You are Here : Home / USA News

ചര്‍ച്ച് ട്രസ്റ്റ് ബില്ലു പാസാക്കാന്‍ ലക്ഷം ക്രൈസ്തവരുടെ സെക്രട്ടേറിയറ്റ് മാര്‍ച്ചിന് കെസിആര്‍എം നോര്‍ത്ത് അമേരിക്കയുടെ പിന്തുണ

Text Size  

Story Dated: Monday, November 25, 2019 12:47 hrs UTC

കെസിആര്‍എം നോര്‍ത് അമേരിക്ക (KCRMNA) നവംബര്‍ 06, 2019 ബുധനാഴ്ച് സംഘടിപ്പിച്ച ടെലികോണ്‍ഫെറന്‍സില്‍ ആള്‍ കേരള ചര്‍ച്ച് ആക്ട് ആക്ഷന്‍ കൗണ്‍സിലിന്‍റെ (AKCAAC) ആഭിമുഖ്യത്തില്‍ നവംബര്‍ 27, 2019ല്‍ ലക്ഷംപേര്‍ പങ്കെടുക്കുന്ന തിരുവനന്തപുരം സെക്രട്ടേറിയറ്റ് മാര്‍ച്ചും ധര്‍ണയും  വിജയിപ്പിക്കുന്നതിനുവേണ്ടിഎല്ലാവിധ സഹായസഹകരണങ്ങളും വാഗ്ദാനം ചെയ്തിരുന്നു. കൂടാതെ, കെസിആര്‍എം നോര്‍ത് അമേരിക്കയുടെ ട്രെഷറര്‍ ശ്രീ ജോര്‍ജ് നെടുവേലില്‍, ടെലികോണ്‍ഫെറന്‍സ് മോഡറേറ്റര്‍ ശ്രീ എ സി ജോര്‍ജ് തുടങ്ങിയവര്‍ കെസിആര്‍എം നോര്‍ത് അമേരിക്കയെ പ്രതിനിധീകരിച്ച് സമ്മേളനത്തില്‍ സംബന്ധിക്കുന്നതുമാണ്.

