You are Here : Home / USA News

മെത്രാഭിഷേക വാര്‍ഷികാഘോഷം ഒരു ചരിത്രസംഭവമായി

Text Size  

മൊയ്തീന്‍ പുത്തന്‍‌ചിറ

puthenchirayil@gmail.com

Story Dated: Saturday, January 11, 2014 08:27 hrs UTC

ന്യൂജെഴ്‌സി: ആകമാന സുറിയാനി സഭയുടെ നോര്‍ത്ത്‌ അമേരിക്കന്‍ മലങ്കര അതിഭദ്രാസന മെത്രാപ്പോലീത്താ അഭിവന്ദ്യ യല്‍ദൊ മാര്‍ തീത്തോസ്‌ തിരുമേനിയുടെ പത്താമത്‌ സ്ഥാനാരോഹണ വാര്‍ഷികാഘോഷം ജനുവരി 4ന്‌ ന്യൂജെഴ്‌സിയിലെ പരാമസിലുള്ള സിറിയന്‍ ഓര്‍ത്തഡോക്‌സ്‌ ചര്‍ച്ചില്‍ വെച്ച്‌ സമുചിതമായി ആഘോഷിച്ചു.

രാവിലെ 8 മണിക്ക്‌ അഭിവന്ദ്യ തിരുമേനിയുടെ മുഖ്യ കാര്‍മ്മികത്വത്തില്‍ വിഃകുര്‍ബ്ബാന അര്‍പ്പിച്ചു. വിഃകുര്‍ബ്ബാനമധ്യേ റവ. ഡീക്കന്‍ രഞ്‌ജന്‍ മാത്യു, റവ. ഡീക്കന്‍ മാര്‍ട്ടിന്‍ ബാബു, റവ. ഡീക്കന്‍ വിവേക്‌ അലക്‌സ്‌, റവ. ഡീക്കന്‍ ബെന്‍സന്‍ കുരിയാക്കോസ്‌, റവ. ഡീക്കന്‍ ഷെറില്‍ മത്തായി, ശ്രീ ലിജി പോള്‍ എന്നിവര്‍ക്കായുള്ള `ശെമ്മാശ്ശ പട്ടം കൊട` ശുശ്രൂഷയും നടന്നു.

11 മണിക്ക്‌ ബഹു. കൗണ്‍സില്‍ അംഗങ്ങളുടെ നേതൃത്വത്തില്‍ പാത്രിയര്‍ക്കാ പതാകയുമേന്തി ബ: വൈദികരുടേയും, ശെമ്മാശ്ശന്മാരുടേയും അകമ്പടിയോടെ അഭിവന്ദ്യ തിരുമേനിമാരേയും മറ്റു വിശിഷ്ടാതിഥികളേയും സ്‌റ്റേജിലേക്ക്‌ സ്വീകരിച്ചാനയിച്ചതോടെ സ്ഥാനാരോഹണ അനുമോദന ചടങ്ങിന്‌ തുടക്കമായി. വിവിധ സഭാമേലദ്ധ്യക്ഷന്മാരുടെ മഹനീയ സാന്നിദ്ധ്യത്തില്‍ അനേകം വൈദികരേയും, ശെമ്മാശ്ശന്മാരേയും, നൂറുകണക്കിന്‌ വിശ്വാസികളേയും സാക്ഷികളാക്കി, തിരി തെളിയിച്ച്‌, വൈറ്റ്‌പ്ലെയിന്‍സ്‌ സെന്റ്‌ മേരീസ്‌ പള്ളി ഗായക സംഘം ആലപിച്ച പ്രാര്‍ത്ഥനാഗാനത്തോടെ, പ്രോഗ്രാമിന്‌ തുടക്കം കുറിച്ചു.

