You are Here : Home / USA News

'ആചാര്യേശാ മശിഹാ കൂദാശകളര്‍പ്പിച്ചോരീയാചാര്യന്നേകുക പുണ്യം നാഥാ സ്‌തോത്രം'

Text Size  

Story Dated: Friday, March 21, 2014 11:59 hrs UTC

 
ചെറിയാന്‍ ജേക്കബ്
 
 
അന്ത്യോഖ്യായുടെയും കിഴാക്കൊക്കെയുടെയും പാതിയര്‍ക്കീസും ആകമാന സുറിയാനി സഭയുടെ പരമാധ്യക്ഷനുമായ മോറാന്‍ മോര്‍ ഇഗ്‌നാത്തിയോസ് സഖാ ഐവാസ് ഒന്നാമന്‍ പാതിയര്‍ക്കീസ് ബാവാ തിരുമനസ്സ് കൊണ്ട് മാര്‍ച്ച് മാസം ഇരുപത്തി ഒന്നാം തിയ്യതി ഇന്ത്യന്‍ സമയം പകല്‍ മൂന്നു മണിക്ക് കര്‍ത്താവില്‍ നിദ്ര പ്രാപിച്ചു. 
 
ആയിരത്തി തോള്ളായിരത്തി എണ്‍പത് സെപ്റ്റംബര്‍ പതിനാലാം തിയ്യതിയാണ് പരിശുദ്ധ പിതാവ് ആകമാന സുറിയാനി സഭയുടെ നേതൃത്വം ഏറ്റെടുത്തത്. പരിശുദ്ധ ഇഗ്‌നാത്തിയോസ് യാക്കോബ് തൃതിയന്‍ പാത്രിയര്‍ക്കീസ് ബാവാ കാലം ചെയ്തതിന് ശേഷം, അന്നത്തെ ഇന്ത്യയുടെ ശ്രേഷ്ഠ കാതോലിക്കാ ആയിരുന്ന ബസേലിയോസ് പൌലോസ് രണ്ടാമന്‍ കാതോലിക്കാ ബാവയുടെ ആദ്യക്ഷതയില്‍  ആയിരത്തി തോള്ളായിരത്തി എണ്‍പത്  ജൂണ്‍ ഇരുപത്തിയഞ്ചിനു കൂടിയ പരിശുദ്ധ സുന്നഹദോസില്‍ വച്ചാണ് പരിശുദ്ധ പിതാവിനെ ആകമാന സുറിയാനി സഭയുടെ നിയുക്ത പാതിയര്‍ക്കീസായി തിരഞ്ഞെടുത്തത്. 
 
ഈ കഴിഞ്ഞ മുപ്പത്തിമൂന്നര  വര്‍ഷങ്ങളില്‍ മലങ്കര സഭയും ആകമാന സുറിയാനി സഭയും വളരെ പരീക്ഷണങ്ങളെ നേരിട്ടു, അവയെയൊക്കെ വളരെ സമചിത്തതയോടെയും പക്വതയോടെയും അതിജീവിക്കുവാനുള്ള മനസ്സ് പിതാവിനുണ്ടായിരുന്നു. ഒരിക്കലും ആരെയും കുറ്റപ്പെടുത്താതെ ദൈവത്തിന്റെ ഇഷ്ടം നിറവേറ്റുവാന്‍ താന്‍ വിനയപ്പെട്ടത് എല്ലാ സഭാ നേതൃത്വവും കണ്ടു പഠിക്കേണ്ടിയതാണ് 
 
ആയിരത്തി തോള്ളായിരത്തി മുപ്പത്തി മൂന്നില്‍ ഇറാക്കിലെ മൂസല്‍ എന്ന എന്ന ദേശത്താണ് പിതാവ് ഭൂജാതനായത്. 'സെന്‍ഹറിബ് ഐവാസ്' എന്നായിരുന്നു മാതാപിതാക്കള്‍ അദ്ദേഹത്തിന് പേരിട്ടിരുന്നത്. ക്രിസ്തു മതത്തിലേക്ക് പരിവര്‍ത്തനം ചെയ്ത പഴയ അസിറിയന്‍ രാജാവ്  സെന്‍ഹറിബ് രണ്ടാമന്റെ ഓര്‍മ്മക്കാണ് തന്റെ മകന് ആ മാതാപിതാക്കള്‍ഈ പേര് കൊടുത്തത്. 
 
