ഡോ. സിദ്ദിഖ് അഹമ്മദിന് കിംഗ്സ് യൂണിവേഴ്സിറ്റിയുടെ ഡി ലിറ്റ് സമ്മാനിച്ചു
Text Size
Story Dated: Wednesday, April 30, 2014 10:59 hrs UTC
Dr George Kakkanat
ഹൂസ്റ്റണ്‍: പ്രമുഖ വിദേശ മലയാളി വ്യവസായിയും, ഇറാം ഗ്രൂപ്പിന്റെ സി.എം.ഡിയുമായ ഡോ. സിദ്ദിഖ് അഹമ്മദ്, മെരിലാന്‍ഡ് ആസ്ഥാനമായുള്ള കിംഗ്സ് യൂണിവേഴ്സിറ്റിയുടെ ഡി ലിറ്റ് ബിരുദത്തിന് അര്‍ഹനായി. ഏപ്രില്‍ 27-ാം തീയതി വൈകുന്നേരം ഷുഗര്‍ലാന്‍ഡിലെ മാരിയറ്റ് ഹോട്ടലില്‍ നടന്ന പ്രൗഢോജ്ജ്വലമായ ചടങ്ങില്‍ യൂണിവേഴ്സിറ്റി വൈസ് ചാന്‍സലര്‍ ഡോ. സെല്‍വിന്‍ കുമാര്‍ ഡി ലിറ്റ് ബിരുദം സമ്മാനിച്ചു. യൂണിവേഴ്സിറ്റിയെ പ്രതിനിധീകരിച്ച് ഡോ. ബ്ലാസ് ഗാര്‍സിയ, ഡോ. ശാന്തി എന്നിവര്‍ സന്നിഹിതരായിരുന്നു. ബിസിനസ്സ് രംഗത്തെ വിപ്ലവകരമായ നേട്ടങ്ങളും സാമൂഹിക ക്ഷേമം മുന്‍ നിര്‍ത്തിയുള്ള വ്യവസായ സംരംഭങ്ങള്‍ക്കുമുള്ള അംഗീകാരമായാണ് ബഹുമുഖ പ്രതിഭയായ ഡോ. സിദ്ദിഖ് അഹമ്മദിനെ ഈ ബിരുദം നല്കി ആദരിക്കുന്നതെന്ന് യൂണിവേഴ്സിറ്റി അധികൃതര്‍ വ്യക്തമാക്കി.
ഹൂസ്റ്റണിലെയും പരിസരപ്രദേശങ്ങളിലെയും ഇന്ത്യന്‍-അമേരിക്കന്‍ വ്യവസായ പ്രമുഖരും ബിസിനസ്സ് സംരംഭകരും സുഹൃത്തുക്കളും സൗത്ത് ഇന്ത്യന്‍ യു എസ് ചേംബര്‍ ഓഫ് കൊമേഴ്സ് പ്രവര്‍ത്തകരും പങ്കെടുത്ത യോഗത്തില്‍ ആഴ്ചവട്ടം അസോസിയേറ്റ് എഡിറ്റര്‍ ഡോ. മനു ചാക്കോ മാസറ്റര്‍ ഓഫ് സെറിമണി ആയിരുന്നു. ഡോ. സിദ്ദിഖ് അഹമ്മദിന്റെ സുഹൃത്തും കിംഗ്സ് യൂണിവേഴ്സിറ്റിയുടെ പബ്ളിക് റിലേഷന്‍സ് ഓഫീസറുമായ ഡോ. ജോര്‍ജ് കാക്കനാട്ട് സ്വാഗതമാശംസിച്ചു. ആര്‍ച്ച് ബിഷപ്പ് ഡെയ്ല്‍ ക്ലൈയ്മി, ഫൊക്കാന വൈസ് പ്രസിഡന്റ് ഏബ്രഹാം ഈപ്പന്, ഇറാം ഗ്രൂപ്പ് സി ഇ ഒ അബ്ദുള്‍ റസാഖ്, സ്ട്രാറ്റജി ഡെവലപ്മെന്റ് മാനേജര്‍ സൊഹെയ്ല് അബ്ദുള്ള, സൗത്ത് ഇന്ത്യന്‍ യു എസ് ചേംബര്‍ ഓഫ് കൊമേഴ്സ് പ്രസിഡന്റ് ബേബി മണക്കുന്നേല്‍, ജോണ്‍ വര്‍ഗീസ്, ആഴ്ചവട്ടം എക്സിക്യൂട്ടീവ് എഡിറ്റര്‍ ജോയ്സ് തോന്ന്യാമല തുടങ്ങിയവര്‍ ആശംസകള്‍ അര്‍പ്പിച്ചു. ചേംബര്‍ ഓഫ് കൊമേഴ്സിന്റെ ഉപഹാരം ബേബി മണക്കുന്നേല്‍ ഡോ. സിദ്ദിഖ് അഹമ്മദിന് സമ്മാനിച്ചു.
യുവ തലമുറയുടെ ഇന്നത്തെ അവസ്ഥയില്‍ തനിക്ക് ആശങ്കയുണ്ടെന്നും എന്നാല്‍ മതാപിതാക്കളേയും ഗുരു ജനങ്ങളേയും ആദരിച്ച് അനുസരിക്കുക വഴി ഉത്തമ മനുഷ്യരായി മാറാമെന്നും ജീവിതത്തില്‍ ഉന്നത വിജയം നേടാമെന്നും ഇത് തന്റെ അനുഭവം തന്നെ പഠിപ്പിച്ചതാണെന്നും ഡോ. സിഖിദ് അഹമ്മദ് പറഞ്ഞു. ഇന്ത്യയിലും കേരളത്തിലും സാങ്കേതിക തികവുള്ള യുവജനങ്ങള്‍ക്ക് തൊഴില്‍ നല്കുന്ന പുതിയ വ്യവസായങ്ങള്‍ക്ക് ഉടന്‍ തുടക്കം കുറിക്കുമെന്നും ഇക്കാര്യത്തില്‍ കേരള സര്‍ക്കാരുമായി ചര്‍ച്ച നടത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.
Comments