You are Here : Home / USA News

ഫീനിക്‌സില്‍ ക്രിസ്‌മസ്‌ -പുതുവത്സരാഘോഷങ്ങള്‍ ഭക്തിസാന്ദ്രമായി

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Tuesday, January 07, 2014 03:19 hrs UTC

ഫീനിക്‌സ്‌: ഫീനിക്‌സ്‌ ഹോളി ഫാമിലി സീറോ മലബാര്‍ ദേവാലയത്തിന്റെ ആഭിമുഖ്യത്തില്‍ നടന്ന ക്രിസ്‌മസ്‌ - പുതുവത്സരാഘോഷങ്ങള്‍ സമാപിച്ചു. ഫീനിക്‌സിലെ സീറോ മലബാര്‍ സമൂഹത്തിന്റെ സജീവ പങ്കാളിത്തത്തോടെ സംഘടിപ്പിച്ച എക്യൂമെനിക്കല്‍ ക്രിസ്‌മസ്‌ ആഘോഷങ്ങളോടെയാണ്‌ ആഴ്‌ചകള്‍ നീണ്ടു നിന്ന ആഘോഷങ്ങള്‍ക്ക്‌ തുടക്കമിട്ടത്‌. മെസ്സയിലെ ഡോബ്‌സണ്‍ ഓഡിറ്റോറിയത്തില്‍ വെച്ച്‌ അരങ്ങേറിയ എക്യൂമെനിക്കല്‍ പരിപാടികളില്‍ സഭാ സമൂഹങ്ങള്‍ പങ്കുചേര്‍ന്നു.

ഇടവക തലത്തിലുള്ള ആഘോഷങ്ങള്‍ക്ക്‌ തുടക്കമിട്ടുകൊണ്ട്‌ വിവിധ വാര്‍ഡ്‌ പ്രതിനിധികളുടെ നേതൃത്വത്തില്‍ കരോള്‍ പരിപാടികള്‍ സംഘടിപ്പിച്ചു. തിരുപ്പിറവിയുടെ മഹദ്‌ സന്ദേശമുണര്‍ത്തി ഇടവകയിലെ എല്ലാ ഭവനങ്ങളിലും സാന്താക്ലോസ്‌ സന്ദര്‍ശനം നടത്തിയതും ആഘോഷങ്ങളുടെ മാറ്റ്‌ വര്‍ധിപ്പിച്ചു. പുതിയ ദേവാലയത്തില്‍ വെച്ച്‌ നടന്ന ആദ്യത്തെ ക്രിസ്‌മസ്‌ കര്‍മ്മങ്ങള്‍ ഭക്തിനിര്‍ഭരമായി. ഉണ്ണി മിശിഹായേയും കരങ്ങളില്‍ വഹിച്ചുകൊണ്ട്‌ മുഖ്യ കാര്‍മികന്‍ നേതൃത്വം നല്‍കിയ പ്രദക്ഷിണം, പരമ്പരാഗത കേരളീയ ക്രൈസ്‌തവ പാരമ്പര്യമനുസരിച്ചുള്ള ഉണ്ണിയേശുവിനെ തീയുഴിക്കല്‍ ചടങ്ങുകളില്‍ ഇടവകാംഗങ്ങള്‍ ഭക്ത്യാദരപൂര്‍വ്വം പങ്കെടുത്തത്‌ ആഘോഷങ്ങളെ ആത്മീയസാന്ദ്രമാക്കി. ക്രിസ്‌മസ്‌ രാത്രിയിലെ തിരുകര്‍മ്മങ്ങള്‍ക്ക്‌ വികാരി ഫാ. മാത്യു മുഞ്ഞനാട്ട്‌ മുഖ്യകാര്‍മികത്വം വഹിച്ചു. ഫാ. ജോര്‍ജ്‌ വേഴാച്ചേരില്‍ എസ്‌.ജെ. ക്രിസ്‌മസ്‌ സന്ദേശം നല്‍കി. ദൈവത്തെ കണ്ടെത്താന്‍ ഉയരങ്ങളിലേക്ക്‌ ദൃഷ്‌ടികളുയര്‍ത്തുന്ന മനുഷ്യന്‍, മനുഷ്യനെ അന്വേഷിച്ച്‌ താഴെ ഭൂമിയിലേക്ക്‌ ഇറങ്ങിവരുന്ന ദൈവത്തെ തിരിച്ചറിയാതെ പോകുന്നതാണ്‌ ജീവിത പ്രശ്‌നങ്ങളുടെ മൂല കാരണം. കേവലം ആഘോഷങ്ങളിലും, അനുഷ്‌ഠാനങ്ങളിലും മാത്രമായൊതുങ്ങാതെ നമുക്കിടയില്‍ ജീവിക്കുന്ന ദൈവത്തെ കണ്ടുമുട്ടുമ്പോഴാണ്‌ ക്രൈസ്‌തവ ജീവിതം സാര്‍ത്ഥകമാകുന്നതെന്ന്‌ അച്ചന്‍ പറഞ്ഞു.

തിരുകര്‍മ്മങ്ങള്‍ക്കുശേഷം സന്തോഷത്തിന്റെയും, ആഹ്ലാദമായി നടന്ന കേക്ക്‌ വിതരണം, കരോള്‍ ഗാനാവതരണം എന്നിവയും ആഘോഷങ്ങളെ അര്‍ത്ഥപൂര്‍ണ്ണമാക്കി. ഇടവകയിലെ വിന്‍സെന്റ്‌ ഡി പോള്‍ സംഘടനയുടെ ചാരിറ്റി പ്രവര്‍ത്തനങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച `ഗിഫ്‌റ്റ്‌ ട്രീ' പ്രോഗ്രാമും വിജയമായി. വാര്‍ഡ്‌ തലത്തില്‍ ഒരുക്കിയ ക്രിസ്‌മസ്‌ പാര്‍ട്ടികളില്‍ വികാരി ഫാ. മാത്യു മുഞ്ഞനാട്ട്‌ മുഖ്യാതിഥിയായി പങ്കെടുത്തു.

വര്‍ഷാവസാന-പുതുവര്‍ഷ പ്രാര്‍ത്ഥനകളിലും പങ്കുചേര്‍ന്ന ഇടവകാംഗങ്ങള്‍ ആഘോഷങ്ങളെ വിശ്വാസത്തിന്റെ പ്രതീകമാക്കി മാറ്റി. ദിവ്യബലിയെ തുടര്‍ന്ന്‌ പോയ വര്‍ഷത്തെ അനുഗ്രഹങ്ങള്‍ക്ക്‌ നന്ദി പ്രകാശിപ്പിച്ചുകൊണ്ട്‌ ആരംഭിച്ച ദിവ്യകാരുണ്യാരാധനയും പ്രാര്‍ത്ഥനകളും, പുതുവര്‍ഷ പ്രഭാതത്തിലെ വിശുദ്ധ കുര്‍ബാനയോടെയാണ്‌ സമാപിച്ചത്‌. മാത്യു ജോസ്‌ കുര്യംപറമ്പില്‍ അറിയിച്ചതാണിത്‌.  

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.