You are Here : Home / USA News

റെനി ജോസിന്റെ ദുരൂഹമായ തിരോധാനം അന്വേഷിക്കാന്‍ എഫ്‌.ബി.ഐ ഇടപെടണം; ജെ.എഫ്‌.എ രംഗത്ത്‌

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Friday, June 13, 2014 02:51 hrs UTC

ന്യൂയോര്‍ക്ക്‌: ടെക്‌സാസിലെ പേരുകേട്ട റൈസ്‌ യൂണിവേഴ്‌സിറ്റിയില്‍ നിന്നും 2014 മെയ്‌ മാസം ഗ്രാജ്വേറ്റ്‌ ചെയ്യേണ്ടിയിരുന്ന 4.0 ജി.പി.എയുള്ള റെനി ജോസ്‌ എന്ന ചെറുപ്പക്കാരന്‍ ദുരൂഹമായ സാഹചര്യത്തില്‍ അപ്രത്യക്ഷനായിട്ട്‌ ഇപ്പോള്‍ മൂന്നുമാസം കഴിഞ്ഞു. റെനി ജോസിന്‌ എന്തു സംഭവിച്ചു? ഇപ്പോഴും ജീവിച്ചിരിപ്പുണ്ടോ അതോ മരണമടഞ്ഞോ? തുടങ്ങിയ നിരവധി ചോദ്യങ്ങള്‍ ഇപ്പോഴും അവശേഷിക്കുന്നു. തങ്ങളുടെ പ്രിയ മകന്‌ എന്തു സംഭവിച്ചു എന്നറായന്‍ റെനി ജോസിന്റെ പിതാവ്‌ ജോസ്‌ ജോര്‍ജും, മാതാവ്‌ ഷേര്‍ലി ജോസും, ഏക സഹോദരി രേഷ്‌മ ജോസും മുട്ടാത്ത വാതിലുകളില്ല.

 

അവരോടൊപ്പം നല്ലവരായ അനേകം മനുഷ്യസ്‌നേഹികളും ഇക്കാര്യത്തില്‍ വളരെ ആത്മാര്‍ത്ഥതയോടെ പ്രവര്‍ത്തിച്ച വിവരം പത്രമാധ്യമങ്ങളിലൂടെ നമ്മില്‍ പലരും ഇതിനോടകം അറിഞ്ഞുകാണുമെന്ന്‌ വിശ്വസിക്കുന്നു. 2014 മാര്‍ച്ച്‌ ഒന്നാം തീയതി ശനിയാഴ്‌ച മറ്റ്‌ 22 കുട്ടികളോടൊപ്പം ഒരാഴ്‌ചത്തെ വെക്കേഷന്‌ ടെക്‌സാസിലെ റൈസ്‌ യുണിവേഴ്‌സിറ്റിയില്‍ നിന്നും ഫ്‌ളോറിഡയിലെ പനാമ സിറ്റി ബീച്ചിലേക്കു പുറപ്പെട്ട ന്യൂയോര്‍ക്ക്‌ സ്വദേശിയായ റെനി ജോസ്‌ മാര്‍ച്ച്‌ ഒന്നാം തീയതി തന്നെ തങ്ങള്‍ക്ക്‌ ബുക്ക്‌ ചെയ്‌തിരുന്ന മൂന്നു നിലകളുള്ള വീട്ടില്‍ എത്തിയതായും പിറ്റേന്ന്‌ ഞായറാഴ്‌ച കുട്ടുകാരോടൊപ്പം ഉണ്ടായിരുന്നതായും, അവര്‍ പോയ വഴിക്കുണ്ടായിരുന്ന സീനുകളും, അവിടെ എത്തിയശേഷമുള്ള ഫോട്ടോകളും ഐഫോണിലൂടെ അയച്ചുകൊടുത്തതായും മാതാപിതാക്കള്‍ പറയുകയുണ്ടായി.

