You are Here : Home / USA News

അഞ്ചാമതു കെ.സി.വൈ.എല്‍.എന്‍.എ യൂത്ത്‌ സമ്മിറ്റിന്‌ ഡിട്രോയിറ്റില്‍ വര്‍ണ്ണാഭമായ തുടക്കം

Text Size  

Jose Maleckal

jmaleckal@aol.com

Story Dated: Monday, December 30, 2013 12:39 hrs UTC

ഡിട്രോയിറ്റ്‌: രണ്ടു വര്‍ഷത്തിലൊരിക്കല്‍ നടക്കുന്ന ക്‌നാനായ കാത്തലിക്‌ യൂത്ത്‌ ലീഗ്‌ ഓഫ്‌ നോര്‍ത്ത്‌ അമേരിക്ക (കെ.സി.വൈ.എല്‍.എന്‍.എ) യുടെ 2013 ലെ ദേശീയ സമ്മിറ്റിനു മിഷിഗണിലെ ഡിട്രോയിറ്റ്‌ നഗരപ്രാന്തത്തിലുള്ള ക്ലാര്‍ക്‌സ്റ്റണിലെ കൊളംബിയര്‍ കോണ്‍ഫറന്‍സ്‌ ആന്റ്‌ റിട്രീറ്റ്‌ സെന്ററില്‍ തിരശീല ഉയര്‍ന്നു. നാലുദിവസം നീണ്ടുനില്‍ക്കുന്ന യുവജനസമ്മേളനം ഡിസംബര്‍ 27 വെള്ളിയാഴ്‌ച്ച വൈകുന്നേരം 4 മണിക്ക്‌ കെ.സി.വൈ.എല്‍.എന്‍.എ ദേശീയ ചാപ്ലൈനും, ഫിലാഡല്‍ഫിയാ സെ. ജോണ്‍ ന്യൂമാന്‍ ക്‌നാനായ കാത്തലിക്‌ മിഷന്‍ ഡയറക്ടറുമായ റവ. ഡോ. മാത്യു മണക്കാട്ട്‌ ഭദ്രദീപം തെളിച്ച്‌ ഉല്‍ഘാടനം ചെയ്‌തു. ക്‌നാനായ കത്തോലിക്കാ കോണ്‍ഗ്രസ്‌ ഓഫ്‌ നോര്‍ത്ത്‌ അമേരിക്ക (കെ.സി.സി. എന്‍. എ) യുടെ യുവജനവിഭാഗവും, ക്‌നാനായ കത്തോലിക്കാ യുവജനങ്ങളുടെ ഏറ്റവും വലിയ കൂട്ടായ്‌മയുമായ കെ.സി.വൈ.എല്‍.എന്‍.എ സംഘടിപ്പിക്കുന്ന നാലുദിവസത്തെ ദേശീയ സമ്മേളനത്തില്‍ വടക്കേ അമേരിക്കയിലും, കാനഡായില്‍നിന്നുമായി 170 ല്‍പരം യുവതീയുവാക്കള്‍ പങ്കെടുക്കുന്നു.

 

 

 

 

എട്ടുവര്‍ഷങ്ങള്‍ക്കുമുമ്പ്‌ 2005 ല്‍ ചിക്കാഗോയിലായിരുന്നു ആദ്യത്തെ കോണ്‍ഫറന്‍സ്‌ അരങ്ങേറിയത്‌. തുടര്‍ന്ന്‌ രണ്ടുവര്‍ഷത്തെ ഇടവേളയില്‍ ഹൂസറ്റണ്‍, ടാമ്പാ, അറ്റ്‌ലാന്റാ എന്നിവിടങ്ങളിലായി നാലു കണ്‍വന്‍ഷനുകള്‍ ഇതിനോടകം നടന്നുകഴിഞ്ഞു. ക്‌നാനായ യുവതീയുവാക്കള്‍ക്ക്‌ പരസ്‌പരം പരിചയപ്പെടുന്നതിനും, നെറ്റ്‌വര്‍ക്ക്‌ ചെയ്യുന്നതിനും, നേതൃത്വഗുണങ്ങള്‍ വളര്‍ത്തിയെടുക്കുന്നതിനും ഉദ്ദേശിച്ചുള്ള ഈ കണ്‍വന്‍ഷന്‍ യുവജനങ്ങള്‍ പ്രതീക്ഷയോടെ ഉറ്റുനോക്കുന്ന ഒന്നാണ്‌. സെമിനാറുകള്‍, സ്‌പോര്‍ട്‌സ്‌ ആന്റ്‌ ഗെയിംസ്‌, ഐസ്‌ ബ്രെയിക്കര്‍, ബാങ്ക്വറ്റ്‌, റ്റാലന്റ്‌ ഷോ, വിശുദ്ധ കുര്‍ബാന തുടങ്ങി മാനസികോല്ലാസത്തിനും, ആല്‍മീയ ഉണര്‍വിനും ഉതകുന്ന പരിപാടികളാണ്‌ നാലുദിവസത്തെ കണ്‍വന്‍ഷനിലുള്ളത്‌. ക്‌നാനായ യുവക്കാള്‍ക്ക്‌ തനതു ക്‌നാനായ കലാരൂപങ്ങളും, ക്‌നാനായ പാരമ്പര്യങ്ങളും, പൈതൃകവും പരിചയപ്പെടുന്നതിനും, അവ സ്വജീവിതത്തില്‍ കാത്തുസൂക്ഷിക്കുന്നതിനും ഈ കോണ്‍ഫറന്‍സിലൂടെ സാധിക്കും. കെ.സി.വൈ.എല്‍.എന്‍.എ ദേശീയ ചാപ്ലൈന്‍ റവ. ഡോ. മാത്യു മണക്കാട്ട്‌, നാഷണല്‍ പ്രസിഡന്റ്‌ എബി തച്ചേട്ട്‌, സെക്രട്ടറി ആഷ്‌ലിന്‍ ചാഴിക്കാട്ട്‌, ട്രഷറര്‍ ജിനു കൈതമറ്റത്തില്‍, നാഷണല്‍ ഡയറക്ടര്‍ ജീനാ മാക്കീല്‍, എക്‌സിക്യൂട്ടീവ്‌ കമ്മിറ്റി അംഗങ്ങള്‍, ഡിട്രോയിറ്റ്‌ യൂണിറ്റ്‌ ഡയറക്ടര്‍മാരായ ബാബു ഇട്ടൂപ്പ്‌, ജൂബി ചക്കുങ്കല്‍ എന്നിവര്‍ ദേശീയ സമ്മിറ്റിന്‌ നേതൃത്വം നല്‍കുന്നു. സമ്മേളനം ഡിസംബര്‍ 30 തിങ്കളാഴ്‌ച്ച സമാപിക്കും.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.