You are Here : Home / USA News

ബാവായുടെ അറസ്റ്റില്‍ വാഷിംഗ്‌ടണ്‍ സെന്റ്‌ മേരീസ്‌ പള്ളി പ്രതിഷേധിച്ചു

Text Size  

മൊയ്തീന്‍ പുത്തന്‍‌ചിറ

puthenchirayil@gmail.com

Story Dated: Tuesday, February 04, 2014 02:31 hrs UTC

 

വാഷിംഗ്‌ടണ്‍: ഫെബ്രുവരി 2 ഞായറാഴ്‌ച വി. കുര്‍ബ്ബാനയ്‌ക്കുശേഷം പള്ളിയില്‍ കൂടിയ ഇടവക യോഗം മലങ്കര സുറിയാനി സഭയുടെ ശ്രേഷ്‌ഠ കാതോലിക്കാ ആബൂന്‍ മാര്‍ ബസേലിയോസ്‌ തോമസ്‌ പ്രഥമന്‍ ബാവയേയും ഏതാനും മെത്രാപ്പോലീത്തമാരേയും, വൈദികരേയും അറസ്റ്റു ചെയ്‌ത നടപടിയില്‍ പ്രതിഷേധം രേഖപ്പെടുത്തി.

സഭാതര്‍ക്കത്തില്‍ പൂട്ടിക്കിടക്കുന്ന പള്ളികള്‍ ആരാധനയ്‌ക്കായി തുറന്നു കൊടുക്കുവാന്‍ നടപടി സ്വീകരിക്കണമെന്ന്‌ കേരള സര്‍ക്കാരിനോടും മുഖ്യമന്ത്രിയോടും ആവശ്യപ്പെടുന്ന പ്രമേയം ഇടവകയോഗം അംഗീകരിച്ചു.

കോടതി വ്യവഹാരം കൊണ്ട്‌ സഭാതര്‍ക്കം പരിഹരിക്കാനാവില്ലെന്ന്‌ തെളിയിക്കപ്പെട്ട സ്ഥിതിയ്‌ക്ക്‌ ജനാധിപത്യ രാഷ്‌ട്രമായ ഇന്ത്യാ മഹാരാജ്യത്തിന്റെ ഭൂരിപക്ഷ നിയമസമ്പ്രദായ പ്രകാരം തര്‍ക്കങ്ങള്‍ പരിഹരിക്കപ്പെടേണ്ടതാണെന്നും പ്രമേയത്തില്‍ ആവശ്യപ്പെട്ടു.

ഏതാണ്ട്‌ നാലു ദശാബ്ദങ്ങളായി പൂട്ടിക്കിടക്കുന്ന തൃക്കുന്നത്ത്‌ സെമിനാരി പള്ളി ഉള്‍പ്പടെ സഭാതര്‍ക്കത്തിലും വ്യവഹാരത്തിലും ഇരിക്കുന്ന മറ്റു പള്ളികളും പള്ളി പൊതുയോഗം വിളിച്ചുകൂട്ടി ഭൂരിപക്ഷ നിയമ സമ്പ്രദായ പ്രകാരം വോട്ടെടുപ്പ്‌ നടത്തി ഭൂരിപക്ഷം വരുന്ന വിഭാഗത്തിന്‌ അവകാശം സ്ഥാപിച്ചു കൊടുക്കാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കേണ്ടതാണ്‌.

നൂറ്റാണ്ടുകളുടെ പഴക്കമുള്ള കേരളത്തിലെ ക്രൈസ്‌തവ ദേവാലയങ്ങള്‍ സഭാതര്‍ക്കം കൊണ്ട്‌ പൂട്ടിയിട്ട്‌ ജീര്‍ണ്ണിച്ച്‌ നശിച്ചുകൊണ്ടിരിക്കുന്നത്‌ സാംസ്‌ക്കാരിക കേരളത്തിനും െ്രെകസ്‌തവ സമൂഹത്തിനും അപമാനകരമാണെന്നും പ്രമേയത്തില്‍ ചൂണ്ടിക്കാട്ടി. അവകാശവാദങ്ങളുമായി കോടതികളില്‍ കേസ്‌ നടത്തി പള്ളികള്‍ പൂട്ടിക്കുന്ന സഭയ്‌ക്ക്‌ ക്രൈസ്‌തവസാക്ഷ്യം നല്‍കാനാവില്ലെന്നും പ്രമേയത്തില്‍ കുറ്റപ്പെടുത്തി.

ഇടവകയോഗം ഐക്യകണ്‌ഠ്യേന പാസ്സാക്കിയ പ്രമേയം കേരള മുഖ്യമന്ത്രിക്കും സര്‍ക്കാരിനും അയച്ചുകൊടുക്കുവാന്‍ പള്ളിയുടെ സെക്രട്ടറി ശ്രീ സാല്‍ കുരിയനെ ചുമതലപ്പെടുത്തി. വികാരി റവ. ഫാ. ജോയി കളപ്പുരയില്‍ യോഗത്തില്‍ അദ്ധ്യക്ഷത വഹിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.