You are Here : Home / USA News

വചനം പെയ്‌തിറങ്ങി, ഹൃദയം നനഞ്ഞ്‌ ദൈവജനം കാഞ്ഞിരപ്പള്ളി രൂപതാ ബൈബിള്‍ കണ്‍വന്‍ഷന്‍ സമാപിച്ചു

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Thursday, May 01, 2014 09:29 hrs UTC

   
    

കാഞ്ഞിരപ്പള്ളി: അത്ഭുതങ്ങളും അടയാളങ്ങളും രോഗശാന്തിയുമായി കാഞ്ഞിരപ്പള്ളി പഴയപള്ളി അങ്കണത്തില്‍ കഴിഞ്ഞ അഞ്ചു ദിവസമായി നടന്ന രൂപതാ ബൈബിള്‍ കണ്‍വന്‍ഷന്‍ സമാപിച്ചു. വിവിധ സ്ഥലങ്ങളില്‍ നിന്നെത്തിയ നാനാജാതി മതസ്ഥരായ ആയിരങ്ങള്‍ക്ക്‌ ദൈവാനുഗ്രഹത്തിന്റെ ദിനങ്ങളായിരുന്നു ഇത്‌. വചനത്തെ ആഴത്തില്‍ പഠിക്കേണ്ടതിന്റെയും ഗ്രഹിക്കേണ്ടതിന്റെയും അതില്‍ നിലനില്‍ക്കേണ്ടതിന്റെയും ആവശ്യകത പ്രമുഖ വചനപ്രഘോഷകരായ മുരിങ്ങൂര്‍ ഡിവൈന്‍ റിട്രീറ്റ്‌ സെന്റര്‍ അസി.ഡയറക്‌ടര്‍ റവ.ഫാ.ബിജു കൂനന്‍, അണക്കര മരിയന്‍ റിട്രീറ്റ്‌ സെന്റര്‍ ഡയറക്‌ടര്‍ റവ.ഫാ.ഡോമിനിക്‌ വാളന്മനാല്‍, തലശ്ശേരി ബൈബിള്‍ അപ്പോസ്‌തലേറ്റ്‌ ഡയറക്‌ടര്‍ റവ.ഫാ.ജോസഫ്‌പാംബ്ലാനി, ജീവജ്വാല എഡിറ്റര്‍ ഷാജി വൈക്കത്തുപറമ്പില്‍ എന്നിവര്‍ പങ്കുവച്ചു.

കണ്‍വന്‍ഷന്‌ വിപുലമായ ക്രമീകരണങ്ങളാണ്‌ രൂപതാ കേന്ദ്രം നടത്തിയിരുന്നത്‌. 1000 പേരടങ്ങിയ വോളണ്ടിയര്‍ ടീം കണ്‍വന്‍ഷനില്‍ വിവിധ ശുശ്രൂഷകള്‍ നയിച്ചു. കണ്‍വന്‍ഷന്റെ പൊതുവായ പ്രവര്‍ത്തനങ്ങള്‍ക്ക്‌ ജനറല്‍ കണ്‍വീനര്‍ വെരി.റവ.ഫാ.ജോസ്‌ പുളിക്കല്‍, കോര്‍ഡിനേറ്റര്‍ ഫാ.മാത്യു പാലക്കുടി, കണ്‍വീനര്‍ ഫാ.അഗസ്റ്റിന്‍ പുതുപ്പറമ്പില്‍, പബ്ലിസിറ്റി കണ്‍വീനര്‍ ഫാ.സെബാസ്റ്റ്യന്‍ കൊല്ലംകുന്നേല്‍, സണ്ണി എട്ടിയില്‍, സെബാസ്റ്റ്യന്‍ താന്നിക്കല്‍, ജോര്‍ജുകുട്ടി ആഗസ്‌തി, ഔസേപ്പച്ചന്‍ മണ്ണംപ്ലാക്കല്‍, സി.സി.സെബാസ്റ്റ്യന്‍ ചെറുവള്ളില്‍ എന്നിവര്‍ നേതൃത്വം നല്‍കി.

സമാപനദിവസമായ ഇന്നലെ രാവിലെ 9ന്‌ ജപമാലയോടെ കണ്‍വന്‍ഷന്‌ തുടക്കമായി. ആരാധനയെത്തുടര്‍ന്ന്‌ ഷാജി വൈക്കത്തുപറമ്പില്‍ വചനപ്രഘോഷണം നടത്തി. കാഞ്ഞിരപ്പള്ളി രൂപതാ ചാന്‍സിലര്‍ റവ.ഡോ.കുര്യന്‍ താമരശ്ശേരി വിശുദ്ധ കുര്‍ബാനയര്‍പ്പിച്ച്‌ സന്ദേശം നല്‍കി ഫാ.ജേക്കബ്‌ നെടുംതകിടി, ഫാ.സിറിയക്‌ മാത്തന്‍കുന്നേല്‍ എന്നിവര്‍ സഹകാര്‍മ്മികരായി. ഉച്ചകഴിഞ്ഞ്‌ റവ.ഫാ.ഡോമിനിക്‌ വാളന്മനാല്‍ വചനപ്രഘോഷണം നടത്തി. കാഞ്ഞിരപ്പള്ളി രൂപതയുടെ മുന്‍ അദ്ധ്യക്ഷന്‍ മാര്‍ മാത്യു വട്ടക്കുഴി സമാപന സന്ദേശം നല്‌കി. തുടര്‍ന്ന്‌ ഫാ.ഡോമിനിക്‌ വാളന്മനാല്‍ ആരാധനാശുശ്രൂഷ നയിച്ചു. കാഞ്ഞിരപ്പള്ളി രൂപതാധ്യക്ഷന്‍ മാര്‍ മാത്യു അറയ്‌ക്കല്‍ സമാപനാശീര്‍വ്വാദം നല്‍കി.


