‍ത്തിക്കുന്ന ഇ.വി. പൗലോസ്‌ മികച്ച അനുവാചകനും, സാഹിത്യ വിമര്‍ശകനുമാണ്‌. നാലുവര്‍ഷത്തെ ഗവേഷണ പഠനങ്ങള്‍ക്കൊടുവില്‍ വേദപുസ്‌തകത്തിലെ വിവിധ കഥാപാത്രങ്ങളെക്കുറിച്ചും സംഭവങ്ങളെക്കുറിച്ചും പഠനവിധേയമാക്കി മുപ്പത്‌ പ്രഭാഷണ സിഡികള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്‌. മലയാള സാഹത്യത്തിന്റെ വിവിധ മേഖലകളെക്കുറിച്ചും കൃതികളെക്കുറിച്ചും ആഴത്തില്‍ പഠനം നടത്തിയ അദ്ദേഹം ഇപ്പോള്‍ `ആഴ്‌ചവട്ടം' വാരാന്ത്യപ്പത്രത്തില്‍ അസോസിയേറ്റ്‌ എഡിറ്റായി പ്രവര്‍ത്തിക്കുന്നു.

 

 

പ്രവാസജീവിതത്തിന്റെ തിരക്കുകള്‍ക്കിടയിലും മലയാള ഭാഷയെ സ്‌നേഹിക്കുകയും ജീവതഗന്ധിയായ കഥകളും കവിതകളുംകൊണ്ട്‌ കൈരളിയെ സമ്പുഷ്‌ടമാക്കുകയും ചെയ്‌ത സാഹിത്യകാരനാണ്‌ ജോസ്‌ ഓച്ചാലില്‍. കഥാപ്രസംഗ കലയുടെ ഉപജ്ഞാതാവും പ്രചാരകനുമായിരുന്ന വിദ്വാന്‍ പി.സി. ഏബ്രഹാമിന്റെ ഇളയ മകനായി പിറന്ന അദ്ദേഹം ചെറുപ്പം മുതല്‍ തന്നെ കവിതാരചനയില്‍ ഏര്‍പ്പെട്ടുതുടങ്ങി. വൃത്തനിയമങ്ങളും അലങ്കാരഭംഗിയും പിന്തുടര്‍ന്ന്‌ രചിക്കപ്പെടുന്ന അദ്ദേഹത്തിന്റെ കവിതകള്‍ മികച്ച വായനാനുഭവം നല്‍കുന്നവയാണ്‌. `പറുദീസയിലെ ചക്രവാകപ്പക്ഷികള്‍' ഉള്‍പ്പടെ നാല്‌ ഗ്രന്ഥങ്ങള്‍ രചിച്ചിട്ടുണ്ട്‌. കവിയും നര്‍മ്മ സാഹിത്യകാരനുമായ ജോസ്‌ ചെരിപുറം അമേരിക്കന്‍ മലയാളികള്‍ക്കിടയിലെ മികച്ച നിമിഷ കവിയാണ്‌. ചുറ്റുവട്ടത്ത്‌ നടക്കുന്ന കൊച്ചുകൊച്ച്‌ സംഭവങ്ങള്‍ ഹാസ്യത്തിന്റെ മേമ്പൊടി ചേര്‍ത്ത്‌ കാവ്യരൂപത്തിലും കഥാരൂപത്തിലും അവതരിപ്പിക്കാനുള്ള അദ്ദേഹത്തിന്റെ കഴിവ്‌ ഏറെ വാഴ്‌ത്തപ്പെടുന്നു. ന്യൂയോര്‍ക്കിലെ കേരളാ സെന്ററിന്റെ സ്ഥാപനത്തിലും പ്രവര്‍ത്തനങ്ങളിലും മുഖ്യ പങ്കുവഹിച്ച അദ്ദേഹം മികച്ച ഒരു സംഘാടകന്‍ കൂടിയാണ്‌. കവിതാ സമാഹാരങ്ങളും ഹാസ്യലേഖനങ്ങളുമുള്‍പ്പടെ മൂന്നു പുസ്‌തകങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്‌. അമേരിക്കയിലും കേരളത്തിലുമുള്ള പ്രമുഖ ആനുകാലിക പ്രസിദ്ധീകരണങ്ങളില്‍ ശ്രദ്ധേയമായ കവിതകള്‍ എഴുതുന്ന സന്തോഷ്‌ പാലാ `കമ്യൂണിസ്റ്റ്‌ പച്ച' എന്ന കവിതാ സമാഹാരത്തിന്റെ രചയിതാവാണ്‌. `അങ്കണം' പ്രവാസ പുരസ്‌കാരമുള്‍പ്പടെ അനവധി സാഹിത്യ പുരസ്‌കാരങ്ങള്‍ നേടിയിട്ടുണ്ട്‌. ന്യൂയോര്‍ക്കില്‍ ഐടി മേഖലയില്‍ ജോലിചെയ്യുന്ന അദ്ദേഹത്തിന്റെ കവിതകള്‍ പ്രമേയത്തിന്റെ വൈവിധ്യംകൊണ്ടും വാക്കുകളുടെ തീക്ഷണതകൊണ്ടും ഏറെ ശ്രദ്ധിക്കപ്പെടുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.