You are Here : Home / USA News

'ദാസേട്ടന്‍ യെസ്റ്റര്‍ ഡേ, ടുഡേ' അരങ്ങേറി ജോര്‍ജ് തുമ്പയില്‍

Text Size  

ജോര്‍ജ്ജ് തുമ്പയില്‍

thumpayil@aol.com

Story Dated: Tuesday, May 06, 2014 10:17 hrs UTC


 
ഹൂസ്റ്റണ്‍ . മലയാളികളുടെ മനസില്‍ നിറയെ സംഗീതത്തിന്റെ അലയാഴി നിറച്ച് ഹൂസ്റ്റണില്‍ 'ദാസേട്ടന്‍ യെസ്റ്റര്‍ ഡേ, ടുഡേ ഗാനാലാപന സന്ധ്യ അരങ്ങേറി. ഉത്സവാന്തരീക്ഷത്തില്‍ ഹൂസ്റ്റണിലെ അരീന തീയേറ്ററിലെ കറങ്ങുന്ന സ്റ്റേജില്‍ നിന്ന് മലയാളത്തിന്റെ ഗാനഗന്ധര്‍വ്വന്‍ യേശുദാസും മകന്‍ വിജയ് യേശുദാസും ഒപ്പം ശ്വേത മോഹനും രമ്യ നമ്പീശനും പാടിത്തിമിര്‍ത്തു. പുതിയ തലമുറയുടെയും പഴയ തലമുറയുടെയും ഗാനവസന്തത്തിനാണ് ഹൂസ്റ്റണ്‍ വേദിയായത്. സെന്റ് ഗ്രിഗോറിയോസ് മലങ്കര ഓര്‍ത്തഡോക്സ് ചര്‍ച്ചിന്റെ ആഭിമുഖ്യത്തിലായിരുന്നു ഗാനമേളയുടെ അരങ്ങേറ്റം. അഞ്ചിലധികം വേദികളില്‍ അമേരിക്കയുടെ വിവിധ ഭാഗങ്ങളിലായി പരിപാടി നടക്കുന്നുണ്ട്. ഏറെക്കാലത്തിനുശേഷം ഹൂസ്റ്റണിലെ മലയാളികള്‍ക്ക് അക്ഷരാര്‍ത്ഥത്തില്‍ ലഭിച്ച സംഗീത വിരുന്നായിരുന്നു ദാസേട്ടന്‍ ഷോ.

ഫ്ലോറിഡായില്‍ നിന്നെത്തിയ സൌണ്ട് സിസ്റ്റം കൈകാര്യം ചെയ്ത ഷാജി തരംഗം, ഫിലഡലഫിയായില്‍ നിന്നെത്തിയ തബല ആര്‍ട്ടിസ്റ്റ് ജോമി, ഡാലസില്‍ നിന്നെത്തി റിഥം മെഷീന്‍ കൈകാര്യം ചെയ്ത മ്യുസീഷന്‍ ഷാലു, 35 വര്‍ഷമായി  ദാസേട്ടന്റെ ലീഡ് ഗിറ്റാറിസ്റ്റായ ഫ്ലോറിഡയില്‍ നിന്നുമെത്തിയിരിക്കുന്ന ജോബി, ന്യുയോര്‍ക്കില്‍ നിന്നുമെത്തിയ ബേസ് ഗിത്താര്‍ സ്പെഷ്യലിസ്റ്റ് യേശുദാസ് ഒപ്പം യുഎസിലെങ്ങും പ്രശസ്തനായ വയലിന്‍ ജോര്‍ജ്, ഫ്ലൂട്ടും സാക്സോഫോണും മനോഹരമായി കൈകാര്യം ചെയ്യുന്ന കോഴിക്കോട്ട് നിന്നുമെത്തിയ നിഖില്‍, ലീഡ് കീബോര്‍ഡ് പ്ലെയര്‍ സുശാന്ത്, വാഷിങ്ടണില്‍ നിന്നുമെത്തിയ കീ ബോര്‍ഡ് ആര്‍ട്ടിസ്റ്റ് സുന്ദരേശന്‍, ന്യുജഴ്സിയില്‍ നിന്നും വന്ന വെങ്കിട്ട് എന്നിവര്‍ ഒരുക്കിയ ഓര്‍ക്കസ്ട്രേഷനും മികച്ച കൈയടി കിട്ടി.

