You are Here : Home / USA News

ഒരുമയുടെ ബോധവത്‌കരണ ക്ലാസുകള്‍ ശ്രദ്ധേയമാകുന്നു

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Friday, March 21, 2014 09:39 hrs UTC

ഓര്‍ലാന്റോ: ഒരുമ (ഓര്‍ലാന്റോ റീജിയണല്‍ മലയാളി അസോസിയേഷന്‍) യുടെ നേതൃത്വത്തില്‍ നടത്തിവരുന്ന ബോധവത്‌കരണ ക്ലാസുകള്‍, വിഷയങ്ങളുടെ പ്രത്യേകതകള്‍കൊണ്ട്‌ മലയാളികളുടെ ഇടയില്‍ ശ്രദ്ധേയമാകുന്നു. മലയാളി സമൂഹത്തിലെ തന്നെ പ്രമുഖര്‍ തങ്ങളുടെ മേഖലകളിലെ വൈദഗ്‌ധ്യവും അറിവും മറ്റുള്ളവര്‍ക്ക്‌ ഉപയോഗപ്രദമായ വിധത്തില്‍ ചെലവഴിക്കാനുളള ഒരു വേദിയായി ഈ ക്ലാസുകള്‍ മാറ്റുന്നു എന്നത്‌ `ഒരുമ' എന്ന മലയാളി സംഘടനയ്‌ക്ക്‌ അഭിമാനകരമാണ്‌.

2014 ഫെബ്രുവരി ഒന്നിന്‌ നടന്ന ആദ്യത്തെ ക്ലാസില്‍ ടാക്‌സ്‌ സംബന്ധമായ കാര്യങ്ങളിലുള്ള തന്റെ അറിവ്‌, കഴിഞ്ഞ 20 വര്‍ഷങ്ങളായി ടാക്‌സ്‌ സംബന്ധമായ കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്ന അശോക്‌ മേനോന്‍ (CPA,CGMA) പങ്കുവെച്ചു. വളരെ വിജ്ഞാനപ്രദമായിരുന്ന ക്ലാസ്‌, എല്ലാവരും ടാക്‌സ്‌ ഫയല്‍ ചെയ്യുന്ന കാലയളവില്‍ തന്നെ തികച്ചും അവസരോചിതം എന്നായിരുന്നു പങ്കെടുത്ത എല്ലാവരുടേയും അഭിപ്രായം.

ഇന്നത്തെ സംഘര്‍ഷം നിറഞ്ഞ കാലയളവില്‍, പ്രായഭേദമെന്യേ എല്ലാവരേയും അലട്ടുന്ന രണ്ട്‌ പ്രധാനപ്പെട്ട രോഗങ്ങള്‍, അല്ലെങ്കില്‍ രോഗലക്ഷണങ്ങള്‍ ആണ്‌ തലവേദനയും മൈഗ്രെയ്‌നും. മാര്‍ച്ച്‌ 15-ന്‌ നടത്തിയ ക്ലാസില്‍ 23 വര്‍ഷമായി ന്യൂറോളജിസ്റ്റായി സേവനം അനുഷ്‌ഠിക്കുന്ന പ്രശസ്‌ത ന്യൂറോളജിസ്റ്റ്‌ ഡോ. അഗസ്റ്റിന്‍ ജോസഫ്‌, ഈ രണ്ട്‌ രോഗത്തിന്റേയും രോഗ ലക്ഷണങ്ങളേയും, പ്രതിരോധത്തേയും പ്രതിവിധിയേയും പറ്റി തന്റെ ആഴമേറിയ അറിവ്‌ പങ്കുവെച്ചു. പങ്കെടുത്ത എല്ലാവരും വളരെ ഉപകാരപ്രദം എന്നഭിപ്രായപ്പെട്ട ഒരു ക്ലാസ്‌ അയിരുന്നു അത്‌.

ക്ലാസുകളുടെ ഉദ്‌ഘാടനം ഒരുമയുടെ പ്രസിഡന്റ്‌ രഞ്‌ജിത്ത്‌ താഴത്തുമറ്റത്തില്‍ നിര്‍വഹിച്ചു. നോബിള്‍ ജനാര്‍ദ്ദനന്‍ ക്ലാസ്‌ നയിച്ച എല്ലാവര്‍ക്കും പങ്കെടുത്തവര്‍ക്കും നന്ദി രേഖപ്പെടുത്തി. എല്ലാറ്റിനും ചുക്കാന്‍ പിടിച്ചു സെക്രട്ടറി ഷിനു തോമസും മറ്റ്‌ കമ്മിറ്റി അംഗങ്ങളും ക്ലാസ്സുകള്‍ വിജയപ്രദമാക്കി. എല്ലാമാസവും വ്യത്യസ്‌ത വിഷയങ്ങളെപ്പറ്റി പ്രമുഖര്‍ ബോധവത്‌കരണ ക്ലാസുകള്‍ നയിക്കുന്നതാണെന്ന്‌ കമ്മിറ്റി അംഗങ്ങള്‍ അറിയിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.