യോഗത്തില്‍ അഭിവന്ദ്യ അയൂബ്‌ മാര്‍ സില്‍വാനോസ്‌ മെത്രാപ്പോലീത്താ (ആര്‍ച്ച്‌ ബിഷപ്പ്‌, ക്‌നാനായ സിറിയക്ക്‌ ഓര്‍ത്തഡോക്‌സ്‌ ചര്‍ച്ച്‌ ഓഫ്‌ യു.എസ്‌.എ. ആന്റ്‌ യൂറോപ്പ്‌) അദ്ധ്യക്ഷത വഹിച്ചു. ആര്‍ച്ച്‌ ബിഷപ്പ്‌ ഖജാഗ്‌ ബര്‍സാമിയന്‍ (അര്‍മീനിയന്‍ ഓര്‍ത്തഡോക്‌സ്‌ ചര്‍ച്ച്‌) ഉദ്‌ഘാടനകര്‍മ്മം നിര്‍വ്വഹിച്ചു. അമേരിക്കയിലെ ഓറിയന്റല്‍ ഓര്‍ത്തഡോക്‌സ്‌ ചര്‍ച്ചിന്റെ വിവിധ പ്രവര്‍ത്തന മേഖലകളില്‍ നിറസാന്നിദ്ധ്യമായിരിക്കുന്ന മാര്‍ തീത്തോസ്‌ മെത്രാപ്പോലീത്തായുടെ എളിമയും വിനയവുമാര്‍ന്ന പ്രവര്‍ത്തന ശൈലിയില്‍ താന്‍ ഏറെ ആകൃഷ്ടനാണെന്നും, സഭക്കും സമൂഹത്തിനുമായുള്ള അദ്ദേഹത്തിന്റെ ആത്മീയ നേതൃത്വം എന്നെന്നും വിലമതിക്കപ്പെടുമെന്നും തിരുമേനി തന്റെ ഉദ്‌ഘാടന പ്രസംഗത്തില്‍ സൂചിപ്പിച്ചു. അമേരിക്കന്‍ അതിഭദ്രാസനത്തിനും, മാര്‍ തീത്തോസ്‌ മെത്രാപ്പോലീത്തായ്‌ക്കും ഈ അവസരത്തില്‍ എല്ലാവിധ ഭാവുകങ്ങളും ആശംസിക്കുന്നതായും തിരുമേനി അറിയിച്ചു.

പഃപാത്രിയാര്‍ക്കീസ്‌ ബാവായില്‍ നിന്നുള്ള അനുഗ്രഹകല്‌പന അഭിവന്ദ്യ മാര്‍ തോമസ്‌ അലക്‌സാന്‍ഡ്രിയോസ്‌ തിരുമേനി വായിച്ചു. ഭദ്രാസന സെക്രട്ടറി വെരി. റവ. മാത്യൂസ്‌ ഇടത്തറ കോര്‍ എപ്പിസ്‌കോപ്പാ സ്വാഗതമാശംസിച്ചു.

ബിഷപ്പ്‌ മാര്‍ തോമസ്‌ യൗസേബിയോസ്‌ (സീറോ മലങ്കര കാത്തലിക്‌ ചര്‍ച്ച്‌ ഇന്‍ യു.എസ്‌.എ.), മാര്‍ തോമസ്‌ അലക്‌സാന്‍ഡ്രിയോസ്‌ (മെത്രാപ്പോലീത്തന്‍ ഓഫ്‌ സിറിയക്ക്‌ ഓര്‍ത്തഡോക്‌സ്‌ ചര്‍ച്ച്‌, ബോംബെ ഭദ്രാസനം), റൈറ്റ്‌ റവ. ജോണ്‍ സി. ഇട്ടി (ബിഷപ്പ്‌, എപ്പിസ്‌കോപ്പല്‍ ചര്‍ച്ച്‌), റൈറ്റ്‌ റവ. ജോര്‍ജ്‌ നൈനാന്‍ (റിട്ട. ബിഷപ്പ്‌, സി.എന്‍.ഐ.), കോപ്‌റ്റിക്‌ ഓര്‍ത്തഡോക്‌സ്‌ ചര്‍ച്ച്‌ ബിഷപ്പ്‌ മാര്‍ ഡേവിഡിനെ പ്രതിനിധീകരിച്ച്‌ ഡീക്കന്‍ നിക്കോളാസ്‌, എത്യോപ്യന്‍ ഓര്‍ത്തഡോക്‌സ്‌ ചര്‍ച്ച്‌, ആര്‍ച്ച്‌ ബിഷപ്പ്‌ മാര്‍ സെഖറിയാസിനെ പ്രതിനിധീകരിച്ച്‌ റവ. ഫാ. അംഡെയ്‌ സയ്‌ക്ക്‌, മുന്‍ ഭദ്രാസന കൗണ്‍സില്‍ ട്രഷറര്‍ ശ്രീ സാജു പൗലോസ്‌, വിവിധ ഭക്തസംഘടനാ പ്രതിനിധികള്‍ തുടങ്ങിയവര്‍ ആശംസകള്‍ നേര്‍ന്നു.


