You are Here : Home / USA News

ജര്‍മനിയിലെ പെന്‍ഷന്‍ പരിഷ്‌കരണം: 60 ബില്യന്‍ യൂറോയുടെ അധിക ബാധ്യത

Text Size  

Story Dated: Sunday, January 19, 2014 05:10 hrs UTC

ബര്‍ലിന്‍ : ക്രിസ്റ്റ്യന്‍ ഡെമോക്രാറ്റിക് യൂണിയനും സോഷ്യല്‍ ഡെമോക്രാറ്റിക് പാര്‍ട്ടിയും തമ്മിലുള്ള ധാരണയനുസരിച്ച് ജര്‍മനിയില്‍ നടപ്പാക്കാന്‍ പോകുന്ന പെന്‍ഷന്‍ പരിഷ്‌കരണം വഴി പെന്‍ഷന്‍ ഫണ്ടിന് വരാന്‍ പോകുന്നത് പ്രതിവര്‍ഷം അറുപതു ബില്യന്‍ യൂറോയുടെ അധിക ബാധ്യത. ഇത്രയും തുക എങ്ങനെ സ്വരൂപിക്കും എന്നതു സംബന്ധിച്ച് ധാരണയില്‍ ഒന്നും പറയുന്നുമില്ല.

തൊഴില്‍ മന്ത്രാലയം കണക്കുകൂട്ടുന്നതനുസരിച്ച് 2020 ആകുന്നതോടെയാണ് ബാധ്യത 60 ബില്യന്‍ വരെ ഉയരുന്നത്. നികുതിദാതാക്കളുടെ പണത്തില്‍നിന്നുള്ള സബ്‌സിഡിയും ഇനി ഇതിലേക്ക് വക മാറ്റുന്ന സാഹചര്യം പ്രതീക്ഷിക്കാം. എന്നാല്‍ , അതിനു സാധിക്കും വരെ പെന്‍ഷന്‍ ഇന്‍ഷുറന്‍സ് റിസര്‍വ്, കോണ്‍ട്രിബ്യൂഷന്‍ ഇളവുകള്‍ തുടങ്ങിയവയില്‍നിന്നു വേണം പണം സ്വരൂപിക്കാന്‍ .

കോണ്‍ട്രിബ്യൂഷന്‍ നിരക്ക് 18.9 ശതമാനത്തില്‍ നിലനിര്‍ത്തിയാണ് പെന്‍ഷന്‍ പരിഷ്‌കരണം നടപ്പാക്കുന്നത്. 2019 ല്‍ ഇത് 19.7 ശതമാനമാക്കും. ഇതാണ് ബാധ്യത വര്‍ധിക്കാന്‍ പ്രധാന കാരണം. ഇത്തരം പരിഷ്‌കാരങ്ങള്‍ നടപ്പാക്കുമ്പോഴും, തൊഴില്‍ രഹിതര്‍ക്കുള്ള ഹാര്‍ട്ട്‌സ് ഫോര്‍ വാങ്ങുന്നവരും ദീര്‍ഘകാലമായി തൊഴില്‍രഹിതരായി തുടരുന്നവരും പാര്‍ശ്വവത്കരിക്കപ്പെടുന്നു എന്നും ആക്ഷേപം ഉയരുന്നുണ്ട്.

ഈ വര്‍ഷം ജൂലൈ ഒന്നിനാണ് പരിഷ്‌കാരങ്ങള്‍ നടപ്പാക്കുന്നത്. അന്നു മുതല്‍, 1992 നു മുന്‍പു ജനിച്ച സ്ത്രീകള്‍ക്ക് കൂടുതല്‍ മറ്റേണല്‍ പെന്‍ഷന്‍ നല്‍കുന്നത് അടക്കമുള്ള മാറ്റങ്ങള്‍ പ്രാബല്യത്തിലാകും. ഇതിന്റെ പ്രയോജനം ലഭിയ്ക്കുന്ന 10 മില്യണ്‍ മാതാക്കള്‍ക്കാണ്. 45 വര്‍ഷം ജോലി ചെയ്യുകയും 63 വയസ് തികയുകയും ചെയ്താല്‍ അത്തരക്കാര്‍ക്ക് (സ്തീകള്‍ ) മുഴുന്‍ പെന്‍ഷനോടുകൂടി സര്‍വീസില്‍ നിന്ന് പിരിയാം. നേരത്തെ ഈ പ്രായം 65 ആയിരുന്നു. എന്നാല്‍ പുരുഷന്മാര്‍ക്ക് 45 വര്‍ഷത്തെ സര്‍സീസില്‍ 65 വയസ് ആയാല്‍ ഫുള്‍ പെന്‍ഷനോടുകൂടി വിരമിയ്ക്കാം. ഇവരുടെ പ്രായം മുമ്പ് 67 ആയിരുന്നു.

തൊഴില്‍ മന്ത്രി ആന്ത്രയാ നാലെസ് അവതരിപ്പിച്ച പെന്‍ഷന്‍ ബില്ലിന്മേല്‍ കൂടുതല്‍ ചര്‍ച്ചകള്‍ ജനുവരി 29 ന് നടക്കുന്ന മന്ത്രിസഭായോഗത്തില്‍ അന്തിമ തീരുമാനം പ്രഖ്യാപിയ്ക്കും. ഇത് നടപ്പുവര്‍ഷം ജൂലൈ ഒന്നുമുതല്‍ പ്രാബല്യത്തിലാവും. പാര്‍ലമെന്റിലെ നാമമാത്രമായ പ്രതിപക്ഷകക്ഷികള്‍ പെന്‍ഷന്‍ പരിഷ്‌ക്കരണത്തില്‍ സംസാരിച്ചെങ്കിലും വിശാലമുന്നണിയില്‍ തിരുത്തലുണ്ടാക്കാനുള്ള ശേഷിയില്ലാതെ സംസാരം മാത്രമായി അവശേഷിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.