You are Here : Home / USA News

തെരഞ്ഞെടുപ്പിനുശേഷം രാഷ്ട്രീയ ധ്രുവീകരണത്തിന് സാധ്യത: അമേരിക്കന്‍ കേരള ഡിബേറ്റ് ഫോറം

Text Size  

പി .പി .ചെറിയാൻ

p_p_cherian@hotmail.com

Story Dated: Wednesday, April 09, 2014 09:13 hrs UTC

ഹൂസ്റ്റണ്‍: ഏപ്രില്‍, മേയ് മാസങ്ങളില്‍ നടക്കുന്ന പതിനാറാമത് ലോക്‌സഭാ തെരഞ്ഞെടുപ്പിനുശേഷം ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ അപ്രതീക്ഷിത രാഷ്ട്രീയ ധ്രുവീകരണത്തിനുളള സാധ്യത തള്ളിക്കളയാനാകില്ലെന്നും കേരള ഡിബേറ്റ് ഫോറം സംഘടിപ്പിച്ച തെരഞ്ഞെടുപ്പ് അവലോകന ചര്‍ച്ചയില്‍ പങ്കെടുത്തവര്‍ അഭിപ്രായപ്പെട്ടു.

ഏപ്രില്‍ ഒന്ന്, രണ്ട്, മൂന്ന് തീയതികളില്‍ തുടര്‍ച്ചയായി രണ്ട് മണിക്കൂറിലധികം നീണ്ടു നിന്ന ചര്‍ച്ചകളില്‍ അമേരിക്കയിലെ ഭൂരിപക്ഷം സംസ്ഥാനങ്ങളില്‍ നിന്നും കാനഡയില്‍ നിന്നുമുളള വിവിധ രാഷ്ട്രീയ പാര്‍ട്ടി നേതാക്കന്മാരും പ്രവര്‍ത്തകരും സ്വതന്ത്ര ചിന്താഗതിക്കാരും ഉള്‍പ്പെടെ ഏകദേശം അറുനൂറില്‍ പരം അംഗങ്ങള്‍ പങ്കെടുത്തതായി ഭാരവാഹികള്‍ അറിയിച്ചു.

ഭാരതീയ ജനതാ പാര്‍ട്ടിയുടെ പ്രധാന മന്ത്രി സ്ഥാനാര്‍ഥി നരേന്ദ്രമോഡിയോ, രാഹുല്‍ ഗാന്ധിയോ, അരവിന്ദ് കെജരിവാളോ തെരഞ്ഞെടുപ്പിനുശേഷം പ്രധാന മന്ത്രിയാകാന്‍ സാധ്യതയില്ലെന്നും പകരം അഴിമതിയുടെ കറ പുരളാത്ത, ഇന്ത്യയില്‍ സംശുദ്ധ ഭരണം കാഴ്ചവയ്ക്കുവാന്‍ കഴിവുളള ഒരു പ്രധാന മന്ത്രിയെ ലോക്‌സഭാംഗങ്ങള്‍ തെരഞ്ഞെടുക്കുമെന്ന് യോഗത്തില്‍ പങ്കെടുത്തവര്‍ പറഞ്ഞു.

1947 ല്‍ ഇന്ത്യ സ്വാതന്ത്ര്യം പ്രാപിച്ചതിനുശേഷം പലതവണ അധികാരത്തിലെത്തിയ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് ഇന്ത്യയുടെ ത്വരിത ഗതിയിലുളള വളര്‍ച്ചയില്‍ നിര്‍ണായക സ്വാധീനം ചെലുത്തുകയും ഇന്ത്യയുടെ യശസ് ലോക രാഷ്ട്രങ്ങളുടെ മുമ്പില്‍ ഉയര്‍ത്തുകയും ചെയ്തുവെങ്കിലും മഹാത്മാജിയും നെഹ്‌റുജിയും വിഭാവനം ചെയ്ത ഭാരതം കെട്ടിപെടുക്കുന്നതില്‍ പരാജയപ്പെടുകയും കോണ്‍ഗ്രസിന്റെ പ്രഖ്യാപിത ലക്ഷ്യങ്ങളില്‍ നിന്ന് വ്യഥിചലിക്കുകയും ചെയ്തതായി യോഗത്തില്‍ പങ്കെടുത്തവര്‍ അഭിപ്രായപ്പെട്ടു.