 

എന്നാല്‍ മൂന്നാം തീയതി തിങ്കളാഴ്‌ച വൈകിട്ട്‌ ഏഴരമണിയോടുകുടി വീടിന്റെ മുന്നിലൂടെ കിഴക്കുവശത്തുകൂടി റെനി ജോസ്‌ നടന്നുപോകുന്നത്‌ കണ്ടു എന്ന്‌ കൂടെയുണ്ടായിരുന്ന ചെറുപ്പക്കാരില്‍ ചിലര്‍ പറഞ്ഞതായി പിന്നീട്‌ ചോദ്യം ചെയ്‌തതില്‍ നിന്ന്‌ മനസിലാക്കാന്‍ കഴിഞ്ഞു. റെനി ജോസ്‌ ഒരു നീന്തല്‍ വിദഗ്‌ധനും കൂടെയുണ്ടായിരുന്ന മറ്റ്‌ 22 പേരുടെ ലീഡറും, ഇത്തരത്തിലുള്ള ഒരു ടൂര്‍ സംഘടിപ്പിച്ചതും റെനി ജോസ്‌ ആയിരുന്നു. അങ്ങനെയുള്ള ഒരു സംഘാടകന്‍ പെട്ടെന്ന്‌ അപ്രത്യക്ഷമാകുക എന്നുളളത്‌ അസംഭവ്യമാണ്‌. റെനി ജോസിനെ കാണാനില്ല എന്നുള്ള വിവരം അറിയിച്ചത്‌ കൂടെയുണ്ടായിരുന്ന അലക്‌സ്‌ എന്ന വെള്ളക്കാരന്‍ കുട്ടി ആയിരുന്നു. അലക്‌സ്‌ തന്നെയാണ്‌ റെനി ജോസിന്റെ ചിത്രങ്ങള്‍ എടുത്തിരുന്നതും. പോലീസില്‍ വിവരം അറിയിച്ചതും അലക്‌സ്‌ ആണ്‌. ഗ്രൂപ്പിന്റെ കോര്‍ഡിനേറ്ററും, വീട്‌ ബുക്ക്‌ ചെയ്‌തിരുന്നതുമെല്ലാം റെനി ജോസ്‌ ആയിരുന്നുവെങ്കിലും പണം മറ്റുള്ളവരില്‍ നിന്നും പിരിച്ചെടുത്തതും, മറ്റ്‌ പണമിടപാടുകള്‍ നടത്തിയതും എല്ലാം അലക്‌സ്‌ ആണ്‌. അലക്‌സ്‌ പോലീസിനോട്‌ പറഞ്ഞ കാര്യങ്ങളും പരസ്‌പര വിരുദ്ധങ്ങളാണ്‌. 22 പേര്‍ അടങ്ങുന്ന ഒരു സംഘത്തിന്റെ ലീഡര്‍, അതും താമസിയാതെതന്നെ ഓണര്‍ സ്റ്റുഡന്റ്‌ ആയി ഗ്രാജ്വേറ്റ്‌ ചെയ്യേണ്ട സമര്‍ത്ഥനായ ഒരു മെക്കാനിക്കല്‍ എന്‍ജിനീയര്‍.

 

 