ദക്ഷിണേന്ത്യയിലെ സൂപ്പര്‍ ഹിറ്റുകളായ  മുപ്പത്തി നാലു ഗാനങ്ങളാണ് ദാസേട്ടന്‍ ഗന്ധര്‍വ്വ സംഗീതത്തിലൂടെ ഇതള്‍ വിടര്‍ന്നത്. ഒരു തെലുങ്ക്, രണ്ടു ഹിന്ദി, അഞ്ച് തമിഴ്, 26 മലയാളം ഗാനങ്ങള്‍ എന്നിവ അരങ്ങിനെ സംഗീത സാന്ദ്രമാക്കി. ഇതില്‍ 17 ഗാനങ്ങള്‍ ഡ്യൂയറ്റ് സഹിതം ദാസേട്ടന്‍ പാടിയപ്പോള്‍ വിജയ് യേശുദാസ് എട്ടെണ്ണവും ശ്വേത പത്തെണ്ണവും രമ്യ മൂന്നെണ്ണത്തിലും പങ്കാളികളായി. ദാസേട്ടനൊപ്പം നിഴല്‍ പോലെയുളള പ്രിയതമ പ്രഭ ചേച്ചിയും വിജയിയുടെ ഭാര്യ ദര്‍ശനയും മകള്‍ അമേയയും, ശ്വേതയുടെ ഭര്‍ത്താവ് അശ്വിനും രമ്യ നമ്പീശന്റെ പിതാവ് ഉണ്ണി നമ്പീശനും ഷോയുടെ മുന്‍നിരയില്‍ തന്നെയുണ്ടായിരുന്നു.

'ഇടയ കന്യകേ പോവുക നീ ഈയനന്തമാം ജീവിത വീഥിയില്‍ ഇടറാതെ, കാലിടറാതെ.... എന്ന സിഗ്നേച്ചര്‍ സോങ്ങുമായി ദാസേട്ടന്‍ തന്നെയാണ് ഗാന സന്ധ്യയ്ക്ക് തിരികൊളുത്തിയത്. പിന്നീട് മതസൌഹാര്‍ദ്ദത്തിന്റെ തേജസുമായി. 'സൌപര്‍ണ്ണികാമൃത വീചികള്‍ പാടും...., ' ദൈവ സ്നേഹം വര്‍ണ്ണിച്ചിടാന്‍ വാക്കുകകള്‍ പോരാ..., 'ആയിരം കാതമകലെയാണെങ്കിലും... എന്നിങ്ങനെ പാട്ടുകളുടെ വര്‍ണ്ണാഭമായ ഘോഷയാത്രയില്‍ ആസ്വാദകരും മതിമറന്നിരുന്നു പോയി. തുടര്‍ന്ന്, 'സ്വരരാഗ ഗംഗാ പ്രവാഹമേ... എന്ന ഗാനം മലയാളത്തിലും തെലുങ്കിലുമായി ദാസേട്ടന്‍ പാടിയപ്പോള്‍ കരഘോഷത്താല്‍ അരീന തീയേറ്റര്‍ പ്രകമ്പനം കൊണ്ടു. 'ഏഴു സ്വരങ്ങളും... എന്ന ഗാനം ദാസേട്ടന്‍ പാടുമ്പോള്‍ രണ്ടാമതൊരു  ജന്മം കൂടി ഗായകനായി പിറന്ന പ്രതീതിയാണുണ്ടാകുന്നതെന്ന് അദ്ദേഹം തന്നെ ആമുഖമായി പറഞ്ഞു. അതു കേട്ടപ്പോള്‍ ശ്രോതാക്കള്‍ക്കുണ്ടായതും അതേ അനുഭവം തന്നെ. പിന്നീട്, 'മിഴിയറിയാതെ......,  'ഗൊരി തേതേരാ..., 'ഹൃദയസരസിലെ... എന്നീ സൂപ്പര്‍ ഹിറ്റ് ഗാനങ്ങള്‍ ദാസേട്ടനില്‍ നിന്നും ഒഴുകിയെത്തി. സംഗീത സംവിധായകരായ ഇളയരാജയെക്കുറിച്ചും രവീന്ദ്രനെക്കുറിച്ചും പറഞ്ഞപ്പോള്‍ ദാസേട്ടന്‍ കൂടുതല്‍ വികാരാധീനനാവുന്നതിനും സദസ് സാക്ഷ്യം വഹിച്ചു. രവീന്ദ്രന്‍ സ്വന്തം സഹോദരനെ പോലെയായിരുന്നുവെന്ന് അദ്ദേഹം ഇടറുന്ന കണ്ഠത്തോടെ അനുസ്മരിച്ചു.
'അമ്മായെന്‍... എന്ന തമിഴ് ഗാനം ദാസേട്ടന്‍ വൈകാരികമായി പാടിയപ്പോള്‍ അരീന ഓഡിറ്റോറിയത്തില്‍ വന്‍ കൈയടിയാണ് മുഴങ്ങിയത്. ശ്വേതയെ നോക്കി ദാസേട്ടന്‍ പറഞ്ഞു, 'ഞാന്‍ ആദ്യം നിന്റെ അമ്മയോടൊപ്പമാണ് (സുജാത മോഹന്‍) ഈ ഗാനം പാടിയത്. ഇന്ന് നിന്നോടൊപ്പം ഈ പാട്ടു പാടുന്നു. ഇനി നിന്റെ മകളോടൊപ്പം ഇതു പാടണമെന്നാണ് എന്റെ ആഗ്രഹം... ഇതു കേട്ടപ്പോള്‍ സദസില്‍ നിന്നും ഉയര്‍ന്നത് നിലയ്ക്കാത്ത കരഘോഷമായിരുന്നു.

