You are Here : Home / USA News

യുക്‌മാ സാഹിത്യ മത്സര ഫലം പ്രഖ്യാപിച്ചു

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Monday, June 23, 2014 09:01 hrs UTC

 

യുക്‌മക്ക്‌ വേണ്ടി യുക്‌മാ സാംസ്‌കാരികവേദിയുടെ സാഹിത്യവിഭാഗം സംഘടിപ്പിച്ച സാഹിത്യ മത്സരങ്ങളുടെ ഫലം പുറത്തുവന്നു. ജൂനിയേഴ്‌സ്‌, സീനിയേഴ്‌സ്‌ വിഭാഗങ്ങളില്‍ കഥ, കവിത, ലേഖനം എന്നിവയിലാണ്‌ മത്സരങ്ങള്‍ നടത്തപ്പെട്ടത്‌. ഓരോ വിഭാഗത്തിനും പ്രത്യേകം പ്രത്യേകം വിഷയങ്ങള്‍ നല്‍കി ആ വിഷയങ്ങളില്‍ മാത്രം രചനകള്‍ ക്ഷണിച്ചത്‌ രചനകള്‍ ഈ മത്സരത്തിലേക്ക്‌ മാത്രമായി രചിക്കപ്പെട്ടതാകണം എന്ന ലക്ഷ്യം മാത്രം മുന്‍നിറുത്തിയാണ്‌. അതുകൊണ്ട്‌ തന്നെ രചനകളുടെ ഒരു കുത്തൊഴുക്ക്‌ സംഘാടകര്‍ പ്രതീക്ഷിച്ചിരുന്നില്ല. എന്നിട്ടും നൂറോളം രചനകള്‍ ലഭിച്ചു എന്നത്‌ സാഹിത്യ വേദിക്ക്‌ തികച്ചും അഭിമാനാര്‍ഹം തന്നെയാണ്‌. ഈ സാഹിത്യ മത്സരങ്ങളുടെ വിധി നിര്‍ണ്ണയം നടത്തിയത്‌ പ്രമുഖ സാഹിത്യകാരന്മാരും കവികളും ആയ ശ്രീ.ഏഴാച്ചേരി രാമചന്ദ്രന്‍, ശ്രീ. ജോര്‍ജ്ജ്‌ ഓണക്കൂര്‍, ശ്രീ.കിളിരൂര്‍ രാധാകൃഷ്‌ണന്‍, ശ്രീ. കാരൂര്‍ സോമന്‍ എന്നിവരും ഇംഗ്ലീഷ്‌ വിഭാഗത്തില്‍ ശ്രീമതി.പാര്‍വ്വതീപുരം മീര, ശ്രീ.അലക്‌സ്‌ കണിയാമ്പറമ്പില്‍ എന്നിവരും ആയിരുന്നു. കുട്ടികള്‍ക്ക്‌ മലയാള ഭാഷയുടെ പ്രാധാന്യം മനസ്സിലാക്കി അവരുടെ ഭാഷാപരമായ കഴിവുകള്‍ വര്‍ദ്ധിപ്പിക്കുക എന്ന ഉദ്ദേശത്തോടെ കഥ, കവിതാ വിഭാഗങ്ങളില്‍ മലയാളത്തില്‍ ജൂനിയേഴ്‌സിന്‌ പ്രത്യേക മത്സരം ഉണ്ടായിരുന്നുവെങ്കിലും നിര്‍ഭാഗ്യമെന്നു പറയട്ടെ, ഈ വിഭാഗത്തില്‍ രചനകള്‍ ഒന്നും തന്നെ കിട്ടിയില്ലാ എന്നത്‌ നമ്മുടെ അടുത്ത തലമുറയുടെ മലയാള ഭാഷയോടുള്ള സമീപനത്തിന്റെ ഒരു ഉദാഹരണം മാത്രം. ഇത്‌ മാതാപിതാക്കള്‍ മനസ്സിലാക്കേണ്ടതിനും മക്കളെ അത്യാവശ്യം നമ്മുടെ മാതൃഭാഷയില്‍ എഴുത്തും വായനയും പഠിപ്പിക്കേണ്ടതിന്റെ അറിവിലേക്കുമായാണ്‌ ഇവിടെ തുറന്നെഴുതുന്നത്‌. ഇത്‌ സംഘടനയുടെ പോരയ്‌മയായി സംഘടന കാണുന്നുമില്ല.

