You are Here : Home / USA News

വിചാരവേദിയില്‍ ഒരു വീരേതിഹാസത്തിന്റെ ചര്‍ച്ച

Text Size  

Story Dated: Wednesday, April 23, 2014 10:25 hrs UTC

വിചാരവേദിയുടെ ആഭിമുഖ്യത്തില്‍ കേരള കള്‍ച്ചറല്‍ സെന്ററില്‍ പാറേമ്മാക്കല്‍ തോമാക്കത്തനാരുടെ വര്‍ത്തമാന പുസ്‌തകം എന്ന കൃതി ചര്‍ച്ച ചെയ്യപ്പെട്ടു. ഡോ. എന്‍. പി. ഷീല ജി. ശങ്കരക്കുറുപ്പിന്റെ `ഇന്നു ഞാന്‍ നാളെ നീ' എന്ന കവിതയും എല്‍സി യോഹന്നാന്‍ ശങ്കരത്തില്‍ 'കൊഴിഞ്ഞു വീഴുന്ന നറുമലരുകള്‍' എന്ന സ്വന്തംകവിതയും ചൊല്ലിക്കൊണ്ട്‌ ആരംഭിച്ച ചര്‍ച്ച സമ്മേളനത്തിലേക്ക്‌ സെക്രട്ടറി സാംസി കൊടുമണ്‍ ഏവരേയും സ്വാഗതം ചെയ്‌തു. കേരളത്തിലെ ക്രിസ്‌ത്യാനികളുടെ വീരേതിഹാസത്തിനൊപ്പം മലയാള സാഹിത്യത്തിന്റേയും വിശ്വസാഹിത്യത്തിന്റേയും തന്നെ കൃതിയാണ്‌ തോമാക്കത്തനാരുടെ വര്‍ത്തമാന പുസ്‌തകം എന്ന്‌ സമര്‍ത്ഥിച്ചുകൊണ്ട്‌പണ്ഡിതനും വാഗ്മിയും സവ്വോപരി മനുഷ്യസ്‌നേഹിയുമായ പ്രൊഫ. എ. കെ. ബി. പിള്ള നീതി യജ്ഞത്തിന്റെ ഇതിഹാസം എന്ന പേരില്‍ പ്രബന്ധം അവതരിപ്പിച്ചു.

 

തദ്ദേശീയ ക്രിസ്‌ത്യാനികള്‍ക്കെതിരെയുണ്ടായ പോര്‍ട്ടുഗീസ്‌ പീഡനം അവസാനിപ്പിക്കാന്‍ കേരളത്തിലെ സുറിയാനി ക്രുസ്‌ത്യാനികളുടെ പ്രതിനിധിയായി തോമാക്കത്തനാര്‍മാര്‍പ്പാപ്പയെ കാണാന്‍ റോമിലേക്ക്‌ പോയതും അനുബന്ധമായ മഹായജ്ഞവുമായിരുന്നു പ്രൊഫ. എ. കെ. ബി. യുടെ പഠനത്തിന്റെ മുഖ്യധാര.പുസ്‌തകം വായിക്കാതെ തന്നെ പുസ്‌തകത്തിന്റെ ഉള്ളടക്കവും കത്തനാരുടെ വിചാര വികാരങ്ങളും ശ്രോതാക്കളുടെ മനസ്സിലേക്ക്‌ കടന്നു ചെല്ലാന്‍ പാകത്തിന്‌ ശ്രേഷഠവും വിസ്‌താരപരവുമായിരുന്നു അദ്ദേഹത്തിന്റെ അവതരണം. റോമിലേക്കുള്ള യാത്രയില്‍ കത്തനാര്‍ അനുഭവിച്ച ക്ലേശങ്ങളും പ്രതിബന്ധങ്ങളും മനസ്സില്‍ തട്ടത്തക്കവണ്ണം പ്രതിപാദിിച്ചിരിക്കുന്നു.