നമ്മുടെ സമൂഹത്തിനു തന്നെ ഒരു മുതല്‍ക്കൂട്ടാകേണ്ടിയിരുന്ന ചെറുപ്പക്കാരന്‍. 4-5 കാറുകളിലായാണ്‌ റെനി ജോസും കൂട്ടുകാരും റൈസ്‌ യൂണിവേഴ്‌സിറ്റിയില്‍ നിന്നും പുറപ്പെട്ടത്‌. നാലാം തീയതി പോലീസ്‌ സംഭവ സ്ഥലത്തു വന്നതോടെ എല്ലാവരും സ്ഥലം വിട്ടു. റെനിയുടെ മാതാപിതാക്കള്‍ മുന്‍കൈ എടുത്ത്‌ ഒരു പ്രൈവറ്റ്‌ ഇന്‍വെസ്റ്റിഗേറ്ററെ വെച്ച്‌ അന്വേഷണം നടത്തിയെങ്കിലും ഓരോരുത്തരും പരസ്‌പര വിരുദ്ധങ്ങളായ കാര്യങ്ങളാണ്‌ പറയുന്നത്‌. തങ്ങള്‍ക്ക്‌ സംശയത്തിന്റെ പേരില്‍ ആരെയും ചോദ്യംചെയ്യാനാവില്ലെന്ന മറുപടിയാണ്‌ ടെക്‌സാസ്‌ പോലീസും, ഫ്‌ളോറിഡാ പോലീസും പറയുന്നത്‌. ന്യൂയോര്‍ക്കിലെ പോലീസിനും ഇക്കാര്യത്തില്‍ ഒന്നും ചെയ്യാനാവില്ല എന്നത്‌ ഊഹിക്കാമല്ലോ? ഈ സാഹചര്യത്തില്‍ ഒരു പോംവഴി മാത്രമേയുള്ളൂ. അതായത്‌ ഫെഡറല്‍ ഗവണ്‍മെന്റിന്റെ ശ്രദ്ധയില്‍ ഇക്കാര്യം അവതരിപ്പിച്ച്‌ ഫെഡറല്‍ ബ്യൂറോ ഓഫ്‌ ഇന്‍വെസ്റ്റിഗേഷനെ (എഫ്‌.ബി.ഐ) ഇക്കാര്യത്തില്‍ ഇടപെടുത്താന്‍ കഴിയുക. അതിന്റെ ഭാഗമായി റെനി ജോസിന്റെ മാതാപിതാക്കളും സുഹൃത്തുക്കളും മറ്റ്‌ സംഘടനാ നേതാക്കളും ചേര്‍ന്ന്‌ ഒരു പെറ്റീഷന്‍ യു.എസ്‌ അറ്റോര്‍ണി ജനറല്‍ എറിക്‌ ഹോള്‍ഡറിനും, മറ്റൊന്ന്‌ ന്യൂയോര്‍ക്ക്‌ സെനറ്റര്‍ ചാള്‍സ്‌ ഷൂമറിനും തയാറാക്കി ഓണ്‍ലൈനിലൂടെ സൈന്‍ അപ്‌ ചെയ്യാന്‍ തുടങ്ങി. അതിന്‌ 30,000 ഒപ്പുകള്‍ വേണ്ടിവരുമെന്നാണ്‌ കണക്ക്‌. ഇതിനോടകം നാലായിരത്തില്‍ താഴെ ഒപ്പുകള്‍ മാത്രമേ കിട്ടിയിട്ടുള്ളൂ. നമ്മുടെ മലയാളി കമ്യൂണിറ്റി ന്യൂയോര്‍ക്കിലുള്ളവര്‍ മാത്രം ശ്രമിച്ചാല്‍ ഒരാഴ്‌ചകൊണ്ട്‌ ചെയ്‌തു തീര്‍ക്കാവുന്നതേയുള്ളൂ 30,000 ഒപ്പുകള്‍ സംഘടിപ്പിക്കുക എന്നുള്ളത്‌.

 

 

