You are Here : Home / USA News

മാര്‍ത്തോമ്മാ സഭ ഭദ്രാസന അസംബ്ലിയും വൈദിക കോണ്‍ഫറന്‍സും ഫിലാഡല്‍ഫിയായില്‍

Text Size  

Story Dated: Thursday, April 03, 2014 10:34 hrs UTC

ന്യൂയോര്‍ക്ക് : മാര്‍ത്തോമ്മാ സഭയുടെ നോര്‍ത്ത് അമേരിക്ക-യൂറോപ്പ് ഭദ്രാസനത്തിന്റെ വാര്‍ഷിക അസംബ്ലിയും, വൈദിക സമ്മേളനവും ഫിലാഡല്‍ഫിയായില്‍ വച്ച് നടത്തുന്നതിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി ഭദ്രാസനസെക്രട്ടറി റവ.കെ.ഇ. ഗീവര്‍ഗീസ് അറിയിച്ചു.

ഫിലാഡല്‍ഫിയ മാര്‍ത്തോമ്മാ ഇടവക ആതിഥേയത്വം വഹിയ്ക്കുന്ന സമ്മേളനങ്ങള്‍ ഫിലാഡല്‍ഫിയ മാര്‍ത്തോമ്മാ ദേവാലയത്തില്‍ (1085, Camphill Road, Fort Washington) വച്ചാണ് നടത്തപ്പെടുന്നത്. വൈദിക സമ്മേളനം ഏപ്രില്‍ 3,4 (വ്യാഴം, വെള്ളി) തീയതികളില്‍ നടത്തപ്പെടുന്നു. ഭദ്രാസന അദ്ധ്യക്ഷന്‍ ഡോ. ഗീവര്‍ഗീസ് മാര്‍ തിയഡോഷ്യസ് എപ്പിസ്‌ക്കോപ്പാ മുഖ്യ നേതൃത്വം നല്‍കുന്ന സമ്മേളനം 3ന് രാവിലെ 10 മണിയ്ക്ക് ആരംഭിയ്ക്കുന്നതും, വെള്ളിയാഴ്ച 2 മണിയ്ക്ക് സമാപിയ്ക്കുന്നതുമാണ്.

സ്വിറ്റ്‌സര്‍ലണ്ട് മാര്‍ത്തോമ്മാ ഇടവക വികാരി റവ.ഡോ. ജോസഫി ദാനിയേല്‍ ചര്‍ച്ചിംഗ് ദി ഡയസ്‌പോറ(Churching the Diaspora) എന്ന വിഷയത്തെ അധികരിച്ച് പഠനങ്ങള്‍ക്ക് നേതൃത്വം നല്‍കും.

വെള്ളിയാഴ്ച 2 മണിയ്ക്ക് ഭദ്രാസന കൗണ്‍സില്‍ യോഗം ആരംഭിയ്ക്കും. തുടര്‍ന്ന് വൈകുന്നേരം 5 മണിയ്ക്ക് ഭദ്രാസന അസംബ്ലിയ്ക്ക് തുടക്കം കുറിയ്ക്കും. യു.എസ്.എ., കാനഡാ, യൂറോപ്പ് രാജ്യങ്ങളിലായി പടര്‍ന്നു കിടക്കുന്ന ഭദ്രാസനത്തിന്റെ 70 ല്‍ പരം ഇടവകകളില്‍ നിന്നുള്ള പ്രതിനിധകളും, വൈദകരും പങ്കെടുക്കുന്ന വാര്‍ഷിക പ്രതിനിധി സമ്മേളനമാണ് ഭദ്രാസന അസംബ്ലി.

ഡോ. ഗീവര്‍ഗീസ് മാര്‍ തിയഡോഷ്യസ് എപ്പിസ്‌ക്കോപ്പാ അദ്ധ്യക്ഷത വഹിയ്ക്കുന്ന സമ്മേളനങ്ങള്‍ ശനിയാഴ്ച വൈകുന്നേരം നാലു മണിയ്ക്കാണ് സമാപിയ്ക്കുന്നത്.

അസംബ്ലിയോടനുബന്ധിച്ച് 2014-17 ലേക്കുള്ള ഭദ്രാസന ട്രഷറര്‍, ഭദ്രാസന കൗണ്‍സില്‍ അംഗങ്ങള്‍ എന്നിവരുടെ തെരഞ്ഞെടുപ്പും നടത്തപ്പെടുന്നതാണ്. അതൊടൊപ്പം പുതിയ വര്‍ഷത്തേക്കുള്ള പദ്ധതികളും ആവിഷ്‌ക്കരിക്കപ്പെടും. ഏകദേശം 200ല്‍ പരം അത്മായ പ്രതിനിധികളെയും, 70ല്‍ വൈദികരും അസംബ്ലിയിലേക്ക് പ്രതീക്ഷിയ്ക്കുന്നതായി, കഴിഞ്ഞ 3 വര്‍ഷങ്ങള്‍ ഭദ്രാസനത്തിന്  കരുത്തുറ്റ നേതൃത്വം നല്‍കി, നാട്ടിലേക്ക് സ്ഥലം മാറി പോകുന്ന ഭദ്രാസന സെക്രട്ടറി റവ.കെ.ഇ.ഗീവര്‍ഗീസ് അറിയിച്ചു.


 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.