മത്സര ഫലങ്ങള്‍:

ലേഖനം: സീനിയേഴ്‌സ്‌:
1 ബേസില്‍ ജോസഫ്‌ (പ്രെംബ്രൂക്‌ ഷയര്‍)
2 ഷാജി ലൂക്കോസ്‌ ( നോര്‍ത്തേണ്‍ അയര്‍ലണ്ട്‌)
3ഷീബാ ജെയിംസ്‌ ( ലിങ്കണ്‍ഷയര്‍)

കഥ: സീനിയേഴ്‌സ്‌:
1ഓര്‍മ്മകളില്‍ തനിയേ (ഷീബാ ജെയിംസ്‌, ലിങ്കണ്‍ഷയര്‍)
2അസ്‌തമനത്തിലെ അധിനിവേശം ( ഷാജി ലൂക്കോസ്‌, നോര്‍ത്തേണ്‍ അയര്‍ലണ്ട്‌)
3അകന്നുപോയവര്‍ (വിപിന്‍ വിജയന്‍,ലണ്ടന്‍)

കവിത: സീനിയേഴ്‌സ്‌:
1 ഉരുകുന്നോരുലകം അനു തോമസ്‌, (ലിവര്‍പൂള്‍)
2 ഞങ്ങളാറുപേര്‍ ഷീബാ ജെയിംസ്‌, (ലിങ്കണ്‍ഷയര്‍)
3 എരിയുന്ന പ്രാണന്റെ എഴുതാത്തയേടുകള്‍ (ഡെന്നീസ്‌ എം. ജോസഫ്‌ ,എസ്സക്‌സ്‌)

ലേഖനം : ജൂനിയേഴ്‌സ്‌:
1ഏഞ്ചലിന്‍ അഗസ്റ്റിന്‍, വ്രെസ്റ്റ്‌ ബൈഫ്‌ലിറ്റ്‌
2അലിക്ക്‌ മാത്യു , (ബിര്‍ക്കന്‍ഹെഡ്‌)
3സണ്ണി വര്‍ഗ്ഗീസ്‌,( വോക്കിംഗ്‌)

കഥ : ജൂനിയേഴ്‌സ്‌:
1 ഫോക്കസ്‌ ഓണ്‍ ദ മ്യൂസിക്ക്‌ (ഐവിന്‍ ജോസ്‌, ഗ്രീന്‍ ഫോഡ്‌)
2 ദ മിസ്റ്റീരിയസ്‌ മ്യൂസിക്‌ ( അലീനാ ജോയ്‌, (ലിവര്‍പൂള്‍)
3 ദ ക്രോസ്‌ ഓണ്‍ ദ ഗൂഡ്‌ ലക്ക്‌ (മേരി സുരേഷ്‌,(ലിവര്‍പൂള്‍)

കവിത : ജൂനിയേഴ്‌സ്‌:
1 ഷൈന്‍ ലൈക്‌ എ കാന്‍ഡില്‍ , (ഏഞ്ചല്‍ കുരിയാക്കോസ്‌, അബറിസ്വിത്ത്‌),
2 ദ്‌ ലൈഫ്‌ ഓഫ്‌ എ കാന്‍ഡില്‍.(ജെറിന്‍ ജേക്കബ്ബ്‌,സാലിസ്‌ബറി)
3 ദ്‌ ലൈറ്റ്‌ ഓഫ്‌ ദ്‌ കാന്‍ഡില്‍,( ഐവിന്‍ ജേക്കബ്ബ്‌, ലണ്ടന്‍)

