You are Here : Home / USA News

ഹരികൃഷ്‌ണന്‍ നമ്പൂതിരി കെ.എച്‌.എന്‍.എ ബാലസദന്‍ കമ്മിറ്റി ചെയര്‍മാന്‍

Text Size  

Story Dated: Saturday, March 08, 2014 09:42 hrs UTC

ന്യൂയോര്‍ക്ക്‌: കേരള ഹിന്ദൂസ്‌ ഓഫ്‌ നോര്‍ത്ത്‌ അമേരിക്കയുടെ ബാലസദന്‍ പ്രോഗ്രാമിന്റെ ചെയര്‍മാനായി ഹരികൃഷ്‌ണന്‍ നമ്പൂതിരിയെ തിരഞ്ഞെടുത്തതായി കെ.എച്‌.എന്‍.എ ട്രസ്റ്റിബോര്‍ഡ്‌ ചെയര്‍മാന്‍ ശശിധരന്‍ നായര്‍ അറിയിച്ചു.

കെ.എച്‌.എന്‍.എ യുടെ സ്‌കോളര്‍ഷിപ്പ്‌ പദ്ധതിയുടെ മുന്‍ അമരക്കാരനായിരുന്നു ശ്രീ നമ്പൂതിരി. വര്‍ഷങ്ങളായി കെ.എച്‌.എന്‍.എ നടത്തിവരുന്ന ബാലസദന്‍ പദ്ധതിയിലൂടെ നൂറുകണക്കിന്‌ അനാഥക്കുഞ്ഞുങ്ങള്‍ക്ക്‌ അന്നദാനത്തിന്‌ വഴിയൊരുക്കിയിട്ടുണ്ട്‌. നോര്‍ത്ത്‌ അമേരിക്കയിലെ സന്മനസ്സുള്ളവരുടെ നിര്‍ലോഭമായ സംഭാവനയാണ്‌ ഈ പദ്ധതിയുടെ നിലനില്‌പ്‌. കെ.എച്‌.എന്‍.എ ട്രസ്റ്റിബോര്‍ഡ്‌ മെമ്പര്‍ കൂടിയായ ശ്രീ നമ്പൂതിരി സാമൂഹിക സാംസ്‌കാരിക രംഗത്ത്‌ അഭൂതപൂര്‍വ്വമായ സേവനങ്ങള്‍ നല്‍കിയിട്ടുണ്ട്‌.

ഹരി നമ്പൂതിരിയുടെ സാമൂഹിക സേവന തത്‌പരത കെ.എച്‌.എന്‍.എ ബാലസദന്‍ പദ്ധതിയുടെ വളര്‍ച്ചയ്‌ക്ക്‌ വേഗം കൂട്ടുമെന്ന്‌ പ്രസിഡന്റ്‌ ടി.എന്‍ നായര്‍, ജനറല്‍ സെക്രട്ടറി ഗണേഷ്‌ നായര്‍ എന്നിവര്‍ അഭിപ്രായപ്പെട്ടു.

മക്കാലന്‍ ലാസ്‌ പാല്‍മാസ്‌ ഹെല്‍ത്ത്‌ സെന്റര്‍ സീനിയര്‍ അഡ്‌മിനിസ്‌ട്രേറ്റര്‍ ആയ ഹരികൃഷ്‌ണന്‍ നമ്പൂതിരി ഇന്‍ഡോ അമേരിക്കന്‍ സാംസ്‌കാരിക രംഗത്ത്‌ വ്യക്തിമുദ്ര പതിപ്പിച്ച വ്യക്തിത്വം ആണെന്ന്‌ കെ.എച്‌.എന്‍.എ ട്രഷറര്‍ രാജുപിള്ള പറഞ്ഞു.

മക്കാലന്‍ ഇന്‍ഡ്യന്‍ അസോസിയേഷന്‍ പ്രസിഡന്റ്‌ കൂടിയായ നമ്പൂതിരിയുടെ പ്രവര്‍ത്തനവ്യാപ്‌തി അനാഥരായ കുട്ടികള്‍ക്കുള്ള അന്നദാന പദ്ധതിക്ക്‌ വളരെ ഗുണകരമാകുമെന്ന്‌ ട്രസ്റ്റി ബോര്‍ഡ്‌ വൈസ്‌ ചെയര്‍മാന്‍ അരവിന്ദ്‌ പിള്ളയും, ട്രസ്റ്റി ബോര്‍ഡ്‌ സെക്രട്ടറി വിനോദ്‌ കെയാര്‍ക്കെയും പ്രസ്‌താവിച്ചു.

ബാലസദന്‍ പദ്ധതിയുടെ സുഗമമായ പ്രവര്‍ത്തനങ്ങള്‍ക്കും കോഓര്‍ഡിനേഷനുമായി കൃഷ്‌ണരാജ്‌ മോഹനന്‍, വിനോദ്‌ കെയാര്‍ക്കെ, രതീഷ്‌ നായര്‍, വിശ്വനാഥന്‍ പിള്ള, സതീശന്‍ നായര്‍, ശ്രീകുമാര്‍ ഉണ്ണിത്താന്‍ എന്നിവരടങ്ങുന്ന കോഓര്‍ഡിനേറ്റേഴ്‌സിനെ തിരഞ്ഞെടുത്തു. ഈ സബ്‌ കമ്മിറ്റിയുടെ പ്രവര്‍ത്തനം താമസിയാതെ ആരംഭിക്കുമെന്ന്‌ ശ്രീ നമ്പൂതിരി അറിയിച്ചു.

ഈ പദ്ധതിയുടെ ചെയര്‍മാനായി തന്നെ ചുമതലയേല്‌പിച്ച കെ.എച്‌.എന്‍.എ ട്രസ്റ്റി ബോര്‍ഡ്‌ ചെയര്‍മാന്‍ ശശിധരന്‍ നായര്‍, പ്രസിഡന്റ്‌ ടി.എന്‍ നായര്‍ എന്നിവര്‍ക്കും, കോഓര്‍ഡിനേറ്റേഴ്‌സിനും തന്റെ നന്ദിയും സ്‌നേഹവും രേഖപ്പെടുത്തി. കൂടാതെ തന്നെ ഏല്‌പിച്ച ഉത്തരവാദിത്വം പൂര്‍വ്വാധികം ഭംഗിയായി നടത്തുമെന്നും ശ്രീ നമ്പൂതിരി ഉറപ്പുനല്‍കുകയും, എല്ലാവരുടെയും സഹായ സഹകരണങ്ങള്‍ അഭ്യര്‍ത്ഥിക്കുകയും ചെയ്‌തു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.