പോള്‍ പനയ്ക്കല്‍
ന്യൂയോര്‍ക്ക്: നോര്‍ത്ത് ഷോര്‍ ലോംഗ് ഐലന്റ് ഹെല്‍ത്ത് സിസ്റ്റത്തിന്റെ അസിസ്റ്റന്റ് നഴ്സ് മാനേജര്‍ നിഷാ ജയന് ഡെയ്സി അവാര്‍ഡിന് അര്‍ഹയായി. നഴ്സിംഗ് പ്രൊഫഷനിലൂടെ നിഷ നല്കിയ അസാമാന്യ സേവനങ്ങളാണ് നിഷയെ ഈ അവാര്‍ഡിന് അര്‍ഹയാക്കിയത്. ഡെയ്സി (Diseases Attacking The Immune System) ഫൗണ്ടേഷന്റെ അനിതരസാധാരണ നേഴ്സുമാര്‍ക്കുവേണ്ടി ഏര്‍പ്പെടുത്തിയിരിക്കുന്ന ഈ അവാര്‍ഡ്, നേഴ്സുമാര്‍ അനുദിനം ചെയ്തുകൊണ്ടിരിക്കുന്ന ഹൃദയസ്പര്‍ശിയായ പ്രവര്‍ത്തനങ്ങള്‍ക്കുള്ള അംഗീകാരമാണ്. രോഗികള്‍ക്കും അവരുടെ കുടുംബങ്ങള്‍ക്കും സഹപ്രവര്‍ത്തകര്‍ക്കും നേഴ്സുമാരെ അംഗീകരിക്കുന്നതിനുള്ള അവസരംകൂടിയാണ് ഡെയ്സി ഫൗണ്ടേഷന് ഒരുക്കുന്നത്. ഒരു സൈക്യാട്രിക് നേഴ്സ് തന്റെ വൈദഗ്ധ്യത്തിനും പരിജ്ഞാനത്തിനും പുറമെ മാനസീക രോഗ ചികിത്സയില്‍ പ്രയോഗിച്ച മാനുഷിക മൂല്യങ്ങളാണ് അവാര്‍ഡിനുള്ള നോമിനേഷനില്‍ പ്രത്യേകം ശ്രദ്ധിക്കപ്പെട്ടത്.
മാനസിക രോഗത്തേയും രോഗികളേയും സാമൂഹിക ചട്ടക്കൂടിനു പുറത്തുകാണുന്ന സാമൂഹിക പ്രവണത നിലനില്‍ക്കെ തങ്ങള്‍ക്ക് ലഭിക്കുന്ന അന്തസ്സോടെയും ആദരവോടെയും കൂടിയുള്ള പെരുമാറ്റം വര്‍ദ്ധിപ്പിച്ച സ്വയം മതിപ്പിനെക്കുറിച്ച് രോഗികള്‍ തന്നെ നിഷയ്ക്കുവേണ്ടിയുള്ള നോമിനേഷനില്‍ വ്യക്തമാക്കി. ശരീരത്തിനുണ്ടാകുന്ന അസുഖങ്ങള്‍ പോലെതന്നെ രോഗികളെ ചികിത്സിച്ച് സമൂഹത്തിലെ അംഗങ്ങളായി ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്യുമ്പോള്‍ നാം കാണുന്നത് രോഗികളെയല്ല. സാധാരണക്കാരായ മാനീകാരോഗ്യമുള്ളവരെയാണ്- നിഷ പറഞ്ഞു. ഡെയ്സി ഫൗണ്ടേഷനുവേണ്ടി ഹോസ്പിറ്റലിന്റെ എഡ്യൂക്കേഷന്‍ ഡയറക്ടര്‍ ക്രിസ്റ്റി ലോവന്‍സ്റ്റീന്‍ നിഷയ്ക്ക് അവാര്‍ഡ് സമ്മാനിച്ചു. ഹോസ്പിറ്റലിലെ ചീഫ് നേഴ്സിംഗ് ഓഫീസര്‍ മേരി ബെത് മ്കാമ്നസ്, ക്വാളിറ്റി മാനേജ്മെന്റ് അസോസിയേറ്റ് എക്സിക്യൂട്ടീവ് ഡയറക്ടര്‍ ജോവാന് ബെന്‍സ്റ്റണ്‍, അസോസിയേറ്റ് ഡയറ്കടര്‍ ജോസഫ് വേലന്‍, ഡയറക്ടര്‍ പോള്‍ ഡി. പനയ്ക്കല്‍ എന്നിവര്‍ നിഷയെ അഭിനന്ദിച്ച് സംസാരിച്ചു.
പ്രശസ്ത കവിയും സിനിമാനിര്‍മ്മാതാവും ഡയറക്ടറുമായ ജയന് കെ.സിയുടെ ഭാര്യയായ നിഷ ക്യൂന്‍സിലെ ഫ്ളോറര്പാര്ക്ക് നിവാസിയാണ്. നേഴ്സിംഗില്‍ മാസ്റ്റേഴ്സ് ബിരുദത്തോടെ, മാനസീകാരോഗ്യ ചികിത്സയില്‍ അമേരിക്കയിലെ ഉന്നത ആശുപത്രികളിലൊന്നായ സുക്കര്‍ ഹില്‍സൈഡ് ഹോസ്പിറ്റലില്‍ നിഷ കഴിഞ്ഞ ആറുവര്‍ഷങ്ങളായി അസിസ്റ്റന്റ് നേഴ്സ് മാനേജരായി സേവനം അനുഷ്ഠിക്കുന്നു.
Comments