സഭാസ്വത്തുക്കള്‍ ഇന്ന് ഭരിക്കുന്നതും കൈകാര്യം ചെയ്യുന്നതും മെത്രാന്മാരും വൈദികരുമാണ്. അല്മായപ്രതിനിധികള്‍ പൊതുയോഗത്തിലോ പാരീഷ് കൗണ്‍സിലിലോപങ്കെടുത്താലും അവര്‍ക്ക് തീരുമാനമെടുക്കാനുള്ള അധികാരമില്ല; ഉപദേശകാവകാശമേയുള്ളു. അതിന്‍റെ ഫലമായിപല ക്രിസ്ത്യന്‍ സഭകളിലും ഈ അടുത്ത കാലത്ത് അനധികൃതവും തട്ടിപ്പ് നിറഞ്ഞതുമായ ഭൂമി ക്രയവിക്രയങ്ങളും സാമ്പത്തിക തിരിമറികളും നടക്കുകയുണ്ടായി.പത്തു വര്‍ഷങ്ങള്‍ക്കു മുന്‍പ് കേരള നിയമ പരിഷ്കരണ കമ്മീഷന്‍ ക്രിസ്ത്യന്‍ സഭകളുടെ സ്വത്തു ഭരിക്കുന്നതിന് ഒരു ഡ്രാഫ്റ്റ് ചര്‍ച്ച് ട്രസ്റ്റ് ബില്‍ സര്‍ക്കാരിന് സമര്‍പ്പിച്ചിരുന്നു. മാറിമാറിവരുന്ന സര്‍ക്കാരുകള്‍ നാളിതുവരെ ആയിട്ടും ആ കരടുബില്ല് നിയമസഭയില്‍ കൊണ്ടുവന്ന് പാസാക്കാന്‍ തുനിഞ്ഞിട്ടില്ല. മറ്റ് മതവിശ്വാസികള്‍ക്ക് അവരുടെ സ്വത്തുക്കള്‍ ഭരിക്കാന്‍ നിയമം നിലവില്‍ ഉണ്ടായിരിക്കുകയും ഇന്ത്യന്‍ ഭരണഘടന എല്ലാ മതക്കാരുടെയും സ്വത്തു ഭരിക്കാന്‍ നിയമം ഉണ്ടാക്കണമെന്ന് അനുശാസിക്കുകയും ചെയ്യുന്ന സാഹചര്യത്തില്‍ എന്തുകൊണ്ട് ക്രിസ്ത്യന്‍ സമുദായത്തോട് സര്‍ക്കാര്‍ വിവേചനാപരമായി പെരുമാറുന്നു എന്ന ചോദ്യം വളരെ പ്രസക്തമാണ്.പുരോഹിതരെ ഭരമേല്പിച്ചിരിക്കുന്ന ചുമതല വചന ശുശ്രൂഷയും കൂദാശാ പാരികര്‍മങ്ങള്‍ തുടങ്ങിയ ആദ്ധ്യാത്മിക ശുശ്രൂഷകളുമാണ്. പള്ളികളുടെ ഭൗതിക വസ്തുക്കളുടെ നടത്തിപ്പ് അല്മായരുടെ ചുമതലയാണ്. അത് സുവിശേഷാധിഷ്ഠിതവും (നടപടി പുസ്തകം ആറാം അദ്ധ്യായം കാണുക) മാര്‍തോമാ ക്രിസ്ത്യാനികളുടെ പാരമ്പര്യവുമാണ്. മേല്പറഞ്ഞ രണ്ടു ചുമതലകളും മുന്‍കാലങ്ങളില്‍ ദേശത്തുപട്ടക്കാരും ഇടവകാംഗങ്ങളായ അല്‌മേനികളും ഒത്തൊരുമിച്ച് വളരെഭംഗിയായി നടത്തിയിരുന്നു.ക്രിസ്ത്യാനികളുടെ പള്ളിസ്വത്തുഭരണത്തില്‍റോമിലെ കാനോന്‍ നിയമം ബാധകമാക്കിയ അന്നുമുതല്‍ ദൈവജനത്തിന്‍റെ കൂട്ടായ്മ (Communtiy of the people of God) എന്ന അവസ്ഥ മാറി. ഇപ്പോള്‍ പുരോഹിത സമുന്നത വര്‍ഗവും അല്‌മേനി അടിമവര്‍ഗവുമെന്ന രണ്ടു തട്ടാണ് സഭയിലുള്ളത്. ഉദ്യോഗസ്ഥാധിപത്യമുള്ള വമ്പിച്ച ഒരു സംഘടനയാണ്, സഭഇന്ന്. യേശുവിന്‍റെ സ്‌നേഹസന്ദേശമായിരുന്നു ആദിമസഭ ഉള്‍ക്കൊണ്ടത്. എന്നാല്‍ ഇപ്പോഴത്തെ സഭാമേലധികാരികള്‍ക്ക് പീലാത്തോസിനെപ്പോലെ "എന്താണ് സത്യം?" എന്ന് മനസ്സിലാക്കാന്‍ സാധിക്കുന്നില്ല. കര്‍ത്താവിന്‍റെ ശിഷ്യന്മാരായിരുന്ന അപ്പോസ്തലന്മാരില്‍നിന്നും ഇന്നത്തെ ഇടയന്മാര്‍ എത്രയോ അകന്നുപോയി!