 

വസ്‌തുതകളില്‍ നിന്നും വ്യതിചലിച്ചു പോകാതെയുള്ള സത്യസന്ധവും ആത്മാര്‍ത്ഥവുമായ പഠനമായിരുന്നു അത്‌. അധഃപതിച്ച പുരോഹിതന്മാരില്‍ നിന്ന്‌ വിരുദ്ധമായി യേശു എന്ന സത്യബോധത്തില്‍ മനുഷ്യത്വത്തിന്റേയും ആത്മീയതയുടേയും മൂര്‍ത്തികരണമായി വിരാജിച്ച തോമാക്കത്തനാരുടെ സ്വത്വം സമര്‍ത്ഥമായി പ്രബന്ധത്തില്‍ വെളിപ്പെടുത്തിയിട്ടുണ്ട്‌. താരതമ്യ സാഹിത്യത്തില്‍ സിദ്ധാന്തികനായ പ്രൊഫ. എ. കെ. ബി. യുടെ താരതമ്യ പഠനത്തിലുള്ള താല്‌പര്യം മാനുഷിക പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന്‌ മതങ്ങളുടെ ശക്തി കണ്ടെത്തുകയെന്നതാണ്‌. ഈ കാര്യത്തില്‍ മതപ്രവാചകരുടെ അനുശാസനങ്ങളേയും അവയോട്‌ അനുബന്ധമായുള്ള മതസ്ഥാപനങ്ങളേയും അദ്ദേഹം വേര്‍തിരിച്ചു കാണുന്നു. ഈ വസ്‌തുതകളുടെ പ്രധാന പഠനമാണ്‌ അദ്ദേഹത്തിന്റെ പ്രബന്ധത്തില്‍ ഉള്‍ച്ചേര്‍ത്തിരിക്കുന്നത്‌.

 

മതങ്ങളുടെ ശക്തിയെ പറ്റി പറഞ്ഞപ്പോള്‍ ബ്രാഹ്മണര്‍ ഹിന്ദു മതത്തില്‍ ജാതിവ്യവസ്ഥയുണ്ടാക്കി മതത്തിന്റെ ശ്രേഷ്‌ഠത ക്ഷയിപ്പിച്ചതില്‍ അദ്ദേഹം ഖേദം പ്രകടിപ്പിച്ചു. വര്‍ത്തമാന പുസ്‌തകം ഒരു സഞ്ചാരസാഹിത്യ കൃതിയാണെന്നും ഉ ത്തമ സാഹിത്യത്തിന്റെ സ്വഭാവം മാനസാന്തരമാണെന്നും ആ കാഴ്‌ചപ്പാടില്‍ വര്‍ത്തമാന പുസ്‌തകം ഒരുഉത്തമ സാഹിത്യ കൃതിയാണെന്നും അദ്ദേഹം സമര്‍ദ്ധിച്ചു. സഹജീവികളോടുള്ള സ്‌നേഹവും ആത്മീയതയുടെ ഔന്ന്യത്വവുംകൊണ്ട്‌ ജനങ്ങള്‍ക്കു വേണ്ടി നിരവധി ക്ലേശങ്ങള്‍ സഹിച്ച വിശാലഹൃദയനായ തോമാക്കത്തനാര്‍ നിലകൊണ്ടത്‌ കേരളത്തിലെ ക്രിസ്‌ത്യാനികള്‍ക്കു വേണ്ടി മാത്രമല്ലെന്നും സ്വാതന്ത്ര്യത്തിനു വേണ്ടി പോര്‍ട്ടുഗീസുകാര്‍ക്കെതിരെ അദ്ദേഹം ഉയര്‍ത്തിയ ശബ്ദത്തില്‍ പ്രതിധ്വനിച്ചത്‌ മൊത്തം ജനതയുടെ ക്ഷേമം കൂടിയായിരുന്നു എന്നും പ്രൊഫ. എ. കെ. ബി. പിള്ള യുടെ പ്രൗഢഗംഭീരമായ പ്രബന്ധം വിലയിരുത്തിക്കൊണ്ട്‌ വാസുദേവ്‌ പുളിക്കല്‍അഭിപ്രായപ്പെട്ടു.