കോണ്‍ഗ്രസ് ഭരണത്തില്‍ നിരാശരായ ഇന്ത്യന്‍ ജനത കോണ്‍ഗ്രസിനെ ഭരണത്തില്‍ നിന്നും മാറ്റി ബിജെപി ഉള്‍പ്പെടെയുളള പാര്‍ട്ടികളെ പരീക്ഷിച്ചുവെങ്കിലും പ്രതീക്ഷയ്‌ക്കൊത്ത് ഉയരുന്നതിലും ഇന്ത്യയുടെ മഹത്തായ പാരമ്പര്യങ്ങള്‍ കാത്തു സൂക്ഷിക്കുന്നതിലും ഇവര്‍ ദയനീയമായി പരാജയപ്പെട്ടു. അഴിമതിക്കെതിരെ സന്ധിയില്ലാ സമരം പ്രഖ്യാപിച്ചു. വോട്ടര്‍മാരുടെ മനസില്‍ പ്രതീക്ഷകളുടെ തിരമാലകള്‍ ഉയര്‍ത്തിയ ആം ആദ്മി പാര്‍ട്ടിയെ ഒരു ചെറിയ സംസ്ഥാനത്തെ ഭരണം ഏല്‍പിച്ചപ്പോള്‍ തെരഞ്ഞെടുപ്പു വാഗ്ദാനങ്ങള്‍ പാലിക്കാനാകാതെ ഭീരുക്കളെപോലെ ഭരണത്തില്‍ നിന്നും ഒളിച്ചോടി. ഇത്തരത്തിലുളള വരെ ഇന്ത്യന്‍ ഭരണം എങ്ങനെ വിശ്വസിച്ചു ഏല്‍പ്പിക്കുമെന്ന് യോഗത്തില്‍ പങ്കെടുത്തവര്‍ സംശയം പ്രകടിപ്പിച്ചു. പല ഘട്ടങ്ങളില്‍, പല രൂപങ്ങളില്‍ ഇന്ത്യന്‍ വോട്ടര്‍മാരുടെ മുമ്പില്‍ പ്രത്യക്ഷപ്പെട്ട മൂന്നാം മുന്നണി ഈ ലോക്‌സഭാ തെരഞ്ഞെടുപ്പോടെ നാമാവശേഷമാകുമെന്ന് ഭൂരിപക്ഷം അംഗങ്ങളും അഭിപ്രായപ്പെട്ടു.

കുറ്റവാളികളില്ലാത്ത, മൂല്യച്യുതി സംഭവിച്ചിട്ടില്ലാത്ത, അഴിമതിയുടെ കറപുരളാത്ത സ്ഥാനാര്‍ഥികളെ വിജയിപ്പിക്കുന്നതിന് പ്രവാസികള്‍ ഉള്‍പ്പെടെ വോട്ടര്‍മാര്‍ സമ്മതിദാനാവകാശം ഉപയോഗിക്കണമെന്ന് യോഗം അഭ്യര്‍ഥിച്ചു. ലോക്‌സഭയില്‍ എത്തുന്ന അംഗങ്ങള്‍ ജനാധിപത്യ മതേതരത്വ അഴിമതി രഹിത ഭരണത്തിന് നേതൃത്വം നല്‍കുന്നതിന് സുസമ്മതനായ പ്രധാനമന്ത്രിയെ കണെ്ടത്തണമെന്നും യോഗം നിര്‍ദേശിച്ചു.

വീസ, പാസ്‌പോര്‍ട്ട് എന്നിവ ലഭിക്കുന്നതിനുളള ക്രമീകരണങ്ങള്‍ പുനഃ പരിശോധിക്കുകയും കാല താമസം ഒഴിവാക്കുന്നതിനുളള നടപടികള്‍ സ്വീകരിക്കുകയും വേണമെന്ന് യോഗത്തില്‍ പങ്കെടുത്തവര്‍ ഒരേ സ്വരത്തല്‍ ആവശ്യപ്പെട്ടു. ഇന്ത്യന്‍ പൗരത്വ ഭരണഘടനാ വാഗ്ദാനം ചെയ്യുന്ന വോട്ടവകാശം പ്രവാസി എന്ന പേരില്‍ നിഷേധിക്കുന്നത് പ്രതിഷേധാര്‍ഹമാണ്. പുതിയതായി ഭരണത്തില്‍ വരുന്ന ഇന്ത്യാ ഗവണ്‍മെന്റ് പ്രവാസികളുടെ ചിരകാലാഭിലാഷം നിറവേറ്റുന്നതിനുളള നിയമ നിര്‍മാണം നടത്തുമെന്ന് യോഗത്തില്‍ പങ്കെടുത്തവര്‍ പ്രത്യേശ പ്രകടിപ്പിച്ചു. അറുനൂറ് പേര്‍ ടെലി കോണ്‍ഫറന്‍സില്‍ പങ്കെടുത്ത് ചര്‍ച്ചകള്‍ സശ്രദ്ധം ശ്രവിച്ചുവെങ്കിലും നൂറോളം പേരാണ് സജീവമായി പങ്കെടുത്തത്.