നിര്‍ഭാഗ്യവശാല്‍ നമ്മുടെ മലയാളി കമ്യൂണിറ്റി അസംഘടിതരും അലസ മനോഭാവക്കാരുമായതിനാല്‍ ചിലപ്പോള്‍ മാസങ്ങളോളം കാത്തിരിക്കേണ്ടിവരും ടാര്‍ജറ്റ്‌ പൂര്‍ത്തിയാക്കുവാന്‍. ഈ സാഹചര്യത്തില്‍ ജെ.എഫ്‌.എ (ജസ്റ്റീസ്‌ ഫോര്‍ ഓള്‍) എന്ന പ്രസ്ഥാനം അവര്‍ക്ക്‌ കഴിയുന്നവിധത്തില്‍ റെനി ജോസിന്റെ മാതാപിതാക്കള്‍ക്ക്‌ സഹായഹസ്‌തവുമായി എത്തിയിരിക്കുകയാണ്‌. വാക്കുകളേക്കാള്‍ പ്രവര്‍ത്തിയിലൂടെ കാര്യങ്ങള്‍ എത്രയും വേഗം സാധിച്ചെടുക്കുക എന്നുള്ളതാണ്‌ ജെ.എഫ്‌.എയുടെ തന്ത്രം. യോജിക്കുന്ന മറ്റ്‌ എല്ലാ സംഘടനകളുമായി യോജിച്ച്‌ പ്രവര്‍ത്തിക്കാനും ജെ.എഫ്‌.എ തയാറാണ്‌. അംഗബലത്തില്‍ മറ്റ്‌ സംഘടനകളേക്കാള്‍ കുറവാണെങ്കിലും പ്രവര്‍ത്തനത്തില്‍ മുമ്പന്തിയിലാണ്‌ ജെ.എഫ്‌.എക്കാര്‍ എന്നുള്ളത്‌ ഇതിനോടകം തെളിഞ്ഞു കഴിഞ്ഞു. പത്തുവിരലുകള്‍ ചേര്‍ന്നാല്‍ പലതും ചെയ്യാനാകും എന്നതുപോലെ ആത്മവിശ്വാസമുള്ള പത്തുപേര്‍ ഏലിയായുടെ തീക്ഷണതയോടെ പ്രവര്‍ത്തിച്ചാല്‍ നമുക്ക്‌ എന്തൊക്കെ നേടാനാകും എന്നുള്ള തത്വം മനസിലാക്കിയവരാണ്‌ ജെ.എഫ്‌.എക്കാര്‍. 15 ദിവസത്തികം ഫെഡറല്‍ ഗവണ്‍മെന്റിന്റെ ശ്രദ്ധ റെനി ജോസിന്റെ കാര്യത്തില്‍ പിടിച്ചുപറ്റുക എന്ന ദുഷ്‌കരമായ ദൗത്യം ജെ.എഫ്‌.എ ഏറ്റെടുത്തിരിക്കുന്നത്‌. അതിനോടു സഹകരിക്കുന്ന എല്ലാ നല്ലയാളുകള്‍ക്കും ഞങ്ങളോടൊപ്പം സഹകരിക്കാവുന്നതാണ്‌.

 

 

ഈശ്വരാനുഗ്രഹത്താല്‍ ബുദ്ധിപരമായും നിയമപരമായും ഉപദേശങ്ങള്‍ നിര്‍ലോഭം നല്‍കാന്‍ കഴിവുള്ള ഏതാനും ചിലര്‍ ജെ.എഫ്‌.എയില്‍ പ്രവര്‍ത്തിക്കുന്നു എന്ന കാരണത്താല്‍ അവരുടെ നിര്‍ദേശപ്രകാരം പ്രവര്‍ത്തിക്കാന്‍ കഴിവുള്ള സാധാരണക്കാരെയാണ്‌ ജെ.എഫ്‌.എയ്‌ക്ക്‌ ആവശ്യം. യേശുക്രിസ്‌തു മത്സ്യം പിടിക്കുന്ന സാധാരണക്കാരെ കൂട്ടുപിടിച്ചാണ്‌ ക്രിസ്റ്റ്യാനിറ്റിക്ക്‌ രൂപം നല്‍കിയത്‌. ആ രീതിയിലുള്ള പ്രവര്‍ത്തനങ്ങളാണ്‌ ജെ.എഫ്‌.എ സ്വീകരിച്ചിരിക്കുന്നതും. `ശബ്‌ദമില്ലാത്തവരുടെ ശബ്‌ദം' എന്നതാണ്‌ ജെ.എഫ്‌.എയുടെ മുദ്രാവാക്യങ്ങളിലൊന്ന്‌. വാക്കുകളേക്കാള്‍ പ്രവര്‍ത്തിയിലൂടെ കാര്യങ്ങള്‍ നേടിയെടുക്കാനുള്ള ജെ.എഫ്‌.എയുടെ തന്ത്രമാണ്‌ നാഷണല്‍ ലെവലില്‍ രൂപംകൊടുത്തിരിക്കുന്ന ടെലികോണ്‍ഫറന്‍സ്‌. റെനി ജോസിന്റെ ദുരൂഹമായ തിരോധാനം എത്രയും വേഗം എഫ്‌.ബി.ഐയെക്കൊണ്ട്‌ അന്വേഷിപ്പിക്കുന്നതിന്റെ പ്രാരംഭമെന്നോണം ജൂണ്‍ 17-ന്‌ ചൊവ്വാഴ്‌ച വൈകിട്ട്‌ ന്യൂയോര്‍ക്ക്‌ (ഈസ്റ്റേണ്‍ സ്റ്റാന്‍ഡേര്‍ഡ്‌) സമയം വൈകിട്ട്‌ എട്ടുമണിക്ക്‌ ഒരു ടെലികോണ്‍ഫറന്‍സ്‌ നടത്താന്‍ തീരുമാനിച്ചിരിക്കുകയാണ്‌. പ്രസ്‌തുത ടെലികോണ്‍ഫറന്‍സിന്റെ മോഡറേറ്റര്‍ ഹൂസ്റ്റണില്‍ നിന്നുള്ള എ.സി. ജോര്‍ജ്‌ ആയിരിക്കും.