യേശുവിന്‌ സാക്ഷ്യംവഹിക്കുക എന്നതാണ്‌ ക്രൈസ്‌തവ ധര്‍മ്മം: ഷാജി വൈക്കത്തുപറമ്പില്‍

കാഞ്ഞിരപ്പള്ളി: യേശുവിന്‌ സാക്ഷ്യം വഹിക്കുക എന്നതാണ്‌ ക്രൈസ്‌തവ വിശ്വാസിയുടെ ധര്‍മ്മമെന്ന്‌ പ്രമുഖ വചനപ്രഘോഷകനും ജീവജ്വാല എഡിറ്ററുമായ ഷാജി വൈക്കത്തുപറമ്പില്‍ സൂചിപ്പിച്ചു. കാഞ്ഞിരപ്പള്ളി പഴയപള്ളി അങ്കണത്തില്‍ നടന്ന രൂപതാ ബൈബിള്‍ കണ്‍വന്‍ഷന്റെ സമാപന ദിവസമായ ഇന്നലെ വചനസന്ദേശം നല്‍കുകയായിരുന്നു അദ്ദേഹം.

യേശുവിനെ സ്വജീവിതം കൊണ്ട്‌ സാക്ഷ്യപ്പെടുത്തുന്ന വ്യക്തികള്‍ ഈ കാലഘട്ടത്തിന്റെ അനിവാര്യതയാണ്‌. ഒരാള്‍ മറ്റൊരാള്‍ക്കു മുമ്പില്‍ താഴാന്‍ തയ്യാറാകുമ്പോള്‍ പാരാജയപ്പെടുകയല്ല മറിച്ച്‌ കാലിത്തൊഴുത്തില്‍ പിറന്ന എളിമയുടെ പ്രതീകമായ ഉണ്ണിയേശുവിനെ സാക്ഷ്യപ്പെടുത്തുകയാണ്‌ ചെയ്യുന്നത്‌. ഗത്സമേനില്‍, പ്രതിസന്ധികള്‍ക്കും ദുഃഖങ്ങള്‍ക്കും നടുവില്‍ നിശബ്‌ദനായ യേശുവിനെ നമ്മുടെ ജീവിതത്തില്‍ പ്രതിഫലിപ്പിക്കാന്‍ ധാരാളം അവസരങ്ങള്‍ നമുക്ക്‌ ലഭിക്കാറുണ്ട്‌. ഇത്തരം സന്ദര്‍ഭങ്ങളില്‍ ദൈവത്തെ പഴിക്കുന്നതിനു പകരം സഹനങ്ങളെ യേശുവിനേപ്പോലെ സന്തോഷത്തോടെ ഏറ്റെടുക്കാന്‍ നമുക്കാകണം. ദാരിദ്ര്യത്തെ ആഘോഷമാക്കി മാറ്റിയ ക്രിസ്‌തു നമ്മുടെ ജീവിതത്തിനു പുറത്താണോ എന്ന്‌ ഒരു പുനര്‍വിചിന്തനം നടത്തേണ്ടത്‌ ആവശ്യമാണ്‌. മരിച്ച ക്രിസ്‌തുവിനെ ജീവിതത്തില്‍ പ്രതിഫലിപ്പിക്കുവാന്‍ ഓരോ വിശ്വാസിക്കുമാകണം. അവനോടൊപ്പം മരിക്കാന്‍ കിട്ടുന്ന അവസരങ്ങള്‍ നാം പാഴാക്കരുത്‌. ഉത്ഥാനത്തിലൂടെ പാപത്തെ പരാജയപ്പെടുത്തുവാന്‍ ക്രിസ്‌തുവിന്‌ സാധിച്ചു.

ഒരേ സമയം രാജാവും പുരോഹിതനും പ്രവാചകനുമായിക്കൊണ്ടാണ്‌ ക്രിസ്‌തു നമുക്ക്‌ ദൈവത്തെ സാക്ഷ്യപ്പെടുത്തിയത്‌. ദുഃഖം, ദുരിതം, കഷ്‌ടപ്പാട്‌ എന്നിവയില്‍ തളരാതെ ആവേശത്തോടെ ജീവിതബലിയര്‍പ്പിക്കുമ്പോള്‍ പുരോഹിതനായ കര്‍ത്താവിനെയും തെറ്റിനെ തിരുത്തുകയും മനുഷ്യനെ ദൈവത്തിലേയ്‌ക്ക്‌ നോക്കാന്‍ പഠിപ്പിക്കുകയും ചെയ്യുമ്പോള്‍ പ്രവാചകനായ ക്രിസ്‌തുവിനേയുമാണ്‌ നാം സാക്ഷ്യപ്പെടുത്തുന്നതെന്നും ഷാജി വൈക്കത്തുപറമ്പില്‍ പറഞ്ഞു.

 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.