ശ്വേതയോടൊപ്പം വിജയ് യേശുദാസ് സൂപ്പര്‍ ഹിറ്റ് ഗാനം, 'കോലക്കുഴല്‍ വിളി കേട്ടോ രാധേ.... എന്‍ രാധേധേ എന്ന ഗാനം പാടിയപ്പോഴും ' ഈ പുഴയും സന്ധ്യകളും...,' തിരയും തീരവും... തുടങ്ങിയ ഗാനങ്ങള്‍ക്കായി ചുണ്ടു ചലിപ്പിച്ചപ്പോഴും സദസ് അതു നന്നായി ആസ്വദിച്ചു. വിജയിയുടെ സ്വന്തം അപ്പ, നമ്മുടെ ദാസേട്ടന്‍ മുപ്പത് വര്‍ഷങ്ങള്‍ക്ക് മുമ്പ് പാടിയ കാണാമറയത്ത് എന്ന ചിത്രത്തിനു വേണ്ടി ബിച്ചു തിരുമല രചിച്ച് ശ്യാം ഈണം നല്‍കിയ സൂപ്പര്‍ ഡ്യുപ്പര്‍  ഹിറ്റ്, ' ഒരു മധുരക്കിനാവിന്‍ ലഹരിയിലെങ്ങോ... എന്ന മധുരമനോഹര ഗാനവും സദസിനെ കുളിരണിയിച്ചു. പൃഥ്വിരാജ് നായകനായ 'തേജാഭായ് എന്ന ചിത്രത്തിനു വേണ്ടി വിജയ് യേശുദാസ് തന്നെ ഈ ഗാനം 2011 ല്‍ വീണ്ടും പാടിയിട്ടുമുണ്ട്.

രമ്യ നമ്പീശന്‍ മലയാള സിനിമയില്‍ പാടിക്കൊഴിപ്പിച്ച 'മുത്തുച്ചിപ്പി പേപോലൊരു..., 'ആണ്ടേ   ലോണ്ടേ.... എന്നീ ഗാനങ്ങള്‍ക്കു പുറമേ 'ഉറുമി യില്‍ മഞ്ജരി പാടിയ 'ചിമ്മി ചിമ്മി... എന്ന ഗാനവും മനോഹരമാക്കി. വേദിയില്‍ കേരളീയ മങ്കയായി നിറഞ്ഞു നിന്ന രമ്യ സിനിമാ താരത്തിന്റെ സൌന്ദര്യവും സദസുകളില്‍ നിറച്ചു.

മണിക്കൂറുകളോളം നീണ്ട സംഗീത വിരുന്നില്‍, അരീന തീയേറ്ററില്‍ തടിച്ചു കുടിയ  2300 ഓളം വരുന്ന പ്രേക്ഷകര്‍ക്ക് ദാസേട്ടന്‍ ഷോ സമ്മാനിച്ചത് നവ്യാനുഭവം. അരീന തീയേറ്ററിന്റെ ചരിത്രത്തില്‍ ഒരു മലയാളി പരിപാടിക്ക് ലഭിച്ച ഏറ്റവും വലിയ വരവേല്‍പ്പായിരുന്നു ഈ ഷോ. ആതിഥേയരായ സെന്റ് ഗ്രിഗോറിയോസ് മലങ്കര ഓര്‍ത്തഡോക്സ് ചര്‍ച്ചിലെ ആണ്‍കുട്ടികളുടെ ഡാന്‍സ് പ്രോഗ്രാം കാണികള്‍ക്ക് ഹരം പകര്‍ന്നു. അന്‍പതു വര്‍ഷം നീണ്ട ദാസേട്ടന്റെ ഗാനസപര്യയെ മാനിച്ച് പരിപാടിയ്ക്കിടെ വിശിഷ്ടാതിഥികള്‍ അദ്ദേഹത്തെ പൊന്നാട അണിയിച്ചു.

