You are Here : Home / USA News

ഷിക്കാഗോ സീറോ മലബാര്‍ രൂപതയില്‍ ഇടവക ധ്യാനങ്ങള്‍ നടത്തുന്നതിനുള്ള മാര്‍ഗ്ഗരേഖ പുറപ്പെടുവിച്ചു

Text Size  

Story Dated: Thursday, April 17, 2014 09:37 hrs UTC



ഷിക്കാഗോ: ഇടവക ആദ്ധ്യാത്മികതയുടെ നിര്‍ണ്ണായക സ്വാധീനഘടകമായ ധ്യാനങ്ങളും കണ്‍വെന്‍ഷനുകളും നടത്തുന്നതു സംബന്ധിച്ച സുപ്രധാന നിര്‍ദേശങ്ങള്‍ രൂപതാധ്യക്ഷന്‍ മാര്‍ ജേക്കബ്‌ അങ്ങാടിയത്ത്‌ പുറപ്പെടുവിച്ചു. കുടുംബ യുവജന പ്രേക്ഷിതത്വത്തില്‍ പ്രധാന്യം നല്‍കുന്ന ഈ രേഖയില്‍ പതിനാറ്‌ നിര്‍ദേശങ്ങളാണുള്ളത്‌. ജനങ്ങളുടെ വിശ്വാസത്തിന്റെ ആഘോഷമായ ധ്യാനങ്ങള്‍ ആത്മീയ ലക്ഷ്യങ്ങളില്‍ നിന്നും വ്യതിചലിക്കരുത്‌ എന്നതാണ്‌ നിര്‍ദേശങ്ങളുടെ സുപ്രധാന ഘടകം. സാമ്പത്തിക ലക്ഷ്യങ്ങളുടേയോ ധനശേഖരണാര്‍ത്ഥമോ ആയിരിക്കരുത്‌ ഇടവക ധ്യാനങ്ങള്‍ എന്ന്‌ രുപതാധ്യക്ഷന്‍ നിര്‍ബന്ധമായി നിര്‍ദേശിച്ചിരിക്കുന്നു. താഴെപ്പറയുന്നവയാണ്‌ നിര്‍ദേശങ്ങളില്‍ ശ്രദ്ധേയമായവ:

ധ്യാനങ്ങളും കണ്‍വെന്‍ഷനുകളും ധ്യാന ടീമുകളുടെ വികസന പ്രോഗ്രാമുകളാവരുത്‌. മറിച്ച്‌ അവ ഇടവക ജനങ്ങളുടെ വിശുദ്ധീകരണത്തിനും വിശ്വാസവര്‍ദ്ധനവിനും വേണ്ടിയാകണം. മേലധികാരികളുടെ അംഗീകാരപത്രമില്ലാത്ത ആരേയും ധ്യാനത്തിന്‌ അനുവദിക്കരുത്‌. ധ്യാന പ്രാസംഗികന്‍ സ്വീകാര്യനാണ്‌ എന്നതിന്റെ സര്‍ട്ടിഫിക്കറ്റ്‌ ഹാജരാക്കണം. കുട്ടികളുടേയും യുവാക്കളുടേയും സുരക്ഷിതത്വം സംബന്ധിച്ച്‌ അമേരിക്കന്‍ സര്‍ക്കാരും, സഭയും നല്‍കിയിരിക്കുന്ന നിയമങ്ങള്‍ നിര്‍ബന്ധമായി പാലിക്കണം. ഞായറാഴ്‌ച ആചരണത്തിന്‌ ഭംഗം വരുന്ന ധ്യാനങ്ങള്‍ പാടില്ല. വി. കുര്‍ബാനയാണ്‌ എല്ലാ ധ്യാനങ്ങളുടേയും, പ്രാര്‍ത്ഥനയുടേയും മകുടവും. സാമ്പത്തിക സുതാര്യത ധ്യാനങ്ങളില്‍ കൃത്യമായി പാലിക്കണം. ലഭിക്കുന്ന പണം പള്ളിക്കണക്കില്‍ ഉള്‍പ്പെടുത്തി കണക്കുകള്‍ സുതാര്യമാക്കണം. ധ്യാനാവസരങ്ങള്‍ സാമ്പത്തിക ലാഭത്തിനായി ഉപയോഗിക്കരുത്‌. പണപ്പിരിവുകളും സാമ്പത്തിക സഹായ അഭ്യര്‍ത്ഥനകളും നടത്തുന്നത്‌ ധ്യാനത്തിന്റെ ചൈതന്യത്തിന്‌ യോജിക്കുന്നതല്ല. ബിസിനസ്‌ സെഷനുകള്‍ ചില കണ്‍വെന്‍ഷനുകളുടെ അപ്രഖ്യാപിത ലക്ഷ്യങ്ങളാകുന്നത്‌ ആത്മീയതയെ തകര്‍ക്കും. ധ്യാനങ്ങള്‍ സ്വകാര്യ പ്രസ്ഥാനങ്ങളുടേയോ, വ്യക്തികളുടേയോ താത്‌പര്യമനുസരിച്ച്‌ നടത്തേണ്ടവയല്ല. രൂപതാധ്യക്ഷന്റേയും ഇടവക വികാരിയുടെ അനുവാദത്തോടും അറിവോടുംകൂടി നടത്തേണ്ടവയാണ്‌.

രൂപതാധ്യക്ഷന്റെ പുതിയ നിര്‍ദേശങ്ങള്‍ ആത്മീയതയ്‌ക്ക്‌ പുതിയ ഒരു ദിശാബോധം നല്‍കും. ഒപ്പം അനാരോഗ്യകരമായ പ്രവണതകളെ തടയുകയും ചെയ്യും.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.