സ്ഥനാനാര്ത്ഥിത്വം പ്രഖ്യാപിക്കുമ്പോള്‍ എല്ലാവരും പല മോഹന വാഗ്ദാനങ്ങള്‍ നല്‍കും. ഓടിനടന്ന് പങ്കെടുക്കാവുന്ന മീറ്റിംഗുകളിലെല്ലാം സംബന്ധിച്ച്, വാഗ്ദാനങ്ങള്‍ അടിവരയിട്ട് പ്രഖ്യാപിക്കും പത്രദ്വാരായും വേണ്ട പബ്ലിസിറ്റി കൊടുക്കും. ഇതിനിടയില്‍ കുറച്ചു കമ്മിറ്റി മീറ്റിംഗുകളും കൂടും. ചില കമ്മിറ്റി ചെയര്മാന്മാരേയും, കണ്വന്ഷന് കണ്‍വീനര്‍മാരേയും, കോര്‍ഡിനേറ്റര്‍മാരേയും തെരഞ്ഞെടുക്കും. പിന്നീട് കണ്വന്ഷന് എങ്ങനെ കൊട്ടിക്കയറ്റാം എന്നുള്ള തിരക്കിട്ട ആലോചനയാണ്. ടെലി കോണ്‍ഫറന്‍സ്, വീഡിയോ കോണ്‍ഫറന്‍സ് - കാക്കക്കൂട്ടില്‍ കല്ലെറിയുന്നതുപോലെ ഒരു കലപില. ഇതിനിടയില്‍ നാട്ടിലേക്ക് ഒരു പറക്കലും പത്രസമ്മേളനവും! മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി മുതല്‍ ഗണ്മാന് വരെ സമ്മേളനങ്ങളില്‍ സജീവമായി പങ്കെടുക്കുമെന്ന് ഒരു പ്രസ്താവനയും. സരിതയും കടംകപള്ളിയും, ശാലുമേനോനും തലയ്ക്കുചുറ്റും ഉപഗ്രഹം പോലെ നിന്നു കറങ്ങുമ്പോള്‍, കുഞ്ഞൂഞ്ഞിനു ഇതിനെവിടെ സമയം? ഇതിനിടയില്‍ പിടിച്ചുനിര്‍ത്താനാവാത്ത വിലക്കയറ്റംകൊണ്ട് വാലിനു തീപിടിച്ചപോലെ ഓടിനടക്കുകയാണ്. ദീര്‍ഘയാത്ര ചെയ്യുവാന്‍ ബുദ്ധിമുട്ടുണ്ടെന്ന് മുന്‍കൂട്ടി അറിയിച്ചിരുന്നെങ്കിലും ബാബു പോള്‍ ഐ.എ.എസും, സിനിമാതാരം ബാലചന്ദ്ര മേനോനും ആഘോഷങ്ങളില്‍ പങ്കെടുക്കുമെന്ന് പലതവണ പത്രമാധ്യമങ്ങളില്‍ കൂടി പൊതുജനത്തെ അറിയിച്ച് അവരെ പലതവണ കഴുതകളാക്കിയതാണ്.
`ഫോമാ' ചിരിയരങ്ങിലെ സംഘടനാ ഉത്തരവാദിത്വത്തില്‍ നിന്ന് ദയവായി എന്നെ ഒഴിവാക്കണമെന്നു ബന്ധപ്പെട്ട ഭാരവാഹികളെ ഞാന്‍ നേരത്തെ അറിയിച്ചതാണ്. എന്നാല്‍ ചിരിച്ചുകൊണ്ട് കഴുത്തറക്കുന്ന രണ്ടുപേരുടെ വാക്കുകള്‍ വിശ്വസിച്ച് ഞാനത് മനസില്ലാ മനസോടെ സമ്മതിച്ചു. (എന്റെ അപ്പന്റെ ആത്മാവിനോട് ക്ഷമചോദിച്ചുകൊണ്ട്!)
അങ്ങനെ പെന്‍സില്‍വേനിയയിലെ വാലി ഫോര്‍ജ് കാസിനോ റിസോര്‍ട്ടിലെ `കേരളാ നഗര്‍' എന്ന് പേരിട്ടിരിക്കുന്ന കണ്വന്ഷന് സെന്ററിലെത്തി. പ്രശസ്ത കലാ സംവിധായകന് തിരുവല്ലാ ബേബിയുടെ പ്രശസ്തമായ ഒരു നാലുകെട്ടിന്റെ ചിത്രം നാലായി വലിച്ചുകീറി നാലു മൂലയ്ക്കു കെട്ടിയിരിക്കുന്നു. പ്രധാന വാതില്ക്കല് നാല് തേക്കാക്കുലയും കെട്ടിയിട്ടുണ്ട്. തീര്‍ന്നു, കേരളാ നഗറിന്റെ ഡെക്കറേഷന്- ബേബിച്ചായനാണെങ്കില് കടന്നലു കുത്തിയ മുഖവുമായി അവിടെ നില്‍പ്പുണ്ട്. ദോഷം പറയരുതല്ലോ! നല്ല ജനപങ്കാളിത്തമുണ്ടായിരുന്നു. കിട്ടിയ മുറിയും തരക്കേടില്ലായിരുന്നു.
