You are Here : Home / USA News

ഏഷ്യന്‍സഭകളിലെ യുവാക്കള്‍ക്ക് 'യാത്ര' 2014 ലേക്ക് അപേക്ഷിക്കാം

Text Size  

ജോര്‍ജ്ജ് തുമ്പയില്‍

thumpayil@aol.com

Story Dated: Thursday, March 13, 2014 09:37 hrs UTC

ഡബ്ല്യുസി.സിയുടെ നേതൃത്വത്തില്‍ ഏഷ്യന്‍ സഭകളിലെ യുവജനങ്ങളെ ഉദ്ദേശിച്ച് നടത്തപ്പെടുന്ന രണ്ടാഴ്ച നീളുന്ന 'യൂത്ത് ഇന്‍ ഏഷ്യ ട്രെയിനിംഗ് ഫോര്‍ റിലീജിയസ് അമിറ്റി (Yatra)) പ്രോഗ്രാമിലേക്ക് അപേക്ഷ ക്ഷണിച്ചു.  മതപരമായ ഐക്യത്തെ പ്രോത്സാഹിപ്പിക്കാനുദ്ദേശിച്ച് നടത്തപ്പെടുന്ന ഈ പരിശീലന പരിപാടി ജൂണ്‍ എട്ട് മുതല്‍ 21 വരെ കമ്പോഡിയയിലെ  സിയാം റിപിലാണ് നടക്കുക. ഇരുപതിനും മുപ്പതിനും ഇടക്ക് പ്രായമുള്ള യുവതീയുവാക്കളെയാണ് പ്രോഗ്രാമിലേക്ക് പ്രതീക്ഷിക്കുന്നത്.

മ താ ന്തര ഡയലോഗും സഹകരണവും ലക്ഷ്യമിടുന്ന, ഈ പ്രോഗ്രാമിന് ഡബ്ല്യു സി.സി ഇക്കൊല്ലമാണ് തുടക്കമിട്ടത്. നീതിയുടെയും സമാധാനത്തിന്റെയുമായ തീര്‍ഥാടനത്തിലേക്ക് സഭകളെ ക്ഷണിച്ചു കൊണ്ട് കഴിഞ്ഞ വര്‍ഷം നടന്ന ഡബ്ല്യു സി.സി ബുസാന്‍ സമ്മേളനത്തിന്റെ ചുവടു പിടിച്ചാണ് 'യാത്ര'  പരിശീലനം സംഘടിപ്പിച്ചിരിക്കുന്നത്. ഇന്തോ ഏഷ്യന്‍ മതങ്ങളിലൂടെയും ഭാഷകളിലൂടെയുമുള്ള തീര്‍ത്ഥാടനവും 'യാത്ര' അര്‍ഥമാക്കുന്നു. നീതിയിലേക്കും സമാധാനത്തിലേക്കും ഒരുമയോടെ മുന്നേറാം; വിവിധ മതങ്ങളുടെ ഈ ലോകത്ത് പരസ്പരം സംവദിച്ചുകൊണ്ട് യാത്ര തുടരാം.  സമകാലീന ഏഷ്യന്‍ പശ്ചാത്തലത്തില്‍ മതങ്ങളും രാഷ്ട്രീയവുമായുള്ള ബന്ധം വിശകലനം ചെയ്യാനും 'യാത്ര' അവസരമൊരുക്കും.

ട്രെയിനിംഗില്‍ പങ്കാളികളാകുന്നവര്‍ക്ക് മതാന്തര സഹകരണത്തിനുള്ള ക്രിയേറ്റീവായ നിര്‍ദേശങ്ങളും ബോധ്യങ്ങളും ലഭിക്കും. മിഷന്‍, മതാന്തര പ്രാര്‍ഥന, സഭകള്‍ തുടങ്ങി ദൈവശാസ്ത്രപരമായ ചോദ്യങ്ങള്‍ക്ക് ഉത്തരം തേടിയുള്ള സംവാദങ്ങളില്‍ അവര്‍ക്ക് പങ്കെടുക്കാനാകും. വര്‍ക്ക് ഷോപ്പുകള്‍, ബൈബിള്‍ ക്ലാസുകള്‍, മതപണ്ഡിതരുടെ  ക്ലാസുകള്‍, എക്യുമെനിക്കല്‍ രേഖകളുടെ പഠനം, വിശകലനം, വ്യത്യസ്ത സാംസ്‌കാരിക പശ്ചാത്തലത്തിലുള്ളവര്‍ക്കൊപ്പം ഒരുമിച്ച് ജീവിക്കുന്നതിന്റെയും മറ്റുള്ളവരില്‍ നിന്ന് കാര്യങ്ങള്‍ പഠിക്കുന്നതിന്റെയും അനുഭവം തുടങ്ങിയവ ഈ ട്രെയിനിംഗിലെ പ്രത്യേകതയാണ്.

ഡബ്ല്യു.സി.സി പ്രോഗ്രാമിലേക്ക് ഏപ്രില്‍ ഒന്നിന് മുമ്പായി അപേക്ഷകള്‍ സമര്‍പ്പിക്കണം.
1948ല്‍ ആരംഭിച്ച് 65 വര്‍ഷങ്ങളായി തുടരുന്ന ഡബ്‌ള്യു സി.സി  2012 ഒടുവിലത്തെ കണക്ക്പ്രകാരം 110ഓളം രാജ്യങ്ങളിലെ പ്രോട്ടസ്റ്റന്റ്, ഓര്‍ത്തഡോക്‌സ്, ആംഗ്ലിക്കന്‍ തുടങ്ങി 345 അംഗസഭകളിലെ 500 മില്യന്‍ ക്രൈസ്തവരെ പ്രതിനിധീകരിക്കുന്നു. റോമന്‍ കാത്തലിക് ചര്‍ച്ചുമായി ചേര്‍ന്നാണ്  ഡബ്ല്യു സി സിയുടെ പ്രവര്‍ത്തനം

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.