ജോര്‍ജ് പാടിയേടം, ഗോപിനാഥ് കുറുപ്പ്, ഡോ. ജയശ്രീ നായര്‍, തോമസ് കോവളളൂര്‍, ശിവദാസന്‍ നായര്‍, കെ.എസ്. ജോര്‍ജ് (ബിജെപി, എന്‍ഡിഎ) സണ്ണി വളളികുളം, സന്തോഷ് നായര്‍, സജി ഏബ്രഹാം, ജോസ് ചാരുമൂട്, തോമസ് ടി. ഉമ്മന്‍, രാജന്‍ മാത്യ, ജെയ്ന്‍ മാത്യു, ജോസ് കല്ലിടുക്കല്‍, ശ്രീകാന്ത് ജോര്‍ജ്, യു.എ. നസീര്‍ (കോണ്‍ഗ്രസ് യുപിഎ), സാം ഉമ്മന്‍ (മൂന്നാം മുന്നണി), റജി ചെറിയാന്‍, ഏബ്രഹാം തെക്കേമുറി, മാത്യൂസ് ഇടപ്പാറ, അനിയന്‍ ജോര്‍ജ്, അനില്‍ പുത്തന്‍ചിറ (ആം ആദ്മി) തുടങ്ങിയവര്‍ അതതു പാര്‍ട്ടികളുടെ തെരഞ്ഞെടുപ്പു വാഗ്ദാനങ്ങളെക്കുറിച്ചും ജയ സാധ്യതകളെകുറിച്ചും നടന്ന ചര്‍ച്ചകള്‍ക്ക് നേതൃത്വം നല്‍കി.

സനല്‍ ഗോപിനാഥ്, അലക്‌സ് കോശി വിളനിലം, ഷാജി എഡ്വേര്‍ഡ്, രേഖാ നായര്‍, ജോസ് വര്‍ക്കി, ജോണ്‍ മാത്യു, ജോസ് നെടുങ്കല്ലേല്‍, രഞ്ജിത് പിളള, ശശീധരന്‍ നായര്‍, വിനീത നായര്‍, റോയ് ആന്റണി എന്നിവര്‍ സ്വതന്ത്രമായി വിശകലനം നടത്തി. മാധ്യമ പ്രവര്‍ത്തരായ ജോയിച്ചന്‍ പുതുക്കുളം, ജോസ് കാടാപുറം, മാത്യു മൂലച്ചേരില്‍, ജീമോന്‍ റാന്നി, അലക്‌സാണ്ടര്‍ തോമസ്, സജി കരിമ്പന്നൂര്‍, ജീമോന്‍ റാന്നി, സജി കരിമ്പന്നൂര്‍ എന്നിവരും സജീവമായി ചര്‍ച്ചയില്‍ പങ്കെടുത്തു.

നിരവധി ടെലിഫോണ്‍ കോണ്‍ഫറന്‍സുകള്‍ നേതൃത്വം നല്‍കിയിട്ടുളള ഹൂസ്റ്റണില്‍ നിന്നുളള സീനിയര്‍ പത്ര പ്രവര്‍ത്തകനും സാഹിത്യകാരനുമായ എ.സി. ജോര്‍ജ്, മോഡറേറ്ററായി പ്രവര്‍ത്തിച്ചത് ചര്‍ച്ചകള്‍ സജീവമാകുന്നതിലും നിയന്ത്രിക്കുന്നതിലും നിര്‍ണായക പങ്കു വഹിച്ചു.

എ.സി. ജോര്‍ജ് (കണ്‍വീനര്‍), സണ്ണി വെളളികുളം, സജി കരിമ്പന്നൂര്‍, റജി ചെറിയാന്‍, തോമസ് കൂവളളൂര്‍, ടോം ഇരിപ്പന്‍, മാത്യൂസ് ഇടപ്പാറ എന്നിവരാണ് കേരള ഡിബേറ്റ് ഫോറത്തിന്റെ സംഘാടകര്‍. പരിപാടി വിജയിപ്പിക്കുന്നതില്‍ സഹകരിച്ച എല്ലാവര്‍ക്കും എ.സി. ജോര്‍ജ് നന്ദി പറഞ്ഞു.
 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.