ഈ ചടങ്ങിന്റെ ഓര്‍മ്മ നിലനിര്‍ത്താനായി മനോഹരമായ ഒരു സുവനീറ് പ്രസിദ്ധീകരിച്ചിരുന്നു. ജോയ്സ് തോന്ന്യാമല വരികളെഴുതി നിര്‍മ്മിച്ച 'ജി ക്രോസ് എന്ന മ്യൂസിക്കല്‍ ആല്‍ബത്തിന്റെ പ്രകാശനം ദാസേട്ടന്‍ നിര്‍വ്വഹിച്ചു. ഡോ. ജോര്‍ജ് കാക്കനാട്ടാണ് സംഗീത ആല്‍ബം അവതരിപ്പിച്ചത്. ഈ ആല്‍ബത്തില്‍ പാടിയിരിക്കുന്ന വിജയ് യേശുദാസ് ഇതിലൊരു ഗാനം പാടുകയും ചെയ്തു.

ഹെഡ് ബ്രോക്കറേജ് ആന്‍ഡ് എന്റര്‍ടെയ്ന്‍മെന്റിന്റെ സാരഥി ന്യുയോര്‍ക്കില്‍ നിന്നുളള സജി (ജേക്കബ് എബ്രഹാം) യാണ് പരിപാടി ഹൂസ്റ്റണിലെ മലയാളികള്‍ക്കായി സമ്മാനിച്ചത്. ഹെഡ്ജ് ഇവന്റ്സ് അഡ്മിനിസ്ട്രേറ്റര്‍ നിഷ എബ്രഹാം ഷോയ്ക്കു തുടക്കം നല്‍കി. 'ദാസേട്ടന്‍ യെസ്റ്റര്‍ ഡേ, ടുഡേ പരിപാടിയുടെ പിആര്‍ഒ ജോര്‍ജ് തുമ്പയില്‍ ഗായകരെയും നാഷണല്‍ പ്രൊമോട്ടര്‍മാരെയും സദസിനു പരിചയപ്പെടുത്തി. ബോബി ചെമ്മണ്ണൂര്‍, ജോണ്‍ ടൈറ്റസ് (കേരള ഗാര്‍ഡന്‍സ്), വിക്ടര്‍ എബ്രഹാം (സ്കൈപാസ് ഗ്രൂപ്പ്) എന്നിവരാണ് യുഎസില്‍ വിവിധ ഇടങ്ങളിലായി നടക്കുന്ന പരിപാടിയുടെ നാഷണല്‍ പ്രൊമോട്ടര്‍മാര്‍.

സെന്റ് ഗ്രിഗോറിയോസ് മലങ്കര ഓര്‍ത്തഡോക്സ് ചര്‍ച്ച് പളളി വികാരി ഫാ. പി. എം. ചെറിയാന്‍, ട്രസ്റ്റി മാമ്മന്‍ മാത്യു (ബേബിക്കുട്ടി), സെക്രട്ടറി വിനു എം. വര്‍ഗീസ്, പ്രോഗ്രാം കോര്‍ഡിനേറ്ററ് ഡെന്നി ജോസഫ് എന്നിവര്‍ ഉള്‍പ്പെടുന്ന വിപുലമായ കമ്മിറ്റി ചടങ്ങിനു നേതൃത്വം നല്‍കി.

ടീനെക്ക് സെന്റ് ജോര്‍ജ് മലങ്കര ഓര്‍ത്തഡോക്സ് ആതിഥേയത്വം വഹിക്കുന്ന അടുത്ത പരിപാടി മേയ് 10 ശനിയാഴ്ച ആറ് മണിക്ക് ലൊഡായിലുളള ഫെലീഷ്യന്‍ കോളേജ് ഓഡിറ്റോറിയത്തില്‍ നടക്കും. തുടര്‍ന്ന്, മേയ് 11 ന് ന്യുയോര്‍ക്കിലുളള കോള്‍ഡന്‍ സെന്ററില്‍ 5.45 ന് പരിപാടി അരങ്ങേറും. ഹെഡ്ജ് ബ്രോക്കറേജ് മുഖ്യ സ്പോണ്‍സറായുളള പരിപാടി ശ്രീനാരായണ അസോസിയേഷനും കേരള സമാജവും പങ്കാളികളാണ്.

മേയ് 17 ന് മേരിലാന്‍ഡില്‍ ഉളള ഹൈ പോയിന്റ് ഹൈസ്കൂളില്‍ വാഷിങ്ടണ്‍ ഏരിയയിലെ വിവിധ അസോസിയോഷനുകളുടെ ആഭിമുഖ്യത്തിലാണ് (കെസിഎസ്എംഡബ്ല്യു, കെഎജിഡബ്ല്യു) ഗാനസന്ധ്യ അരങ്ങേറുന്നത്. മേയ് 24 ന് ഡാലസ് മ്യൂസിക്ക് ഹാളിലാണ് അടുത്ത പരിപാടി.  സെന്റ് ഗ്രിഗോറിയോസ് മലങ്കര ഓര്‍ത്തഡോക്സ് ചര്‍ച്ചാണ് സംഘാടകര്‍.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.