You are Here : Home / USA News

ജാനകിയുടെ വേർപാടിൽ ആശ്വസിപ്പിച്ചവർക്കു നന്ദിയർപ്പിച്ചു മാധവൻ നായരും കുടുംബവും;സഞ്ചയനം ഇന്ന്

Text Size  

Story Dated: Monday, July 22, 2019 02:03 hrs UTC

ഫ്രാൻസിസ് തടത്തിൽ 
:

ന്യൂജേഴ്‌സി: ഫൊക്കാന പ്രസിഡണ്ട് മാധവൻ നായരുടെ മകൾ ജാനകി നായകർക്കു അന്തിമോപചാരമർപ്പിക്കാനും കുടുംബാംഗങ്ങളെ സമാശ്വസിപ്പിക്കാനും എത്തിയ അമേരിക്കയിലെ സാംസ്‌കാരിക- സാമൂഹിക- സാമുദായിക മണ്ഡലങ്ങളിലെ പ്രമുഖർക്കും അഭ്യുദയാകാംഷികൾക്കും  മാധവൻ നായർ കൃതജ്ഞത രേഖപ്പെടുത്തി. ഫൊക്കാനയുടെയും ഫോമയുടെയും വിദൂര സ്ഥലങ്ങളിൽ നിന്നുള്ള നിരവധി പേര് ജാനകിക്കു അന്തിമോപചാരമർപ്പിക്കാൻ എത്തിയിരുന്നു. കാനഡ,ഫ്ലോറിഡ, ചിക്കാഗോ,ഹ്യൂസ്റ്റൺ, ഡാളസ്, കാലിഫോർണിയ, വാഷിംഗ്‌ടൺ ഡി. സി തുടങ്ങിയ വിദൂര സ്ഥലങ്ങളിൽ നിന്നുപോലുമുള്ളവർ  അകാലത്തിൽ പൊലിഞ്ഞു പോയ  ജാനകിക്കു ബാഷ്പാഞ്ജലീ അർപ്പിക്കാൻ എത്തിയിരുന്നു. ഇന്ന് മാധവൻ നായരുടെ മകളുടെ സഞ്ചയനമാണ്. ബന്ധുക്കളും അടുത്ത സുഹൃത്തുക്കളും മാത്രമായിരിക്കും ചടങ്ങിൽ പങ്കെടുക്കുന്നത്.


