You are Here : Home / USA News

കുമാര്‍ വിശ്വാസ്‌ മലയാളി നേഴ്‌സുമാരോട്‌ ക്ഷമ പറയണം: ഷീല ചെറു

Text Size  

Story Dated: Tuesday, January 21, 2014 01:12 hrs UTC

 

`തൊലിയുടെ നിറം നോക്കാതെ മനുഷ്യന്റെ സ്വഭാവ വൈശിഷ്ടങ്ങളാല്‍ അവരെ വിധിക്കുന്ന ഒരു നല്ലദിനം ഞാന്‍ നോക്കിക്കാണുന്നു` മാര്‍ട്ടിന്‍ ലൂഥര്‍ കിങ്‌!

വര്‍ണ്ണ, വര്‍ഗ്ഗ വേര്‍തിരുവുകള്‍ക്കെതിരെ പോരാടിയ ഡോ. മാര്‍ട്ടിന്‍ ലൂഥര്‍ കിങ്ങിന്റെ ജന്മദിനമായ ഇന്ന്‌ പത്രങ്ങളില്‍ നിറഞ്ഞു നിന്ന വാര്‍ത്ത കണ്ടപ്പോള്‍ അവിശ്വസനീയതയും, ഞെട്ടലുമാണുണ്ടായത്‌. എല്ലാ ഭാരതീയരും എന്റെ സഹോദരി സഹോദരന്മാരെന്ന്‌ പഠിച്ചുവളര്‍ന്ന ഇന്ത്യയില്‍ നിന്ന്‌ ഒരു ഇന്ത്യാക്കാരന്‍ ഒരു ഇന്ത്യന്‍ വംശത്തെ മുഴുവനും അവരുടെ തൊലിയുടെ നിറം, രൂപം, ശുചിത്വം മുതലായവയില്‍ താരതമ്യം ചെയ്‌തു കളിയാക്കി കൈയ്യടി വാങ്ങുന്നു.

എന്റെ അറിവുകള്‍ അനുസരിച്ച്‌ ആം ആദ്‌മി പാര്‍ട്ടി മനുഷ്യാവകാശങ്ങള്‍ സംരക്ഷിക്കാനായി ഉടലെടുത്ത ഒരു പാര്‍ട്ടിയാണ്‌. വര്‍ഷങ്ങള്‍ക്ക്‌ മുമ്പ്‌ ഒരു വംശത്തെ മുഴുവന്‍ അധിക്ഷേപിച്ച ഒരു നേതാവ്‌ ഇത്തരം ഒരു പാര്‍ട്ടിയുടെ തലപ്പിത്തിരിക്കുന്നത്‌ കണ്ടതില്‍ ഞാന്‍ ലജ്ജിക്കുന്നു. കൂടാതെ ബഹുമാനവും, സ്‌നേഹവും നല്‍കേണ്ട ഒരു സമൂഹത്തെ മുഴുവന്‍ അധിക്ഷേപിച്ച കുമാര്‍ വിശ്വാസ്‌, വളര്‍ന്നുവരുന്ന ഒരു രാഷ്ട്രീയ നേതാവിനെക്കാളുപരി ഒരു കവിയും, സാഹിത്യകാരനും ആണെന്നറിഞ്ഞതില്‍ ഏറ്റവും വേദനിക്കുകയും ചെയ്യുന്നു.

കുമാര്‍ വിശ്വാസിനോട്‌ ഒന്നു ചോദിക്കട്ടെ; വിപത്‌ഘട്ടങ്ങളില്‍ , ജീവനുവേണ്ടി പോരടിക്കുമ്പോള്‍ , നിങ്ങള്‍ അപ്പോള്‍ അവിടെ സുലഭമല്ലാത്ത നിങ്ങളുടെ ഉത്തരേന്ത്യന്‍ നേഴ്‌സിന്റെ സേവനത്തിനായി മാത്രം കാത്തിരിക്കുമോ? താങ്കള്‍ ഒരു കാര്യം മനസ്സിലാക്കുക; വേര്‍തിരിവില്ലാതെ എല്ലാവരെയും ഒരു പോലെ സ്‌നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്യുക. ഒരു മനുഷ്യന്റെ വ്യക്തിത്വം അവനവന്റെ സംഭാഷണത്തില്‍ നിന്ന്‌ മനസ്സിലാക്കാന്‍ സാധിക്കും.