ഈ മത്സരത്തെക്കുറിച്ചുള്ള ജഡ്‌ജസ്സിന്റെ അഭിപ്രായങ്ങള്‍ കൂടി ഇവിടെ ചേര്‍ക്കുകയാണ്‌.
ലോക ജീവിതത്തിന്റെ മാധുര്യം മാത്രം നുകരാന്‍ വെമ്പല്‍ കൊള്ളുന്ന മലയാളീ സംഘടനകള്‍ക്കിടയില്‍, സംഘടനകളുടെ സംഘടനയായ യുക്‌മയുടെ മാതൃ ഭാഷക്കും സംസ്‌കാരത്തിനും നല്‍കുന്ന ഒരു സാന്ത്വനമാണ്‌ ഈ സാഹിത്യ മത്സരങ്ങള്‍. മലയാളത്തനിമ നിറഞ്ഞ ഇതിന്റെ ഭാരവാഹികളെ ഈ അവസരത്തില്‍ ഹാര്‍ദ്ദവമായി അനുമോദിക്കുന്നു. സ്വന്തം അദ്ധ്വാനം കൊണ്ടും സമ്പത്തുകൊണ്ടും പൂര്‍ത്തീകരിക്കപ്പെടുന്ന സിനിമ, നൃത്തം , സംഗീതം മറ്റ്‌ ഇതര കലകളേപ്പോലെയല്ലാ സാഹിത്യ സൃഷ്ടികള്‍ രൂപപ്പെടുന്നത്‌. സാഹിത്യ നിര്‍മ്മിതിക്ക്‌ പിന്നില്‍ നമ്മെ ആശ്ച്വര്യപ്പെടുത്തുന്ന ദിവ്യത്വം ഒന്നും ഇല്ലെങ്കിലും മനുഷ്യന്‌ ലഭിച്ചിരിക്കുന്ന മണ്ണിലെ ഏറ്റവും മഹത്തായ ബഹുമതിയാണ്‌ സാഹിത്യ സൃഷ്ടിയും, ചിത്ര രചനയും, ശില്‌പ നിര്‍മ്മാണവും ഒക്കെ.സാഹിത്യമാണ്‌ മനുഷ്യന്റെ ജീവ താളമെന്നും അത്‌ നമ്മെ ഭാവിയുടെ വിദൂരതയിലേക്കു വഴിനടത്തുന്നു. ഇത്‌ ഇന്നത്തെ ബഹുഭൂരിപക്ഷം മനുഷ്യരും കണ്ടും കേട്ടുംകൊണ്ടിരിക്കുന്ന വിനോദ വേദികളില്‍ നിന്നും ലഭിക്കാറില്ല. സമൂഹത്തെ മാറ്റിയെടുക്കാന്‍ സാഹിത്യ സൃഷ്ടികള്‍ക്ക്‌ മാത്രമേ കഴിഞ്ഞിട്ടുള്ളൂ. നല്ല സാഹിത്യ സൃഷ്ടികള്‍ ഒരു പ്രതിഭയുടെ മഹാ സമര്‍പ്പണവും ഒരു സംസ്‌കാരത്തിന്റെ ഉയര്‍ത്തെഴ്‌ന്നേല്‍പ്പുമാണ്‌. അവ വായിക്കുന്ന വ്യക്തികളില്‍ ആ മാറ്റങ്ങള്‍ കാണാന്‍ സാധിക്കും.ഇന്ന്‌ പ്രതിഭാ സമ്പന്നരല്ലാത്തവര്‍, അഥവാ സാഹിത്യത്തിന്റെ അടിവേരുകളറിയാത്തവര്‍ കച്ചവട സിനിമകള്‍ പോലെ സാഹിത്യത്തെ കമ്പോളവല്‍ക്കരിക്കാന്‍ പല രൂപത്തില്‍ പ്രത്യഷപ്പെടുമ്പോള്‍ യുക്‌മയിലെ വിജയികള്‍ നൈസര്‍ഗ്ഗികമായ പ്രതിഭയുള്ളവരെന്ന്‌ കാണാന്‍ കഴിയും. അവ സൌന്ദര്യപൂര്‍ണ്ണമാവണമെങ്കില്‍ മതിയായ വിജ്ഞാനം ആര്‍ജ്ജിക്കുക, നിരന്തരമായ രചനാ പാഠവം, അനുഭവപാഠങ്ങള്‍, സാഹിത്യ രംഗത്തെ പ്രതിഭകളുമായുള്ള നിരന്തര ബന്ധങ്ങള്‍ ഇവ അത്യന്താപേക്ഷിതമാണ്‌. പ്രഭാതത്തില്‍ സൂര്യനെ പ്രതീക്ഷ്‌ഇക്കുന്നതുപോലെ പ്രതിഭയുടേതായ ഒരു നേരിയ രശ്‌മി ഇവരില്‍ നിന്നുണ്ടാകട്ടെയെന്ന്‌ ആശംസിക്കുന്നു.

യുക്‌മാ സാഹിത്യ മത്സരങ്ങളില്‍ രചനകള്‍ അയച്ച എല്ലാവര്‍ക്കും അതോടൊപ്പം ഈ മത്സരങ്ങളുടെ വിധി നിര്‍ണ്ണയം നടത്തിയ ബഹുമാന്യരായ എല്ലാ വിധികര്‍ത്താക്കള്‍ക്കും, കൂടാതെ യുക്‌മാ സാംസ്‌കാരിക വേദി സാഹിത്യ വിഭാഗം കണ്‍വീനര്‍ ശ്രീ. കാരൂര്‍ സോമന്‍, കലാ വിഭാഗം കണ്‍വീനര്‍ ശ്രീ. ജോസഫ്‌ സി.എ, ജോയിന്റ്‌ കണവീനര്‍മാരായ ശ്രീ. റെജി നന്ദിക്കാട്ട്‌, ശ്രീ. ജോയ്‌ ജോസഫ്‌ എന്നിവര്‍ക്കും സാംസ്‌കാരിക വേദിയുടെ പേരില്‍ നന്ദി പറഞ്ഞുകൊള്ളുന്നു. വിജയികള്‍ക്കുള്ള സമ്മാനങ്ങള്‍ യുക്‌മാ ഫെസ്റ്റിനോടനുബന്ധിച്ച്‌ നടത്തുന്ന സാംസ്‌കാരിക സമ്മേളനത്തില്‍ വിശിഷ്ടാഥിതികള്‍ നല്‍കുന്നതായിരിക്കും. വേദിയും തീയ്യതിയും വിജയികളെ അറിയിക്കുന്നതായിരിക്കും.

എന്ന്‌,
ജോയ്‌ ആഗസ്‌തി,
ജനറല്‍ കണ്‍വീനര്‍,
യുക്‌മാ സാംസ്‌കാരിക വേദി.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.