You are Here : Home / USA News

പൗലോസ് പെരുമറ്റത്തിന് ഹൃദ്യമായ യാത്രയയപ്പ് നല്‍കി

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Friday, May 10, 2019 02:12 hrs EDT

ന്യൂയോര്‍ക്ക്: അമേരിക്കന്‍ മലയാളികള്‍ക്ക് സുപരിചിതനായ പൗലോസ് പെരുമറ്റത്തിന് ഹൃദ്യമായ യാത്രയയപ്പും, സായാഹ്ന വിരുന്നും സമ്മേളനവും ക്വീന്‍സിലെ ടേസ്റ്റ് ഓഫ് കൊച്ചിന്‍ റെസ്റ്റോറന്റില്‍ ബുധനാഴ്ച നടന്നു.

37 വര്‍ഷത്തെ അമേരിക്കന്‍ ജീവിതത്തില്‍ നിന്നും പൂര്‍ണ്ണവിരാമമിട്ടുകൊണ്ട് ജന്മനാട്ടിലേക്ക് തിരിക്കുന്ന പൗലോസ് പെരുമറ്റം അമേരിക്കന്‍ മലയാളികളുടെ മനസ്സില്‍ സ്ഥിരപ്രതിഷ്ഠ നേടിയ കലാകാരനാണ്. നാടകങ്ങള്‍, മോണോആക്ട്, മിമിക്രി, സ്ക്രിപ് റൈറ്റര്‍, ചിത്രകാരന്‍, സംവിധായകന്‍, മാജിക് ഷോ, പരിചമുട്ട്, വില്ലടിച്ചാംപാട്ട്, ഓട്ടന്‍തുള്ളല്‍, നാടന്‍പാട്ടുകള്‍, നാടോടിനൃത്തങ്ങള്‍, ചെണ്ടമേള വിദഗ്ധന്‍, രംഗസജ്ജീകരണ സംവിധാനം, വൈദ്യുതി അലങ്കാരകന്‍, മേക്കപ്പ് ആര്‍ട്ടിസ്റ്റ്, അത്ഭുതങ്ങള്‍ സൃഷ്ടിച്ച ടാബ്ലോകള്‍, വള്ളംകളി, മ്യൂസിക് എഫക്ട്, പശ്ചാത്തല സംഗീതം തുടങ്ങി ബഹുമുഖ പ്രതിഭകളുടെ പര്യായമാണ് പൗലോസ് പെരുമറ്റം. അമേരിക്കന്‍ മലയാളികളുടെ ആഘോഷങ്ങളായ ഓണം, വിഷു, ഈസ്റ്റര്‍, ക്രിസ്മസ്, ഇന്ത്യാ പരേഡ്, കണ്‍വന്‍ഷന്‍കള്‍, പള്ളി പെരുന്നാളുകള്‍ തുടങ്ങിയവയ്ക്ക് ഒഴിച്ചുകൂടാനാവാത്ത അതുല്യ കലാകാരനാണ് പോലോസ് പെരുമറ്റം.

1982-ല്‍ ന്യൂയോര്‍ക്കില്‍ എത്തിയ പൗലോസിനെ ന്യൂയോര്‍ക്ക് ഇന്ത്യാ കാത്തലിക് അസോസിയേഷന്റെ ഒരു ചടങ്ങില്‍ പൗലോസിന്റെ മൂത്ത സഹോദരന്‍ ഡോ. ജോണ്‍ പെരുമറ്റം പരിചയപ്പെടുത്തുകയും ഒരു മിമിക്രി ആ ചടങ്ങില്‍ അവതരിപ്പിച്ച് സദസ്സിന്റെ മുക്തകണ്ഠം പ്രശംസ നേടുകയും ചെയ്തു. തുടര്‍ന്ന് 1985 മുതല്‍ 2004 വരെ ഇന്ത്യാ കാത്തലിക് അസോസിയേഷനില്‍ സജീവമായി പ്രവര്‍ത്തിക്കുകയും കമ്മിറ്റി മെമ്പര്‍, ജോയിന്റ് സെക്രട്ടറി, ഖജാന്‍ജി, പ്രസിഡന്റ് എന്നീ പദങ്ങള്‍ അലങ്കരിച്ച് നിസ്വാര്‍ത്ഥമായ സേവനം അനുഷ്ഠിച്ചു.

2006-ല്‍ "തമസോമ ജ്യോതിര്‍ഗമയ' എന്ന നാടകം എഴുതി സംവിധാനം ചെയ്ത് അവതരിപ്പിച്ചത് ന്യൂയോര്‍ക്ക് മലയാളി സമൂഹം എന്നും എക്കാലവും ഒര്‍ത്തിരിക്കും. 3 മണിക്കൂര്‍ നീണ്ട ആ നാടകം പൗലോസ് പെരുമറ്റത്തിന്റെ മാസ്റ്റര്‍പീസില്‍ ഒന്നായി ഇന്നും അനുസ്മരിക്കുന്നു. ഏഴുവയസ് പ്രായമുള്ളപ്പോള്‍ ആദ്യമായി സ്റ്റേജില്‍ അവതരിപ്പിച്ച് തുടങ്ങിയ ആ കലാകാരന്റെ 55 വര്‍ഷങ്ങള്‍ തുടര്‍ച്ചയായി വ്യത്യസ്ത കലാസൃഷ്ടികള്‍ അമേരിക്കന്‍ ഐക്യനാട്ടില്‍ വിജയകരമായി പൂര്‍ത്തിയാക്കുന്ന 2019-ല്‍ സ്വന്തം ജന്മനാട്ടിലേക്ക് തിരികെ പോകുന്നത് ദൈവനിയോഗമായി കാണുകയും, അതിനു വിധേയപ്പെടുകയും, തന്റെ പ്രിയ പത്‌നി ലവ്‌ലിയുമൊത്ത് ജന്മദേശമായ കൂത്താട്ടുകുളത്ത് തറവാട്ടില്‍ കഴിയുന്ന അമ്മയുമൊത്ത് ശിഷ്ടകാലം ജീവിക്കുവാനുള്ള മോഹവുമായി പൗലോസ് പെരുമറ്റം യാത്രയാകുന്നു.

പൗലോസ് പെരുമറ്റത്തിന് യാത്രാമംഗളങ്ങള്‍ നേര്‍ന്നുകൊണ്ട് വി.എം. ചാക്കോ, ജെയ്‌സണ്‍ ജോസഫ്, ജോര്‍ജ് കൊട്ടാരം, സജി ഏബ്രഹാം, ചാക്കോ കോയിക്കലേത്ത്, മാത്യു തോമസ്, ഡോ. ജേക്കബ് തോമസ്, ജോയ് & സിസിലി, മഞ്ജു തോമസ്, ജോജോ തോമസ് എന്നിവര്‍ സംസാരിച്ചു.

കലാപ്രതിഭകളെ ആദരിക്കുന്ന ന്യൂയോര്‍ക്ക് സരസ്വതി അവാര്‍ഡ്‌സ് സ്ഥാപക പ്രസിഡന്റ് ജോജോ തോമസ്, പൗലോസ് പെരുമറ്റത്തിനെ പൊന്നാട അണിയിച്ച് ആദരിച്ചു. ജോജോ തോമസ് അറിയിച്ചതാണിത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.More From USA News
More
View More