യാത്ര ചെയ്ത് ക്ഷീണിച്ചുവന്നതല്ലേ ഒന്നു ഫ്രഷ് ആയിട്ട് കാന്റീനില്‍ ചെന്ന് ഭക്ഷണം കഴിക്കാമെന്നു കരുതി. അവിടെ ചെന്നപ്പോഴേ ദേണ്ടെ കിടക്കുന്നു. ചട്ടീം കലോം. തോക്കുധാരികളായ മൂന്നാലു പോലീസുകാര്‍. ഫോട്ടോ ഐ.ഡി, ഡിന്നര്‍ പാസ് ഇതെല്ലാം പരിശോധിച്ചിട്ടേ അകത്തേക്ക് കയറ്റി വിടൂ. മതിയായ രേഖകള്‍ കൈയ്യില്‍ കരുതിയിരുന്നതുകൊണ്ട് അകത്തേക്ക് പ്രവേശനം ലഭിച്ചു. ഏതായാലും ഡിന്നര്‍ തകര്‍ത്തു. കുറച്ചു പച്ചരി ചോറില്വാരി വിതറിയിട്ട മഞ്ഞച്ചോറ്. കോഴിക്കഷണമില്ലാത്ത കോഴിക്കറി, പോരാത്തതിന് കടലക്കറിയും! പോരെ പൂരം? മൂന്നുദിവസവും ഇതുതന്നെ ആവര്‍ത്തിച്ചു. പണ്ടൊരുത്തന്‍ പറഞ്ഞതുപോലെ രാവിലെ കപ്പ പുഴുങ്ങിയതും കാപ്പിയും, പിന്നെ ഉച്ചയ്ക്ക് കപ്പ പുഴുങ്ങിയതും കാപ്പിയും, വൈകിട്ടു മാത്രം കപ്പ പുഴുങ്ങിയതും കാപ്പിയും. ഒന്നോരണ്ടോ മിനിറ്റ് താമസിച്ചുവന്ന കുട്ടികളെപ്പോലും പോലീസുകാര്‍ ഭക്ഷണശാലയിലേക്ക് കടത്തിവിടാതിരുന്നത് ക്രൂരതയായിപ്പോയി.!
പിന്നെ പതിവുപോലെ ഘോഷയാത്രയും മീറ്റിംഗുകളും, സെമിനാറുകളും, അവാര്‍ഡ് ദാനങ്ങളും! മലയാള ഭാഷാ സാഹിത്യത്തെ വലിയ അവഗാഹമൊന്നുമില്ലാത്ത എന്റെ പ്രിയ സുഹൃത്ത് ശ്രീമാന്‍ പ്രിന്‍സ് മാര്‍ക്കോസായിരുന്നു ഇത്തവണയും സാഹിത്യ സമ്മേളനത്തിന്റെ നടത്തിപ്പുകാരന്. എഴുപത്തിയഞ്ച് പതിപ്പ് വിറ്റുതീര്‍ന്ന `ആടുജീവിതം' എന്ന നോവലിന്റെ ഗ്രന്ഥകര്‍ത്താവ് ബെന്യാമിനെ ഭാരവാഹികളില്‍ ഭൂരിഭാഗമെണ്ണത്തിനും അറിയില്ലായിരുന്നു.
`ചിരിയരങ്ങ്' പതിവു തറയും തെറിയും എല്ലാം കൂട്ടി കുളമാക്കി.
ബാങ്ക്വറ്റ് വളരെ ഭംഗിയായി നടന്നു. നല്ല ഭക്ഷണവും നല്ല കലാപരിപാടികളും! ആദ്യമുണ്ടായ പോരായ്മകള്‍ ഇതിലൂടെ പരിഹരിക്കാന്‍ ഭാരവാഹികള്‍ക്ക് കഴിഞ്ഞു. മടക്കയാത്രയില്‍ എന്തെങ്കിലുമൊക്കെ നന്മകള് ഓര്‍ത്തിരിക്കാനുള്ള വിഭവങ്ങള്‍ തന്നാണ് ഭാരവാഹികള്‍ അതിഥികളെ യാത്രയാക്കിയത്!
ഫോമാ/ഫൊക്കാനാ പോലെയുള്ള വലിയ കണ്‍വന്‍ഷനുകള്‍ നടക്കുമ്പോള്‍ ഭാരവാഹികള്‍ എത്ര ശ്രമിച്ചാലും അതില്‍ പാളിച്ചകളും പരാതികളുമുണ്ടാകും. നമ്മള് ചെയ്യുന്ന കാര്യങ്ങള്‍ നല്ല ഉദ്ദേശത്തോടുകൂടിയാണെങ്കില്‍ നമ്മളെ അത് അലട്ടുകയില്ല.
എതായാലും തരക്കേടില്ലാത്ത ഒരു കണ്വന്ഷന് വിജയസമാപ്തിയിലെത്തിച്ചതിന് പ്രസിഡന്റ് ജോര്‍ജ് മാത്യു, സെക്രട്ടറി ഗ്ലാഡ്സണ്‍ വര്‍ഗീസ്, ട്രഷറര്‍ വര്‍ഗീസ് ഫിലിപ്പ്, മറ്റ് ഭാരവാഹികള്‍ തുടങ്ങിയവര്‍ അഭിനന്ദനമര്‍ഹിക്കുന്നു.
ഫുഡ്കോര്‍ട്ട്: ഇലക്ഷന് മൂന്നാം ദിവസം വെച്ചത് വളരെ നന്നായി. പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിച്ച ആനന്ദന് നിരവേലിന്റേയും, ജയിംസ് ഇല്ലിക്കലിന്റേയും വിശാലമായ മുറികളില്‍ എന്നും വിഭവസമൃദ്ധമായ വിരുന്നുണ്ടായിരുന്നു. കപ്പ, മീന്‍കറി, കോഴിക്കറി, എന്തിനേറെ തേന്‍കിനിയുന്ന ഫ്ളോറിഡാ മാമ്പഴവും!!!
Comments