 

റെനി ജോസിന്റെ പിതാവ്‌ ജോസ്‌ ജോര്‍ജും, മാതാവ്‌ ഷേര്‍ലി ജോസും, സഹോദരി രേഷ്‌മാ ജോസും ടെലികോണ്‍ഫറന്‍സില്‍ തങ്ങളുടെ പ്രിയപ്പെട്ട റെനി ജോസിനുവേണ്ടി സംസാരിക്കുന്നതായിരിക്കും. സമയപരിമിതികള്‍ കണക്കിലെടുത്ത്‌ മോഡറേറ്ററുടെ അനുമതിയോടെ ചോദ്യങ്ങള്‍ പരിമിതപ്പെടുത്തുന്നതായിരിക്കും. തെറ്റ്‌ ചെയ്‌തവരേയും അതിനു കൂട്ട്‌ ആരെങ്കിലും നിന്നുണ്ടെങ്കില്‍ അവരെ മാന്യമായി ശിക്ഷിക്കുക, സത്യാവസ്ഥ പുറത്തുകൊണ്ടുവരിക, റെനി ജോസിനും കുടുംബത്തിനും നീതി ലഭിക്കുക, ഇത്തരത്തിലുള്ള അനുഭവം മേലില്‍ നമ്മുടെ കുട്ടികള്‍ക്ക്‌ ഉണ്ടാകാതിരിക്കാന്‍ നടപടികള്‍ ഗവണ്‍മെന്റിനെക്കൊണ്ട്‌ സ്വീകരിപ്പിക്കുക, സംഘടിച്ച്‌ ശക്തരാകുക ഇവയാണ്‌ ജെ.എഫ്‌.എയുടെ നിര്‍ദേശങ്ങള്‍.

 

തീയതി: ജൂണ്‍ 17 ചൊവ്വാഴ്‌ച. സമയം: വൈകിട്ട്‌ എട്ടുമണി (ഇ.എസ്‌.ടി). ടെലി കോണ്‍ഫറന്‍സ്‌ നമ്പര്‍: 1- 559 726 1300. അക്‌സസ്‌ കോഡ്‌- 771873#

 

കൂടുതല്‍ വിവരങ്ങള്‍ക്ക്‌ ബന്ധപ്പെടുക:

 

തോമസ്‌ കൂവള്ളൂര്‍ 914 409 5772 എ.സി ജോര്‍ജ്‌ 281 741 9465 ജേക്കബ്‌ കല്ലുപുര 781 864 1391 ചെറിയാന്‍ ജേക്കബ്‌ 847 687 9909 എം.കെ മാത്യൂസ്‌ 914 806 5007 ജോസ്‌ ജോര്‍ജ്‌ 518 339 2351 ജോസ്‌ പിന്റോ സ്റ്റീഫന്‍ 201 602 5091. തോമസ്‌ കൂവള്ളൂര്‍ അറിയിച്ചതാണിത്‌.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.