 
ഇറാക്കിലെ മൂസലില്‍ പ്രാഥമിക വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ പിതാവ് ആയിരത്തി തോള്ളായിരത്തി നാല്പത്തി ആറില്‍  മാര്‍ അപ്രേം സെമിനാരിയില്‍ തന്റെ വൈദിക പഠനം ആരംഭിച്ചു. അപ്രേം സെമിനാരിയില്‍ വച്ച് പിതാവ്  'സാക്ക' എന്ന പേര് സ്വീകരിച്ചു. ആയിരത്തി തൊള്ളായിരത്തി നാല്പത്തി എട്ടില്‍ 'കൊറൂയോ' (വായനക്കാരന്‍) എന്ന സ്ഥാനത്ത് വൈദിക ജീവിതം തുടങ്ങിയ പിതാവ്, ആയിരത്തി തോള്ളായിരത്തി അന്‍പത്തി മൂന്നില്‍ 'ശുംശോനോ' എന്ന പദവിയിലേക്ക് ഉയര്‍ത്തപ്പെട്ടു. ഇതേ വര്‍ഷം തന്നേ പിതാവ് ദയാറാ ജീവിതം തിരഞ്ഞെടുത്തു. മൂസലില്‍ നിന്ന് അന്ത്യോഖ്യായിലേക്ക് പോയ പിതാവ് സഭയുടെ നൂറ്റി ഇരുപതാമത്തെ  പാത്രിയര്‍ക്കീസ് ആയിരുന്ന പരിശുദ്ധ ഇഗ്‌നാത്തിയോസ് അഫ്രേം ഒന്നാമന്‍ പാത്രിയര്‍ക്കീസ് ബാവായുടെയും (1933  1957) തന്റെ മുന്‍ഗാമിയായിരുന്ന പരിശുദ്ധ ഇഗ്‌നാത്തിയോസ് യാക്കോബ് തൃതിയന്‍ പാത്രിയര്‍ക്കീസ് ബാവായുടെയും (1957 –  1980) സെക്രട്ടറി ആയി സേവനം അനുഷ്ടിച്ചിട്ടുണ്ട്. 
 
ആയിരത്തി തൊള്ളായിരത്തി അന്‍പത്തി അഞ്ചില്‍, പിതാവിനെ പൂര്‍ണ ശെമ്മാശനായി വാഴിച്ചു. അതിനു ശേഷം ആയിരത്തി തൊള്ളായിരത്തി അന്‍പത്തി ഏഴ് നവംബര്‍ പതിനേഴാം തിയതി  പരിശുദ്ധ ഇഗ്‌നാത്തിയോസ് യാക്കോബ് തൃതിയന്‍ പാത്രിയര്‍ക്കീസ് ബാവായാല്‍ പട്ടക്കാരനായി വാഴിച്ചു. ആയിരത്തി തൊള്ളായിരത്തി അന്‍പത്തി ഒന്‍പതില്‍ റന്പാന്‍ സ്ഥാനത്തേക്ക് ഉയര്‍ത്തപ്പെട്ടു. ആയിരത്തി തൊള്ളായിരത്തി അറുപതില്‍ പിതാവ് ഉപരി പഠനത്തിനായി അമേരിക്കയില്‍ വരികയും പൌരസ്ത്യ ഭാഷകളില്‍ അഗാധമായ പഠനം നടത്തുകയും അമേരിക്കയില്‍ ന്യൂ യോര്‍ക്കിലെ സിറ്റി യുണിവേഴ്‌സിറ്റിയില്‍ നിന്ന് ഇംഗ്ലീഷ് ഭാഷയില്‍ ബിരുദാനന്തര ബിരുദവും നേടിയാതോടൊപ്പം അമേരിക്കയിലെ 'സെന്‍ട്രല്‍ തിയോളജിക്കല്‍ സെമിനാരിയില്‍ നിന്ന് 'പാസ്റ്ററല്‍ തിയോളജി' യില്‍ ബിരുദാനന്തര ബിരുദവും നേടിയിട്ടുണ്ടെന്നുള്ളത് പ്രത്യേകം പ്രസ്താവ്യമാണ്.
 