എനിക്കു മനസ്സിലാകുന്നില്ല; എന്തിനാണ്‌ സ്‌ത്രീകളെ കാണുന്നതിനും, രസിക്കുന്നതിനും ജനങ്ങള്‍ ആശുപത്രികളില്‍ പോകുന്നതെന്ന്‌! അതിനൊക്കെ വേറെ സ്ഥലങ്ങളില്ലേ? കുമാര്‍ വിശ്വാസിനെപ്പോലെയുള്ളവര്‍ ആ ആവശ്യങ്ങള്‍ക്കായി അത്തരം സ്ഥലങ്ങള്‍ തിരഞ്ഞെടുക്കുന്നതായിരിക്കും കരണീയം; അവിടെ നിങ്ങള്‍ക്ക്‌ നല്ല പെര്‍ഫ്യൂമിന്റെ മണങ്ങളും, വശ്യമായ ചിരികളും അതില്‍ കൂടുതലും ലഭിച്ചെന്നുവരാം!

വര്‍ഗ്ഗ, വര്‍ണ്ണ വേര്‍തിരിവുകള്‍ ഇല്ലാതെ നമ്മള്‍ മറ്റുള്ളവരെ കാണുമ്പോള്‍ പുഞ്ചിരിക്കുകയും, സ്‌നേഹിക്കുകയും, ബഹുമാനിക്കുയും വേണമെന്നുള്ളത്‌ ആവശ്യമാണ്‌; പ്രത്യേകിച്ചും ആതുരസേവന രംഗത്ത്‌ പ്രവര്‍ത്തിക്കുന്നവര്‍ എന്ന്‌ ഞാന്‍ സമ്മതിക്കുന്നു. കരുണയുള്ള ഹൃദയങ്ങളും പ്രവര്‍ത്തി ചെയ്യുന്നതിനുള്ള മനഃസ്ഥിതിയുമായി ആ രംഗത്തുള്ളവര്‍ എല്ലാവരും അങ്ങനെതന്നെയെന്നാണ്‌ എന്റെ വിശ്വാസം.

തമാശയായിട്ടാണെങ്കില്‍ പോലും ഒരു വ്യക്തിയെയോ, ഒരു സമൂഹത്തിനെയോ പൊതുവില്‍ അവരുടെ വര്‍ണ്ണ, വര്‍ഗ്ഗ, ജാതി, മത കാരണങ്ങളില്‍ പരിഹസിക്കുന്നവരെ ശിക്ഷിക്കുക തന്നെ വേണം. തീര്‍ത്തും മ്ലേച്ഛമായ വിധത്തില്‍ മലയാളി നേഴ്‌സുമാരെ മുഴുവന്‍ അവഹേളിച്ച കുമാര്‍ വിശ്വാസ്‌ ലോകമെമ്പാടുമുള്ള മലയാളി നേഴ്‌സുമാരോടും, മലയാളി സമൂഹത്തോടും ക്ഷമപറഞ്ഞേ മതിയാവൂ.

`ലോകത്തില്‍ ഒരു നിറവും മറ്റൊരു നിറത്തിനെക്കാളും നല്ലതല്ല! മറിച്ചെങ്കില്‍ ശുഭ്രവസ്‌ത്രം മാത്രം ധരിച്ച്‌ ജീവിതകാലം മുഴുവന്‍ കഴിയേണ്ടിവരും. വ്യക്തിത്വം അനുദിനം നമ്മുടെ ജീവിതത്തില്‍ രൂപപ്പെട്ടുകൊണ്ടിരിക്കുന്നു. നമ്മള്‍ നമ്മളെത്തന്നെ പൂര്‍ണ്ണമായി തിരിച്ചറിയുന്ന ദിനം നമ്മള്‍ മരിച്ചിരിക്കും` ആല്‍ബര്‍ട്ട്‌ കാമസ്‌.

നാണമാകുന്നില്ലെ ശ്രീ വിശ്വാസ്‌, മലയാളി നേഴ്‌സുമാരോട്‌ ക്ഷമ യാചിക്കുക; ഞങ്ങളുടെ ഉള്ളില്‍ കരുണയുള്ളതിനാല്‍ ഞങ്ങള്‍ നിങ്ങളോട്‌ ക്ഷമിക്കുന്നു.

ദൈവത്തിലാണ്‌ ഞങ്ങളുടെ വിശ്വാസം! ശുശ്രൂഷയിലാണ്‌ ഞങ്ങളുടെ അഭിമാനം!.

മലയാളി നേഴ്‌സുമാരെ വംശീയമായി അധിക്ഷേപിച്ച ആം ആദ്‌മി പാര്‍ട്ടി നേതാവ്‌ കുമാര്‍ വിശ്വാസിന്റെ പ്രസ്‌താവനയെ അപലപിച്ചുകൊണ്ട്‌ പ്രവാസി മലയാളി അസോസിയേഷന്‍ വൈസ്‌ പ്രസിഡന്റും, പി.എം.എഫ്‌ വിമന്‍സ്‌ ഫോറം ഗ്ലോബല്‍ ചെയര്‍മാനും,  നേഴ്‌സുമായ ശ്രീമതി ഷീലാ ചെറു ഒരു പ്രസ്‌താവനയില്‍ അറിയിച്ചതാണിത്‌.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.