ഈ മാസം 10 നായിരുന്നു ബന്ധുക്കളെയും സുഹൃത്തുക്കളെയും ഞെട്ടിപ്പിച്ചുകൊണ്ടും മാതാപിതാക്കളായ മാധവൻ ബി നായർ, ഗീത നായർ, പ്രിയതമൻ മഹേഷ് , പൊന്നോമനയും ഏക മകളുമായ നിഷികയെയും സഹോദരൻ ഭാസ്‌കരൻ നായരെയും തീരാ ദുഖ കടലിലാക്കിക്കൊണ്ടും ജാനകി എന്ന 37 കാരി ക്യാൻസർ എന്ന മാരക രോഗത്തോട് പടവെട്ടി ഒടുവിൽ  ഈ ലോകത്തോട് തന്നെ വിട പറഞ്ഞത്. നാലു വർഷം മുൻപ് രോഗം കണ്ടെത്തിയപ്പോൾ ക്യാൻസറിന്റെ നാലാം സ്റ്റേജിൽ എത്തിയിരുന്നു. ഒരു നല്ല പോരാളിയായ ജാനകി പുറത്താരോടും ആരോടും രോഗവിവരം അറിയിക്കാതെ നാലു വർഷം ജീവിതത്തിൽ വൻ വിജയങ്ങളും കൈവരിച്ചു.  ന്യൂയോർക്കിലെ വാൾസ്ട്രീറ്റിൽ ഗോൾഡ് മാൻ സാക്കിൽ സീനിയർ വൈസ് പ്രസിഡണ്ട് ആയിരുന്നപ്പോഴാണ് രോഗ ലക്ഷണം കണ്ടു തുടങ്ങിയത്. ചികിത്സകളും ജോലിയും ഒരുപോലെ കൊണ്ട് പോയ ജാനകി തൻറെ രോഗവിവരം അടുത്ത സുഹൃത്തുക്കളോടുപോലും മറച്ചു വച്ചുകൊണ്ടു ശിഷ്ട്ട കാലത്തു ഗംഭീര പ്രകടനമായിരുന്നു കമ്പനിയിൽ കാഴ്ച വച്ചത്. ചുരുങ്ങിയ കാലംകൊണ്ട് ഗോൾഡ്‌മാൻ സാക്ക്സിന്റെ സി.എൽ എഫ് ഗ്രൂപ്പിന്റെ ഡയറക്റ്റർ പദവിയിലെത്തിയ ജാനകി മരിക്കുന്നതിന് രണ്ടു മാസം ജോലിയിൽ കാണിച്ച മികവിനുള്ള അംഗീകരമായി   ബോണസ് ഉൾപ്പടെ കമ്പനിയിലെ ഏറ്റവും മികച്ച ഉദ്യോഗസ്ഥക്കുള്ള എക്സല്ലൻസ് പുരസ്കാരവും  കരസ്ഥമാക്കിയിരുന്നു.ജോലിയിൽ നിന്ന് ലഭിച്ച അംഗീകാരം ജാനകിയെ കൂടുതൽ മികച്ച പ്രകടനം കാഴ്‌ച വയ്ക്കാൻ പ്രേരിപ്പിച്ചു വരവെയാണ് വീണ്ടും  രോഗല ലക്ഷണങ്ങൾ കണ്ടു തുടങ്ങിയത്.
 
തന്റെ വീടിന്റെ വെളിച്ചം നഷ്ട്ടപ്പെട്ടുവെന്നാണ് പൊന്നോമന മകളുടെ വേർപാടിൽ വിങ്ങിപ്പൊട്ടിയ മാതൃഹൃദയം തേങ്ങി പറഞ്ഞത്. രോഗ വിവരം മറ്റുള്ളവരെ അറിയിക്കരുതെന്നു മകൾ കണിശമായി പറഞ്ഞതിനാൽ മാധവൻ നായരോ കുടുംബങ്ങളോ അക്കാര്യം രഹസ്യമായി വയ്ക്കുകയായിരുന്നു. പൊട്ടാനിരിക്കുന്ന അഗ്നിപർവതം മനസ്സിൽ സൂക്ഷിച്ചുകൊണ്ടായിരുന്നു മാധവൻ നായർ മകളുടെ അവസാന നാളുകളിൽ പൊതുവേദികളിൽ പ്രത്യക്ഷപ്പെട്ടത്. പലപ്പോഴും പൊതുവേദികളിൽ അസ്വസ്ഥനായി കാണപ്പെട്ട അദ്ദേഹത്തിന്റെ പെരുമാറ്റത്തിൽ സംശയം തോന്നിയ ഫൊക്കാന നേതാവ് പോൾ കറുകപ്പള്ളിൽ ഒരാഴ്ച്ച മുൻപ് ചോദിച്ചപ്പോൾ മാത്രമാണ് അദ്ദേഹം മനസ് തുറന്നത്. പോൾ രഹസ്യം അവസാന നിമിഷം വരെ സൂക്ഷിച്ചു. മറ്റുള്ളവരുടെ സഹാനുഭൂതി ഒരു പോരാളി എന്ന നിലക്ക് ജാനകിയുടെ ധൈര്യം ചോർന്നു പോയേക്കുമെന്നു കരുതിയാണ് രോഗ വിവരം രഹസ്യമാക്കി വച്ചത്. എന്നിട്ടും ജാനകിയുടെ നില വഷളായതിനെ തുടർന്ന് സഹപ്രവർത്തകരെകൊണ്ടും സുഹൃത്തുക്കളെക്കൊണ്ടും മാധവൻ നായരുടെ ഭവനം നിറഞ്ഞിരുന്നു.മരണ വിവരം അറിഞ്ഞതോടെ സമൂഹത്തിന്റെ വിവിധ തുറകളിൽ നിന്നുള്ള പ്രമുഖരുടെ നീണ്ട നിരയായിരുന്നു  അന്തിമോപചാരമർപ്പിക്കാൻ എത്തിയത്.
 