 
 
ആയിരത്തി തൊള്ളായിരത്തി അറുപത്തി രണ്ട് അറുപത്തി മൂന്നിൽ നടന്ന രണ്ടാം വത്തിക്കാൻ കൌൻസിലിൽ പിതാവ് നിരീക്ഷകനായിരുന്നു.  ആയിരത്തി തൊള്ളായിരത്തി അറുപത്തി മൂന്നിൽ പരിശുദ്ധ ഇഗ്നാത്തിയോസ് യാക്കോബ് തൃതിയൻ പാത്രിയർക്കീസ് ബാവാ പിതാവിനെ ഇറാക്കിലെ മൂസലിലെ മെത്രാപ്പോലീത്തായായി വാഴിച്ചു. സഭയുടെ പാരന്പര്യം അനുസരിച്ച് 'സേവേറിയോസ്' എന്ന പേരാണ് പിതാവ് സ്വീകരിച്ചത്. മൂസലിലെ പള്ളിയുടെ പുനരുദ്ധാരണ സമയത്ത് അപ്പൊസ്തൊലനായ സെന്റ്‌ തോമസിന്റെ ഭൌതിക ശരീര ഭാഗങ്ങൾ കണ്ടെടുത്തതിനും പിതാവ് സാക്ഷിയായി. ആയിരത്തി തൊള്ളായിരത്തി അറുപത്തി ഒൻപതിൽ ബാഗ്ദാദിന്റെയും ബർസയുടെയും ചുമതലയുള്ള ആർച്ച്‌ ബിഷപ്പായി നിയമിതനായി. ആയിരത്തി തൊള്ളായിരത്തി എഴുപത്തി എട്ടിൽ പുതുതായി രൂപീകരിച്ച ആസ്ട്രേലിയയുടെ അധിക ചുമതലയും പിതാവിൽ നിക്ഷിപ്തമായി. 
 
ആകമാന ക്രിസ്തീയ സഭകളുടെ കൂട്ടായ്മ ആയ 'വേൾഡ് കൌണ്‍സിൽ ഓഫ് ചർച്ചസിന്റെ' പ്രസിടന്റ്റ്ആയും പിതാവ് സേവനമനുഷ്ടിച്ചിട്ടുണ്ട്. ഇൻഡ്യയിൽ പല പ്രാവശ്യവും തന്റെ മക്കളെ കാണുവാൻ എല്ലാ  പ്രയാസങ്ങളും മാറ്റിവച്ച് എഴുന്നള്ളി വരികയും വ മണർകാട് വിശുദ്ധ മർത്തമറിയം പള്ളിയിലും, മുളന്തുരുത്തി മർത്തോമ്മൻ പള്ളിയിലും, കോതമംഗലം ചെറിയ പള്ളിയിലും  വച്ച് വിശുദ്ധ മൂറോൻ കൂദാശ നിർവഹിച്ചതും പരിശുദ്ധ പിതാവ് മാത്രമാണ്. 
 
കൽക്കിദോൻ സുന്നഹദോസിനു ശേഷം ആകമാന സുറിയാനി സഭയും, ആകമാന  കത്തോലിക്കാ സഭയും തമ്മിൽ വിശ്വാസങ്ങളിലും കൂദാശകളിലും പല തരത്തിലുള്ള യോജിപ്പികളും ഉണ്ടായിരുന്നെങ്കിലും, അവയൊക്കെ കാലം ചെയ്ത ആകമാന  കത്തോലിക്കാ സഭയിലെ പരിശുദ്ധ ജോണ്‍ പോൾ രണ്ടാമൻ മാർപാപ്പായുമായി ചർച്ച ചെയ്ത് ഒരു ലിഖിത ഉടന്പടി ഉണ്ടാക്കിയത് പരിശുദ്ധ പിതാവിന്റെ ദീർഘവീക്ഷണം ഒന്നുകൊണ്ട് മാത്രമാണെന്നത് പ്രത്യേകം പ്രസ്താവ്യമാണ്. 
 