പള്ളിസ്വത്തുഭരണകാര്യങ്ങളില്‍ കടിഞ്ഞാണില്ലാതെ ഓടുന്ന അധികാരികളെ നിലയ്ക്കുനിര്‍ത്താന്‍ ചര്‍ച്ച് ട്രസ്റ്റ് ബില്‍ പാസായി നടപ്പില്‍ വന്നേ തീരൂ."പള്ളിവക ആസ്തികള്‍ നോക്കിനടത്താന്‍ കത്തോലിക്കാസഭയ്ക്ക് സുദൃഢമായ നിയമ വ്യവസ്ഥ" നിലവിലുണ്ടെന്നാണ് വര്‍ക്കി വിതയത്തില്‍ മെത്രാപ്പോലീത്ത ഒരിക്കല്‍ അഭിപ്രായപ്പെട്ടത്. ആ എറണാകുളംഅങ്കമാലി അതിരൂപതയിലാണ് ഈ അടുത്ത കാലത്ത്ഭൂമികുംഭകോണം നടന്നതെന്നോര്‍ക്കണം. "സുദൃഢമായ നിയമ വ്യവസ്ഥ" എതിലെ പോയി? കേന്ദ്ര നിയമസഭയോ സംസ്ഥാന നിയമസഭയോ പാസാക്കുന്ന നിയമങ്ങളാണ് ഇന്ത്യന്‍ പൗരന്മാരെ ബാധിക്കുന്ന നിയമങ്ങള്‍ എന്ന് എല്ലാവര്‍ക്കും അറിയാം. അപ്പോള്‍ ഇന്ത്യയിലെ ക്രിസ്ത്യാനികളുടെ സ്വത്തു ഭരിക്കുന്നതിനുള്ള നിയമം ഇന്ത്യയിലുള്ള ജനപ്രതിനിധി സഭയാണ് ഉണ്ടാക്കേണ്ടത്. പൊതു മുതല്‍ സത്യസന്ധമായിട്ടാണ് ഭരിക്കപ്പെടുന്നത് എന്ന് ഉറപ്പുവരുത്താനാണ് നിയമം; മറിച്ച്, പാംബ്‌ളാനി മെത്രാന്‍ കള്ളം പ്രചരിപ്പിക്കുന്നതുപോലെ പള്ളിസ്വത്തുമുഴുവന്‍ സര്‍ക്കാരിനെ ഏല്പിക്കുകയല്ല. നിര്‍ദ്ദേശിച്ചിരിക്കുന്ന ചര്‍ച്ച് ട്രസ്റ്റ് ബില്ലിന്‍റെ ലിങ്ക് ഇവിടെ ചേര്‍ക്കുന്നു: https://1drv.ms/b/s!ArEfEAVOW_h4jBNXd8KTBhwyIFCM ക്രിസ്ത്യാനികളുടെ സ്വത്തു ഭരിക്കുന്ന ഏകാധിപതികളായ മെത്രാന്മാരുടെ വാക്കുകള്‍കേള്‍ക്കാതെ നിങ്ങള്‍തന്നെ ബില്ലു വായിച്ച് സത്യം മനസിലാക്കുക.

ക്രിസ്ത്യന്‍ ചര്‍ച്ച് ട്രസ്റ്റ് ബില്‍ ക്രിസ്ത്യാനികളുടെ ഭൗതിക സ്വത്തുഭരണത്തെ സംബന്ധിച്ചിടത്തോളം വളരെ നിര്‍ണായകമായ ഒരു നിയമമാണ്.സഭയെ സംരക്ഷിക്കുന്നതിനുള്ള ഏക മാര്‍ഗ്മാണത്. അക്കാരണത്താല്‍ത്തന്നെ നവംബര്‍ 27, 2019ല്‍ ലക്ഷംപേര്‍ പങ്കെടുക്കുന്ന തിരുവനന്തപുരം സെക്രട്ടേറിയറ്റ് മാര്‍ച്ചും ധര്‍ണയും വിജയിപ്പിക്കാന്‍ നാം കടപ്പെട്ടവരുമാണ്. വടക്കെ അമേരിക്കയിലെ നവോത്ഥാന സംഘടനയായ കെസിആര്‍എം നോര്‍ത് അമേരിക്ക (KCRMNA),കേരളത്തിലെ ഞങ്ങളുടെ ക്രിസ്തീയ സഹോദരങ്ങളുടെ നീതിക്കുവേണ്ടിയുള്ള ഈ പോരാട്ടത്തില്‍ പങ്കുചേരുകയും വിജയം ആശംസിക്കുകയും ചെയ്യുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.