You are Here : Home / USA News

പ്രവീണ്‍ വര്‍ഗീസിന്റെ മരണം പഠിപ്പിക്കുന്ന പാഠം; നമ്മള്‍ നോക്കുകുത്തികളോ?

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Sunday, February 23, 2014 07:15 hrs EST

ഷിക്കാഗോ: മലയാളി സമൂഹത്തില്‍ ഷിക്കാഗിയില്‍ മാത്രമായി ഒരു വര്‍ഷത്തില്‍, തീരെ കുറഞ്ഞത്‌ ഒരാളെങ്കിലും കൊലചെയ്യപ്പെടുന്നുണ്ട്‌. മറ്റുള്ള സംസ്ഥാനങ്ങളില്‍ വേറെയും. അവരെല്ലാവരും ചെറുപ്പക്കാരുമാണ്‌.

എന്റെ ഓര്‍മ്മയില്‍ കാണാതെപോകുന്ന ആള്‍ക്കാരുടെ മൃതശരീരമല്ലാതെ ആരെയും ജീവനോടെ തിരികെ കിട്ടിയിട്ടില്ല. അവസാനമായി ഷിക്കാഗോയില്‍ ക്രൂരമായി കൊലചെയ്യപ്പെട്ടത്‌ പ്രവീണ്‍ വര്‍ഗീസാണ്‌. ആ 19 വയസ്സുകാരന്‍ അപകടത്തില്‍പ്പെട്ട്‌ മരിച്ചതല്ല, കൊലചെയ്യപ്പെട്ടതാണ്‌ എന്ന്‌ ഏതൊരു മലയാളിയുടേയും മനസാക്ഷി മന്ത്രിക്കുന്നുണ്ട്‌. നമ്മുടെ ഇരുനൂറോളം ചെറുപ്പക്കാര്‍ വളരെ കൃത്യമായി പരിശോധിച്ച സ്ഥലത്താണ്‌, പിന്നീട്‌ മൃതശരീരം കിടന്നത്‌ എന്ന ഒറ്റ കാരണംകൊണ്ടു തന്നെ, നിയമപാലകര്‍ എന്തൊക്കെയോ മറയ്‌ക്കുന്നു എന്നതില്‍ സംശയമില്ല. ഇങ്ങനെയുള്ള സംഭവങ്ങള്‍ക്കെതിരേ അമേരിക്കയിലെ നിയമം എന്തുകൊണ്ട്‌ കണ്ണടയ്‌ക്കുന്നു? മലയാളിയുടെ ജീവന്‌ വിലയില്ലേ? നമ്മുടെ രണ്ടാം തലമുറയ്‌ക്കും, സന്തതിപരമ്പരകള്‍ക്കും ഇവിടെ ജീവിക്കണ്ടേ? ഇങ്ങനെയുണ്ടാകുന്ന സംഭവങ്ങളുടെ മാനസീക ക്ലേശവും, അനന്തര ഫലങ്ങളും ആ കുടുംബത്തിന്റെ മാത്രമായിട്ടാണോ നാം കാണേണ്ടത്‌? വളരെ സഹതാപത്തോടുകൂടി വന്ന്‌ മൃതശരീരം കണ്ട്‌ പോകുന്നതില്‍ മാത്രം കാര്യമില്ല.

ഇവിടെ വന്നിരിക്കുന്ന ഒന്നാം തലമുറക്കാരുടെ മക്കള്‍, പഠിക്കുവാന്‍ ബഹുമിടുക്കരായ മക്കള്‍, എല്ലാവരും കോളജുകളിലും യൂണിവേഴ്‌സിറ്റികളിലുമാണ്‌ പഠിക്കുന്നത്‌. പ്രവീണ്‍ വര്‍ഗീസിനുണ്ടായതുപോലെയുള്ള അനുഭവങ്ങള്‍ ഇനിയും ഉണ്ടാകാതിരിക്കാന്‍വേണ്ടി, 
മലയാളികളേ ഉണരുവിന്‍. ഇല്ലെങ്കില്‍ നമ്മില്‍ ചിലരുടെ മക്കള്‍ക്ക്‌ ഇതുതന്നെയായിരിക്കും അനുഭവം എന്ന്‌ ഓര്‍ത്തുകൊള്ളുക.

ഇന്ന്‌ അമേരിക്കയില്‍ ഓരോ ജില്ലാടിസ്ഥാനത്തിലും, സംസ്ഥാനാടിസ്ഥാനത്തിലും, തൊഴിലടിസ്ഥാനത്തിലും മലയാളികളുടെ കൂട്ടായ്‌മകള്‍ ധാരാളമുണ്ട്‌. അതിലെല്ലാം ഉപരിയായി ദേശീയാടിസ്ഥാനത്തില്‍ വലിയ സംഘടനകളുമുണ്ട്‌. ഒരു സംഘടനയില്‍ അഭിപ്രായവ്യത്യാസമുണ്ടായാല്‍ ഉടന്‍ വേറെ സംഘടന തുടങ്ങുന്ന മലായളികളേ, ഈ സംഘടനകള്‍കൊണ്ട്‌ എന്താണ്‌ ഉദ്ദേശിക്കുന്നത്‌? സ്ഥാനമോഹങ്ങളാണോ? അതോ ഗാനങ്ങള്‍ ആലപിക്കുന്നതിനും, കുട്ടികളെക്കൊണ്ട്‌ നൃത്തം ചെയ്യിക്കുന്നതിനും, ഓണമാഘോഷിക്കുന്നതിനും, നാട്ടില്‍ നിന്നും എം.എല്‍.എമാരും മന്ത്രിമാരും മറ്റ്‌ വിശിഷ്‌ടാതിഥികളും സന്ദര്‍ശിക്കുമ്പോള്‍ അവരെ സ്വീകരിക്കുന്നതിനും, അവരുടെ കൂടെയുള്ള ഫോട്ടോകള്‍ പത്രത്തില്‍ പ്രദര്‍ശിപ്പിക്കുന്നതിനുമുള്ള വേദികള്‍ മാത്രമാണോ ഈ സംഘടനകള്‍? അങ്ങനെയെങ്കില്‍ ഈ സംഘടനകളെല്ലാം അടച്ചുപൂട്ടേണ്ട സമയമായിരിക്കുന്നു.

അല്ലെങ്കില്‍ മത, സഭ, സംഘടനാ ഭേദമില്ലാതെ ഇങ്ങനെയുള്ള അതിക്രമങ്ങള്‍ക്കെതിരേ ഒറ്റക്കെട്ടായി നിന്ന്‌ പ്രവര്‍ത്തിക്കുവാനും ശബ്‌ദമുയര്‍ത്തുവാനും മലയാളി സമാജങ്ങളും സംഘനടകളും മുന്നോട്ടുവരണം. സംഘടനകളുടെ ഉത്തരവാദിത്വംകൂടിയാണിത്‌.
അതിനായി എല്ലാവരുടേയും മനസ്സ്‌ ഉണരട്ടെ എന്ന്‌ പ്രാര്‍ത്ഥിക്കുന്നു.

ഷെവലിയാര്‍ ചെറിയാന്‍ വേങ്കടത്ത്‌

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.More From USA News
More
View More