 

സമഗ്രമായ ഒരു പഠനം നടത്തി വളരെ വിജ്ഞാനപ്രദമായ പ്രബന്ധം അവതരിപ്പിച്ച പ്രൊഫ. എ. കെ. ബി. പിള്ളയെ ഇവിടത്തെ എല്ലാ സംഘടനകളും ചേര്‍ന്ന്‌ അനുമോദിക്കേണ്ടതിന്റെ അനിവാര്യത ചൂണ്ടിക്കാണിച്ചു കൊണ്ട്‌ പ്രസംഗം ആരംഭിച്ച പ്രൊഫ. ജോയ്‌ കുഞ്ഞാപ്പു, സ്വാതന്ത്ര്യ സമരത്തിന്റെ കാഹളം പോലും മുഴങ്ങുന്നതിന്‌ എത്രയോ വര്‍ഷങ്ങള്‍ക്ക്‌ മുമ്പ്‌ മലങ്കര സുറിയാനി ക്രിസ്‌ത്യാനികളുടെ ഐക്യത്തിനു വേണ്ടി വിദേശനേതൃത്വത്തിന്‌ എതിരായി പടവെട്ടിയ തോമാക്കത്തനാര്‍ ഒരു വിപ്ലവകാരിയായിരുന്നു എന്ന്‌ സമര്‍ത്ഥിച്ചു. വര്‍ത്തമാന പുസ്‌തകം പ്രചാരത്തില്‍ വന്നത്‌ െ്രെകസ്‌തവ സഭാചരിത്രവുമായി ബന്ധപ്പെട്ടു നില്‌ക്കുന്നതുകാണ്ടാണ്‌ എന്നതിന്റെ വെളിച്ചത്തില്‍അദ്ദേഹം സംക്ഷിപ്‌ത സഭാചരിത്രം ഉചിതമായി അവതരിപ്പിച്ചത്‌ സദസ്യരില്‍ പലരേയും അറിവിന്റെ പുതിയ മേഘലയിലേക്കുയര്‍ത്തി.

 

ഈ പ്രബന്ധത്തിലൂടെ വലിയ ഒരു സമുദ്രം ഒരു പൊട്ടക്കുളത്തില്‍ സമര്‍ത്ഥമായി ഒതുക്കിയ ഒരു അെ്രെകസ്‌തവനില്‍ ജനിച്ച ക്രിസ്‌തീയ താല്‌പര്യത്തെ ഡോ. എന്‍. പി. ഷീല അഭിനന്ദിച്ചു. സഭാചരിത്രം നോക്കുമ്പോള്‍ വഞ്ചി വീണ്ടും തിരുനക്കരെ തന്നെ എന്ന സ്ഥിതിയാണ്‌, തോമാക്കത്തനാരുടെ യജ്ഞം കൊണ്ട്‌ പറയത്തക്ക പ്രയോജനമുണ്ടായില്ല എന്നു തന്നെയല്ല പോപ്പിന്റെ ശാസന കുടി കേള്‍ക്കേണ്ടി വന്നു. സാഹിത്യം, അവതരണഭംഗി, ആത്മാര്‍ത്ഥത മുതലായ ഗുണങ്ങള്‍ ഒത്തിണങ്ങിയ ഇന്‍ഡ്യയിലെ ആദ്യത്തെ സഞ്ചാരസാഹിത്യമാണ്‌ വര്‍ത്തമാന പുസ്‌തകം എന്നും ഡോ. എന്‍. പി.ഷീല അഭിപ്രായപ്പെട്ടു. അധികം അറിയപ്പെടാതിരുന്ന ഒരു പുസ്‌തകം വതരിപ്പിച്ചതിന്‌ നന്ദി പറഞ്ഞുകൊണ്ട്‌്‌്‌ അടിച്ചേല്‌പിക്കുന്ന ഒരു സബ്രദായം നിലനിന്നിരുന്ന കാലത്ത്‌ അതിനെതിരെ ശബ്ദമുയര്‍ത്തിയ തോമാക്കത്തനാരുടെ വിപ്ലവമനസ്സിന്‌ മേധാവിത്വത്തെ അംഗീകരിക്കാന്‍ സാധിച്ചിക്കാതിരുന്നത്‌ അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക്‌ വഴി തെളിച്ചു എന്ന്‌ ബാബു പാറക്കല്‍ പറഞ്ഞു.