കേരളത്തിലെ പാവപ്പെട്ട വിദ്യാർത്ഥികൾകളെയും മറ്റു നിർദ്ധനരെയും സഹായിക്കാൻ മാധവൻ നായരും കുടുംബവും ആരംഭിച്ച എൻ. ബി. എൻ. ഫൗണ്ടേഷന്റെ പ്രസിഡണ്ട് ആയിരുന്ന ജാനകി തന്റെ വരുമാനത്തിന്റെ നല്ലൊരു തുക എല്ലാ മാസവും ഫൗണ്ടേഷനിലേക്കു നൽകുമായിരുന്നു.അന്തിമ നിമിഷം മരണം,തൊട്ടടുത്തെത്തിയപ്പോഴും എട്ടും പൊട്ടും തിരിയാത്ത പ്രായമുള്ള മകൾ നിഷികയുടെയും അമ്മ ഗീതയുടെയും കാര്യമോർത്തായിരിന്നു ജാനകിയുടെ ആശങ്കകൾ.ജാനകിയുടെ അകാല നിര്യാണത്തിൽ അമേരിക്കൻ മലയാളികളുടെ വിവിധ സംഘടനകൾ  അനുശോചനയോഗങ്ങൾ  സംഘടിപ്പിച്ചിരുന്നു. മാധവൻ നായരുടെ വലം കൈയായി പ്രവർത്തിച്ചിരുന്ന ഫൊക്കാന നേതാവ് പോൾ കറുകപ്പള്ളിൽ, ട്രഷറർ സജിമോൻ ആന്റണി എന്നിവർ  എല്ലാ സഹായവുമായി പൂർണ മനസോടെ മാധവൻ നായർക്കും കുടുംബത്തിനുമൊപ്പം ഉണ്ടായിരുന്നു.   
 
 ഇന്നേക്ക് പത്തു ദിവസം മുൻപായിരുന്നു ജാനകിയുടെ വേർപാട്. ഇന്ന്  മാധവൻ നായരുടെ ന്യൂജേഴ്‌സിയിലെ  വസതിയിൽ സഞ്ചയനം നടക്കും. ജാനകിയുടെ ആത്മാവിന്റെ രക്ഷയ്ക്കായി പ്രത്യേക പൂജകളും പ്രാർത്ഥനകളും ഉണ്ടായിരിക്കും. ക്ഷണിക്കപ്പെട്ട ചുരുക്കം അതിഥികളും തൊട്ടടുത്ത പ്രമുഖരും മാത്രം പങ്കെടുക്കുന്ന ചടങ്ങിൽ ന്യൂജേഴ്സിയിലെ മലയാളികളുടെ അൽമീയ ഗുരു പാര്ഥസാരഥിപിള്ള മുഖ്യ കാർമ്മികനായിരിക്കും.
 
മകളുടെ വേർപാടിൽ തന്നെയും കുടുംബത്തെയും ആശ്വസിപ്പിക്കാനെത്തിയ എല്ലാവർക്കും അവളുടെ അൽമാവിനായി പ്രാത്ഥിച്ച ഏവർക്കും മാധവൻ നായർ ഹൃദയത്തിന്റെ ഭാഷയിൽ നന്ദി പറഞ്ഞു.
Francis Thadathil, BA, BS, PGDJMM, RHIA 
429 River Road
East Hanover
NJ 07936
Ph 973-792-8785 (Home)
     973-518-3447(Cell)

 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.