പ്രതികൂല കാലാവസ്ഥയായിരുന്നിട്ടും വിശ്വാസികള്‍ ഒത്തൊരുമയോടെ, ഭദ്രാസനത്തോടും, ഇടവക മെത്രാപ്പോലീത്തായോടുമുള്ള സ്‌നേഹത്തിന്റേയും കരുതലിന്റേയും ഭാഗമെന്നോണം, തികച്ചും ആത്മീയ അന്തരീക്ഷത്തില്‍, ഈ കൂട്ടയ്‌മയില്‍ കുടുംബസമേതം പങ്കുചേര്‍ന്നത്‌ വിശ്വാസികളില്‍ ഒരു പുത്തന്‍ ഉണര്‍വ്വ്‌ പകര്‍ന്നുകൊടുത്ത ആത്മീയ നിറവിന്റെ വലിയൊരനുഭവമായി.

അഭിവന്ദ്യ തിരുമേനിയുടെ നിസ്‌തുലമായ സേവനത്തെ കണക്കിലെടുത്ത്‌ ഭദ്രാസനം വകയായിട്ടുള്ള പ്രത്യേക പാരിതോഷികം ബഹു. കൗണ്‍സില്‍ അംഗങ്ങളുടെ സാന്നിദ്ധ്യത്തില്‍ ട്രഷറര്‍ സാജു പൗലോസ്‌ മാരോത്ത്‌ അഭിവന്ദ്യ തിരുമേനിക്ക്‌ സമര്‍പ്പിച്ചു. സ്ഥാനാരോഹണ വാര്‍ഷിക സ്‌മരണക്കായി ആവിഷ്‌ക്കരിച്ച സാധു സഹായ പദ്ധതിക്കായുള്ള ഫണ്ടും തിരുമേനിക്ക്‌ കൈമാറി.

ദൈവത്തിന്റെ കൃപയും, കരുണയും, വിശ്വാസികളുടെ പ്രാര്‍ത്ഥനയും അതോടൊപ്പം ഭദ്രാസനത്തിന്റെ ഉന്നമനത്തിനായി കാലാകാലങ്ങളില്‍ പ്രവര്‍ത്തിച്ച അനേകരുടെ സമര്‍പ്പണ മനോഭാവവുമാണ്‌ ഭദ്രാസനത്തിന്റെ വളര്‍ച്ചക്ക്‌ സഹായകരമായതെന്ന്‌ തിരുമേനി തന്റെ മറുപടി പ്രസംഗത്തില്‍ സൂചിപ്പിച്ചു. ഭദ്രാസനത്തിന്റെ എല്ലാവിധ വളര്‍ച്ചക്കും നേട്ടങ്ങള്‍ക്കും നാം ദൈവത്തോട്‌ എപ്പോഴും നന്ദിയുള്ളവരായിരിക്കണമെന്നും അഭിവന്ദ്യ തിരുമേനി ഓര്‍മ്മിപ്പിച്ചു.

ഭദ്രാസന ജോയിന്റ്‌ സെക്രട്ടറി റവ. ഫാ. പോള്‍ പറമ്പത്ത്‌ കൃതജ്ഞത രേഖപ്പെടുത്തി. റവ. ഫാ. പോള്‍ തോട്ടക്കാട്ട്‌, ശ്രീ സാജു സ്‌ക്കറിയ എന്നിവര്‍ എം.സി.മാരായി പ്രവര്‍ത്തിച്ചു.

സഭാ വാര്‍ത്തകള്‍ വിശ്വാസികള്‍ക്കിടയില്‍ യഥാസമയം എത്തിക്കുകയെന്ന ലക്ഷ്യത്തെ മുന്‍നിര്‍ത്തി മലങ്കര ടി.വി., മലങ്കര ഓണ്‍ലൈന്‍ റേഡിയോ (മലങ്കര മന്നാ) എന്നിങ്ങനെ വീഡിയോ, ഓഡിയോ സംവിധാനത്തിലൂടെ, വാര്‍ത്താവിനിമയ രംഗത്ത്‌ നൂതനമായ ആശയങ്ങള്‍ക്കും തുടക്കം കുറിച്ചു.

`മലങ്കര വേള്‍ഡ്‌ ജേര്‍ണല്‍` എന്ന പേരില്‍ പ്രസിദ്ധീകരിക്കുന്ന ന്യൂസ്‌ ലെറ്ററിന്റെ മെത്രാഭിഷേക വാര്‍ഷിക സ്‌പെഷ്യല്‍ പതിപ്പ്‌ അഭിവന്ദ്യ തിരുമേനിക്ക്‌ കോപ്പി നല്‍കി പ്രകാശനം ചെയ്‌തു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.