 

അദ്ദേഹം സഭാചരിത്രത്തിലേക്ക്‌ കടക്കുകയും ധനത്തിനു വേണ്ടിയുള്ള മതപ്രവര്‍ത്തനം നടക്കുന്ന ഈ കാലത്ത്‌ തോമാക്കത്തനാരെപോലെ സത്യസന്ധതയും ആത്മാര്‍ത്ഥതയും ഉള്ളവര്‍ പരിമിതമാണെന്ന്‌ വെളിപ്പെടുത്തുകയും ചെയ്‌തു. ഹൈന്ദവ സംസ്‌കാരത്തില്‍ നിന്നും ഉടലെടുത്തതാണ്‌ െ്രെകസ്‌തവ സംസ്‌കാരമെന്നു പറയപ്പെടുന്നുവെന്നും ആ സംസ്‌കാരം ശക്തമായതുകൊണ്ടാണ്‌ തോമാശ്ലീകയുടെ മതപരിവര്‍ത്തനം പരാജയപ്പെട്ടത്‌ എന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു. പിന്നീട്‌ സംസാരിച്ച പലരും സഭാചരിത്രത്തിലേക്ക്‌ കുടുതല്‍ വെളിച്ചം വീശിയപ്പോള്‍ ഉദയംപേരൂര്‍ സുനഹദോസും കൂനന്‍ കുരിശുമൊക്കെ ചര്‍ച്ചയിലൂടെ കടന്നു പോയത്‌ രസകരമായി.

 

സാംസി കൊടുമണ്‍, ജോര്‍ജ്‌ കോശി, എല്‍സി യോഹന്നാന്‍ ശങ്കരത്തില്‍, രാജു തോമസ്‌, പി. പി. പൗലോസ്‌, ബാബുക്കുട്ടി ഡാനിയല്‍ മുതലായവര്‍ െ്രെകസ്‌തവ സ്വാതന്ത്ര്യത്തിന്റെ പുസ്‌തകമായ വര്‍ത്തമാന പുസ്‌തകത്തില്‍ ഉള്‍ക്കൊള്ളുന്ന മഹത്തായ വിഷയം ചുരുങ്ങിയ സമയം കൊണ്ട്‌ പറഞ്ഞു തീര്‍ത്ത്‌, ക്രിസ്‌ത്യാനികളുടെ മാഹാത്മ്യം എടുത്തു കാണിച്ച്‌ പ്രൗഢമായ പ്രബന്ധം തന്മയത്വത്തോടെ അവതരിപ്പിച്ച പ്രൊഫ. എ. കെ. ബി. പിള്ളയുടെ പ്രയത്‌നത്തേയും ആത്മവിശ്വാസത്തേയും പ്രശംസിച്ചു കൊണ്ട്‌ സംസാരിച്ചു. പ്രൊഫ. എ. കെ. ബി. പിള്ള തന്റെ മറുപടി പ്രസംഗത്തില്‍ വിചാരവേദിയോടും പ്രബന്ധത്തെ അടിസ്ഥാനമാക്കിചര്‍ച്ചയില്‍ പങ്കെടുത്ത്‌ സംസാരിച്ചവരോടും നന്ദി രേഖപ്പെടുത്തുകയും സദസ്യരില്‍ നിന്നുമുണ്ടായ ചോദ്യങ്ങള്‍ക്ക്‌ മറുപടി പറയുകയും ചെയ്‌തു.. പ്രശസ്‌ത സാഹിത്യകാരന്‍ ഉണ്ണികൃഷ്‌ണന്‍ പുതൂരിന്റെ നിര്യാണത്തില്‍ വിചാരവേദി അനുശോചനം രേഖപ്പെടുത്തി. വാസുദേവ്‌ പുളിക്കല്‍ അറിയിച്ചതാണിത്‌.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.