 
പരിശുദ്ധ പിതാവിന്റെ ജീവിത കാലത്ത് അദ്ദേഹം ചെയ്ത സംഭാവനകൾ വളരെ വലുതാണ്‌. പ്രത്യേകിച്ചും മധ്യ പൂർവ ദേശത്ത് ക്രിസ്ത്യൻ സമൂഹം വളരെ പീഠനങ്ങളിൽ കൂടെ കടന്നു പോകുന്ന സമയത്താണ് സഭയുടെ അമരക്കാരനായി, പിതാവ് സാരഥ്യം ഏറ്റെടുത്തത്. ലോകത്തിലെ ഇതര ക്രിസ്തീയ സമൂഹങ്ങളുമായി  കൂടുതൽ സഹവർത്തിത്വം സാധ്യമായത് പരിശുദ്ധ പിതാവിന്റെ കാലഘട്ടത്തിൽ ആണെന്ന് പറയാതിരിക്കുവാൻ തരമില്ല. സിറിയയിലെ ആഭ്യന്തര യുദ്ധവും  മധ്യ പൂർവ ദേശത്ത് നടക്കുന്ന അസമാധാനവും കുറെയോന്നുമല്ല പിതാവിനെ വൃണപ്പെടുത്തിയത്. എങ്കിലും എല്ലാ വേദനകളെയും പ്രയാസങ്ങളെയും തന്റെ അരുമ നാഥന്റെ തിരുമുന്നിൽ സമർപ്പിച്ച്‌ എളിമയോടെ തന്റെ കർത്തവ്യം നിർവഹിച്ച പിതാവിന്റെ ജീവിതം സ്വർഗത്തിൽ ഏറ്റവും അത്യുന്നതമായിരിക്കും എന്നതിന് സംശയം വേണ്ട.
 
യേശു ക്രിസ്തു ഭൂമിയില്‍ ജീവിച്ചിരുന്നത് മുപ്പത്തിമൂന്നര  വര്‍ഷക്കാലമാണ് , പരിശുദ്ധ പിതാവ് പരിശുദ്ധ സഭയുടെ നേതൃത്വം ഏറ്റെടുത്തിട്ടും മുപ്പത്തിമൂന്നര  വര്‍ഷമായി എന്നതും പ്രത്യേകം പ്രസ്താവ്യമാണ്. ലോകം വളരെ പ്രതിസന്ധികളില്‍ കൂടെ പോകുന്‌പോള്‍ ഒരമരക്കാരനെ നഷ്ടപ്പെടുന്നത് വലിയൊരു വിടവാണ് സൃഷ്ടിച്ചിരിക്കുന്നത്. പ്രാര്‍ത്ഥനയോടും ഉപവാസത്തോടും കൂടി പരിശുദ്ധ സഭയാകുന്ന നൗകയെ കാറ്റിലും കോളിലും നയിക്കുവാന്‍ പ്രാപ്തനായ പുതിയ അമരക്കാരന് വേണ്ടി പ്രാര്‍ത്ഥിക്കേണ്ടിയത് എല്ലാ വിശ്വാസികളുടെയും ചുമതലയാണ്.  
 
പിതാവിനെ കാണുവാനും ആ കരങ്ങളില്‍ മുത്തുവാനും ലഭിച്ച അസുലഭ മുഹൂര്‍ത്തത്തെ നന്ദിയോടെ സ്മരിക്കുന്നതോടൊപ്പം, പിതാവിനെ സ്വര്ഗീയ മണവറയില്‍ സകല വിശുധന്മാരോടും ശുദ്ധിമതികളോടും ഒപ്പം നമ്മുടെ കര്‍ത്താവിനെ എതിരെല്‍ക്കുവാന്‍ ഒരുക്കട്ടെയെന്ന് പ്രാര്‍ഥിക്കുകയും ചെയ്യുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.